Categories: Vicharam

കുറ്റകൃത്യങ്ങളുടെ സ്വന്തം നാട്‌

Published by

കേരളം ക്രിമിനല്‍വല്‍കൃതമാകുന്നുവെന്നാണ്‌ കേരളത്തിലെ ക്രൈം സ്റ്റാറ്റിസ്റ്റിക്സ്‌ റിപ്പോര്‍ട്ട്‌ കണക്കുകള്‍ സ്ഥിരീകരിക്കുന്നത്‌. കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനയാണ്‌ ഉണ്ടായിരിക്കുന്നത്‌. കൊലപാതകങ്ങള്‍ മാത്രമല്ല മോഷണവും പിടിച്ചുപറിയും കൊള്ളയും വര്‍ധിക്കുകയാണ്‌. ഞായറാഴ്ചയുണ്ടായ ബാങ്ക്‌ കവര്‍ച്ചയില്‍ നഷ്ടപ്പെട്ടത്‌ കോടികളുടെ സ്വര്‍ണവും ലക്ഷങ്ങളുമാണ്‌. കേരളത്തില്‍ നടക്കുന്ന രണ്ടാമത്തെ വന്‍ ബാങ്ക്‌ കവര്‍ച്ചയാണിത്‌. കൊലപാതകങ്ങളും അവിരാമം തുടരുന്നു. കടത്തിണ്ണയില്‍ ഉറങ്ങാന്‍ ശ്രമിച്ചയാളെപ്പോലും ക്രൂരമായി കൊലപ്പെടുത്തിയ വാര്‍ത്തയും ഈ അടുത്ത നാളുകളിലാണ്‌ പുറത്തുവന്നത്‌. 2010 ല്‍ സംസ്ഥാനത്ത്‌ ആകെ 363 കൊലപാതകങ്ങളാണ്‌ ഉണ്ടായതെങ്കില്‍ 2011 ലെ ആദ്യപകുതിയില്‍ മാത്രം 201 കൊലപാതകങ്ങള്‍ നടന്നുകഴിഞ്ഞു. വീട്ടില്‍ ജോലിക്ക്‌ വന്നയാളെ പ്രേമിച്ച നിരുത്തരവാദിയായ പെണ്‍കുട്ടിയെ കാമുകന്‍ കൊലപ്പെടുത്തിയത്‌ സ്വന്തം കുടുംബത്തെ സംരക്ഷിക്കാനാണത്രെ.
കൊലപാതക ശ്രമത്തിലും ഈ വര്‍ഷം ഇതുവരെ 271 കൊലപാതകശ്രമങ്ങള്‍ നടന്നുകഴിഞ്ഞിരിക്കുന്നുവെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷത്തില്‍ 361 കൊലപാതകശ്രമങ്ങളാണ്‌ നടന്നത്‌. ഇതെല്ലാം വിരല്‍ചൂണ്ടുന്നത്‌ സമൂഹത്തിലെ വര്‍ധിച്ചുവരുന്ന കുറ്റവാളികളിലേക്കും അവര്‍ നടത്തുന്ന അറപ്പില്ലാത്ത കുറ്റകൃത്യങ്ങളിലേക്കും തന്നെയാണ്‌.

സ്ത്രീപീഡന തലസ്ഥാനമായി കേരളം മാറുന്നുവെന്നതും ക്രൈം കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ബലാത്സംഗങ്ങളും ഗാര്‍ഹികപീഡനങ്ങളും തട്ടിക്കൊണ്ടുപോകലും പെരുകുന്നു. പെണ്‍കുട്ടികളെ കുടുംബക്കാരുള്‍പ്പെടെ ലൈംഗിക വില്‍പ്പനച്ചരക്കാക്കുമ്പോള്‍ അതിന്റെ ഉപഭോക്താക്കളിലും എല്ലാം വന്‍ വര്‍ധനയാണ്‌. കഴിഞ്ഞ വര്‍ഷം മൊത്തം 634 ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്ത്‌ കഴിഞ്ഞ ആറ്‌ മാസങ്ങളില്‍ മാത്രം 546 ബലാത്സംഗങ്ങളുണ്ടായി എന്ന കണക്ക്‌ ഞെട്ടിപ്പിക്കുന്നതാണ്‌. ഗാര്‍ഹിക പീഡനമാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ 4797 കേസുകളുടെ സ്ഥാനത്ത്‌ ജൂണ്‍ വരെ 2679 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടുകഴിഞ്ഞു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ ഒന്നാംസ്ഥാനം സാക്ഷരതയില്‍ മുന്നില്‍നില്‍ക്കുന്നത്‌ മലപ്പുറമാണത്രെ. ഇവിടെ മാത്രം 632 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തലസ്ഥാനമായ തിരുവനന്തപുരവും പിന്നിലല്ല. തിരുവനന്തപുരം സിറ്റിയില്‍ മാത്രം 267 കേസുകളും റൂറലില്‍ 562 കേസുകളും ആകെ 839 കേസുകളാണ്‌ തലസ്ഥാനത്ത്‌ മാത്രം രജിസ്റ്റര്‍ ചെയ്തത്‌.

ജനമൈത്രി പോലീസ്‌, സ്റ്റുഡന്റ്‌ പോലീസ്‌, ജാഗ്രതാ സമിതി മുതലായവ കേരളത്തില്‍ സജീവമാണെന്ന്‌ പോലീസ്‌ അവകാശപ്പെടുമ്പോഴും കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും നിര്‍ബാധം തുടരുന്നത്‌ കേരളാ പോലീസിന്റെ പരാജയമായിട്ട്‌ മാത്രമേ കാണാന്‍ സാധിക്കൂ. കഴിഞ്ഞവര്‍ഷം 4380 മോഷണക്കേസുകളുണ്ടായപ്പോള്‍ ഈ വര്‍ഷത്തെ ആദ്യ ആറുമാസത്തില്‍ 2319 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. കഴിഞ്ഞവര്‍ഷം 1840 വാഹന മോഷണങ്ങളാണുണ്ടായതെങ്കില്‍ ഈ വര്‍ഷം ഇതുവരെ 785 കേസുകള്‍ ആയിക്കഴിഞ്ഞു. കഴിഞ്ഞവര്‍ഷത്തെ കണക്ക്‌ 1846 മാത്രമാണ്‌. വാഹനമോഷണ രംഗത്തേക്ക്‌ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള യുവാക്കളുടെ എണ്ണവും പെരുകുന്നു.

പോലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും വിദഗ്ധപരിശീലനം നല്‍കുമെന്നും മാറിമാറിവരുന്ന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുമ്പോഴും കേരളം കൂടുതല്‍ ക്രിമിനലൈസ്ഡ്‌ ആകുന്നുവെന്നതിന്‌ തെളിവാണ്‌ മുകളില്‍ നിരത്തിയത്‌. ഇതില്‍ ബാലപീഡനം ഉള്‍പ്പെടുന്നില്ല. ചെറിയ കുട്ടികളുടെ ദുരുപയോഗവും പ്രകൃതിവിരുദ്ധ ലൈംഗികതയ്‌ക്ക്‌ ഉപയോഗിക്കുന്നതും വര്‍ധിക്കുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ കേരളാ പോലീസും സമൂഹവും ഒരുതരം നിസ്സംഗതയിലാണ്‌. ഇപ്പോള്‍ കൊള്ളയടിക്കപ്പെട്ട ബാങ്കില്‍ സെക്യൂരിറ്റികള്‍ ഉണ്ടായിരുന്നില്ല എന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്‌. കഴിഞ്ഞ ബാങ്ക്‌ കവര്‍ച്ചയ്‌ക്കുശേഷം സെക്യൂരിറ്റി നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിട്ടും ബാങ്ക്‌ അധികാരികള്‍ നിരുത്തരവാദപരമായ അനാസ്ഥയാണ്‌ പ്രകടമാക്കിയത്‌. ജനങ്ങളുടെ നിസ്സംഗതയും അനാസ്ഥയും പോലീസിന്റെ കാര്യക്ഷമത കുറയാന്‍ കാരണമാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by