Categories: Thrissur

യാത്രക്കാരിയുടെ സ്വര്‍ണം കവരാന്‍ ശ്രമിച്ച തമിഴ്‌ സ്ത്രീകള്‍ അറസ്റ്റില്‍

Published by

വാടാനപ്പള്ളി: ബസ്‌ യാത്രക്കാരിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത മൂന്നംഗസംഘം അറസ്റ്റില്‍. തമിഴ്‌നാട്‌ ഉക്കടം അമുതിനഗര്‍ സ്വദേശിനികളായ പാര്‍വ്വതി (30), മകള്‍ ലക്ഷ്മി (23) എന്നിവരാണ്‌ അറസ്റ്റിലായത്‌. ചാവക്കാട്‌ സ്വദേശിനി റീത്തയുടെ 6 പവന്‍ സ്വര്‍ണാഭരണങ്ങളാണ്‌ അപഹരിച്ചത്‌. കഴിഞ്ഞദിവസം ഉച്ചയ്‌ക്ക്‌ 12ഓടെയായിരുന്നു സംഭവം. ഗള്‍ഫില്‍ നിന്നും അവധിക്ക്‌ നാട്ടിലെത്തിയ റീത്ത ചാവക്കാട്ടുനിന്നും വാടാനപ്പള്ളിയിലേക്ക്‌ യാത്രചെയ്യുന്നതിനിടയിലായിരുന്നു സ്വര്‍ണം നഷ്ടപ്പെട്ടത്‌. വാടാനപ്പള്ളിയില്‍ ബസിറങ്ങിയപ്പോഴാണ്‌ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളടങ്ങിയ പേഴ്സ്‌ നഷ്ടപ്പെട്ടതറിയുന്നത്‌. സംഭവമറിഞ്ഞ നാട്ടുകാര്‍ വാടാനപ്പള്ളിയില്‍ ബസിറങ്ങി ഓട്ടോയില്‍ സ്ഥലം വിട്ട മൂന്ന്‌ നാടോടി സ്ത്രീകളെ ലക്ഷ്യമാക്കി മറ്റൊരു വാഹനത്തില്‍ പിന്തുടരുകയായിരുന്നു. തൃത്തല്ലൂരില്‍ വച്ച്‌ നടന്നു പോവുകയായിരുന്ന നാടോടികളെ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന്‌ സ്വര്‍ണം നഷ്ടപ്പെട്ട റീത്തയും സ്ഥലത്തെത്തി. വാടാനപ്പള്ളി പൊലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ റോഡരികിലെ മതിലിന്റെ ഇരുഭാഗങ്ങളില്‍ നിന്നായി പേഴ്സും അതിലുണ്ടായിരുന്ന റോള്‍ഡ്‌ ഗോള്‍ ആഭരണങ്ങളും കണ്ടെടുത്തു. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കാനായില്ല. 3 പവന്‍ വീതമുള്ള രണ്ട്‌ വളകളാണ്‌ നഷ്ടപ്പെട്ടത്‌. സ്വര്‍ണം കവര്‍ച്ച ചെയ്തിട്ടില്ല എന്ന്‌ പ്രതികള്‍ പറഞ്ഞുവെങ്കിലും പൊലീസ്‌ ഇത്‌ വിശ്വാസത്തിലെടുത്തിട്ടില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts