Categories: Varadyam

അച്യുതന്‍ ചാടിയാല്‍ എന്തുപറ്റാന്‍

Published by

ആറ്റിലേക്കച്യുതാ ചാടൊല്ലെ, ചാടൊല്ലെ; കാട്ടിലെ പൊയ്കയില്‍ പോയി നീന്താം എന്ന്‌ കവി പറഞ്ഞത്‌ അച്യുതന്റെ കഴിവില്‍ സംശയം തോന്നിയതുകൊണ്ടാവാം. അച്യുതന്‍ ഏത്‌ കാളിന്ദിയിലും കടലിലും ചാടിയാലും ഒരു പ്രശ്നവുമില്ല. സുഖസുന്ദരമായി തിരിച്ചുവരും. കാരണം ചാടുന്നത്‌ അച്യുതനാണ്‌. ച്യുതനല്ലാത്തവന്‌ എന്ത്‌ ച്യുതി ? ഇത്‌ അറിഞ്ഞുകൂടാത്ത വിദ്വാന്‍മാര്‍ നിരന്തരം അച്യുതനെ അപകടകരമായ ഇടങ്ങളിലൊക്കെ തള്ളിയിടുന്നു. ഫലമോ ? കൂടുതല്‍ വീര്യത്തോടെ തന്റെ ലീലാവിലാസങ്ങളുമായി ടിയാന്‍ ഓടക്കുഴലൂതി രസിക്കുന്നു; രസിപ്പിക്കുന്നു.

ഇതേപോലെ തന്നെയാണ്‌ നമ്മുടെ അച്യുതാനന്ദന്റെയും സ്ഥിതി. കേഡര്‍പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ പാലിക്കേണ്ട ആചാരമര്യാദകള്‍ നിലനിര്‍ത്തിയിട്ടുണ്ടോ എന്ന്‌ ചോദിച്ചാല്‍ വരട്ടെ, കാണാം എന്ന മറുപടിയേ കിട്ടൂ. പാര്‍ട്ടിയെ ധിക്കരിച്ച്‌ പെരുമ്പറ കൊട്ടി നടക്കുന്ന ഒരു വിദ്വാനെ കാണാന്‍ പോകരുതെന്ന്‌ ഉത്തരവാദപ്പെട്ട നേതാവ്‌ പറഞ്ഞാല്‍ അതനുസരിക്കുന്നവനാണ്‌ കേഡര്‍. അല്ലാതെ വന്നാല്‍ സ്ഥിതി ഗുരുതരമാണ്‌. ഏത്‌ പാര്‍ട്ടിയെ വിശ്വസിച്ചാലും കേഡര്‍ പാര്‍ട്ടിയെ വിശ്വസിക്കരുതെന്ന്‌ ഈ അച്യുതാനന്ദനോട്‌ പറഞ്ഞു കൊടുക്കാന്‍ ഒരു പക്ഷേ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ (നേരൂഹന്‍ പത്രത്തിലെ ശതമന്യൂ ടിയാനെ ബ.കു.നാ എന്നത്രേ സംബോധന ചെയ്യുന്നത്‌. മലയാളം സര്‍വകലാശാലയ്‌ക്കു വേണ്ടിയുള്ള ബഹളം നടക്കുന്ന കാലത്ത്‌ ഇമ്മാതിരിയൊരു ചുരുക്കപ്പേര്‌ ബഹുവിശേഷമാണേയ്‌) തയാറായേക്കുമെന്ന ഭീതികൊണ്ടാണ്‌ പാര്‍ട്ടി നേതാവ്‌ അവിടെ പോകരുതെന്ന്‌ പറഞ്ഞത്‌. അഥവാ പോയാലും ആഹാരം കഴിക്കരുതെന്ന്‌ നിര്‍ദ്ദേശിച്ചത്‌. പാര്‍ട്ടിയെ അനുസരിക്കുക എന്നു പറഞ്ഞാല്‍ പാര്‍ട്ടി നേതാവു പറയുന്നതിനെ മറികടക്കരുതെന്ന്‌ തന്നെ.

എന്നാല്‍, സ്വയം ച്യുതനാവാത്തതില്‍ ആനന്ദം കണ്ടെത്തുന്ന ടിയാന്‌ ഇതൊന്നും ഒരു പ്രശ്നമല്ല. അല്ലെങ്കിലും എന്നാണ്‌ ഈ കേഡര്‍ ആജ്ഞയുണ്ടായത്‌. ബ.കു.നാമാരുടെ നിസ്തന്ദ്ര പ്രവര്‍ത്തന ഫലമായല്ലേ? എന്നാല്‍ ഈ ചോദ്യം നേരെ ചൊവ്വെ ചോദിക്കാന്‍ പ്രയാസമുള്ളതുകൊണ്ട്‌ ബ.കു.നായുടെ ഉപദേശം സ്വീകരിക്കാനാണ്‌ അദ്യം തീരുമാനിച്ചത്‌. അവിടെ പോയി. ഊണു കാലമായിരുന്നു. മേശപ്പുറത്ത്‌ ഒരു നേതാവിനോടുള്ള ആദരത്തിന്റെ പ്രതിരൂപമായി വിവിധ ആഹാരങ്ങള്‍. ഇടങ്കണ്ണാല്‍ അതൊക്കെ തൊട്ടുഴിഞ്ഞ്‌ പാര്‍ട്ടി നേതാവിന്റെ ആജ്ഞയിലെ അപകടം മനസ്സിലാക്കി പിന്തിരിഞ്ഞു. പക്ഷേ, ഒരു കാര്യം ചെയ്തു. കരിക്കുവെള്ളം കുടിച്ചു. ബ.കു.നായുടെ കുടുംബം വെച്ചുവിളമ്പുന്നതല്ലേ പാര്‍ട്ടിക്ക്‌ അപഥ്യം. മറ്റത്‌ പ്രകൃതി ഒരുക്കുന്ന വിഭവമല്ലോ. ഏതായാലും അച്യുതാനന്ദന്‍ പണ്ടത്തെ ഓര്‍മ്മയുടെ നന്ദി സൂചകവും കൂടിയായാണ്‌ കരിക്കുവെള്ളത്തെ കണ്ടത്‌. ഒളിവില്‍ പാര്‍ത്തതിന്റെ, ഒന്നിച്ച്‌ ആഹരിച്ചതിന്റെ, മുദ്രാവാക്യം വിളിച്ചതിന്റെ അങ്ങനെയങ്ങനെ…. പലതിന്റെയും. കരിക്കുവെള്ളത്തിലാണെങ്കില്‍ പൊട്ടാസ്യം ക്ലോറൈഡുണ്ട്‌. സോഡിയം ക്ലോറൈഡുണ്ട്‌. എണ്ണമറ്റ ധാതുലവണങ്ങളുണ്ട്‌. ഇവയൊക്കെ ശരീരത്തിനും മനസ്സിനും ഉന്മേഷപ്രദം, ഊര്‍ജദായകം. നന്ദിയറിയിക്കാന്‍ ഉപ്പിനോളം പോരുമോ മേറ്റ്ന്തും. അതുകൊണ്ട്‌ തന്നെ ബ.കു.നാ പിന്നീട്‌ പറഞ്ഞില്ലേ. എനിക്ക്‌ വല്ലാത്തൊരു ഊര്‍ജ്ജം കിട്ടിയതുപോലെ തോന്നുന്നുവെന്ന്‌.

കരിക്കുവെള്ളം ശരീരത്തിനും മനസ്സിനും നല്ലതെങ്കിലും നിത്യേന പാനം ചെയ്യുന്നത്‌ ലിവര്‍സീറോസിസിന്‌ വരെ കാരണമാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആഴ്ചയില്‍ മൂന്ന്‌ തവണയേ പാടുള്ളൂ. ഇക്കാര്യം അച്യുതാനന്ദന്‍ ഓര്‍ത്തുവെച്ചാല്‍ മേപ്പടി കേഡര്‍പാര്‍ട്ടിയെ ഇനിയും ഒത്തിരികാലം ഏടാകൂടത്തില്‍ പെടുത്താം. ആറ്റിലേക്ക്‌ അച്യുതന്‍ ചാടിയാല്‍ ഒന്നും സംഭവിക്കില്ലെന്ന ആചാര്യമതത്തിന്‌ ഇനിയും ടിപ്പണിയുടെ ആവശ്യമില്ല.

താരങ്ങള്‍ രാജാക്കന്മാരല്ല, ചക്രവര്‍ത്തിമാര്‍ തന്നെയാണ്‌. അവരെക്കാണുന്നതും തൊടുന്നതും മഹാഭാഗ്യമായി കരുതുന്നവര്‍ അനവധി. അതിന്‌ പണ്ഡിത-പാമര വ്യത്യാസങ്ങളില്ല. അങ്ങനെയെങ്കില്‍ സൂപ്പര്‍താരങ്ങളുടെ സ്ഥിതിയോ? എല്ലും പല്ലും മുറിയെ പണിയെടുത്ത്‌ വിയര്‍പ്പൊഴുക്കി നേടിയ പണം ചുമ്മാ ആദായനികുതിക്കാര്‍ക്കും മറ്റും കൊടുക്കാന്‍ പറ്റുമോ? അതിനല്ലേ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റും? നക്ഷത്രങ്ങള്‍ക്ക്‌ ഭൂമിയിലെ നിയമങ്ങള്‍ ബാധകമല്ല.
അവര്‍ക്ക്‌ ആകാശ നിയമമുണ്ട്‌. അത്‌ നേരെ പറയുന്നില്ലെങ്കിലും സൂപ്പര്‍താരങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന ചില താരങ്ങള്‍ അറിയാതെ പറഞ്ഞുപോവുന്നു. ഇതാ അങ്ങനെയൊരു അനുഭവം: ദോസ്ത്‌ എന്ന സിനിമയുടെ ക്ലൈമാക്സ്‌ ഷൂട്ടിംഗ്‌ നടക്കുന്നു. കാവ്യാമാധവനുമായി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക്‌ കുതിക്കുന്ന ദിലീപുമായുള്ള ഫൈറ്റാണ്‌ രംഗം. ദിലീപ്‌ ആംബുലന്‍സിനകത്ത്‌. ഞാന്‍ മുകളില്‍. വണ്ടിയുടെ ഗ്ലാസ്‌ തകര്‍ത്ത്‌ ഞാനും ദിലീപും തമ്മില്‍ ഇടിക്കണം. വില്ലന്മാര്‍ക്ക്‌ ഡ്യൂപ്പില്ല. അത്‌ ഞാന്‍ തന്നെ അഭിനയിക്കണം. ഇടികൂടുന്നതിനിടെ ഞാന്‍ റോഡിലേക്ക്‌ തെറിച്ചുവീണു. തല നിലത്തിടിക്കുന്നത്‌ തടയാന്‍ ഇരുകൈകളും നിലത്ത്‌ കുത്തി. കൈമുട്ട്‌ മുറിഞ്ഞ്‌ ചോരയൊലിക്കാന്‍ തുടങ്ങി. വേദനകൊണ്ട്‌ പുളയുകയാണ്‌ ഞാന്‍. പക്ഷേ, ഷൂട്ട്‌ ചെയ്യുന്നവര്‍ അതൊന്നും കാര്യമാക്കുന്നേയില്ല. അവര്‍ ജോലിതുടര്‍ന്നുകൊണ്ടിരുന്നു. ഞാന്‍ പരാതിയൊന്നും പറഞ്ഞില്ല. വേദനയിലും എല്ലാത്തിനും ഞാന്‍ പൂര്‍ണമായി സഹകരിച്ചു.
അതുകഴിഞ്ഞ്‌ എന്റെ കാലുകള്‍ക്ക്‌ മുകളിലൂടെ വണ്ടി ഓടിച്ചു കയറ്റുന്നരംഗം ഷൂട്ട്‌ ചെയ്യാന്‍ തുടങ്ങി. ഉടന്‍ കാമറാമാന്‍ സാലുജോര്‍ജ്‌ ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു. ‘ഒരു മനുഷ്യന്‍ വേദനകൊണ്ട്‌ പുളയുമ്പോള്‍, എനിക്കിത്‌ ഷൂട്ട്‌ ചെയ്യാന്‍ മനസ്സുവരുന്നില്ല’ എന്ന്‌. ഞാനപ്പോള്‍ മറ്റൊരു ചിന്തയിലായിരുന്നു. എനിക്ക്‌ പറ്റിയ അപകടം ഒരു സൂപ്പര്‍താരത്തിന്‌ ആയിരുന്നെങ്കില്‍ എത്രവലിയ വാര്‍ത്തയാകുമായിരുന്നു. എത്രദിവസം ഈയൊരൊറ്റ കാരണം കൊണ്ട്‌ ഷൂട്ടിംഗ്‌ മറ്റീവ്ക്കുമായിരുന്നു. താരാരാജാക്കന്മാര്‍, അല്ല ചക്രവര്‍ത്തിമാര്‍ ഒരു സംഭവം തന്നെയല്ലേ? എന്നും അടികൂടാനും ഇടിക്കാനുമുള്ള (കൊള്ളാനും) സ്റ്റണ്ട്‌ നടന്‍ ബാബുരാജാണ്‌ ഗൃഹലക്ഷ്മി (ആഗസ്ത്‌)യില്‍ ഇങ്ങനെ വേദനകള്‍ വായനക്കാരുമായി പങ്കുവെക്കുന്നത്‌. ഈയടുത്ത്‌ പുറത്തിറങ്ങിയ സാള്‍ട്ട്‌ ആന്റ്‌ പെപ്പര്‍ വഴി അംഗീകാരത്തിന്റെയും പ്രശസ്തിയുടെയും ഉത്തുംഗതയിലെത്തിയ ബാബുരാജിന്റെയും നടിയും ഭാര്യയുമായ വാണിവിശ്വനാഥിന്റെയും ഉള്ളറിഞ്ഞുകൊണ്ടുള്ള അഭിമുഖമാണ്‌ മധു.കെ. മേനോന്‍ തയ്യാറാക്കിയ ഇടിക്കാരുടെ വീട്ടില്‍ പൊട്ടിച്ചിരികള്‍. സിനിമയ്‌ക്കുള്ളിലെ സിനിമയില്‍ വീഴുന്ന കണ്ണീരും ചോരയും ആരും അറിയാതെ പോവുന്നതിന്റെ വേദനയും അതില്‍ നിറഞ്ഞു നില്‍ക്കുന്നു.

ഒരു കലാകാരനോ കാരിയോ സംതൃപ്തിയുടെ ചാരുകസേരയില്‍ ഇരുന്നു പോയാല്‍ തീര്‍ന്നു, പിന്നെ ഉയര്‍ച്ചയെ സ്വപ്നം കാണാനേ പറ്റൂ. എന്നും കലയുടെ കാല്‍ചിലങ്കയുടെ ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ നിത്യയൗവനത്തിന്റെ തുടിപ്പ്‌ അനുഭവിക്കാനാവും. നൃത്തത്തിന്റെ ലാസ്യഭാവങ്ങളില്‍ മതിമറന്ന്‌ നില്‍ക്കുകയും അത്‌ ആസ്വാദകരിലേക്ക്‌ സന്നിവേശിപ്പിക്കുകയും ചെയ്യുന്ന ശോഭന അക്കൂട്ടത്തില്‍ പെടുന്നു. അഭിനയ വഴികളും നടനച്ചുവടുകളും തമ്മിലുള്ള നാഭിനാളി ബന്ധത്തെകുറിച്ച്‌ ശോഭനയും മനസ്സുതുറക്കുന്നു ഗൃഹലക്ഷ്മിയില്‍. ഒരു ജന്മം നിറയെ സൗന്ദര്യം എന്ന മധു കെ. മേനോന്‍ നടത്തുന്ന അഭിമുഖം വശ്യമനോഹരമായ സൗന്ദര്യത്തിന്റെ അകംകാഴ്ചകളാണ്‌. അഭിനയ ജീവിതത്തിന്‌ ഒഴിവുകൊടുത്ത്‌ നടന വഴികളിലേക്ക്‌ കൂടുതല്‍ പേരെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ചെന്നൈ ആല്‍വാര്‍പേട്ടില്‍ കലാര്‍പ്പണ തുടങ്ങിയിരിക്കുകയാണ്‌ ശോഭന. ഇപ്പോള്‍ മനസ്സു നിറയെ കലാര്‍പ്പണയാണ്‌. പിന്നെ ദത്തുപുത്രി അനന്തനാരായണിയും

മലയാളം സര്‍വ്വകലാശാലയ്‌ക്കും മലയാളത്തിനും വേണ്ടി കെട്ടുകാഴ്ചകളൊരുക്കുന്ന തമ്പുരാക്കന്മാര്‍ ഇതാ ശോഭനയുടെ ഈ വാക്കുകള്‍ പറ്റുമെങ്കില്‍ കരളില്‍ കുറിച്ചു വെക്കുക. ചെന്നൈയില്‍ താമസിക്കുന്നു. തമിഴും ഇംഗ്ലീഷും കൂടുതലായി സംസാരിക്കുന്നു. എന്നിട്ടും എടുക്കുന്ന സിനിമ മലയാളത്തില്‍? എന്ന മധുവിന്റെ ചോദ്യത്തിനുള്ള മറുപടി: എന്റെ മാതൃഭാഷയാണ്‌ മലയാളം. എനിക്ക്‌ മലയാളത്തേക്കാള്‍ നന്നായി തമിഴ്‌ സംസാരിക്കാനറിയാം. പക്ഷേ, എന്റെ സംസ്കാരം മലയാളിയുടേതാണ്‌. ഐകാന്‍ സ്പീക്‌ ഇംഗ്ലീഷ്‌ ബെറ്റര്‍. ബട്ട്‌ഐ കാണ്ട്‌ തിങ്ക്‌ ഇന്‍ ഇംഗ്ലീഷ്‌. ഞാന്‍ ഹിന്ദി സ്വയം ഡബ്ബ്ചെയ്യുന്നു. പക്ഷേ, ഒരു ഹിന്ദിക്കാരിയാകാന്‍ എനിക്ക്‌ കഴിയില്ല. എനിക്ക്‌ ചിന്തിക്കാന്‍ കഴിയുന്ന ഭാഷ മലയാളമാണ്‌. ഞാന്‍ സ്വപ്നം കാണുന്നതുപോലും മലയാളത്തിലാണ്‌. എന്റെ മോള്‍ സംസാരിക്കുന്നതും മലയാളമാണ്‌. മറ്റൊരു ഭാഷയും അവള്‍ക്കറിയില്ല. മോളെ മലയാളം പഠിപ്പിക്കാന്‍ വേണ്ടിയിട്ട്‌ മനപ്പൂര്‍വം ഞാനൊരു ശ്രമവും നടത്തിയിട്ടില്ല. എന്നിട്ടും അവള്‍ മലയാളം ഇഷ്ടപ്പെടുന്നു. അതാണ്‌ മാതൃഭാഷയുടെ പ്രത്യേകത. ഇതറിയാതെ പോകുന്നത്‌ മലയാളികളും, കഷ്ടം!

തൊട്ടുകൂട്ടാന്‍

അതൊക്കെയോര്‍ത്ത്‌ പേടിച്ചു

നിന്നെ കാത്തുകിടക്കയാം

ഞാനിബ്ഭ്രാന്താലയത്തിന്റെ

ചങ്ങലയ്‌ക്കിട്ട രാത്രിയില്‍

ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

കവിത: പകര്‍ച്ച

മാധ്യമം ആഴ്ചപ്പതിപ്പ്‌(ആഗസ്ത്‌ 8)

കെ. മോഹന്‍ദാസ്‌

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts