Categories: Business

സ്വര്‍ണ്ണ വില വര്‍ധന: നിര്‍മ്മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാവുന്നു

Published by

മുംബൈ: സ്വര്‍ണ വില കുത്തനെ കുതിച്ചുയര്‍ന്നതിനെത്തുടര്‍ന്ന്‌ സ്വര്‍ണം കൈവശമുള്ളവരും നിക്ഷേപകരും ആനന്ദിക്കുമ്പോള്‍, സ്വര്‍ണാഭരണ നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്‌ നീങ്ങുകയാണ്‌. സ്വര്‍ണ നിര്‍മാണത്തൊഴിലാളികളെയാണ്‌ മഞ്ഞലോഹത്തിന്റെ വിലക്കയറ്റം പ്രതിസന്ധിയിലാക്കിയത്‌.

വരും ദിവസങ്ങളില്‍ ഇവരുടെ ബിസിനസ്സില്‍ 80 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടയില്‍ 3000 ത്തോളം രൂപയുടെ വ്യതിയാനമാണ്‌ സ്വര്‍ണ വിപണിയില്‍ ഉണ്ടായിട്ടുള്ളത്‌. വരുന്ന ദീപാവലിയോടുകൂടി പവന്റെ വില 20,000 കടക്കാനുള്ള സാധ്യതയുണ്ട്‌. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വെള്ളിയുടെ വിലയില്‍ കുതിച്ചു ചാട്ടമുണ്ടായപ്പോള്‍ ജനങ്ങള്‍ ഇമിറ്റേഷന്‍ ആഭരണങ്ങളിലേക്ക്‌ മാറിയ ചരിത്രമുണ്ട്‌. എന്നാല്‍ സ്വര്‍ണത്തിന്‌ ആവശ്യക്കാരേറിയതോടുകൂടി വെള്ളിയുടെ വില കുത്തനെ ഇടിയുകയായിരുന്നു. സ്വര്‍ണ വില ഇനിയും കൂടുന്ന പക്ഷം സാധാരണക്കാര്‍ വെള്ളി ആഭരണങ്ങളിലേക്ക്‌ മടങ്ങാന്‍ സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നു. ഉത്സവ-വിവാഹ സീസണാണെങ്കിലും അഡ്വാന്‍സായി ബുക്ക്‌ ചെയ്ത സ്വര്‍ണ ആഭരണങ്ങള്‍വരെ ക്യാന്‍സല്‍ ചെയ്യുന്നതായും കണ്ടുവരുന്നു. ആഭരണങ്ങളേക്കാള്‍ കൂടുതല്‍ സ്വര്‍ണ നാണയങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ആളുകള്‍ തിരക്കുകൂട്ടുന്ന കാഴ്ചയാണ്‌ വിപണിയില്‍ കണ്ടുവരുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts