Categories: Vicharam

സര്‍ക്കാരിന്റെ സ്വാശ്രയ തട്ടിപ്പ്‌

Published by

കേരള പ്രൈവറ്റ്‌ മെഡിക്കല്‍ കോളേജ്‌ മാനേജ്മെന്റ്‌ അസോസിയേഷന്‍ ജൂലൈ 14ന്‌ നടത്തിയ പ്രവേശന പരീക്ഷ കേരള ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്‌ സ്വാശ്രയ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന മാനേജ്മെന്റുകളെ പിന്‍തുണക്കുന്ന സര്‍ക്കാര്‍ നിലപാടിനെ അപലപിച്ചുകൊണ്ടാണ്‌. പ്രവേശന പരീക്ഷാ കമ്മീഷണറുടെ റാങ്ക്‌ ലിസ്റ്റില്‍ നിന്നും മാനേജ്മെന്റ്‌ ക്വാട്ടയിലേക്കുള്ള സീറ്റില്‍ പ്രവേശനം നടത്താനാണ്‌ ഹൈക്കോടതി സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്‌. പ്രവേശന പരീക്ഷയുടെ തുടര്‍ നടപടികളോടും സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടിനോടും കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി പ്രവേശനം സുതാര്യവും മെറിറ്റ്‌ അടിസ്ഥാനത്തിലുമായിരിക്കണം എന്നും പറഞ്ഞിരിക്കുകയാണ്‌. ഇതോടെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം മാത്രമല്ല സര്‍ക്കാരിനെ വെല്ലുവിളിച്ച്‌ സ്വന്തം നിലയില്‍ പ്രവേശനവുമായി മുന്നോട്ട്‌ പോകും എന്ന ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്റെ നിലപാട്‌ മറ്റ്‌ മാനേജ്മെന്റുകളും സ്വീകരിക്കും എന്നും ഉറപ്പാണ്‌. അപ്പോള്‍ ഉയര്‍ന്ന റാങ്ക്നേടിയ കുട്ടികള്‍ക്ക്‌ പോലും മെഡിക്കല്‍ വിദ്യാഭ്യാസം അപ്രാപ്യമാകും.

ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ ഈ ധാര്‍ഷ്ട്യപൂര്‍ണമായ നിലപാട്‌ സ്വീകരിച്ചപ്പോള്‍ സാമുദായിക പ്രീണനം ലക്ഷ്യമിടുന്ന സര്‍ക്കാര്‍ പ്രതികരിച്ചത്‌ ഈ വര്‍ഷം ഇങ്ങനെത്തന്നെ തുടരട്ടെ എന്നായിരുന്നല്ലോ. ഇതോടെ 50:50 എന്ന അനുപാതം മാറ്റി ഏകീകൃകത ഫീസ്‌ ഏര്‍പ്പെടുത്താനാണ്‌ മാനേജ്മെന്റ്‌ നീക്കം. ക്രിസ്ത്യന്‍ സമുദായത്തിന്‌ ഒരു സാമൂഹ്യനീതിയും ഇതര സമുദായങ്ങള്‍ക്ക്‌ മറ്റൊരു സാമൂഹ്യനീതിയും എന്ന തത്വം സ്വാഭാവികമായും സ്വീകാര്യമാകുകയില്ല. കോടതിവിധി എതിരാകുമെന്ന്‌ തിരിച്ചറിഞ്ഞ്‌ യഥാസമയം പ്രവേശനവുമായി മുന്നോട്ട്‌ പോകാതിരുന്ന സര്‍ക്കാര്‍ നിലപാടും രൂക്ഷ വിമര്‍ശനത്തിന്‌ പാത്രമായി. കോടതിവിധി മുന്നില്‍ക്കണ്ട മാനേജ്മെന്റ്‌ 20 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസും ബാക്കി സീറ്റില്‍ 4.5 ലക്ഷം രൂപയും എന്ന രഹസ്യകരാര്‍ ഒപ്പിട്ടത്‌ വാര്‍ത്തയായിരുന്നു. ഇത്‌ നിഷേധിച്ച സര്‍ക്കാര്‍ 20 ശതമാനം സീറ്റിലെ സര്‍ക്കാര്‍ ഫീസിന്റെ സാധ്യതയും ഇല്ലാതാക്കി. കോടതിവിധിക്കെതിരെ മാനേജ്മെന്റ്‌ അപ്പീല്‍ പോയാലും വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങും. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ലിസ്റ്റില്‍ നിന്ന്‌ മുഴുവന്‍ സീറ്റിലും പ്രവേശനം നടത്തിയപ്പോള്‍ 350 മാനേജ്മെന്റ്‌ സീറ്റില്‍ കുട്ടികളെ കിട്ടിയില്ല. ഇതിന്‌ വീണ്ടും പ്രവേശന പരീക്ഷ നടത്തേണ്ടിവന്നു. ഇപ്പോള്‍ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്റെ നാലുകോളേജുകളില്‍ അഡ്മിഷന്‍ പൂര്‍ത്തിയാക്കി ക്ലാസുകള്‍ തുടങ്ങി. സര്‍ക്കാര്‍ കോളേജിലും അലോട്ട്മെന്റ്‌ പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിച്ചു.

സ്വാശ്രയ വിദ്യാഭ്യാസം തനി കച്ചവടമായി മാറി മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ഉദാരനിലപാടുകളാണ്‌ മാറിമാറി വന്ന സര്‍ക്കാരുകള്‍ സ്വീകരിച്ചത്‌. 4000 സീറ്റുണ്ടായിരുന്ന എഞ്ചിനീയറിംഗ്‌ മേഖലയില്‍ 25,000 സീറ്റാണ്‌ ഇപ്പോള്‍. സമാന വര്‍ദ്ധന മെഡിക്കല്‍ രംഗത്തും ഉണ്ട്‌. മൂന്നരലക്ഷം മുതല്‍ അഞ്ച്‌ ലക്ഷം വരെ ഫീസില്ലെങ്കില്‍ അത്‌ ലാഭകരമാകുകയില്ല എന്ന ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ വക്താവ്‌ പറഞ്ഞത്‌ 50:50 അനുപാതം വന്നാല്‍ പോലും സര്‍ക്കാരിന്റെ 50 ശതമാനത്തില്‍ 30 ശതമാനം സീറ്റുകള്‍ ലഭിക്കുന്നത്‌ ബന്ധപ്പെട്ട കമ്മ്യൂണിറ്റിക്കാണ്‌. സ്വാശ്രയ വിദ്യാഭ്യാസം മെറിറ്റുണ്ടെങ്കിലും പാവപ്പെട്ട വിദ്യാര്‍ത്ഥിക്ക്‌ അസാധ്യമാണ്‌. ഫീസ്‌, ക്യാപ്പിറ്റേഷന്‍ ഫീസ്‌, പലിശയില്ലാ നിക്ഷേപം എന്നാണല്ലൊ നിബന്ധനകള്‍. സാമൂഹ്യനീതി ഉറപ്പുവരുത്തണം, അക്കാദമിക്‌ നിലവാരം പുലര്‍ത്തണം, സുതാര്യത നിലനിര്‍ത്തണം എന്നെല്ലാം കോടതിവിധികള്‍ പറയുമ്പോഴും സര്‍ക്കാരിന്റെ ഒത്താശയോടെ ആ നിബന്ധനകള്‍ ലംഘിക്കപ്പെടുന്നു. പരിയാരം കോ-ഓപ്പറേറ്റീവ്‌ മെഡിക്കല്‍ കോളേജ്‌ ക്യാപ്പിറ്റേഷന്‍ ഫീസ്‌ വാങ്ങിയതും ഡിവൈഎഫ്‌ഐ നേതാവിന്റെ മകള്‍ മെഡിക്കല്‍ സീറ്റ്‌ നേടിയതും ജനം മറന്നിട്ടില്ല. മാനേജ്മെന്റുകളുടെ ധാര്‍ഷ്ട്യത്തിന്‌ തടയിടാന്‍ ഈ കോടതിവിധി നടപ്പാക്കുക വഴി സര്‍ക്കാരിന്‌ സാധിക്കും. പക്ഷെ കോടതിവിധിയെപ്പോലും മാനിക്കാത്തവരാണ്‌ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍. ഏകീകൃത ഫീസ്‌ എന്ന തത്വത്തിലേക്കും മാനേജ്മെന്റുകള്‍ എത്തിയാല്‍ 50:50 എന്ന തത്വം റദ്ദാക്കപ്പെടും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by