Categories: Vicharam

ബ്രിട്ടനിലെ കലാപം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

Published by

ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ബ്രിട്ടനിലെ വിവിധ നഗരങ്ങളില്‍ ഉണ്ടായ സംഭവങ്ങള്‍ ലോകജനതക്ക്‌ മുമ്പില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ബ്രിട്ടനെപ്പോലെ വിദ്യാസമ്പന്നരായ ആധുനിക സാങ്കേതികസംവിധാനങ്ങളുള്ള ഒരു രാജ്യത്ത്‌ പ്രത്യേകിച്ച്‌ യാതൊരു കാരണവുമില്ലാതെ അക്രമം നടക്കുകയെന്ന്‌ പറഞ്ഞാല്‍ അതാണ്‌ ആളുകളെ അത്ഭുതപ്പെടുത്തിയത്‌. എന്തായാലും കലാപം ഒട്ടൊക്കെ അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞെന്നതില്‍ സര്‍ക്കാരിന്‌ തെല്ല്‌ ആശ്വസിക്കാം. പക്ഷെ പ്രധാനമന്ത്രിയും മറ്റ്‌ മന്ത്രിമാരും സുഖവാസത്തിലായിരുന്ന സമയത്താണ്‌ അക്രമം നടന്നത്‌ എന്നത്‌ ചിന്തിക്കേണ്ടതുണ്ട്‌.

അക്രമാസക്തരായ ജനക്കൂട്ടവും അവരെ തടയാന്‍ സര്‍വവിധ സന്നാഹങ്ങളുമായി പതിനായിരക്കണക്കിന്‌ പോലീസുകാരുമാണ്‌ അണിനിരന്നത്‌. മാര്‍ഗ്‌ ഡഗ്ഗന്‍ എന്ന ഇരുപത്തിയൊമ്പതുകാരനായ യുവാവ്‌ കൊല്ലപ്പെട്ടതാണ്‌ പെട്ടെന്നുണ്ടായ പ്രകോപനത്തിന്‌ കാരണം എന്ന്‌ പറയപ്പെടുന്നത്‌. കൊല്ലപ്പെട്ടയാള്‍ കറുത്തവര്‍ഗക്കാരനായതിനാല്‍ അത്‌ ബ്രിട്ടന്റെ പഴയ നയങ്ങളിലേക്കുള്ള ഒരു തിരിച്ചുപോക്കാണോ എന്ന്‌ പലപ്പോഴും സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ്‌ മാധ്യമങ്ങള്‍ വരെ പ്രചരിപ്പിക്കുന്നത്‌. ഇത്‌ ഒട്ടും വിശ്വസനീയമല്ല എന്ന്‌ പറയാനും വയ്യ. ഡഗ്ഗന്‌ അധോലോകസംഘങ്ങളുമായും മയക്കുമരുന്ന്‌ മാഫിയയുമായും ബന്ധമുണ്ടെന്നും മയക്കുമരുന്ന്‌ മാഫിയയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും അതിനാലാണ്‌ വെടിവെച്ചതെന്നുമാണ്‌ പോലീസ്‌ ഭാഷ്യം. എന്നാല്‍ പിന്നീട്‌ പോലീസിന്തന്നെ തിരുത്തിപ്പറയേണ്ടിവന്നു എന്നതില്‍ നിന്ന്‌ അവര്‍ക്ക്‌ തെറ്റുപറ്റിയിട്ടില്ലെന്ന്‌ മനസിലാക്കാവുന്നതേയുള്ളൂ.

ഗുരുതരമായ സംഭവം വര്‍ഗീയ പ്രശ്നങ്ങളിലേക്ക്‌ കടക്കാതെ തുടക്കത്തില്‍ത്തന്നെ ഒതുക്കാന്‍ കഴിഞ്ഞതില്‍ പ്രധാനമന്ത്രി കാമറൂണിന്‌ ആശ്വസിക്കാം. തൊഴില്‍രഹിതര്‍ കൂടുതലുള്ള പ്രദേശങ്ങളും ദാരിദ്ര്യം മൂടിയിരിക്കുന്നതുമായ ഇടങ്ങളിലാണ്‌ പ്രക്ഷോഭം തുടക്കം കുറിച്ചതും ആളിക്കത്തിയതും. സമ്പന്ന മേഖലകളെ കൂടുതല്‍ സ്പര്‍ശിച്ചത്പോലുമില്ല. വ്യവസായനഗരമായ മാഞ്ചസ്റ്റര്‍ തീപിടിച്ച പട്ടണമായെന്നാണ്‌ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്‌. ചില സ്ഥലങ്ങളില്‍ അഗ്നിശമനസേനയുടെ വാഹനങ്ങള്‍വരെ തച്ചുതകര്‍ത്തു. കച്ചവട-വ്യാപാരസ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടത്‌ എടുത്തുപറയേണ്ടതൊന്നുമല്ല. ആയിരക്കണക്കിനാളുകളെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട്‌ വിടുകയാണുണ്ടായത്‌. സമാധാനപരമായി ആരംഭിച്ച പ്രക്ഷോഭം മണിക്കൂറുകള്‍ക്കുള്ളിലാണ്‌ ആളിപ്പടര്‍ന്നത്‌. നേരത്തെ സൂചിപ്പിച്ചതുപോലെ പാവപ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലാണ്‌ സമരം അക്രമാസക്തമായി മാറിയത്‌. ഇതിനുള്ള ന്യായീകരണങ്ങള്‍ ഏറെയാണ്‌.

എന്തായാലും ഈ പ്രക്ഷോഭത്തില്‍ മറ്റു രാജ്യങ്ങളില്‍നിന്ന്‌ ഇവിടെയെത്തി ജോലിചെയ്ത്‌ ജീവിക്കുന്നവരും ആക്രമണത്തിന്‌ ഇരയായി. തൊഴില്‍ അവസരവും ജീവിതമാര്‍ഗവും തേടിയെത്തുന്നവരെ പ്രക്ഷോഭകര്‍ നേരിടുന്നത്‌ അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. പക്ഷെ മറ്റു പല രാജ്യങ്ങളിലും പ്രത്യേകിച്ച്‌ ലിബിയ, ടുണീഷ്യ, സിറിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നടക്കുന്ന പ്രക്ഷോഭവുമായി ഇതിനെ താരതമ്യം ചെയ്യുകയുമല്ല.

പക്ഷെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഷ്യന്‍ വശംജരുടെ സ്ഥാപനങ്ങളാണ്‌ കൂടുതലായും ആക്രമിക്കപ്പെട്ടതും തകര്‍ത്തതും. ഇതുള്‍പ്പെടെ പോലീസിന്റെ ഭാഗത്തുനിന്നും അലംഭാവം ഉണ്ടായതായും സൂചനയുണ്ട്‌. അവര്‍ സത്വരനടപടികള്‍ എടുത്തെങ്കില്‍ കലാപം ഇത്രയേറെ വ്യാപിക്കപ്പെടുമായിരുന്നില്ല.

മറ്റ്‌ ചില രാജ്യങ്ങളുമായി താരതമ്യം ചെയ്യപ്പെടുമ്പോള്‍ ബ്രിട്ടനെപ്പോലുള്ള ഒരു രാജ്യത്ത്‌ അക്രമികളെ നിലക്കുനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞാല്‍ അത്‌ ഭരണാധികാരികളുടെ കഴിവുകേട്‌ എന്നല്ലാതെ എന്താണ്‌ പറയുക? ബ്രിട്ടന്‍ അരാജകത്വത്തിലേക്ക്‌ നീങ്ങുകയാണോ എന്നുപോലും പലരും സംശയിച്ചുതുടങ്ങി. മൂന്ന്‌ ദിവസങ്ങളോളം ലോകത്തിലെ മാധ്യമങ്ങളിലെ ചര്‍ച്ച ഇതുതന്നെയായിരുന്നു. അതിനാലാണ്‌ നിവൃത്തിയില്ലാതെ പ്രധാനമന്ത്രി കാമറൂണിന്‌ സുഖവാസം വെടിഞ്ഞ്‌ ബ്രിട്ടനിലേക്ക്‌ മടങ്ങേണ്ടി വന്നതും.

കലാപം അടിച്ചമര്‍ത്താന്‍ കഴിഞ്ഞെങ്കിലും അത്‌ എരിതീയില്‍ എണ്ണ ഒഴിക്കുന്ന അവസ്ഥയിലേക്ക്‌ എത്തിക്കരുത്‌. ലണ്ടനില്‍ ഒളിമ്പിക്സ്‌ നടക്കാന്‍ കഷ്ടിച്ച്‌ ഇനി ഒരു വര്‍ഷം മാത്രമെയുള്ളൂ. അതിന്റെ ഒരുക്കങ്ങളെല്ലാം ആരംഭിച്ചതിനാല്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ ലോകജനതക്ക്‌ മുമ്പില്‍ ബ്രിട്ടന്റെ മുഖച്ഛായ ഇടിയാന്‍ അവസരമുണ്ടായി. ഒളിമ്പിക്സിന്റെ പ്രധാനവേദികള്‍ക്കടുത്തുപോലും കലാപം ഉണ്ടായതാണ്‌ കൂടുതല്‍ ആശങ്കയുണ്ടാക്കിയത്‌. എന്തായാലും നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ കാമറൂണ്‍ ശ്രമിക്കുമെന്ന്‌ പ്രതീക്ഷിക്കാം.

മറ്റുരാജ്യങ്ങള്‍ ഇപ്പോള്‍ അവിടെയുണ്ടായിട്ടുള്ള പ്രശ്നങ്ങളില്‍ ഇടപെട്ടിട്ടില്ല. ഇത്‌ അവരുടെ ആഭ്യന്തരകാര്യമായതിനാലാണ്‌ പലരും നിഷ്പക്ഷത പാലിച്ചതും അഭിപ്രായങ്ങള്‍ തുറന്നുപറയാതിരുന്നതും.

ഭാരതത്തിലെ സര്‍ക്കാരും സമയോചിതമായി അഭിപ്രായപ്രകടനം നടത്തി. കഴിഞ്ഞ കലാപത്തിനിരയായവരില്‍ ഭാരതീയരുണ്ട്‌. അവര്‍ക്കുനേരെ കലാപകാരികള്‍ അക്രമം നടത്തുമ്പോള്‍ മൗനം പാലിക്കുന്നത്‌ ഭൂഷണമല്ലല്ലോ. ലക്ഷക്കണക്കിന്‌ ഭാരതീയരാണ്‌ വിവിധ ജോലികള്‍ക്കായി അവിടെ എത്തിയിട്ടുള്ളതും താമസിക്കുന്നതും. അവര്‍ക്ക്‌ പ്രശ്നം വരാതെ നോക്കേണ്ടത്‌ ബ്രിട്ടന്റെ കടമയാണ്‌. അത്‌ ഓര്‍മ്മിപ്പിക്കേണ്ടത്‌ ഇവിടുത്തെ സര്‍ക്കാരും. നിരവധി കുടിയേറ്റക്കാരുടെ കൂടി അധ്വാനഫലമായിട്ടാണ്‌ ബ്രിട്ടന്‍ സാമ്പത്തിക ഉന്നതി നേടിയെടുത്തിട്ടുള്ളതെന്ന കാര്യം വിസ്മരിക്കരുത്‌.

ഒരു ചെറിയ പ്രശ്നം ഉണ്ടായാല്‍ അത്‌ ആളിപ്പടരാന്‍ കൂടുതല്‍ സമയമൊന്നും വേണ്ട. നയതന്ത്രജ്ഞതയും ഭരണമികവും കാണിക്കാന്‍ ഭരണാധികാരികള്‍ മടികാണിക്കരുത്‌. അങ്ങനെ സംഭവിച്ചാല്‍ ഇപ്പോള്‍ ലോകത്തില്‍ ബ്രിട്ടനുള്ള സ്ഥാനം നഷ്ടപ്പെടാന്‍ കൂടുതല്‍ സമയമൊന്നും എടുക്കുകയില്ല എന്നര്‍ഥം. കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ഒരു രാജ്യമാണ്‌ ബ്രിട്ടന്‍. അതില്‍നിന്ന്‌ കരകയറാന്‍ തുടങ്ങിയിട്ടേയുള്ളൂ. അതിന്റെ പേരില്‍ പലതരത്തിലുള്ള ചുരുക്കലുകള്‍ ഉണ്ടായത്‌ പോലീസിനെ അടക്കം ബാധിച്ചിട്ടുണ്ടെന്നാണ്‌ പ്രശ്നങ്ങളില്‍ തെളിയുന്നത്‌. ഇനിയെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by