Categories: Vicharam

വിഎസിന്റെ വിടുവായത്തം

Published by

ധനം കാണുമ്പോള്‍ ആര്‍ത്തിപെരുകുക സാധാരണമാണ്‌. അത്‌ എങ്ങനെ വന്നുവെന്നോ ആര്‍ക്കവകാശപ്പെട്ടതാണെന്നോ നോക്കുന്ന പ്രശ്നമില്ല. തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തില്‍ കരുതിവെച്ചിട്ടുള്ള ധനം ഇപ്പോള്‍ നാട്ടിലെമ്പാടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്‌. ഇന്നോളം അമ്പലത്തിന്റെ നാലയലത്ത്‌ പോകാതിരുന്നവര്‍ കൂടി പത്മനാഭസ്വാമിക്ഷേത്രം കാണാനും അവിടത്തെ പ്രതിഷ്ഠയേക്കാള്‍ ഉപരി സമ്പത്തിനെക്കുറിച്ച്‌ അന്വേഷിക്കാനും അതീവതാല്‍പര്യം കാണിക്കുന്നു. ദേവനേക്കാള്‍ പ്രാധാന്യം കൈവന്നിരിക്കുന്നു അവിടത്തെ സ്വത്തിന്‌. ഇന്നത്തെ കാലത്ത്‌ ചിന്തിക്കാന്‍പോലും കഴിയാത്ത ഒരു പ്രതിഭാസമായിരിക്കുകയാണ്‌ അത്രയും സ്വത്തുവകകളുടെ സൂക്ഷിപ്പ്‌. അതുകൊണ്ടുതന്നെ അതില്‍ കണ്ണുനട്ടിരിക്കുന്നവര്‍ പലതരത്തിലുള്ള വ്യാഖ്യാനങ്ങളുമായി അരങ്ങ്‌ തകര്‍ക്കുകയാണ്‌. അത്തരത്തിലൊരു വ്യക്തിയായിരിക്കുന്നു ഒരു പാടുപേര്‍ ബഹുമാനിക്കുന്ന പ്രതിപക്ഷനേതാവ്‌. ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും നാടിന്‌ നന്ന്‌ എന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത തത്വശാസ്ത്രത്തിന്റെ വിശ്വസ്ത അനുയായിയാണല്ലോ അച്യുതാനന്ദന്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അഭിപ്രായത്തിന്‌ പിന്നില്‍ ഒട്ടുവളരെ കുരുക്കുകളുണ്ടാവുക സ്വാഭാവികം. അത്തരത്തിലൊന്നാണ്‌ കഴിഞ്ഞ ദിവസത്തെ അഭിപ്രായത്തിലൂടെ വെളിപ്പെട്ടത്‌. പത്മനാഭദാസനായി അറിയപ്പെടുന്ന രാജാവ്‌ ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ പലപ്പോഴായി ക്ഷേത്രത്തിലെ സ്വര്‍ണാഭരണങ്ങള്‍ കടത്തിയെന്നാണ്‌ പ്രതിപക്ഷനേതാവ്‌ പറഞ്ഞത്‌. നിവേദ്യം കൊണ്ടുപോകുന്ന ഉരുളിയിലാണത്രേ ഈവകകളൊക്കെ കൊണ്ടുപോയത്‌. ക്ഷേത്രത്തിന്റെ കവാടത്തില്‍ നിന്ന്‌ ഇത്തരം സംഗതികള്‍ക്ക്‌ സാക്ഷ്യം വഹിച്ചപോലുള്ളതരത്തിലായിരുന്നു അച്യുതാനന്ദന്റെ അഭിപ്രായപ്രകടനം. ഉത്തരവാദിത്തമുണ്ടെന്ന്‌ സമൂഹം വിശ്വസിച്ചുപോരുന്ന സ്ഥാനത്തിരിക്കുന്നവര്‍ക്ക്‌ സ്വതവേ ഉണ്ടാവേണ്ടതാണ്‌ മര്യാദയും മാന്യതയും. അത്തരക്കാര്‍ പദവിയില്‍ ഇരിക്കുമ്പോഴാണ്‌ സംസ്കാര സമ്പന്നമായ ഒരു സ്വഭാവവിശേഷം സമൂഹത്തിന്‌ ബോധ്യമാവുക.

ശ്രീപത്മനാഭന്റെ വിശ്വാസ ജന്യമായ പാദകമലങ്ങളില്‍ സര്‍വസ്വവും സ്വമേധയാ അര്‍പ്പിച്ചവരാണ്‌ തിരുവിതാംകൂര്‍ രാജാക്കന്മാര്‍. അവര്‍ സമ്പത്ത്‌ നേടിയതിനെക്കുറിച്ച്‌ പലതരത്തിലുള്ള വ്യാഖ്യാനങ്ങളുണ്ടെങ്കിലും പ്രതിപക്ഷനേതാവ്‌ പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയ കക്ഷിയുള്‍പ്പെടെയുള്ളവയില്‍ പ്രവര്‍ത്തിക്കുന്നവരേക്കാള്‍ അങ്ങേയറ്റം ആത്മര്‍ഥതയോടെയും സമര്‍പണ ബോധത്തോടെയുമാണ്‌ അവര്‍ സേവനം ചെയ്തിരുന്നത്‌. ഇക്കാര്യം ചരിത്രത്തിലായാലും വാമൊഴി പ്രചരണത്തിലായാലും സമൂഹത്തില്‍ രൂഢമൂലമായിട്ടുണ്ട്‌. അല്‍പത്തരാഷ്‌ട്രീയത്തിന്റെ പിന്നാമ്പുറകളിയില്‍ കേമനായ അച്യുതാനന്ദന്റെ വിലകുറഞ്ഞ പരാമര്‍ശങ്ങള്‍കൊണ്ടൊന്നും സമൂഹത്തിന്റെ വിശ്വാസം അത്രപൊടുന്നനെ മാറ്റാന്‍ സാധ്യമല്ല. യുക്തിരഹിതമായ വായാടിത്തം സ്വതവേ ഒരു നേതാവിനും നന്നല്ല; അച്യുതാനന്ദനെപോലെയുള്ളവര്‍ക്ക്‌ പ്രത്യേകിച്ചും . പായസത്തിന്റെ ഉരുളിയില്‍ ഇങ്ങനെ സ്വര്‍ണം കടത്തിയിരുന്നെങ്കില്‍ ഹിമാലയാകാരത്തിലുള്ള സമ്പത്തിന്റെ ശേഖരം അവിടെ ഉണ്ടാവുമായിരുന്നില്ല. മറ്റൊന്ന്‌ എങ്ങനെയെങ്കിലും ഇത്‌ വെളിപ്പെടുകയും ചെയ്യുമായിരുന്നു. ആരും കാണാതെ ഒരുതരത്തിലും ഇങ്ങനെയൊരു നീചകൃത്യം നടക്കാനിടയില്ല. ഇപ്പോള്‍ ഇക്കാര്യം വിളിച്ചുപറയുന്ന സഖാവ്‌ അടുത്തിടെ വരെ ക്ഷേത്രത്തിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള അധികാരകേന്ദ്രത്തിലായിരുന്നില്ലേ കിരീടവും ചെങ്കോലുമായി വാണിരുന്നത്‌? എന്തേ അന്നൊന്നും അതിനെക്കുറിച്ച്‌ ഒറ്റയക്ഷരം മിണ്ടാതിരുന്നു, നടപടി സ്വീകരിക്കാതിരുന്നു ?

അച്ചടക്കത്തിന്റെ ആദ്യാക്ഷരങ്ങളെക്കുറിച്ച്‌ ബോധ്യമില്ലാത്ത നടപടികള്‍ മൂലം സ്വന്തം പാര്‍ട്ടി തന്നെ പടിയടച്ച്‌ പിണ്ഡം വെക്കാന്‍ കാത്തിരിക്കെ, ഇമ്മാതിരി നട്ടാല്‍ പൊടിക്കാത്ത ആരോപണവിത്തുകളുമായി രംഗത്ത്‌ വരുന്നത്‌ ഒരുതരം രക്ഷപ്പെടല്‍ തന്ത്രമാണ്‌. പാര്‍ട്ടിയുടെ കൊമ്പനാനകള്‍ക്ക്‌ പ്രീതിയുണ്ടാക്കാനുള്ള തരികിടനമ്പറുകളാണ്‌ അച്ച്യുതാനന്ദന്‍ പുതിയ ആരോപണം വഴി പുറത്തെടുക്കുന്നത്‌. തന്റെ പ്രതിച്ഛായക്കേറ്റ മങ്ങല്‍ മാറ്റാനുള്ള ഏതു ശ്രമവും നടത്താനുള്ള അവകാശം അച്യുതാനന്ദനുണ്ട്‌. എന്നാല്‍ അതിന്‌ മൂന്നാം കിട തറവേലകള്‍ ചെയ്യുന്നത്‌ ഗുണകരമാവില്ല. ഏതെങ്കിലും തരത്തിലുള്ള ദുഷ്ടലക്ഷ്യങ്ങളുമായി ക്ഷേത്രത്തെ തകര്‍ക്കാനിറങ്ങുന്ന ശക്തികള്‍ക്ക്‌ കരുത്തുപകരാനേ ഇത്തരം ശ്രമങ്ങള്‍ ഉപകരിക്കൂ. സമൂഹത്തില്‍ നിന്നുള്ള സമ്മര്‍ദ്ദഫലമായാവാം പ്രതിപക്ഷനേതാവ്‌ തന്റെ അഭിപ്രായത്തിന്‌ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്‌. തനിക്ക്‌ കിട്ടിയ ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ്‌ താന്‍ രാജാവിന്റെ ചെയ്തികളെ വിമര്‍ശിച്ചതെന്നാണ്‌ ഒടുവില്‍ അദ്ദേഹത്തില്‍നിന്നുണ്ടായ അഭിപ്രായം. ഏതു സാദാനേതാവും നടത്തുന്ന ഒന്നായെ അതിനെ കരുതിക്കൂടു. ഹൈന്ദവ ആരാധനാലയങ്ങളുടെ കാര്യത്തില്‍ ആര്‍ക്കും എന്തും ആവാമെന്ന ധാര്‍ഷ്ട്യത്തിന്റെ ചെറിയൊരു മുഖമാണ്‌ പ്രതിപക്ഷനേതാവിലൂടെ അനാവൃതമാകുന്നത്‌. ഇക്കാര്യത്തില്‍ ഭക്തജനങ്ങളും സമൂഹവും കണിശമായ ജാഗ്രത കാണിച്ചെങ്കില്‍ മാത്രമേ സ്ഥിതിഗതികള്‍ സമാധാനപൂര്‍ണവും ശാശ്വതപൂര്‍ണവുമാവൂ. ധനത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം കണ്ട്‌ മത്തരായി നടക്കുന്നവര്‍ ഇമ്മാതിരി അഭിപ്രായപ്രകടനങ്ങളും നീക്കങ്ങളുമായി രംഗത്ത്‌ സജീവമാകുമെന്നത്‌ തര്‍ക്കമറ്റ സംഗതിയാണ്‌. അതിനുനേരെ നെഞ്ചുറപ്പോടെ നില്‍ക്കുകയത്രേ കരണീയം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by