Categories: Varadyam

കണ്ണീരു തോരാതെ ഒരു കാത്തിരിപ്പ്‌

Published by

ഇന്ത്യാവിഷന്‍ ചാനലില്‍ ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്ററായിരുന്ന മട്ടന്നൂരിനടുത്ത്‌ നീര്‍വേലി അളകാപുരിയിലെ മെന്നിയത്ത്‌ ഇല്ലത്ത്‌ സോണി എം.ഭട്ടതിരിപ്പാടിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായിട്ട്‌ രണ്ടരവര്‍ഷം പിന്നിടുന്നു. എന്നിട്ടും കേസന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഗോവ ചലച്ചിത്രമേള റിപ്പോര്‍ട്ട്‌ ചെയ്ത്‌ മടങ്ങുമ്പോള്‍ കാഞ്ഞങ്ങാട്‌ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ 2008 ഡിസംബര്‍ എട്ടിനാണ്‌ സോണിയുടെ തിരോധാനം.

മംഗലാപുരത്തുനിന്നും ഭാര്യാപിതാവ്‌ എം.ഗണപതി നമ്പൂതിരിക്കൊപ്പം മാവേലി എക്സ്പ്രസില്‍ ആയിരുന്നു സോണിയുടെ യാത്ര. വണ്ടി കാസര്‍കോട്ടെ കാഞ്ഞങ്ങാടിനടുത്തെത്തിയപ്പോള്‍ ടോയ്‌ലറ്റില്‍ പോയി വരാമെന്ന്‌ പറഞ്ഞ്‌ പോയ സോണിയെ പിന്നീടാരും കണ്ടില്ല. ഭാര്യാ പിതാവ്‌ സോണിയെ എല്ലായിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ രാത്രി സോണി ഭാര്യ സീമയെ വിളിച്ച്‌ താന്‍ കോഴിക്കോട്ടുണ്ടെന്നും ഒരു അസൈന്‍മെന്റ്‌ തീര്‍ക്കാനുണ്ടെന്നും പിറ്റേന്ന്‌ എറണാകുളത്തെത്തുമെന്നും പറഞ്ഞു. പിന്നീട്‌ സോണിയെ കണ്ടില്ലെങ്കിലും 12-ാ‍ം തീയതിവരെ ഇയാള്‍ വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു. സോണിക്ക്‌ ഇപ്രകാരം പറയാതെ മുങ്ങുന്ന പതിവുണ്ട്‌. അതിനാല്‍ത്തന്നെ വീട്ടുകാര്‍ ഈ തിരോധാനം കാര്യമാക്കിയില്ല. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു വിവരവും ലഭ്യമാകാത്തതിനാല്‍ സോണിയുടെ തിരോധാനത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ കൊച്ചിയിലെ സത്യം ശിവം സുന്ദരം എന്ന സ്വകാര്യ ഡിറ്റക്ടീവ്‌ ഏജന്‍സിയെ ഏല്‍പ്പിച്ചു. രണ്ടാഴ്ച നടത്തിയ അന്വേഷണത്തിനൊടുവില്‍ സത്യം ശിവം സുന്ദരം അന്വേഷണത്തില്‍നിന്ന്‌ പിന്മാറി.
അങ്ങനെയാണ്‌ ഡിസംബര്‍ 27 ന്‌ സോണിയുടെ ഭാര്യ ഡിജിപിക്ക്‌ പരാതി നല്‍കിയത്‌. ഡിജിപിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്‌ ഹോസ്ദുര്‍ഗ്‌ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പത്രപ്രവര്‍ത്തക യൂണിയന്‍ പിന്നീട്‌ നല്‍കിയ പരാതിയിന്മേല്‍ ഒരു അന്വേഷണത്തിന്‌ കൂടി ഡിജിപി ഉത്തരവിട്ടു. സോണിയെ കാണാതായി ആഴ്ചകള്‍ തികയുന്നതിനുമുമ്പ്‌ ഇന്ത്യാവിഷന്‍ ചാനലുകാര്‍ സോണിയുടെ സെല്‍ഫോണ്‍ നമ്പര്‍ (9447058920)ക്യാന്‍സല്‍ ചെയ്ത്‌ പകരം ഡ്യൂപ്ലിക്കേറ്റ്‌ സിമ്മും പഴയ നമ്പരുമെടുത്ത്‌ അവിടുത്തെ തന്നെ ഉദ്യോഗസ്ഥനായ പെണ്‍കുട്ടിക്ക്‌ നല്‍കിയത്‌ ഏറെ ദുരൂഹതയുയര്‍ത്തുന്നു. മാത്രമല്ല കാഞ്ഞങ്ങാട്‌ ഡിവൈഎസ്പി ഹബീബ്‌ റഹ്മാനുമായി പിണങ്ങിയത്‌ വാര്‍ത്താസംഘര്‍ഷത്തിലാണ്‌. കാഞ്ഞങ്ങാട്‌ സ്റ്റേഷനിലാണ്‌ സോണിയുടെ ബന്ധുക്കള്‍ ആദ്യം പരാതി നല്‍കിയത്‌. കാഞ്ഞങ്ങാട്‌ സ്റ്റേഷന്റെ തൊട്ടടുത്താണ്‌ ഡിവൈഎസ്പിയുടെ ഓഫീസ്‌. സ്വാഭാവികമായും പ്രസിദ്ധനായ ഒരു മാധ്യമപ്രവര്‍ത്തകനെ കാണാതാകുമ്പോള്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ ഇടപെടും. സോണിയുടെ കാര്യത്തില്‍ ഇതുണ്ടായില്ല. ബിഎസ്‌എന്‍എല്ലിന്റെ ടവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയിലെ കുണ്ടാപുരത്തിന്‌ സമീപം ഗംഗോലിയിലും കുടജാദ്രിയിലുമായി സോണിയുടെ നമ്പര്‍ ലെക്കേറ്റ്‌ ചെയ്തിരുന്നു. കൊല്ലൂരിലെ ജീപ്പ്പ്‌ ഡ്രൈവറായ ആനന്ദന്‍ തന്റെ ജീപ്പ്പിലാണ്‌ സോണി കുടജാദ്രിയിലേക്ക്‌ പോയതെന്ന്‌ വെളിപ്പെടുത്തിയതും പിന്നീട്‌ മാറ്റിപ്പറഞ്ഞതും കേസില്‍ ദുരൂഹത ഉയര്‍ത്തുന്നുണ്ട്‌. മുല്ലപ്പള്ളി രാമചന്ദ്രന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായി ചുമതലയേറ്റപ്പോഴാണ്‌ സോണിയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം ചൂടുപിടിച്ചത്‌. സോണിയുടെ പിതാവ്‌ പത്മനാഭന്‍ ഭട്ടതിരിപ്പാട്‌ നല്‍കിയ ഒരു ഹര്‍ജിയെ തുടര്‍ന്നാണ്‌ നടപടി. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിമാര്‍ക്കും സോണിയുടെ ചിത്രം സഹിതം കത്തയച്ചു. കേന്ദ്രമന്ത്രിയുടെ കത്ത്‌ ആസാം സര്‍ക്കാരിന്‌ ലഭിച്ചതോടെ അവര്‍ പ്രധാന പത്രങ്ങളില്‍ സോണിയുടെ ചിത്രം പ്രസിദ്ധീകരിച്ചു. സോണിയുടെ കൂത്തുപറമ്പിലെ നമ്പറും പ്രസിദ്ധീകരിച്ചു. പത്രപരസ്യം വന്നതുമുതല്‍ സോണിയുടെ വീട്ടിലേക്ക്‌ ടെലിഫോണ്‍ പ്രവാഹമായിരുന്നു.

സോണിയുടെ സ്കൂള്‍ വിദ്യാഭ്യാസം നീര്‍വേലിയിലായിരുന്നു. മഹാരാജാസില്‍നിന്നും ബിരുദവും എറണാകുളം ഭാരതീയ വിദ്യാഭവനില്‍നിന്നും പത്രപ്രവര്‍ത്തനവും പാസ്സായി. എംഎയും എച്ച്ഡിസിയും പൂര്‍ത്തിയാക്കിയപ്പോള്‍ മലയാളമനോരമ ദിനപത്രത്തില്‍ ജോലി കിട്ടി. ചുരുങ്ങിയ കാലംകൊണ്ട്‌ കാസര്‍കോട്‌ ബ്യൂറോ മേധാവിയായി മാറിയ സോണി മനോരമയുടെ മിന്നുംതാരമായിരുന്നു. മനോരമ ചാനല്‍ ആരംഭിച്ചപ്പോള്‍ അതിലേക്ക്‌ മാറി. നിങ്ങള്‍ ആവശ്യപ്പെട്ട വാര്‍ത്ത എന്ന പ്രതിവാര പരിപാടിയാണ്‌ സോണി അവതരിപ്പിച്ചത്‌. പൊടുന്നനെ സോണി മനോരമ വിട്ട്‌ ഇന്ത്യാവിഷനില്‍ ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്ററായി ചേര്‍ന്നു. കേരള നടനമായിരുന്നു സോണി ഇന്ത്യാവിഷനില്‍ അവതരിപ്പിച്ച പരിപാടി. കയ്യില്‍ കാശില്ലാതാകുമ്പോള്‍ സോണി തിരിച്ചുവരുമെന്ന്‌ കരുതി സോണിയുടെ എടിഎം വീട്ടുകാര്‍ ബ്ലോക്ക്‌ ചെയ്തു. കാരണം ഡിസംബര്‍ പത്തിനുള്ളില്‍ 3000 രൂപ സോണി എടിഎം വഴി പിന്‍വലിച്ചിരുന്നു. പണം പിന്‍വലിച്ച്‌ കൂടുതല്‍ യാത്രചെയ്യരുതെന്നുദ്ദേശിച്ച്‌ ചെയ്ത പ്രവൃത്തിയെക്കുറിച്ചാലോചിച്ച്‌ സോണിയുടെ മാതാപിതാക്കള്‍ ഇന്നും വിഷമിക്കുന്നു.

ഇന്ത്യാവിഷനിലെ മുനീറും നികേഷ്കുമാറും മനുഷ്യത്വം തൊട്ടുതീണ്ടാത്തവരാണ്‌. കാരണം തന്റെ മകന്റെ ഭാര്യയും മക്കളും ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അന്വേഷിക്കാന്‍ അവര്‍ തയ്യാറായില്ലെന്ന്‌ സോണിയുടെ പിതാവ്‌ പത്മനാഭന്‍ ഭട്ടതിരിപ്പാടും മാതാവ്‌ സുവര്‍ണിനി അന്തര്‍ജനവും കണ്ണീരോടെ പറയുന്നു.

എറണാകുളം സൗത്ത്‌ വാരിയം റോഡിലെ വീട്ടിലാണ്‌ സോണിയുടെ ഭാര്യയും മക്കളും താമസിക്കുന്നത്‌. നീലേശ്വരം പട്ടേനയിലെ ഗണപതി മകള്‍ സീമയാണ്‌ ഭാര്യ. സീമ ആയുര്‍വേദ ഡോക്ടറാണ്‌. അനന്തപത്മനാഭനും ഇന്ദുലേഖയുമാണ്‌ സോണി-സീമ ദമ്പതികളുടെ മക്കള്‍. ഉത്തരവാദപ്പെട്ട ഒരു മാധ്യമപ്രവര്‍ത്തകനെ കാണാതായിട്ട്‌ രണ്ടരവര്‍ഷം പിന്നിട്ടിട്ടും പോലീസ്‌ തങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന പരിഭവം മാത്രമാണ്‌ ഇവര്‍ക്ക്‌ ബാക്കിയുള്ളത്‌.

വീട്ടിലും നാട്ടിലും ജോലിയിലുമെല്ലാം സുരക്ഷിതനായ ഒരാളെ കാണാതാകുമ്പോള്‍ അതില്‍ അസ്വഭാവികതയുടെ നിഴലാട്ടം കാണാം. സോണി എന്തിന്‌ മനോരമ വിട്ട്‌ ഇന്ത്യാവിഷനില്‍ ചേര്‍ന്നു. ആരോടും പറയാതെ ഒരു ദിവസം എങ്ങോട്ടുപോയി എന്നീ ചോദ്യങ്ങള്‍ ഇന്നും അവശേഷിക്കുന്നു.

മെന്നിയത്ത്‌ ഇല്ലത്തേക്ക്‌ വരുന്ന ഓരോ ഫോണ്‍കോളുകളും ഈ കുടുംബത്തിന്‌ പ്രതീക്ഷയുടെ ഉള്‍വിളിയാവുകയാണ്‌ ഇപ്പോഴും.

എം.വി.രാഹുല്‍ദാസ്‌

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts