Categories: Samskriti

അമ്മ

Published by

കുടുംബത്തിന്റെ വിളക്കും സ്നേഹത്തിന്റെ പ്രതീകവുമാണ്‌ അമ്മ. രാവിലെ എഴുന്നേറ്റുടനെയും രാത്രിയില്‍ കിടക്കുന്നതിന്‌ മുന്‍പും വീടുവിട്ട്‌ പുറത്തുപോകുമ്പോഴും മാതാപിതാക്കളെ നമസ്കരിക്കുന്ന പതിവ്‌ പണ്ട്‌ ഹിന്ദുകുടുംബങ്ങളിലുണ്ടായിരുന്നു. പ്രസിദ്ധമായ അമ്മയെ സ്മരിക്കുന്നതിനുവേണ്ടി ശങ്കരാചാര്യര്‍ രചിച്ച ശ്ലോകം പ്രസിദ്ധമാണ്‌.

മാതൃപദമാണ്‌ ലോകത്തിലേക്ക്‌ അത്യുന്നതമായത്‌. അതെന്തുകൊണ്ടെന്നാല്‍ ഏറ്റവും കൂടിയ നിസ്വാര്‍ത്ഥത അഭ്യസിക്കുവാനും പ്രയോഗിക്കുവാനുമുള്ള ഏകസ്ഥാനം. ഒരമ്മയുടെ പ്രേമത്തെക്കാളും ഉപരിയായിട്ടുള്ളത്‌ ഈശ്വരന്റെ പ്രേമം മാത്രമാണ്‌. എല്ലാ സ്ത്രീകളെയും പരമേശ്വരിയുടെ രൂപമായി കാണാന്‍ കഴിവുള്ള പുരുഷന്‍ ധന്യന്‍. തങ്ങളുടെ മാതാപിതാക്കളില്‍ ഈശ്വരത്വത്തിന്റെ പ്രതിരൂപങ്ങളായി കാണാന്‍ കഴിവുള്ള മക്കള്‍ ധന്യരാണ്‌.

ഹിന്ദുവിന്റെ മനസ്സില്‍ സ്ത്രീ എന്ന പദം മാതൃത്വത്തെ ഓര്‍മ്മിപ്പിക്കുന്നു. ഭാരതസങ്കല്‍പത്തില്‍ സ്ത്രീത്വത്തിന്റെ ശക്തിമുഴുവന്‍ മാതൃത്വത്തിലാണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്‌.

കുടുംബത്തില്‍ ഓരോരുത്തര്‍ക്കും ഓരോ പങ്കുവഹിക്കാനുണ്ട്‌. പ്രസവം സ്ത്രീകള്‍ക്ക്‌ മാത്രമേ കഴിയൂവെന്നതിനാല്‍ അതാണ്‌ അവരുടെ സവിശേഷ ധര്‍മ്മം. അതുവഴി കുട്ടികളെ വളര്‍ത്തുക എന്നതും അവരുടെ ചുമതലയാണ്‌. പുരുഷാര്‍ത്ഥങ്ങളില്‍ ധര്‍മ്മാനുഷ്ഠാനത്തിനോ മോക്ഷപ്രാപ്തിക്കോ സ്ത്രീകള്‍ക്ക്‌ വിലക്കൊന്നുമില്ല. കുടുംബത്തില്‍ ദുഃസ്ഥിതി വരാതിരിക്കാന്‍ പുരുഷന്മാര്‍ സ്ത്രീയെ കാത്തുരക്ഷിക്കണമെന്നാണ്‌ മനു പറയുന്നത്‌.

കൗമാരത്തില്‍ പിതാവും യൗവനത്തില്‍ ഭര്‍ത്താവും വാര്‍ധക്യത്തില്‍ പുത്രന്മാരും സ്ത്രീയെ രക്ഷിക്കണം. സ്ത്രീകള്‍ അനാഥരായിരിക്കാന്‍ പാടില്ല. പാതിവ്രത്യമാണ്‌ സ്ത്രീകളുടെ ഭൂഷണം. മാതൃത്വം, സാഫല്യവും, ഈ ആദര്‍ശത്തിന്റെ ഉത്തമമാതൃകകളാണ്‌ സീതയും സാവിത്രിയും മറ്റനേകം മഹിളകളും. ഇവരുടെ സ്വാധീനമാണ്‌ ഭാരതകുടുംബത്തെ ദൃഢമാക്കി നിര്‍ത്തുന്നത്‌. നിയന്ത്രണമില്ലാത്ത ജീവിതം കൊണ്ട്‌ നിയത ലക്ഷ്യം നേടാന്‍ സാധ്യമല്ല.”

ഗുരുപത്നി, ജ്യേഷ്ഠപത്നി, പത്നിമാതാ, സ്വമാതാ, മാതുല പത്നി എന്നീ അഞ്ചുപേരും അമ്മമാരാണ്‌. അമ്മയുടെ വാത്സല്യമാണ്‌ ഏത്‌ മക്കളും അഗ്രഹിക്കുന്നത്‌. അമ്മ മരിക്കുന്നതിന്‌ മുന്‍പ്‌ മരിക്കുകയാണെങ്കില്‍ അമ്മയുടെ മടിയില്‍ തലവച്ചുകിടക്കാനാണ്‌ മക്കള്‍ ആഗ്രഹിക്കുന്നത്‌. അമ്മയുടെ അന്തസ്‌ ഹിന്ദുഭവനങ്ങളില്‍ എന്നും നിലനില്‍ക്കട്ടെയെന്ന്‌ പ്രത്യാശിക്കാം.

ബാലന്‍ പൂതേരി

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by