തിരുവാറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായ ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളില്‍ ക്ഷേത്രത്തോട് ചേര്‍ന്നൊഴുകുന്ന പമ്പാനദിക്കൊരു വരദാനമെന്നോണം ആടയാഭരണങ്ങളണിഞ്ഞ് അനന്തശയനാകൃതിയിലുള്ള ഭഗവല്‍ പള്ളിയോടങ്ങള്‍ പരമ്പരാഗതമായ വേഷമണിഞ്ഞ തുഴക്കാരുമായി ഭക്തിസാന്ദ്രമായ വഞ്ചിപ്പാട്ട് പാടി തുഴഞ്ഞു കളിക്കുന്ന കണ്‍കുളിര്‍ക്കുന്ന കാഴ്ച ഒരിക്കല്‍ കണ്ടിട്ടുള്ളവര്‍ ഒരിക്കലും മറക്കുകയില്ല. ആറന്മുള ഉത്രട്ടാതി വള്ളംകളിയുടെ കാലപ്പഴക്കം സംബന്ധിച്ച് വ്യക്തമായ അറിവ് ഇല്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. എഴുന്നൂറ് വര്‍ഷത്തെ പഴക്കമുണ്ട് എന്ന് ചിലര്‍ അവകാശപ്പെടുമ്പോള്‍ മറ്റ് ചിലര്‍ 200 വര്‍ഷത്തെ പഴക്കമേയുള്ളൂ എന്ന് പ്രചരിപ്പിക്കുന്നു. ആറന്മുള ഉത്രട്ടാതി ജലമേളയുടെ പാരമ്പര്യം നിലനിര്‍ത്തുന്നതിനും ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വള്ളസദ്യ ചടങ്ങുകള്‍ ഭക്തിസാന്ദ്രവും വര്‍ണാഭവുമാക്കുന്നതിനും താളനിബദ്ധമായ വഞ്ചിപ്പാട്ടാലാപനം അത്യന്താപേക്ഷിതമാണ്. ആറന്മുള വള്ളംകളിയുടെ കാലപ്പഴക്കം എത്രയുമായിക്കൊള്ളട്ടെ, പള്ളിയോടങ്ങളില്‍ പാടി തുഴയുന്നതിന്, മുന്‍തലമുറക്കാര്‍ എഴുതി ചിട്ടപ്പെടുത്തിയ ഒട്ടനവധി വഞ്ചിപ്പാട്ടുകൃതികളുണ്ട്. പ്രാദേശികമായി രചിച്ചിട്ടുള്ള കൃതികളില്‍, ഭീഷ്മപര്‍വം, രാമായണം, സന്താനഗോപാലം, ബാലലീല, ബാണയുദ്ധം, നളചരിതം, ഉത്രട്ടാതി ചരിതം, ഭഗവദ്ദൂത് എന്നീ കൃതികളും, പകാരാദിസ്തുതി(ഓരടി) വച്ചുപാട്ട് എന്നിവയും അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളതായി കാണുന്നു. അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളില്‍ “ഭഗവദ്ദൂത്” എന്ന കൃതിയൊഴികെ മറ്റ് കൃതികള്‍ രചിച്ചവരെക്കുറിച്ച് യാതൊരറിവും ഇന്നത്തെ തലമുറക്കാര്‍ക്കില്ല എന്നതാണ് സത്യാവസ്ഥ. മുന്‍കാലത്ത് 50ല്‍പ്പരം പള്ളിയോടങ്ങള്‍ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നുണ്ടെങ്കിലും കലികാലഗതിയില്‍പ്പെട്ട് അവയുടെ എണ്ണം 20 ആയി ചുരുങ്ങി എന്ന് 1980 കളില്‍ നമുക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ അഞ്ച് വര്‍ഷത്തെ കാലാവധിക്ക് കേന്ദ്രഗവണ്‍മെന്റ് നിയോഗിച്ച ഒരു കമ്മീഷന്റെ നിരീക്ഷണത്തില്‍പ്പെട്ട അഞ്ച് ലക്ഷം ഗ്രാമങ്ങളില്‍നിന്നും 1998 ല്‍ ഇന്ത്യാ മഹാരാജ്യത്തെ “പ്രഥമഗ്രാമം” എന്ന പദവി ആറന്മുളയ്‌ക്ക് നേടിക്കൊടുത്തതില്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിനും ഉത്രട്ടാതി ജലമേളയ്‌ക്കും സുപ്രധാനമായ പങ്കാണുള്ളത്. 2011 ആയപ്പോഴേക്കും പള്ളിയോടങ്ങളുടെ എണ്ണം 46 ആയി വര്‍ധിച്ചിരിക്കുന്നു എന്നുള്ളതും ശ്രദ്ധേയമാണ്.
വഞ്ചിപ്പാട്ടാലാപനത്തിന്റെ ആറന്മുള ശൈലിയും പ്രാദേശിക കൃതികളും മുന്‍തലമുറക്കാരായ വഞ്ചിപ്പാട്ടാചാര്യന്മാരില്‍നിന്നും നമുക്ക് ലഭിച്ച പൈതൃകസ്വത്താണ്. രാമപുരത്ത് വാര്യര്‍ രചിച്ചിട്ടുള്ള “കുചേലവൃത്തം വഞ്ചിപ്പാട്ട്” ആറന്മുള പള്ളിയോടങ്ങളില്‍ പാടുക എന്ന ഉദ്ദേശ്യത്തോടെ രചിച്ചതല്ല എന്ന് കൃതി വായിച്ചാല്‍ ആര്‍ക്കും മനസ്സിലാകുന്നതാണ്. എന്നാല്‍ ആറന്മുള പള്ളിയോടങ്ങളിലും വള്ളസദ്യ ചടങ്ങുകളിലും പാടുന്നതിന് “കുചേലവൃത്തം വഞ്ചിപ്പാട്ട്” പോലെ ഉത്തമമായ മറ്റൊരു കൃതിയും ഇല്ല എന്നുതന്നെ പറയാം. ശ്രദ്ധാപൂര്‍വം പഠിച്ച് അര്‍ത്ഥം മനസ്സിലാക്കി പദം മുറിച്ച് ഉച്ചാരണ ശുദ്ധിയോടെ സന്ദര്‍ഭത്തിനൊത്ത് പാടണം എന്നുമാത്രം. വഞ്ചിപ്പാട്ട്, കാവ്യകൈരളിക്ക് കിട്ടിയ വരദാനമാണെങ്കില്‍ വഞ്ചിപ്പാട്ട് ശാഖയ്‌ക്ക് കിട്ടിയ വരദാനമാണ് “ശ്രീമദ് ഭഗവദ്ഗീത” വഞ്ചിപ്പാട്ട്.
എം.എന്‍.കേശവമേനോനാണ് ശ്രീമദ്ഭഗവദ്ഗീത പരിപൂര്‍ണമായി നതോന്നതവൃത്തത്തില്‍ വഞ്ചിപ്പാട്ട് ഈരടികളായി തര്‍ജ്ജമ ചെയ്തിട്ടുള്ളത്. ഈ കൃതി ആറന്മുള പള്ളിയോടങ്ങളില്‍ പാടി തുഴയുന്നതിനും ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് നല്‍കിയ ഗീതോപദേശത്തിന്റെ സാരാംശം പുതിയ തലമുറയ്‌ക്ക് ലളിതമായ മലയാളഭാഷയില്‍ മനസിലാക്കുവാനും ഏറെ സഹായകമാണ്. ശ്രീമദ് ഭഗവദ്ഗീതയിലെ ഒന്നാമത്തെ അദ്ധ്യായത്തിലെ ഒന്നാമത്തെ ശ്ലോകത്തിന്റേയും പതിനെട്ടാം അദ്ധ്യായത്തിലെ അവസാനത്തെ ശ്ലോകത്തിന്റേയും മലയാളത്തിലുള്ള വഞ്ചിപ്പാട്ട് തര്‍ജ്ജമ യഥാക്രമം ഉദാഹരണമായി ചുവടെ ചേര്‍ക്കുന്നു.
ധര്‍മക്ഷേത്രമായീടുന്ന കുരുക്ഷേത്രം തന്നിലെന്റെ
മക്കളും പാണ്ഡവന്മാരും യുദ്ധം ചെയ്‌വാനായ്
അണിനിരന്നഭിമുഖം നിന്നിട്ടവരെന്തുചെയ്തു?
പറയേണം സഞ്ജയാ നീ കണ്ടതുപോലെ
എവിടാണോ യോഗേശ്വരനായ ശ്രീകൃഷ്ണ ഭഗവാന്‍
എവിടാണോ ധനുര്‍ധരനാകിയ പാര്‍ത്ഥന്‍
അവിടെയാണല്ലോ ശ്രീയും വിജയവുമൈശ്വര്യവും
അക്ഷയനീതിയുമെന്നു കരുതുന്നു ഞാന്‍.
പാട്ടുകാരും തുഴച്ചില്‍ക്കാരുമായ 4000ത്തില്‍പ്പരം കലാകായികതാരങ്ങള്‍ ഒരു ദിവസം ഒരേ സമയം പങ്കെടുക്കുന്ന ഭക്തിനിര്‍ഭരമായ കലാകായിക മഹാമേളയാണ് ആറന്മുള ഉത്രട്ടാതി ജലമേള. ആറന്മുള ഉത്രട്ടാതി ജലമേള കാണാനും, കേള്‍ക്കാനുമുള്ള അത്യപൂര്‍വവും തനിമയുമാര്‍ന്ന ഒരു കലാകായിക പ്രകടനമാണ്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഓരോ വര്‍ഷവും ഉത്രട്ടാതി ജലമേള കാണുന്നതിനുവേണ്ടി കാത്തിരിക്കുന്നു. വള്ളസദ്യ വഴിപാടുകളുടെ എണ്ണം ഓരോ വര്‍ഷം കഴിയുന്തോറും വര്‍ധിച്ചുവരുന്നതായും കാണുന്നു. കിഴക്ക് റാന്നി മുതല്‍ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള കരകളിലെ പള്ളിയോടങ്ങളാണ് ആറന്മുള ഉത്രട്ടാതി വള്ളസദ്യ വഴിപാടുകളിലും പങ്കെടുക്കുന്നത്. തുഴച്ചില്‍ക്കാര്‍ക്കും പാട്ടുകാര്‍ക്കും പള്ളിയോടത്തിലെ പകിട്ടാര്‍ന്ന പ്രകടനത്തില്‍ തുല്യമായ പങ്കാണുള്ളത്. പള്ളിയോടം തുഴയുക, വഞ്ചിപ്പാട്ട് പാടുക എന്നിവയെല്ലാം ശാരീരികമായി നല്ല അധ്വാനം ഉള്ള കാര്യങ്ങള്‍ തന്നെയാണ്. ഒരു പള്ളിയോടം നിര്‍മിക്കുക, ഉത്രട്ടാതി ജലമേളയിലും വള്ളസദ്യ വഴിപാടുകളിലും പങ്കെടുക്കുക എന്നത് മിക്ക കരക്കാര്‍ക്കും ഭക്തിയുടേയും അതിലുപരി അഭിമാനത്തിന്റേയും ഒരു പ്രതീകമായി ഇപ്പോള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. മുന്‍പ് ഒരു പള്ളിയോടം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ഒരു കരയില്‍ രണ്ടും മൂന്നും പള്ളിയോടങ്ങള്‍ ഉള്ളതായി കാണാം. മുപ്പതോ, മുപ്പത്തിയഞ്ചോ ലക്ഷം രൂപ ചെലവഴിച്ച്, ഒരു പള്ളിയോടം നിര്‍മിച്ച് സമയബന്ധിതമായി നീറ്റിലിറക്കി പാട്ടുപാടിത്തുഴഞ്ഞ് ഭക്ത്യാദരപൂര്‍വം ആറന്മുള ഉത്രട്ടാതി ജലമേളയിലും വള്ളസദ്യകളിലും പങ്കെടുക്കുവാന്‍ കഴിയുന്നുണ്ടെങ്കിലും ഉത്രട്ടാതി ജലമേളയിലും വള്ളസദ്യ വഴിപാടുകളിലും പങ്കെടുക്കുന്നതിന് പള്ളിയോടകരക്കാര്‍ക്ക് ഇന്ന് ഒട്ടേറെ പ്രതിസന്ധികള്‍ നേരിടേണ്ടിവരുന്നു എന്ന കാര്യം പറയാതെ വയ്യ. അതില്‍ പ്രധാനപ്പെട്ടവ ഇവയാണ്
1. പരിചയസമ്പന്നരായ തുഴച്ചില്‍ക്കാരുടെ അഭാവം.
2. വഞ്ചിപ്പാട്ട് പരിശീലനത്തിന്റെ അപര്യാപ്തത.
3. നീന്തല്‍ അറിയാത്ത അവസ്ഥ.
മേല്‍പ്പറഞ്ഞ പ്രതിസന്ധികള്‍ പരിഹരിക്കേണ്ടത് ആറന്മുള പള്ളിയോടങ്ങളുടെ കാര്യക്ഷമമായ പ്രകടനങ്ങള്‍ക്കും നിലനില്‍പ്പിനും അത്യന്താപേക്ഷിതമാണ്. നീന്തല്‍ പരിശീലിപ്പിക്കുന്നതിനും വഞ്ചിപ്പാട്ട് പാടി താളത്തിനൊത്ത് തുഴയുന്നതിനും വേണ്ട പരിശീലനം ശ്രദ്ധാപൂര്‍വം സംഘടിപ്പിക്കേണ്ടതുണ്ട്. മുന്‍കാലങ്ങളില്‍ വഞ്ചിപ്പാട്ട് പഠിപ്പിക്കുന്നതിനും തുഴച്ചില്‍ പരിശീലിപ്പിക്കുന്നതിനുമുള്ള സംവിധാനം പല പള്ളിയോടക്കരകളിലും ഉണ്ടായിരുന്നു. പ്രത്യേക പരിശീലനം ഒന്നും നല്‍കാതെ തന്നെ പമ്പാനദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് നദിയിലിറങ്ങി കുളിക്കുന്നതിനും നീന്തല്‍ വശമാക്കുന്നതിനും ഉള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മണല്‍വാരലിന്റെ ഫലമായും സാമൂഹിക ജീവിതത്തിലും ജീവിതസൗകര്യങ്ങളിലുമുള്ള മാറ്റത്തിന്റെ ഫലമായും നദീതീരത്ത് താമസിക്കുന്നവര്‍ക്കുപോലും ഇക്കാലത്ത് ആറ്റിലിറങ്ങി കുളിക്കുവാനോ നീന്തല്‍ പരിശീലിക്കുവാനോ ഭയപ്പെടുകയാണ്. അപകടങ്ങള്‍ പതിയിരിക്കുന്ന അഗാധഗര്‍ത്തങ്ങളായി നദികള്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് നീന്തല്‍ അഭ്യസിപ്പിക്കുന്നതിന് അപകടരഹിതമായ ഒരു സംവിധാനം ഉണ്ടാകേണ്ടത് ആവശ്യമായിത്തീര്‍ന്നിരിക്കുന്നു.
വഞ്ചിപ്പാട്ട് ആലാപനത്തിന്റെ താളക്രമങ്ങളും പാട്ടിന്റെ ശൈലിയും വായ്‌ത്താരികളും പഠിക്കുന്നതിനുള്ള സംവിധാനം എല്ലാ പള്ളിയോടക്കരകളിലും ഉണ്ടാകേണ്ടിയിരിക്കുന്നു. വഞ്ചിപ്പാട്ടിന്റെ താളം വള്ളം തുഴയുന്ന താളം തന്നെയാണ്. പാട്ടുപാടുന്നവര്‍ കൈകൊണ്ട് താളമടിക്കുമ്പോള്‍, തുഴയുന്നവര്‍ പാട്ടിന്റെ താളത്തിനൊത്ത് നയമ്പ് വെള്ളത്തിലിട്ട് തുഴയുന്നു എന്നുള്ള വ്യത്യാസം മാത്രം. ആറന്മുള ശൈലി വഞ്ചിപ്പാട്ടാലാപനത്തിന്റെ രീതി ചുരുക്കമായി വിവരിക്കുകയാണ്. നതോന്നത വൃത്തത്തിലുള്ള വഞ്ചിപ്പാട്ട് ഈരടികളില്‍ ആദ്യത്തെ വരിയില്‍ 16 അക്ഷരവും, രണ്ടാമത്തെ വരിയില്‍ 13 അക്ഷരവുമാണുള്ളത്. ആറന്മുള ശൈലിയിലുള്ള വഞ്ചിപ്പാട്ടാലാപനം ഒരു ഒറ്റയാന്‍ പ്രകടനമല്ല, മറിച്ച് ഒരു സംഘം ആളുകള്‍ ഒന്നിച്ചാലാപനം ചെയ്യുന്ന ഒരു കൂട്ടായ്മയുടെ പ്രതീകമാണ്. ആലാപനത്തില്‍ മുന്‍ പാട്ടുകാരനും പിന്‍പാട്ടുകാര്‍ക്കും പ്രത്യേകം ഉത്തരവാദിത്തം ഉണ്ട്.
വഞ്ചിപ്പാട്ട് കൃതിയിലെ ഈരടികള്‍ പാടുന്നതിന് മുന്‍പായി “ഗോവിന്ദ തിരുനാമസങ്കീര്‍ത്തനം ഗോവിന്ദാ ഹരി ഗോവിന്ദാ” എന്നൊരു ആലാപന സമ്പ്രദായം ആറന്മുള വഞ്ചിപ്പാട്ട് ശൈലിക്കുണ്ട്. അതിനുശേഷം, ഗണപതി-സരസ്വതി സ്തുതികള്‍, ഗുരുവന്ദനം, സ്ഥലദേവതാവന്ദനം ഒക്കെ പാടിയതിന് ശേഷമാണ് ശ്രീകൃഷ്ണ കഥകള്‍ വര്‍ണിക്കുന്ന വഞ്ചിപ്പാട്ട് കൃതികള്‍ പാടിത്തുടങ്ങുന്നത്. 16 അക്ഷരമുള്ള ആദ്യപാദത്തിലെ ആദ്യത്തെ എട്ടക്ഷരം മുറിച്ച് മുന്‍പാട്ടുകാരന്‍ പാടി കൊടുക്കുമ്പോള്‍ കൂടെ പാടുന്നവര്‍ “തെയ്തെയ് തകതെയ്തെയ്തകതോം” എന്ന വായ്‌ത്താരി താളലയഭാവം നഷ്ടപ്പെടാതെ ആലപിക്കുന്നു. തുടര്‍ന്നു മുന്‍പാട്ടുകാരന്‍ മേല്‍പ്പറഞ്ഞ എട്ട് അക്ഷരം ഒരാവര്‍ത്തി കൂടി പാടുകയും കൂടെ പാടുന്നവര്‍ “തിത്തത്താ തിത്തെയ്തെയ്” എന്ന് ഈണത്തില്‍ പാടുകയും അതിനുശേഷം മുന്‍പാട്ടുകാരന്‍ 16 അക്ഷരമുള്ള ഒന്നാമത്തെ വരി മുഴുവനായി പാടിക്കൊടുക്കുമ്പോള്‍ കൂടെ പാടുന്നവര്‍ വരി മുഴുവനായി രണ്ടുപ്രാവശ്യം ഏറ്റുപാടിയതിനുശേഷം “തെയ്ത തകത തികുതകതോ തക തീയ തിത്തോ തിത്തോ തികുതോ” എന്ന വായ്‌ത്താരി കൂട്ടായ്മയോടെ പാടുകയും ചെയ്യുന്നു. രണ്ടാമത്തെ വരിയും മേല്‍പ്പറഞ്ഞ രീതിയില്‍ പാടുന്നു. രണ്ടാമത്തെ വരിയില്‍ 13 അക്ഷരം മാത്രം ഉള്ളതിനാല്‍ മൂന്ന് അക്ഷരകാലത്തിന്റെ കുറവ് നികത്തുന്നതിനായി വരിയുടെ അവസാനം ‘തെയ്’ എന്നുകൂടി ചേര്‍ത്താണ് പാടാറുള്ളത്. താളം തെറ്റാതെയും ഭക്തിഭാവം നഷ്ടപ്പെടാതെ ആരോഹണ, അവരോഹണ ക്രമങ്ങളും ശ്രദ്ധിച്ച് പാടേണ്ടതാണ്. സംഗീതശാസ്ത്രമനുസരിച്ച് “സമ ഇടത്തില്‍” “ചതുരശ്രനട”യിലാണ് വഞ്ചിപ്പാട്ട് ഈരടികള്‍ പാടുന്നത്. എട്ട് അക്ഷരകാലം വേണ്ടിവരും ഒരു പ്രാവശ്യം തുഴയുന്നതിന്. പതിഞ്ഞ താളത്തില്‍ ഒരു വരി വഞ്ചിപ്പാട്ട് മേല്‍പ്പറഞ്ഞ രീതിയില്‍ പാടുവാന്‍ 45 സെക്കന്റ് എങ്കിലും വേണ്ടിവരും. ആറന്മുള പള്ളിയോടങ്ങള്‍ തുഴഞ്ഞ് കളിക്കുന്നതിന് ഉപയോഗിക്കുന്ന മറ്റൊരു തുഴച്ചില്‍ ശൈലി “വെച്ചുപാട്ട്” രീതിയാണ്. പാട്ട് പാടി വള്ളം തുഴയുമ്പോള്‍ അല്‍പ്പസമയം തുഴ നിശ്ചലമായി വയ്‌ക്കുന്ന തുഴച്ചില്‍ രീതി മുന്‍കാലത്ത് ഉണ്ടായിരുന്നതിനാലാണ് “വെച്ചുപാട്ട്” എന്ന പേരു തന്നെ ഉണ്ടായത്. അപ്രകാരമുള്ള തുഴച്ചില്‍ രീതി ഇന്ന് നിലവിലില്ല. ആറന്മുള വള്ളം കളിയുടെ പാരമ്പര്യത്തനിമ നഷ്ടപ്പെടുന്നതിന്റെ ഒരു ഉദാഹരണംകൂടിയാണിത്. വെച്ചുപാട്ടുകളില്‍ പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ളത്.
ശ്രീപത്മനാഭാ മുകുന്ദ മുരാന്തക
നാരായണ നിന്നെ കാണുമാറാകേണം എന്നു തുടങ്ങുന്ന പാട്ടും
അന്നദാനപ്രഭോ ആറന്മുളേശ്വര
ഖിന്നതനിക്കീ നീ ഞങ്ങളെ പാലിക്ക എന്നു തുടങ്ങുന്ന പാട്ടുമാണ്.
വെച്ചുപാട്ടിന് ഒരു വരിയില്‍ 12 അക്ഷരമാണുള്ളത്. വെച്ചുപാട്ട് പാടുന്ന രീതിയ്‌ക്കും വ്യത്യാസം ഉണ്ട്. സമ ഇടത്തില്‍, ‘തിശ്രനട’യിലാണ് വെച്ചുപാട്ടിന്റെ തുഴച്ചില്‍ രീതി. സാധാരണ വഞ്ചിപ്പാട്ട് ഈരടികള്‍ പാടി ഒരു തുഴയെറിയാന്‍ എട്ട് അക്ഷരകാലം സമയം വേണ്ടിവരുമ്പോള്‍, വെച്ചുപാട്ട് രീതിയില്‍ തുഴയെറിയാന്‍ ആറ് അക്ഷരകാലസമയം മതിയാകും. വെച്ചുപാട്ട് രീതിയിലുള്ള വരി പാടുമ്പോള്‍, മുന്‍പാട്ടുകാരന്‍ വരിയിലെ ആറ് അക്ഷരം മുറിച്ച് പാടുകയും തുടര്‍ന്ന് കൂടെ പാടുന്നവര്‍ “തീത്തത്ത തെയ്തെയ്തോ” എന്ന വായ്‌ത്താരി പാടുകയും ചെയ്യുന്നു. അതിനുശേഷം താളം മുറിയാതെ മുന്‍പാട്ടുകാരന്‍ വരി പൂര്‍ണമായി പാടിക്കൊടുക്കുമ്പോള്‍ കൂടെ പാടുന്നവര്‍ വരി പൂര്‍ണമായി രണ്ട് പ്രാവശ്യം ഏറ്റുപാടിയതിനുശേഷം “അയ്യയ്യത്തേത്തേതക തീത്തത്ത തെയ്തെയ്തോ” എന്ന വായ്‌ത്താരി കൂട്ടായ്മയുടെ താളഭംഗം വരാതെ ഊര്‍ജ്ജസ്വലതയോടെ പാടുന്നു. എല്ലാവരികളും ഇപ്രകാരം തന്നെയാണ് പാടുന്നത്.
ഭക്തിഭാവം ആറന്മുള ശൈലി വഞ്ചിപ്പാട്ടുകളുടെ ഒരു പ്രത്യേകത തന്നെയാണ്. ഒരു പള്ളിയോടം തുഴഞ്ഞ് കളിക്കുന്നതിനുള്ള പ്രേരണയും പ്രചോദനവും വഞ്ചിപ്പാട്ടാണ്. എന്നാല്‍ വഞ്ചിപ്പാട്ട് പാടാന്‍ കഴിവുള്ളവരുടെ എണ്ണം മുന്‍തലമുറകളെ അപേക്ഷിച്ച് ഇപ്പോള്‍ വളരെ കുറവാണ്. വഞ്ചിപ്പാട്ട് പഠിക്കുന്നതിനുള്ള താല്‍പ്പര്യം പുതിയ തലമുറയിലുള്ള ചെറുപ്പക്കാരില്‍ പൊതുവേ കുറയുന്നതിന് പല കാരണങ്ങളുമുണ്ട്. കുറെസമയം ചെലവഴിച്ച് ശ്രദ്ധയോടെ വഞ്ചിപ്പാട്ട് ഈരടികളും കഥാഭാഗങ്ങളും മനസിലാക്കി പാടി ശീലിച്ചവര്‍ക്ക് മാത്രമേ ആറന്മുള ശൈലിയില്‍ പള്ളിയോടങ്ങളില്‍ കയറി ഫലപ്രദമായി വഞ്ചിപ്പാട്ട് പാടുവാന്‍ കഴിയുകയുള്ളൂ. വഞ്ചിപ്പാട്ട് കൃതികളിലുള്‍പ്പെട്ടിട്ടുള്ള കഥാഭാഗങ്ങള്‍ മനസിലാക്കി, ഈരടികള്‍ ഹൃദിസ്ഥമാക്കി പാടുന്നതിന് ചിട്ടയോടുള്ള വഞ്ചിപ്പാട്ട് പഠനം അനിവാര്യമാണ്. അതിനുള്ള സംവിധാനം ഇന്ന് മിക്ക പള്ളിയോടക്കരകളിലും ഇല്ല എന്നത് ആറന്മുള വള്ളംകളിയെ സംബന്ധിച്ചിടത്തോളം വലിയ ഒരു പ്രതിസന്ധി തന്നെയാണ്. ഒന്നിലധികം ആളുകള്‍ ഒരേ സമയം ഉണ്ടെങ്കിലെ ആറന്മുള ശൈലിയില്‍ വഞ്ചിപ്പാട്ട് പാടി ശീലിക്കുവാന്‍ കഴിയുകയുള്ളൂ. ഇതിനൊക്കെ ഇന്നത്തെ കമ്പ്യൂട്ടര്‍ യുഗത്തില്‍ ആര്‍ക്കും സമയമില്ല, മെനക്കെടാന്‍ കഴിയില്ല, അതിലുപരി മലയാളഭാഷ തന്നെ ഇപ്പോഴത്തെ കുട്ടികള്‍ക്ക് വശമില്ലാത്ത സ്ഥിതിയാണ്.
ഏതുതരത്തിലുള്ള കലയുടേയും പ്രോത്സാഹനത്തിന് പാരമ്പര്യവും സ്ത്രീകളും ഒരു പങ്കുവഹിക്കുന്നതായി കാണാന്‍ കഴിയും. എന്നാല്‍ സ്ത്രീകള്‍ക്ക് യാതൊരുവിധമായ പങ്കാളിത്തവും ഇല്ലാത്ത ഒരു കലാകായിക പ്രകടനമാണ് ആറന്മുള വള്ളംകളിയും വഞ്ചിപ്പാട്ട് ആലാപനവും. അതുകൊണ്ട് വഞ്ചിപ്പാട്ട് ഈരടികളും ആലാപനശൈലിയും മറ്റ് കലാവിഭാഗങ്ങളെപ്പോലെ അമ്മമാരില്‍നിന്നും മുത്തശ്ശിമാരില്‍നിന്നും പുതിയ തലമുറയിലേക്ക് പകര്‍ന്നുകൊടുക്കാന്‍ കഴിയും എന്ന് വിശ്വസിക്കുക വയ്യ. അതുകൊണ്ട് ഓരോ പള്ളിയോടക്കരയിലും വഞ്ചിപ്പാട്ട് പരിശീലിപ്പിക്കുന്നതിന് വേണ്ട സംവിധാനവും താല്‍പ്പര്യവും ഉണ്ടായെങ്കില്‍ മാത്രമേ വഞ്ചിപ്പാട്ട് പഠനത്തിലെ അപര്യാപ്തതയ്‌ക്ക് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ കഴിയുകയുള്ളൂ.
പള്ളിയോടസേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വഞ്ചിപ്പാട്ട് പഠനക്കളരികളും വഞ്ചിപ്പാട്ട് മത്സരങ്ങളും നടത്തി വഞ്ചിപ്പാട്ട് പഠനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നുള്ളത് ആശ്വാസകരമായ കാര്യമാണ്. ആറന്മുള വഞ്ചിപ്പാട്ട് ഒരു ജനകീയ കലയാണെങ്കിലും പരിശീലിക്കാതെ പാടിയാല്‍ ആസ്വാദ്യത കുറയും. വള്ളസദ്യ സ്വീകരണം, പറ തളിക്കല്‍ മുതലായ ചടങ്ങുകള്‍ക്ക് വഞ്ചിപ്പാട്ടാലാപനം അനിവാര്യമായ ഘടകങ്ങളാണ്. വള്ളസദ്യ വിഭവങ്ങള്‍ വഞ്ചിപ്പാട്ട് പാടിയും ശ്ലോകങ്ങള്‍ ചൊല്ലിയും ആവശ്യപ്പെടുന്നതിന് പാട്ടുകളും ശ്ലോകങ്ങളും പഠിക്കേണ്ടതും അത്യാവശ്യമാണ്.
പ്രൊഫ.വി.ആര്‍.രാധാകൃഷ്ണന്‍ നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക