Categories: Vicharam

സൗമിത്ര സെന്‍ മനസ്സിലാക്കേണ്ടത്‌

Published by

കുറ്റാരോപണത്തിന്റെ പേരില്‍ രാജ്യസഭ പാസ്സാക്കിയ പ്രമേയത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട്‌ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജ.സൗമിത്രസെന്‍ രാജിവെയ്‌ക്കുകയാണ്‌ വേണ്ടത്‌. ലോക്സഭാ ചര്‍ച്ചയ്‌ക്കും രാഷ്‌ട്രപതിയുടെ ഇടപെടലിനും കാത്തിരിക്കുന്നതിനേക്കാള്‍ രാജിയാണ്‌ ഉചിതമെന്ന്‌ ഈ ന്യായിധിപന്‍ മനസ്സിലാക്കേണ്ടതുണ്ട്‌.

അഴിമതിയുടെ കുതിച്ചുചാട്ടത്തില്‍ പകച്ചുനില്‍ക്കുന്നവരാണ്‌ ഇന്ത്യാക്കാര്‍. മാറാരോഗംപോലെ നാടിനെ അലട്ടുന്നതാണ്‌ പൊതുരംഗത്തെ അഴിമതി. ജുഡീഷ്യറിയുടെ സുതാര്യതയും അനിവാര്യമായ ഇടപെടലുകളും മൊത്തത്തില്‍ ജനങ്ങള്‍ സ്വാഗതം ചെയ്യുന്നുണ്ട്‌. ” അഴുക്ക്‌ പുരണ്ട പാദങ്ങളോടുകൂടിയ ഒരാള്‍പോലും എന്റെ മനസ്സിലൂടെ കടന്നുപോകാന്‍ ഞാന്‍ അനുവദിക്കില്ലെന്ന്‌” ഹരിജനിലൂടെ എഴുതിയ ആളായിരുന്നു മഹാത്മാജി. എന്നാല്‍ അദ്ദേഹത്തിന്റെ നാടിന്ന്‌ ലോകത്തിലെ ഏറ്റവും കൂടുതല്‍ അഴിമതിനിറഞ്ഞ രാജ്യങ്ങളിലൊന്നാണ്‌. അഴിമതിയുടെ പാപസ്പര്‍ശമേല്‍ക്കാതെ തലയുയര്‍ത്തി നിന്ന ജുഡീഷ്യറിയുടെ ശിരസ്സുപോലും ഇപ്പോള്‍ പ്രസ്തുത വിഷയം കൊണ്ട്‌ താഴുകയാണ്‌.

ഇപ്പോഴും ജനങ്ങള്‍ക്ക്‌ ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്‌. പക്ഷെ വെളിവാക്കപ്പെടുന്ന സത്യങ്ങളുടെ ആഴവും പരപ്പും അവരെ ആശയക്കുഴപ്പത്തിലാക്കുകയാണ്‌. ജുഡീഷ്യറി ഉള്‍പ്പെടെ എല്ലാ ഭാരണഘടനാ സ്തംഭങ്ങളും സംശയത്തിന്റെ കരിനിലഴലിലകപ്പെടുമ്പോള്‍ തകരുന്നത്‌ നമ്മുടെ ജനാധിപത്യ സമ്പ്രദായം തന്നെയായിരിക്കും. വര്‍ത്തമാന ഇന്ത്യയില്‍ അഴിമതിക്കെതിരെ വിജയകരമായി പട നയിക്കാന്‍ പാര്‍ലമെന്റിനേക്കാളും കരുത്തും വീര്യവും ജുഡീഷ്യറിയിലാണ്‌ ദൃശ്യമായിട്ടുള്ളത്‌.

രാജ്യം കണ്ട ഏറ്റവും വലിയ കൊള്ളയായ ടൂജി സ്പെക്ട്രം അഴിമതിയില്‍ സുപ്രീം കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ അഴിമതിക്കാരായ ജനപ്രതിനിധികള്‍ക്ക്‌ അഴിയേണ്ണേണ്ടിവരുമായിരുന്നില്ല. സിഎജി ചൂണ്ടിക്കാട്ടിയ ഈ വന്‍ അഴിമതിയുടെ കാര്യങ്ങള്‍ പ്രധാനമന്ത്രിയും ഭരണ സംവിധാനവും കഴിയുന്നത്ര തമസ്ക്കരിച്ച്‌ കുറ്റക്കാരെ സംരക്ഷിക്കുകയായിരുന്നു. സിബിഐയുടെ ആദ്യനിലപാടും വ്യത്യസ്തമായിരുന്നില്ല. കഴിയുന്നത്ര ഭരണകൂടത്തിനുവേണ്ടി അവര്‍ അധികാരം ദുരുപയോഗപ്പെടുത്തിയിരുന്നു. സെപ്ക്ട്രം കേസ്സില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ആദ്യ അഫിഡവിറ്റില്‍ മന്ത്രി രാജ കുറ്റക്കാരനല്ലെന്നും ഇടപാടില്‍ സര്‍ക്കാരിന്‌ നഷ്ടമില്ലെന്നുമായിരുന്നു വാദിച്ചത്‌. ശബ്ദമില്ലാത്ത ഭൂരിപക്ഷ ജനതയുടെ ശബ്ദമാകേണ്ട പ്രധാനമന്ത്രി ഇക്കാര്യത്തില്‍ കുറ്റകരമായ മൗനമാണ്‌ പാലിച്ചത്‌.

ഇന്ത്യന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമറിയാതെ സുപ്രീം കോടതിയില്‍ ഇത്തരമൊരു സത്യവാങ്മൂലം കേന്ദ്രസര്‍ക്കാര്‍ ഫയലാക്കില്ലെന്ന്‌ സാമാന്യബുദ്ധിയുള്ളവര്‍ക്ക്‌ അറിയാവുന്നതാണ്‌. കേന്ദ്രമന്ത്രി കപില്‍ സിബലും പരസ്യമായി ഈയൊരു വാദം ജനങ്ങള്‍ക്ക്‌ മുന്നില്‍ നിരത്തിയിരുന്നു. എന്നാല്‍ സുപ്രീം കോടതി ഫയല്‍ പരിശോധിച്ച്‌ മര്‍മ്മം കണ്ടെത്തി കര്‍ശനനിലപാടും അന്ത്യശാസനങ്ങളുമൊക്കെ സ്വീകരിച്ചതുകൊണ്ടാണ്‌ രാജക്കും കനിമൊഴിക്കുമൊക്കെ തിഹാര്‍ ജയിലില്‍ കിടക്കേണ്ടിവന്നത്‌. ടൂജി സെപ്ക്ട്രം, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌, ഭക്ഷ്യധാന്യ കുംഭകോണം, ആര്‍ശ്‌ ഫ്ലാറ്റ്‌ തുടങ്ങി അറിയപ്പെട്ട അഴിമതികള്‍ അനാവരണം ചെയ്യുന്നതില്‍ പാര്‍ലമെന്റിനേക്കാള്‍ ഫലപ്രദമായ നടപടികളുണ്ടായത്‌ നീതിപീഠത്തില്‍ നിന്നായിരുന്നു.

അഴിമതിയില്‍ ഉരുകിത്തീരാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരുടെ നാടിന്റെ മേഘപാളിയില്‍ മിന്നല്‍പ്പിണര്‍ പോലെ തെളിയുന്നതാണ്‌ ജുഡീഷ്യല്‍ ഇടപെടലുകള്‍. നീതിയുടെ കൊടിയടയാളം സജീവമാക്കപ്പെടുമ്പോള്‍ ആസ്വദിക്കുന്നവരാണ്‌ ഇവിടുത്തെ ജനങ്ങള്‍. പക്ഷേ ജുഡീഷ്യറിയുടെ തൂവെള്ളവസ്ത്രത്തില്‍ പറ്റുന്ന ഏതു ചെറിയ കറയും എടുത്തുകാട്ടപ്പെടുമെന്നുറപ്പാണ്‌. ഇതുവഴി തകരുന്നത്‌ ജുഡീഷ്യറിയുടെ വിശ്വാസ്യതയാണ്‌. 1990ല്‍ ബോംബെ ഹൈക്കോടതിയിലെ ചില ജഡ്ജിമാര്‍ക്കെതിരെ ബാര്‍അസോസിയേഷന്‍ അഴിമതിയാരോപണമുന്നയിച്ചിരുന്നു. തുടര്‍ന്നങ്ങോട്ട്‌ ദൃശ്യമായ ആരോപണങ്ങള്‍ ഗുരുതരവും ഫലപ്രദ നടപടികളില്ലാത്തവയുമാണ്‌.

വിശ്വാസത്തകര്‍ച്ചയാല്‍ വട്ടംകറങ്ങുന്ന ജുഡീഷ്യറിയ്‌ക്ക്‌ ആശ്വാസം പകരുന്ന വാര്‍ത്തയാണ്‌ കഴിഞ്ഞദിവസം രാജ്യസഭയില്‍നിന്നുയര്‍ന്നത്‌. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു ന്യായാധിപനെ ഇംപീച്ച്‌ ചെയ്യാന്‍ ഒരു സഭ പച്ചക്കൊടി കാട്ടിയിരിക്കുന്നു. ഉന്നത നീതിപീഠത്തിലെ ന്യായാധിപന്റെ ദുഷ്ചെയ്തികള്‍ക്കെതിരെ ഭരണഘടന നിര്‍ദ്ദേശിച്ചിട്ടുള്ള പരിഹാരമാര്‍ഗം പ്രായോഗികമാണെന്ന്‌ ഇപ്പോള്‍ തെളിയുകയാണ്‌.

അഴിമതി ആരോപണ വിധേയനായ ജ.സൗമിത്ര സെന്നിനെ ഇംപിച്ച്‌ ചെയ്യാനുള്ള പ്രമേയം വന്‍ ഭൂരിപക്ഷത്തോടെയാണ്‌ രാജ്യസഭ പാസ്സാക്കിയത്‌. ലോക്സഭ ആഗസ്റ്റ്‌ 26ന്‌ പ്രസ്തുത പ്രമേയം അംഗീകരിക്കുമെന്നുറപ്പാണ്‌. രാഷ്‌ട്രപതി പാര്‍ലമെന്റ്‌ പാസ്സാക്കുന്ന പ്രമേയങ്ങളെ ഉള്‍ക്കൊണ്ട്‌ വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ ജ.സെന്‍ പടിക്കുപുറത്താകും.ഇന്ത്യന്‍ പാര്‍ലമെന്റിനും, ജുഡീഷ്യറിയ്‌ക്കും പൊന്‍തൂവല്‍ കൂട്ടി ചേര്‍ക്കുന്ന നേട്ടമാണിത്‌.

സ്റ്റീല്‍ അതോറിറ്റിഓഫ്‌ ഇന്ത്യയും ഷിപ്പിങ്ങ്‌ കോര്‍പ്പറേഷനും തമ്മിലുള്ള തര്‍ക്കത്തില്‍ അഡ്വ.സൗമിത്രസെന്‍ റിസീവറായിരുന്നു. 1984ലായിരുന്നു വിവാദമുയര്‍ത്തിയ ക്രമക്കേടുണ്ടായത്‌. വസ്തുക്കളുടെ വില്‍പനയിലെ ക്രമക്കേടുവഴി സെന്‍ 33 ലക്ഷം തട്ടിയെടുത്തവത്രേ. പ്രസ്തുതതുക സ്വന്തം പേരില്‍ നിക്ഷേപിക്കുകയും കൊടുക്കാതെ ഒഴിഞ്ഞുമാറുകയും ചെയ്തു. കോടതി നിര്‍ബന്ധിക്കുന്നതുവരെ റിസീവര്‍ കുറ്റകരമായ വീഴ്ചയും തെറ്റും ചെയ്തു. ഇത്‌ സംബന്ധിച്ച്‌ ജുഡീഷ്യല്‍ കമ്മറ്റി കുറ്റം കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഇംപീച്ചുമെന്റിന്റെ മുന്നോടിയായി നടത്തിയ അന്വേഷണത്തിന്‌ നേതൃത്വം നല്‍കിയത്‌ സുപ്രീംകോടതി ജഡ്ജി ജ.ബി.സുദര്‍ശന്‍ റെഡ്ഡിയായിരുന്നു. പഞ്ചാബ്‌ ഹൈക്കോടതി മുഖ്യന്യായാധിപന്‍ ജ.മുകുള്‍ മുദ്കല്‍, സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ ഫാലി. എസ്‌.നരിമാന്‍ എന്നിവരും അന്വേഷണസംഘത്തിലുള്‍പ്പെട്ടിരുന്നു. പക്ഷെ കമ്മറ്റിക്കുമുമ്പാകെ മൊഴിനല്‍കാനോ തെളിവ്‌ ഹാജരാക്കാനോ കുറ്റാരോപിതന്‍ തയ്യാറായില്ല. അനധികൃത പണം എങ്ങനെ കൈകാര്യം ചെയ്തു എന്നതിന്‌ വിശദീകരണം നല്‍കാന്‍ ഈ ജഡ്ജി തയ്യാറല്ലായിരുന്നു. പണം നിക്ഷേപിച്ചു എന്നു പറയുന്ന ധനകാര്യ സ്ഥാപനം തന്നെ പൂട്ടിപ്പോയ ഒന്നായിരുന്നു.

വ്യാജരേഖ ചമച്ച്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ നിക്ഷേപം തട്ടിയെടുത്തു, ബന്ധുക്കള്‍ ജഡ്ജിമാരുള്ള കോടതിയില്‍ പ്രാക്ടീസ്‌ ചെയ്യുന്നു, ജഡ്ജിയുടെ വസതിയുടെ മുമ്പില്‍ നിന്നു കോടികളുടെ കോഴപ്പണം കണ്ടെടുക്കുന്നു തുടങ്ങിയ നിരവധി സമസ്യകള്‍ക്ക്‌ ഉത്തരം കണ്ടെത്താന്‍ ജുഡീഷ്യറിക്കിപ്പോഴുമായിട്ടില്ല. മുഖ്യന്യായാധിപന്മാരായിരുന്നവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍പോലും അന്വേഷിക്കാതെ വനരോദനങ്ങളായി മാറുന്നു. ഈ ദുരവസ്ഥയില്‍ അഴിമതിയുടെ പേരില്‍ പാര്‍ലമെന്റ്‌ ഒരു ജഡ്ജിയെ ശിക്ഷിക്കുന്നത്‌ സ്വാഗതാര്‍ഹമാണ്‌. ജുഡീഷ്യറിക്കു വിശ്വാസ്യത വീണ്ടെടുക്കാന്‍ ഇത്‌ സഹായിക്കും.

പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ്‌ നടപടി നേരിടുന്ന രണ്ടാമത്തെ ന്യായാധിപനാണ്‌ സൗമിത്രസെന്‍. ആദ്യത്തേത്‌ സുപ്രീം കോടതി ജഡ്ജി ജ.വി.രാമസ്വാമിയായിരുന്നു. 1993ല്‍ രാമസ്വാമിക്കെതിരായ പ്രമേയം ലോക്സഭയില്‍ പരാജയപ്പെടുകയായിരുന്നു. അഴിമതിയുടെ പേരില്‍ കോണ്‍ഗ്രസും, ബിജെപിയും സിപിഐഎമ്മും ഒന്നിച്ച്‌ രാമസ്വാമിയ്‌ക്കെതിരെ ലോക്സഭയില്‍ പോരാടി. പക്ഷേ പ്രമേയം വോട്ടിനിട്ടപ്പോള്‍ കോണ്‍ഗ്രസ്‌ സഭയില്‍നിന്നും വിട്ടുനിന്നുകൊണ്ട്‌ ചതിച്ചു. തമിഴ്‌വികാരത്തിന്റെ പേരില്‍ കോണ്‍ഗ്രസ്‌ നടത്തിയ ജനവഞ്ചന സെന്നിന്റെ കാര്യത്തിലുണ്ടാവില്ലെന്നു ന്യായമായും പ്രതീക്ഷിക്കാം.

ഇംപീച്ചുമെന്റിലെ കഥാനായകന്‍ കളങ്കിത ജഡ്ജി 1999ല്‍ ശിവകാശി ലോക്സഭാസീറ്റില്‍ ജനവിധി തേടിയിരുന്നു. കോണ്‍ഗ്രസ്‌- സിപിഎം സംയുക്തസ്ഥാനാര്‍ത്ഥിയായിരുന്നു. ജനങ്ങള്‍ അയാളെ നിരാകരിക്കുകയും എന്‍ഡിഎയെ വിജയിപ്പിക്കുകയും ചെയ്തു. സെന്നിനു ശേഷം ജ.ദിനകരന്റെ ഇംപീച്ചുമെന്റും പാര്‍ലമെന്റ്‌ പരിഗണിക്കും.

അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by