Categories: Kannur

വ്യാജ കോഴ്സുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലയില്‍ വ്യാപകമാകുന്നു

Published by

മട്ടന്നൂറ്‍: ഗവണ്‍മെണ്റ്റ്‌ അംഗീകൃത സ്ഥാപനമാണെന്ന്‌ പരസ്യം ചെയ്ത്‌ വന്‍തുക ഫീസീടാക്കി വിവിധ കോഴ്സുകളിലേക്ക്‌ പരിശീലനം നടത്തി വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്ന വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലയില്‍ വ്യാപകമാകുന്നു. ഇതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതിനാല്‍ നിരവധി പേര്‍ ഇവരുടെ വിലയില്‍ അകപ്പെട്ട്‌ കബളിപ്പിക്കപ്പെടുകയാണ്‌. നഴ്സറി സ്കൂള്‍ ടീച്ചര്‍മാര്‍ക്കുള്ള പരിശീലനം മുതല്‍ മറൈന്‍ ട്രെയിനിങ്ങ്‌, എയര്‍ ട്രാവല്‍ട്രെ.യിനിങ്ങ്‌, എം.ബി.എ, ബി.ടെക്‌, ജേര്‍ണലിസം തുടങ്ങി നിരവധി കോഴ്സുകള്‍ ഇത്തരം സ്ഥാപനങ്ങളില്‍ നടത്തുന്നുണ്ട്‌. പരിശീലനം പാതിവഴിയില്‍ ഉപേക്ഷിച്ച്‌ ക്യാപ്പിറ്റല്‍ ഫീസുമായി മുങ്ങിയവരും ഇത്തരക്കാര്‍ക്കിടയിലുണ്ട്‌. അംഗീകത യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനില്ലാതെ ഗവണ്‍മെണ്റ്റ്‌ അംഗീകൃത സ്ഥാപനമാണെന്ന്‌ പരസ്യം ചെയ്താണ്‌ ഇത്തരം വ്യാജ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തട്ടിപ്പ്‌ നടത്തുന്നത്‌. ഉന്നത വിദ്യാഭ്യാസ രംഗത്തും സാങ്കേതിക വിദ്യാഭ്യാസ രംഗത്തും ടൂറിസം മേഖലയിലും ഭാവിയില്‍ ലഭിക്കാനിരിക്കുന്ന ഉയര്‍ന്ന തൊഴിലിണ്റ്റെ മഹത്വവും ലാഭവും ചൂണ്ടിക്കാട്ടിയാണ്‌ ഇവര്‍ പഠിതാക്കളെ ആകര്‍ഷിക്കുന്നത്‌. മറൈന്‍ ടെക്നോളജി പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും ഒരു ലക്ഷം രൂപക്ക്‌ മുകളിലാണ്‌ ഇത്തരം സ്ഥാപനങ്ങള്‍ ഫീസായി ഈടാക്കുന്നത്‌. ൫൦,൦൦൦ രൂപ പഠിതാവിന്‌ സ്കോളര്‍ഷിപ്പായി നല്‍കാമെന്ന്‌ വ്യാമോഹിപ്പിച്ചാണ്‌ ഇരകളെ കെണിയിലാക്കുന്നത്‌. ക്യാമ്പസ്‌ ഇണ്റ്റര്‍വ്യൂവിലൂടെ ജോലി വാഗ്ദാനം ചെയ്തും വിദ്യാര്‍ത്ഥികളെ ചില സ്ഥാപനങ്ങള്‍ ആകര്‍ഷിക്കുന്നുണ്ട്‌. വിവിധ കോഴ്സുകള്‍ നടത്തുന്ന പരിശീലന കേന്ദ്രമാണെന്ന വ്യാജേന പരസ്യങ്ങള്‍ നല്‍കി ക്യാപ്പിറ്റേഷന്‍ ഫീസ്‌ ഉള്‍പ്പെടെ വന്‍തുകയീടാക്കി സ്ഥാപനം നടത്തുന്നവര്‍ കുറഞ്ഞ വേതനം നല്‍കിയാണ്‌ അധ്യാപകരെ നിയമിക്കുന്നത്‌. മാസങ്ങളായി ശമ്പളം കൊടുക്കാത്തതിനെ തുടര്‍ന്ന്‌ അധ്യാപകരും മാനേജ്മെണ്റ്റും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന്‌ ഉടമ സ്ഥാപനം അടച്ചു പൂട്ടി സ്ഥലം വിട്ട സംഭവങ്ങളും ജില്ലയില്‍ നിരവധിയാണ്‌. ഇത്തരം സ്വകാര്യ പരിശീലന കേന്ദ്രങ്ങള്‍ക്ക്‌ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെയോ അംഗീകൃത യൂണിവേഴ്സിറ്റിയുടെയോ നിയമപരമായ അംഗീകാരമില്ലെന്നതാണ്‌ വസ്തുത. പ്രമുഖ സ്ഥാപനങ്ങളെന്ന്‌ അറിയപ്പെടുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പോലും കേവലം ഒരു ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരില്‍ പ്രവര്‍ത്തിക്കുന്നവയാണ്‌. സംസ്ഥാന ഉന്നത വിദ്യാഭ്യാസ ഡയരക്ടര്‍, പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ എന്നിവര്‍ ജില്ലാതലത്തില്‍ ഡിഡിഇമാര്‍ക്ക്‌ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും വിദ്യാഭ്യാസ വകുപ്പിലെ വിജിലന്‍സ്‌ വിഭാഗത്തെക്കൊണ്ട്‌ അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കുകയും ചെയ്തില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ ചൂഷണം ചെയ്യപ്പെടുന്നത്‌ തുടര്‍ക്കഥയായി മാറും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by