Categories: Varadyam

കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ്മതം

Published by

ഭാരതത്തിലും വിദേശത്തും നിരവധി ഉയര്‍ന്ന ഔദ്യോഗിക പദവികള്‍ അലങ്കരിച്ചിട്ടുള്ള കെ.പി.ജോസഫ്‌ ഐക്യരാഷ്‌ട്രസഭയുടെ വിദഗ്‌ദ്ധോപദേശകരിലൊരാളായി പ്രവര്‍ത്തിച്ചുവരുന്നു. സാമൂഹ്യപരിവര്‍ത്തനം പഠനവിധേയമാക്കുന്ന ‘ഇന്‍സിസ്റ്റ്‌’ന്റെ ഡയറക്ടറായ ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. അതില്‍ ശ്രദ്ധേയമായതാണ്‌ ശ്രീനാരായണ ഗുരുദേവന്റെ സാമൂഹ്യനവോത്ഥാനത്തെക്കുറിച്ച്‌ രചിച്ച ‘ഏീ‍്ല‍ഹ ീ‍ള ഏൗ‍ൄ ടൃലല ചമൃമ്യമിമ’. ‘കമ്മ്യൂണിസ’ത്തെക്കുറിച്ച്‌ ആഴത്തില്‍ പഠിച്ചിട്ടുള്ള ഇദ്ദേഹം ഈയിടെ രചിച്ച ‘മാര്‍ക്സിസത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന പുസ്തകം രാഷ്‌ട്രീയ നിരീക്ഷകരുടെ പ്രശംസക്ക്‌ പാത്രമായി. കെ.പി.ജോസഫുമായി നടത്തിയ അഭിമുഖത്തില്‍നിന്ന്‌.

മാര്‍ക്സിസവും കേരളത്തില്‍ അധഃസ്ഥിതരുടെ ശാക്തീകരണവും എന്ന വിഷയം അങ്ങ്‌ വിശദമായി പഠിച്ചിട്ടുണ്ടല്ലോ. ഇത്‌ വിശദീകരിക്കാമോ?

കേരളത്തിലെ അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്‌, കേരളത്തിലെ അധഃസ്ഥിതരുടെ ഉയര്‍ച്ചക്കു നിദാനം, ഹിംസാത്മകമായ കമ്മ്യൂണിസ്റ്റ്‌ തീവ്രവാദപ്രവര്‍ത്തനങ്ങളായിരുന്നില്ല മറിച്ച്‌ വിദ്യാഭ്യാസത്തിലൂന്നിയ സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനങ്ങളായിരുന്നു എന്നതാണ്‌. ഒക്ടോബര്‍ വിപ്ലവം സംഭവിച്ച്‌ ഒരു ദശാബ്ദത്തിനുശേഷം സമാധിപദം പൂകിയ ശ്രീനാരായണ ഗുരുദേവന്‍, അധഃസ്ഥിതരുടെ ഉന്നമനത്തിനായി വിദ്യാഭ്യാസത്തിനാണ്‌ ശ്രദ്ധ നല്‍കിയത്‌, അല്ലാതെ കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിനല്ല. ഗുരുദേവനെപ്പോലെ ചട്ടമ്പിസ്വാമികള്‍, അയ്യന്‍കാളി, ശുഭാനന്ദ ഗുരുദേവന്‍, വക്കം മൗലവി തുടങ്ങിയ സാമൂഹ്യ നവോത്ഥാനനായകരും വിദ്യകൊണ്ട്‌ പ്രബുദ്ധരാകാനാണ്‌ ജനങ്ങളോട്‌ ആഹ്വാനം ചെയ്തത്‌. ഇവരാരുംതന്നെ കമ്മ്യൂണിസത്തില്‍ ആകൃഷ്ടരായിരുന്നേയില്ല. വാസ്തവത്തില്‍ കേരളത്തിലെ സമ്പന്നഫ്യൂഡല്‍ വര്‍ഗം, അടിസ്ഥാനവര്‍ഗങ്ങള്‍ക്ക്‌ ഉട്ടോപ്യന്‍ സ്വപ്നങ്ങള്‍ നല്‍കി തങ്ങളുടെ ചൂഷണം തുടരാനും എന്നെന്നേക്കുമായി അടിമകളാക്കി നിര്‍ത്താനും കണ്ടെത്തിയ ഉപാധിയാണ്‌ കമ്മ്യൂണിസം. മാര്‍ക്സിസ്റ്റ്‌ നേതാക്കളുടെ അടിമകളായി, അധഃസ്ഥിതരായ നിരവധി യുവാക്കള്‍ കല്‍ക്കട്ടാ തീസിസിന്റെ ഇരകളായി പൊലിഞ്ഞുപോയി. 50 വര്‍ഷത്തിനുശേഷം മാത്രമാണ്‌ പിന്നോക്കക്കാരനായ ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ കേരളത്തില്‍ അവര്‍ക്കായത്‌. ബംഗാളില്‍ അങ്ങനെയൊരവസ്ഥ ഇന്നും അവര്‍ക്ക്‌ ചിന്തിക്കാനാവില്ല. വി.എസ്‌.അച്യുതാനന്ദനും ഗൗരിയമ്മയ്‌ക്കും സുശീലാഗോപാലനും എതിരെ പാര്‍ട്ടിയിലെ വരേണ്യവര്‍ഗം നടത്തിയ/നടത്തിക്കൊണ്ടിരിക്കുന്ന കുതന്ത്രങ്ങള്‍ ഏവര്‍ക്കും അറിവുള്ളതാണല്ലോ. കമ്മ്യൂണിസ്റ്റ്‌ രാഷ്‌ട്രീയമില്ലായിരുന്നെങ്കില്‍ കേരളത്തില്‍ ഫ്യൂഡലിസം എന്നേ തകര്‍ന്നു തരിപ്പണമാകുമായിരുന്നു. അതു സംഭവിച്ചിരുന്നെങ്കില്‍ ഫ്യൂഡല്‍ പ്രഭുക്കന്മാര്‍ക്ക്‌ ജീവിക്കാന്‍ കഠിനാദ്ധ്വാനം ആവശ്യമായി വരുമായിരുന്നു. കമ്മ്യൂണിസ്റ്റ്‌ നേതാക്കളായി മാറിയതോടെ അണികളെ ഭരിക്കുക മാത്രമായി അവരുടെ തൊഴില്‍. മാര്‍ക്സിസ്റ്റു നേതാക്കളായ ജ്യോതിബസു, ഇഎംഎസ്‌, എകെജി, പ്രകാശ്‌ കാരാട്ട്‌ ഇവരെല്ലാം ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ തലപ്പത്തുണ്ടായിരുന്നവരാണ്‌. അവരുടെ ചരിത്രം പറയുന്നത്‌ ഇവരൊക്കെ ‘ആദര്‍ശം’ സമര്‍ത്ഥമായി ഉപയോഗിച്ച്‌ അധികാരം നിലനിര്‍ത്തിയവരാണെന്നാണ്‌. സാധാരണ രാഷ്‌ട്രീയക്കാരില്‍നിന്ന്‌ വ്യത്യസ്തരായി കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ ജീവിതകാലം മുഴുവന്‍ അധികാരം നിലനിര്‍ത്തി.

‘മാര്‍ക്സിസത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന പുസ്തകത്തില്‍, കമ്മ്യൂണിസത്തെ താങ്കള്‍ അതിനിശിതമായി വിമര്‍ശിക്കുന്നു. സമത്വം, സാഹോദര്യം, സോഷ്യലിസം എന്നീ മൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ കമ്മ്യൂണിസത്തിനായില്ലേ?

ഈ പറഞ്ഞ മൂല്യങ്ങളൊക്കെ കമ്മ്യൂണിസത്തിന്റെ സംഭാവനയായി കാണുന്നത്‌ തികഞ്ഞ അസംബന്ധമാണ്‌. കേരളത്തെ സംബന്ധിച്ചാണെങ്കില്‍ ഈ മഹത്തായ ആദര്‍ശങ്ങള്‍ ജനമദ്ധ്യത്തിലേക്കെത്തിച്ചത്‌ ശ്രീനാരായണഗുരുവും അയ്യന്‍കാളിയും ചട്ടമ്പിസ്വാമികളും മറ്റു സാമൂഹ്യപരിഷ്കര്‍ത്താക്കളുമാണ്‌. വാസ്തവത്തില്‍ ‘സോഷ്യലിസം’ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്‌ കാറല്‍ മാര്‍ക്സായിരുന്നില്ല. ഇംഗ്ലീഷുകാരായിരുന്ന സെയ്ന്റ്‌ സൈമണ്‍ (1760-1825), റോബര്‍ട്ട്‌ ഓവന്‍ (1771-1858), ഡേവിഡ്‌ റിക്കാര്‍ഡോ (1772-1823), ഗ്രന്ഥകാരനായ ചാള്‍സ്‌ ഫഗറിയര്‍ (1772-1835), ചാള്‍സ്‌ ഹാള്‍ (1740-1825), ലൂയിസ്ലാങ്ക്‌ (1811-1882) ഇവരൊക്കെയാണ്‌ സോഷ്യലിസം എന്ന ആശയം ലോകത്തിന്‌ സമ്മാനിച്ചത്‌.

മാര്‍ക്സ്‌ പ്രചരിപ്പിച്ച സോഷ്യലിസം ഇവരുടേതില്‍നിന്ന്‌ വ്യത്യസ്തമായിരുന്നോ?

തീര്‍ച്ചയായും. മാര്‍ക്സിന്‌ മുമ്പ്‌ ഉണ്ടായിരുന്ന സോഷ്യലിസ്റ്റാശയങ്ങളെ മാര്‍ക്സ്‌ വിശേഷിപ്പിച്ചത്‌ ‘ഉട്ടോപ്യന്‍ സോഷ്യലിസം’ എന്നാണ്‌. അദ്ദേഹത്തിന്റെ സോഷ്യലിസത്തിന്‌ അദ്ദേഹം നല്‍കിയ ബ്രാന്‍ഡ്‌ നെയിം ‘ശാസ്ത്രീയ സോഷ്യലിസം’ എന്നും. അതില്‍ ശാസ്ത്രീയമായി ഒന്നുമില്ല എന്ന്‌ കാലം തെളിയിച്ചു കഴിഞ്ഞു. മനുഷ്യന്റെ സങ്കീര്‍ണമായ സാമൂഹ്യ സാമ്പത്തിക പുരോഗതിയേയും ബന്ധങ്ങളെയും മനുഷ്യപ്രജ്ഞയെ അവഗണിച്ച്‌ വിശദീകരിക്കുകയായിരുന്നു മാര്‍ക്സ്‌. മനുഷ്യന്റെ പ്രജ്ഞയ്‌ക്ക്‌ നിദാനം അവന്റെ ഭൗതികസാഹചര്യങ്ങള്‍ മാത്രമാണെന്നുള്ള കാഴ്ചപ്പാട്‌ ലോകം ഇന്നു തള്ളി. ന്യൂട്ടന്റെ പ്രപഞ്ചവീക്ഷണം മാത്രം അടിസ്ഥാനമാക്കി രൂപംകൊണ്ട മാര്‍ക്സിസത്തെ ഭാരതീയ ദര്‍ശനങ്ങളും ആധുനിക ശാസ്ത്രത്തിന്റെ വീക്ഷണങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ മാര്‍ക്സിയന്‍ ആശയം വെറുമൊരു കുമിളയായിരുന്നു എന്ന്‌ കാണാം. സോഷ്യലിസം എന്ന ആശയം തങ്ങളുടേതാണ്‌ എന്നത്‌ പ്രചാരണ വിദഗ്‌ദ്ധരായ മാര്‍ക്സിസ്റ്റുകാരുടെ നുണപ്രചാരണം മാത്രമാണ്‌.

ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ അവകാശപ്പെടുന്നത്‌ തങ്ങളുടെ പ്രത്യയശാസ്ത്രം മാത്രമാണ്‌ ശാസ്ത്രീയവും പുരോഗമനപരവും എന്നാണ്‌. താങ്കള്‍ക്ക്‌ എന്താണ്‌ പറയാനുള്ളത്‌?

എല്ലാ മൗലികവാദികളും തങ്ങളുടെ മതം മാത്രമാണ്‌ ശരി എന്നവകാശപ്പെടുന്നു. കമ്മ്യൂണിസ്റ്റുകള്‍ അത്തരത്തിലുള്ള മൗലികവാദമതമായ മാര്‍ക്സിസസം-ലെനിനിസത്തില്‍ വിശ്വസിക്കുന്നവരാണ്‌. യാതൊരു ശാസ്ത്രീയതയുമില്ലാത്ത മതമാണ്‌ കമ്മ്യൂണിസം. കമ്മ്യൂണിസം അല്‍പ്പമെങ്കിലും ശാസ്ത്രീയമായിരുന്നെങ്കില്‍, സ്വര്‍ഗം വാഗ്ദാനം ചെയ്ത്‌ അവര്‍ ഭരിച്ച എല്ലായിടത്തും എന്തുകൊണ്ടാണ്‌ നരകങ്ങള്‍ മാത്രം സൃഷ്ടിക്കപ്പെട്ടത്‌? മാര്‍ക്സിസത്തെ കുപ്പത്തൊട്ടിയിലിട്ടതിനുശേഷം മാത്രമാണ്‌ ചൈന നവസാമ്പത്തിക പരീക്ഷണങ്ങള്‍ നടത്തുന്നത്‌. മാര്‍ക്സ്‌ വിഭാവന ചെയ്തതുപോലെയുള്ള തൊഴിലാളിവര്‍ഗ വിപ്ലവം ലോകത്തൊരിടത്തും നടന്നില്ല, നടക്കാനും പോകുന്നില്ല.

റഷ്യയിലെ ഒക്ടോബര്‍ വിപ്ലവം?

അത്‌ മാര്‍ക്സിസ്റ്റ്‌ വിപ്ലവമേ ആയിരുന്നില്ല. മറിച്ച്‌ ലെനിനിസ്റ്റ്‌ വിപ്ലവമായിരുന്നു. വാസ്തവത്തില്‍ ലെനിന്‍ നടത്തിയത്‌ കെരെന്‍സ്കി അധികാരം കയ്യാളാതിരിക്കാന്‍ നടത്തിയ അട്ടിമറി ആയിരുന്നു.

നിരവധി അന്തഃഛിദ്രങ്ങള്‍ക്കുള്ളിലും സിപിഎം ന്‌ കേരളത്തില്‍ നല്ല സ്വാധീനം ഉണ്ട്‌. ഭൂപരിഷ്ക്കരണം തുടങ്ങിയ ജനകീയ പ്രശ്നങ്ങളില്‍ അവര്‍ പോരാടി. കേരളത്തിലെ മാര്‍ക്സിസ്റ്റുകാര്‍ ചെയ്ത നല്ല കാര്യങ്ങളെങ്കിലും സമ്മതിച്ചുകൂടെ?

ഭൂപരിഷ്ക്കരണം മാര്‍ക്സിസ്റ്റുകാരുടെ നയമേ ആയിരുന്നില്ല. ഗാന്ധിജിയുടെ നയം അവര്‍ നടപ്പിലാക്കുകയാണ്‌ ചെയ്തത്‌. സ്വകാര്യ ഭൂസ്വത്ത്‌ മാര്‍ക്സിസ്റ്റു തത്വശാസ്ത്രത്തിനെതിരാണ്‌. കേരളത്തിലും ബംഗാളിലും സഖാക്കള്‍ ഭൂപരിഷ്ക്കരണം നടപ്പിലാക്കിയത്‌ വക്രബുദ്ധിയോടെയാണ്‌. തൊഴിലാളി വര്‍ഗ സര്‍വാധിപത്യം ഭാരതത്തില്‍ നിലവില്‍ വരുമ്പോള്‍ ഭൂമിയുടെ അവകാശം മുഴുവന്‍ പാര്‍ട്ടി നിയന്ത്രിത സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നായിരുന്നു അവര്‍ വ്യാമോഹിച്ചത്‌. ഭൂപരിഷ്ക്കരണം നടപ്പില്‍ വരുന്നതിനുമുമ്പ്‌ തനിക്കും തന്റെ കുടുംബത്തിനും രക്ഷപ്പെടാനായി സഖാവ്‌ ഇഎംഎസ്‌ തനിക്ക്‌ പൈതൃകമായി കിട്ടിയ സ്വത്ത്‌ തനിക്ക്‌ സ്വാധീനമുള്ള ട്രസ്റ്റിലേക്ക്‌ മാറ്റുകയാണ്‌ ചെയ്തത്‌. ബംഗാളിലാകട്ടെ, ഭൂപരിഷ്ക്കരണം വഴി കൈമാറ്റം ചെയ്യപ്പെട്ട ഭൂമിയുടെ രേഖകള്‍ മുഴുവനും പാര്‍ട്ടി ഓഫീസുകളില്‍ സൂക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. പാര്‍ട്ടിക്കെതിരായി നില്‍ക്കുന്നവര്‍ക്ക്‌ സ്വാഭാവികമായും തങ്ങളുടെ ഉടമസ്ഥാവകാശം നഷ്ടമാകുമെന്ന്‌ പറയേണ്ടതില്ലല്ലോ. ഇങ്ങനെയൊക്കെയാണ്‌ ഇടതുപക്ഷത്തിന്‌ തുടര്‍ച്ചയായി 30 വര്‍ഷത്തോളം ബംഗാള്‍ ഭരിക്കാനായത്‌.

കമ്മ്യൂണിസം/മാര്‍ക്സിസമാണ്‌ കേരളത്തിന്റെ വികസന മുരടിപ്പിന്‌ ഉത്തരവാദികള്‍ എന്ന നിരീക്ഷണത്തിന്‌ എന്താണടിസ്ഥാനം?

മനുഷ്യന്റെ മസ്തിഷ്കത്തിന്റെ ഫലമായുണ്ടായ സാങ്കേതിക വിദ്യയേയും യന്ത്രവല്‍ക്കരണത്തേയും അന്ധമായി എതിര്‍ത്തവരാണ്‌ മാര്‍ക്സിസ്റ്റുകള്‍. കയര്‍, കശുവണ്ടി, നെല്ലു ഉല്‍പ്പാദനം തുടങ്ങി എല്ലാ മേഖലകളിലും പാര്‍ട്ടി അനാവശ്യമായി ഇടപെട്ട്‌ യന്ത്രവല്‍ക്കരണത്തെ തടഞ്ഞു. പാര്‍ട്ടിക്ക്‌ നില്‍നില്‍ക്കാന്‍ ദാരിദ്ര്യം അനിവാര്യമാണ്‌. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ന്നാല്‍ അത്‌ പാര്‍ട്ടിയുടെ പിന്തുണയെ പ്രതികൂലമായി ബാധിക്കുമെന്നവര്‍ക്കറിയാം. കമ്പ്യൂട്ടറിനെതിരെ പ്രമേയം പാസ്സാക്കിയവരാണ്‌ ഇന്ത്യയിലെ മാര്‍ക്സിസ്റ്റുകാര്‍ എന്നോര്‍ക്കണം! നൂതന സാങ്കേതിക വിദ്യയാണ്‌ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന്‌ ഉപോദ്ബലകമായ മുഖ്യപ്രേരകശക്തി എന്നത്‌ മനസ്സിലാക്കാന്‍ അവര്‍ക്കായില്ല. 30 ഓളം വര്‍ഷത്തെ മാര്‍ക്സിസ്റ്റ്‌ ദുര്‍ഭരണം ബംഗാളി യുവാക്കളെ തൊഴില്‍തേടി കേരളത്തിലേക്ക്‌ എത്തിച്ച ഗതികെട്ട സാഹചര്യമാണുണ്ടാക്കിയത്‌. നമ്മുടെ സംസ്ഥാനത്തിന്‌ മുതല്‍ക്കൂട്ടാവുമായിരുന്ന സ്മാര്‍ട്ട്സിറ്റി പദ്ധതിയെ ഒരു കാരണവുമില്ലാതെ അഞ്ച്‌ വര്‍ഷം താമസിപ്പിച്ചത്‌ പ്രത്യക്ഷമായി നമുക്കറിവുള്ളതാണല്ലോ. കേരളത്തിലെ സ്കൂളുകളും കോളേജുകളും രാഷ്‌ട്രീയവല്‍ക്കരിച്ച്‌ വിദ്യാഭ്യാസനിലവാരത്തകര്‍ച്ചക്ക്‌ വഴിയൊരുക്കിയതും അവര്‍ തന്നെയല്ലെ. എല്ലാ അര്‍ത്ഥത്തിലും നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിയെ ദശാബ്ദങ്ങള്‍ പിന്നിലാക്കിയതിന്റെ ഉത്തരവാദിത്തം മാര്‍ക്സിസ്റ്റ്‌ സഖാക്കള്‍ക്കുതന്നെ.

ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ സാക്ഷരതയില്‍, ആരോഗ്യരംഗത്തില്‍, ശിശുമരണനിരക്ക്‌ കുറക്കുന്നതില്‍, ജീവിതനിലവാര സൂചിക തുടങ്ങിയവയില്‍ കേരളം മുന്‍പന്തിയിലാണ്‌. കമ്മ്യൂണിസ്റ്റുകാര്‍ അവകാശപ്പെടുന്നത്‌ ഇതൊക്കെ അവരുടെ പ്രത്യയശാസ്ത്രത്തിന്റെ നയപരിപാടികളുടെ ഫലമാണെന്നാണ്‌. താങ്കള്‍ ഇതിനോട്‌ എങ്ങനെ പ്രതികരിക്കുന്നു?

തികഞ്ഞ അസംബന്ധമായ അവകാശവാദം. കേരളം പല രംഗങ്ങളിലും മുന്നാക്കമായത്‌ അവരുടെ നയപരിപാടികളാലാണെങ്കില്‍ എന്തുകൊണ്ടാണ്‌ ബംഗാള്‍ എല്ലാ മേഖലയിലും പിന്നാക്കമായത്‌? വാസ്തവത്തില്‍ സിപിഎമ്മിന്റെ വികലമായ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനമില്ലായിരുന്നെങ്കില്‍ കേരളം എന്നേ രണ്ടക്കമുള്ള വളര്‍ച്ചാനിരക്ക്‌ നേടുമായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന്‌ വിഭിന്നമായി നേരത്തെ പ്രസ്താവിച്ചതുപോലെ, കേരളത്തിലുണ്ടായ സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങളാണ്‌ കേരളത്തെ ചില രംഗങ്ങളില്‍ മുന്നാക്കമാക്കിയത്‌.

കേരളത്തിലെ സിപിഎം ഇന്ന്‌ വിഘടിച്ചുനില്‍ക്കുകയാണ്‌. ഇത്‌ പാര്‍ട്ടിയെ എങ്ങനെ ബാധിക്കും? എവിടേക്ക്‌ നയിക്കും?

മാര്‍ക്സിസം ഒരു മൗലികവാദമതമാണ്‌. അവരുടെ മതം ഭൗതികവാദം അനുയായികളില്‍നിന്നും അന്ധമായ ഭക്തി അതാവശ്യപ്പെടുന്നു. ലക്ഷ്യത്തിലേക്കെത്താന്‍ ഏത്‌ ഹീനായ മാര്‍ഗവും ഉപയോഗിക്കാം എന്നതാണ്‌ അവരുടെ സിദ്ധാന്തം. ജനാധിപത്യ രാജ്യമായ ഭാരതത്തിലെ ഒരു സംസ്ഥാനമായതിനാലാണ്‌ സ്റ്റാലിനും മാവോയും മറ്റും നടത്തിയ ‘നല്ലതാക്കല്‍’ കേരളത്തില്‍ നടപ്പാക്കാനാകാത്തത്‌. പാര്‍ട്ടിയിലെ അന്തഃഛിദ്രം ഒരു ശക്തമായ രാഷ്‌ട്രീയ ശക്തി എന്ന അവരുടെ നിലയില്ലാതാക്കും. സിപിഎമ്മിന്‌ ഒരു രാഷ്‌ട്രീയശക്തിയായി നിലനില്‍ക്കണമെങ്കില്‍ ഫ്രാന്‍സിലേയും ഇറ്റലിയിലേയും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ സംഭവിച്ചതുപോലെ, വരട്ടുതത്വവാദങ്ങള്‍ മാറ്റിവച്ച്‌ ജനാധിപത്യത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്ന പുരോഗമന പ്രസ്ഥാനങ്ങളുമായി കൂട്ടുചേരേണ്ടിവരും. പക്ഷേ, സ്വന്തം വാല്‌ വായിലിട്ട്‌ തിന്നുന്ന പാമ്പിനെപോലെയാണ്‌ ഇപ്പോള്‍ സിപിഎം.

കമ്മ്യൂണിസം/മാര്‍ക്സിസം കാലഹരണപ്പെട്ടു എന്നാണോ?

കാറല്‍ മാര്‍ക്സും ഏംഗല്‍സും പ്രവചിച്ചതുപോലെയുള്ള വിപ്ലവം ലോകത്തൊരിടത്തും നടന്നില്ല. റഷ്യയിലും ചൈനയിലും നടന്നത്‌ ഫ്യൂഡല്‍ സമൂഹങ്ങളിലെ കലാപങ്ങള്‍ മാത്രമായിരുന്നു. ഇത്‌ മാര്‍ക്സിസം ശാസ്ത്രീയമാണെന്ന മിഥ്യയെ തുറന്നുകാട്ടി. കമ്പോഡിയയില്‍ നടന്നത്‌ പോള്‍പോട്ട്‌ എന്ന സ്വേച്ഛാധിപതിയുടെ പ്രാകൃത ഫ്യൂഡല്‍ ഭരണമാണ്‌. ക്യൂബയില്‍ രാജ്യപുരോഗതിക്കായി സ്വകാര്യ മൂലധനം അത്യാവശ്യമാണെന്ന്‌ കണ്ടെത്തി ഭരണഘടനയില്‍നിന്ന്‌ തന്നെ മാര്‍ക്സിസത്തെ എടുത്തു കളഞ്ഞു. വടക്കന്‍ കൊറിയയിലാകട്ടെ ഫ്യൂഡലിസം ഫാസിസവുമായി കൂടിച്ചേര്‍ന്ന വികൃതമായ അടിമത്തമാണ്‌ നടമാടുന്നത്‌.
ഇതില്‍നിന്നൊക്കെ വ്യക്തമല്ലെ കാലഹരണപ്പെട്ട, വികൃതമായ, ഫാസിസ്റ്റു പ്രത്യയശാസ്ത്രമാണ്‌ മാര്‍ക്സിസം എന്നത്‌.

മനുഷ്യാവകാശ ലംഘനങ്ങളില്‍ മുന്‍പന്തിയിലാണെങ്കിലും ചൈന വികസനത്തിന്‌ പുതിയൊരു പാത തുറന്നിരിക്കുകയാണ്‌. ആധുനികവല്‍ക്കരണവും ഉദാരവല്‍ക്കരണവും വ്യാപകമായി നടപ്പാക്കിവരുന്നു. പാര്‍ട്ടിയുടെ സമഗ്രാധിപത്യമായതിനാല്‍ യാതൊരു എതിര്‍പ്പുമില്ലാതെയാണ്‌ പാര്‍ട്ടി ഇതൊക്കെ ചെയ്യുന്നത്‌. തുടര്‍ച്ചയായ ഭരണം പാര്‍ട്ടിയെ ഇതിന്‌ സഹായിക്കുന്നു. ഇതൊക്കെ എങ്ങനെ കാണുന്നു?

ഭാരതത്തിന്‌ ചൈനയെ ഒരിക്കലും അനുകരിക്കാനാവില്ല. നമ്മുടേത്‌ ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമാണ്‌. ഭാരതത്തിലെ 50 ഇന്ത്യന്‍ ബില്യനെയേഴ്സിനെപ്പറ്റി ആശങ്കപ്പെടുന്ന മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍ ചൈനയിലെ 115 ബില്യനെയേഴ്സിനെപ്പറ്റി ഒന്നും പറയുന്നില്ല. മാര്‍ക്സിസം-ലെനിനിസത്തിന്റെ സാമ്പത്തികസിദ്ധാന്തങ്ങള്‍ കുപ്പത്തൊട്ടിയില്‍ എറിഞ്ഞതുകൊണ്ടുമാത്രമാണ്‌ ചൈനക്ക്‌ സാമ്പത്തിക പുരോഗതി നേടാനായത്‌. ചൈനയുടെ നാണംകെട്ട ദല്ലാളന്മാര്‍ ആണ്‌ ഭാരതത്തിലെ മാര്‍ക്സിസ്റ്റുകാര്‍. ഭാരതത്തിനകത്തുനിന്നുകൊണ്ട്‌ ചൈനയുടെ താല്‍പ്പര്യം സംരക്ഷിക്കാനാണവര്‍ക്ക്‌ വെമ്പല്‍. ചൈന മര്‍ദ്ദക ഭരണകൂടം തന്നെയായി തുടരുന്നു.

സെമറ്റിക്‌ മതങ്ങളെപ്പോലെ കമ്മ്യൂണിസ്റ്റുകാര്‍ ഒരു ദൈവം, ഒരു പുസ്തകം, ഒരു പ്രവാചകനില്‍ വിശ്വസിക്കുന്നു. അതേസമയം മതാനുയായികളെ അന്ധവിശ്വാസികള്‍ എന്നു വിളിച്ചാക്ഷേപിക്കുകയും ചെയ്യുന്നു?

വളരെ ശരിയാണ്‌. 19-ാ‍ം നൂറ്റാണ്ടിന്റെ സെമറ്റിക്‌ മൗലികമതമാണ്‌ കമ്മ്യൂണിസം. അവരുടെ ദൈവം പാര്‍ട്ടിയും, പുസ്തകം കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയും പ്രവാചകന്‍ കാറല്‍മാര്‍ക്സുമാണ്‌. തികഞ്ഞ അന്ധവിശ്വാസികളാണ്‌ കമ്മ്യൂണിസ്റ്റുകാര്‍.

കേരളത്തിലെ മാര്‍ക്സിസത്തിന്റെ ഭാവി?

കേരളത്തിന്റെ പുരോഗതിക്ക്‌ എന്നും വിലങ്ങുതടിയായി നിന്നിട്ടുള്ളത്‌ മാര്‍ക്സിസവും അതിന്റെ നേതാക്കളുമാണ്‌. കേരളം ഏതെങ്കിലും രംഗത്ത്‌ പുരോഗതി നേടിയിട്ടുണ്ടെങ്കില്‍ അത്‌ മാര്‍ക്സിസത്തിനതീതമായിട്ടുള്ളതാണ്‌. മുപ്പതോളം വര്‍ഷം സിപിഎം ഭരിച്ച ബംഗാളില്‍ ജനസംഖ്യയിലെ 28% പേര്‍ ദാരിദ്ര്യരേഖക്ക്‌ താഴെയാണ്‌ (2005), അതേസമയം കേരളത്തിലിത്‌ 12% മാത്രവും. മനുഷ്യന്‍ വലിക്കുന്ന റിക്ഷയെ പിന്തുണച്ച്‌ ഓട്ടോറിക്ഷയേയും കയര്‍, കശുവണ്ടി, കാര്‍ഷിക രംഗത്തെ യന്ത്രവല്‍ക്കരണത്തെയും എന്തിനേറെ കമ്പ്യൂട്ടറുകളെവരെ എതിര്‍ത്ത സിപിഎമ്മിന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ്‌. കേരളത്തില്‍ സിപിഎം പ്രവര്‍ത്തനനിരതരായിക്കുന്നതിന്റെ കാരണം അവരുടെ പ്രചാരണതന്ത്രങ്ങള്‍കൊണ്ടു മാത്രമാണ്‌. മാര്‍ക്സിസ്റ്റുകാര്‍ വ്യക്തിശാക്തീകരണം വിദ്യാഭ്യാസത്തിലൂടെ എന്നതിന്‌ എതിരാണ്‌. ദാരിദ്ര്യവും പിന്നാക്കാവസ്ഥയും അവര്‍ക്ക്‌ എത്രത്തോളം പ്രിയപ്പെട്ടതാണോ, അതുപോലെ വിദ്യാഭ്യാസത്തിലും പിന്നാക്കം നിന്നാലേ മാര്‍ക്സിസത്തിന്‌ വേരോടുകയുള്ളൂ എന്നവര്‍ക്കറിയാം. പിന്നാക്കാവസ്ഥയും ദാരിദ്ര്യവും തൊഴിലാളിവര്‍ഗവിപ്ലവം നടക്കാന്‍ പറ്റിയ വളക്കൂറുള്ള മണ്ണായി ഇവര്‍ കരുതുന്നു. കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ താറുമാറാക്കി നിരക്ഷരരും തൊഴില്‍രഹിതരുമായ അണികളെ സൃഷ്ടിക്കേണ്ടത്‌ പാര്‍ട്ടിക്ക്‌ അത്യാവശ്യമാണ്‌. ലോകമെമ്പാടും രാജ്യങ്ങള്‍ സാമ്പത്തികവും സാമൂഹ്യവുമായി അഭിവൃദ്ധിപ്രാപിച്ചപ്പോള്‍, സമൃദ്ധിയിലാണ്ടപ്പോള്‍, അവിടെയൊക്കെ മാര്‍ക്സിസം അപ്രസക്തമായി. സ്വന്തം കുട്ടികളെ സ്വകാര്യസ്കൂളുകളിലോ, വിദേശത്തോ അയച്ചു പഠിപ്പിക്കുമ്പോള്‍, സാധാരണ തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്ന കലാലയങ്ങള്‍ അണികളെ റിക്രൂട്ട്‌ ചെയ്യാനുള്ള സ്ഥലങ്ങളായി മാര്‍ക്സിസ്റ്റു നേതാക്കള്‍ ബോധപൂര്‍വം മാറ്റി.

കമ്മ്യൂണിസത്തിന്‌ ഭാരതത്തില്‍ എന്തുഭാവിയാണുള്ളത്‌? 1950 കളില്‍ പ്രധാനപ്രതിപക്ഷമായിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇന്ന്‌ വെറും മൂന്ന്‌ സംസ്ഥാനങ്ങളില്‍ മാത്രമായി ചുരുങ്ങി. മാര്‍ക്സിസ്റ്റുകാര്‍ക്ക്‌ മറ്റു സംസ്ഥാനങ്ങളില്‍ വേരോട്ടമുണ്ടാക്കാനാകാത്തതിന്‌ എന്തായിരിക്കും കാരണം?

സമഗ്രമായി ഭാരതത്തെ മനസ്സിലാക്കാനവര്‍ക്കായില്ല. ഭാരതത്തിലെ കമ്മ്യൂണിസത്തിന്റെ കാലം കഴിഞ്ഞു. ഇലക്ഷനുകളില്‍ കുറച്ചുസീറ്റുകള്‍ കിട്ടുമെങ്കിലും നാള്‍ ചെല്ലുംതോറും ജനങ്ങളുടെ ഇടയില്‍ അവരുടെ സ്വാധീനം കുറഞ്ഞുകുറഞ്ഞു വരികയാണ്‌. നേരായും അല്ലാതെയുമുള്ള മാര്‍ഗ്ഗങ്ങളില്‍ സ്വരൂപിച്ച ഫണ്ടുകള്‍ക്ക്‌ കുറെയേറെയൊക്കെ അണികളെ ആകര്‍ഷിച്ചു നിര്‍ത്താനാകുമെങ്കിലും അധികകാലം നിലനില്‍ക്കില്ല.

കമ്മ്യൂണിസ്റ്റുകാരുടെ അസഹിഷ്ണുതയും കാലഹരണപ്പെട്ട പ്രത്യശാസ്ത്രമായിട്ടും കേരളത്തില്‍ കുറേയേറെ സാഹിത്യകാരന്മാരും കലാകാരന്മാരും ബുദ്ധിജീവികളും അവരുടെ അനുയായികളാണല്ലോ?

ചെറുപ്പത്തിലേതന്നെ മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ടവര്‍ പാര്‍ട്ടി സ്വാധീനത്തില്‍ ഇന്ന്‌ സാമ്പത്തികമായി സുരക്ഷിതസ്ഥാനങ്ങളിലാണ്‌. പാര്‍ട്ടിയെ അനുകൂലിച്ചില്ലെങ്കില്‍ അവര്‍ക്ക്‌ ഈ സ്ഥാനമാനങ്ങള്‍ ഒന്നുംതന്നെയുണ്ടാവില്ല. എന്നാല്‍ കാലം ഏറെ മാറുന്നു. നിരവധിപേര്‍ പാര്‍ട്ടി പ്രത്യയശാസ്ത്രത്തില്‍നിന്നകലുന്നത്‌ നാം കാണുന്നുണ്ടല്ലൊ.

സിപിഎം വിഡ്ഢിത്തങ്ങള്‍ നിരന്തരം ചെയ്യുന്നവരാണെന്ന്‌ പറഞ്ഞുവല്ലോ?

തീര്‍ച്ചയായും. ഓട്ടോറിക്ഷയെ എതിര്‍ത്ത, കാര്‍ഷികരംഗത്തെ യന്ത്രവല്‍ക്കരണത്തെ എതിര്‍ത്ത, കയര്‍, കശുവണ്ടി, ക്വാറി, കൈത്തറി രംഗങ്ങളെയൊക്കെ തകര്‍ത്തു തരിപ്പണമാക്കിയതിനുത്തരവാദികള്‍ അവരാണ്‌, അവര്‍ മാത്രം. നമ്മുടെ അയല്‍ സംസ്ഥാനങ്ങള്‍ എല്ലാ രംഗങ്ങളിലും ബഹുദൂരം മുന്നോട്ടു പോയപ്പോള്‍ സിപിഎമ്മിന്റെ നയം നമ്മളെ മുരടിപ്പിച്ചു. ആഗോളവല്‍ക്കരണത്തേയും ആധുനികവല്‍ക്കരണത്തേയും യന്ത്രവല്‍ക്കരണത്തേയും ഒക്കെ അവര്‍ എതിര്‍ത്തത്‌ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ എന്നുപറഞ്ഞാണ്‌. എന്നാല്‍ ആഗോളവല്‍ക്കരണത്തിന്റെ ഫലമായി നമ്മുടെ ലക്ഷക്കണക്കിന്‌ യുവാക്കള്‍ക്ക്‌ തൊഴില്‍ തന്നത്‌ അമേരിക്കയല്ലേ. വികലമായ സിദ്ധാന്തങ്ങള്‍ ചുമക്കുന്ന പാര്‍ട്ടിയെക്കുറിച്ച്‌ മേറ്റ്ന്തു പറയാന്‍.

മാര്‍ക്സിസ്റ്റുകാര്‍ പറയുന്നത്‌ ചൈന കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കുന്നതിനാല്‍ അവിടെ നടപ്പാക്കുന്ന ആഗോളവല്‍ക്കരണം വ്യത്യസ്തമായതാണെന്നാണ്‌.

ആഗോളവല്‍ക്കരണം എന്ന യാഥാര്‍ത്ഥ്യത്തില്‍നിന്ന്‌ ഒരു രാജ്യത്തിനും മാറിനില്‍ക്കാനാവില്ല. ആഗോളവല്‍ക്കരണത്തിന്റെ ഫലമായി നമ്മുടെ കളരിയും ആയുര്‍വേദവും യോഗയുമൊക്കെ ഇന്ന്‌ ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും ഏറെ പ്രയോജനപ്പെടുന്നു. ഓരോ രാജ്യത്തിലെയും ആഗോളവല്‍ക്കരണം അതാണ്‌ രാജ്യത്തിനനുസൃതമായിട്ടാവണം. ചൈനയിലെ ആഗോളവല്‍ക്കരണം കമ്മ്യൂണിസ്റ്റുകാര്‍, കമ്മ്യൂണിസ്റ്റു സിദ്ധാന്തങ്ങളെ ചവറ്റുകൊട്ടയിലെറിഞ്ഞശേഷം നടപ്പാക്കിയതാണ്‌. വാസ്തവത്തില്‍ ഇന്ത്യന്‍ മാര്‍ക്സിസ്റ്റുകളുടെ ഗതികേട്‌ ഓര്‍ത്ത്‌ എനിക്ക്‌ പുച്ഛമാണ്‌ തോന്നുന്നത്‌.

പ്രദീപ്‌ കൃഷ്ണന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts