Categories: Vicharam

നാദനിലാവിന്റെ നായകന്‍

Published by

വിനയാന്വിനായ, വാദ്യവല്ലഭനായ കുഴൂര്‍ നാരായണമാരാരെന്ന അതുല്യപ്രതിഭ കലോലോകത്തിന്‌ ഓര്‍മ മാത്രമായി. തിമില നിരയിലെ കാരണവരെ ഇനി അവിടെ കാണാനൊക്കില്ല എന്ന നൊമ്പരമാണ്‌ ആസ്വാദക ലക്ഷത്തിന്‌. എണ്ണംപറഞ്ഞ ചൊല്ലുകള്‍ വായിച്ചുതീര്‍ത്ത്‌ പഞ്ചവാദ്യത്തിന്റെ മനോഹാരിതക്ക്‌ ഇമ്പം പകരുന്ന കുഴൂര്‍ ആശാന്‍ ഏവര്‍ക്കും പൊതുസമ്മതനായ മഹാത്മാവായിരുന്നു. ആര്‍ക്കും അദ്ദേഹത്തേട്‌ ഏത്‌ വിധത്തിലും സംസാരിക്കാം, ഒരിക്കല്‍ കണ്ടവരെ പേരുപോലും ഓര്‍ത്തിരിക്കുമെന്നതാണ്‌ ഏവരില്‍നിന്നും അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്‌.

വശ്യമായ പുഞ്ചിരിയില്‍ പൊതിഞ്ഞ വയോവൃദ്ധനായ കുഴൂര്‍ ആശാന്‌ തിമിലയുമായി അരങ്ങില്‍നില്‍ക്കുമ്പോള്‍ ദേവചൈതന്യം പകര്‍ന്നുനല്‍കുന്ന ബലം കേള്‍വിക്കാരെ ധന്യരാക്കുന്നു. ഏവരേയും തന്റെ വരുതിയില്‍നിര്‍ത്തി ഒരുമയോടെ പഞ്ചവാദ്യം നയിക്കുമ്പോള്‍ ദേവസാന്നിധ്യത്തിന്റെ പരിവേഷം പരക്കുകയാണ്‌. ഋഷിതുല്യനായ ഗുരുവിന്റെ തഴക്കവും കാലദൈര്‍ഘ്യമുള്ള പരിചയവും ആശാനുണ്ട്‌. പരിചയക്കുറവുള്ളവരെ ഒപ്പംനിര്‍ത്തി വലുതാക്കിയെടുക്കാനുള്ള തന്ത്രം ഈ മഹാന്റെ വിരലുകളില്‍നിന്നും പ്രവഹിക്കയാണ്‌. യുഗപ്രഭാവന്മാരായ ആചാര്യന്മാര്‍ കണക്കൊപ്പിച്ചെടുത്ത ദേവവാദ്യമായ പഞ്ചവാദ്യം ഇമ്പമാര്‍ന്ന കലയാണ്‌.
കാലം പിന്നിടുന്തോറും അതിന്‌ മാറ്റങ്ങള്‍ സംഭവിച്ചു. പണ്ട്‌ ഒന്നരമണിക്കൂറിനകം ദൈര്‍ഘ്യമില്ലാത്ത ഈ വാദ്യവിശേഷം ഇന്ന്‌ മൂന്നും മൂന്നരയും മണിക്കൂര്‍ തനിമചോരാതെ കൊട്ടിനിറയ്‌ക്കാന്‍ സാധിക്കും. ഇനിയും പരിണാമത്തിന്റെ ഗോപുരങ്ങള്‍ കടന്ന്‌ മുന്നേറിയേക്കാവുന്ന തരത്തിലാണതിന്റെ സഞ്ചാരഗതി.

രാമമംഗലം, ചെങ്ങമനാട്‌, അന്നമനട, കുഴൂര്‍, ചോറ്റാനിക്കര, പല്ലാവൂര്‍ എന്നീ പ്രദേശങ്ങളിലെ പ്രശസ്തര്‍ക്കൊപ്പം പഞ്ചവാദ്യം വളര്‍ന്ന്‌ വികാസംപ്രാപിക്കുകയായിരുന്നു. ഇവിടെ അര്‍പ്പണബുദ്ധിയോടെ, പക്വതയും ശാന്തവുമായ മനസ്സോടെ വിശ്രമമില്ലാതെ നീങ്ങിയ അമരനായ കഥാപാത്രമാണ്‌ കുഴൂര്‍ നാരായണ മാരാര്‍.

പലര്‍ക്കൊപ്പവും നടന്ന്‌ കടഞ്ഞെടുത്ത മനസ്സും ഉള്‍ക്കനവുമായി ഇന്ന്‌ പഞ്ചവാദ്യത്തിന്റെ നായകനായി നിറഞ്ഞുനിന്നു.

ഏഴുപതിറ്റാണ്ട്‌ തിമിലയില്‍ ഇടതടവില്ലാതെ പ്രയോഗിച്ചിട്ടും കൈകളില്‍ തഴമ്പില്ലെന്നത്‌ ആരേയും അതിശയിപ്പിക്കും. ഒരുപക്ഷേ ഗിന്നസ്‌ ബുക്കില്‍ കുറിക്കേണ്ട ഒന്നാവാം ഇത്‌. ചിറ്റിടാതെ പ്രയോഗിക്കുന്ന മറ്റൊരു തിമിലക്കാരന്‍ നമുക്കിടയില്‍ കാണില്ല.

ഇന്നത്തെ പഞ്ചവാദ്യനായകര്‍ക്ക്‌ കൂടെ കുറച്ച്‌ പ്രശസ്തര്‍ വേണമെന്ന നിബന്ധനയുണ്ട്‌. കുഴൂര്‍ ആശാന്റെ പഞ്ചവാദ്യത്തിന്‌ അടുത്തിടെ അരങ്ങേറ്റം കഴിഞ്ഞവര്‍ കൂടെനിന്നാലും മതി. തെറ്റില്ലാത്തവിധം നല്ല രീതിയില്‍ കലാശിക്കാന്‍ സാധിക്കും എന്നത്‌ ഈശ്വരാനുഗ്രഹം തന്നെയാണ്‌. ഇത്‌ മറ്റാര്‍ക്കും ആലോചിക്കാനാവാത്ത ഒന്നാണ്‌. കുട്ടികള്‍ക്ക്‌ പ്രോത്സാഹനവും ഉത്സാഹവും പകര്‍ന്ന്‌ വരുതിയില്‍ നിര്‍ത്തിയാണ്‌ ആശാന്‍ കൊട്ടിനിറയ്‌ക്കുക. ഒരാളെ പറ്റിയും കുറ്റം പറയാതെയാണ്‌ ഇദ്ദേഹത്തിന്റെ പ്രയാണം.

കുഴൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ ശീവേലി അടിയന്തരം നിത്യം നിര്‍വഹിച്ചുവേണം ഏട്ടന്‍ കുട്ടപ്പനും അനുജന്‍ നാരായണനും സ്കൂളില്‍ പോകാന്‍. സമയമേറെ കഴിഞ്ഞെത്തുന്ന ഇവരെ അധ്യാപകര്‍ നോട്ടപ്പുള്ളികളാക്കി അപമാനിക്കല്‍ തന്നെയാണ്‌ ശിക്ഷ. അതിനാല്‍ ഇവര്‍ പുസ്തകത്തില്‍നിന്നും പാഠം കയ്യിലേക്ക്‌ പകര്‍ന്നാട്ടം നടത്തി. ഏട്ടനും അനുജനും വാശിയോടെ തിമിലയും ചെണ്ടയും പഠിച്ചു. പതിനേഴ്‌ വയസ്സായപ്പോഴേക്കും ഉത്സവപ്പറമ്പുകളിലേക്ക്‌ തിരിഞ്ഞു. വിശ്രമമില്ലാതെ വിരിഞ്ഞുവരുന്ന കൈകളില്‍നിന്നും പുറപ്പെടാത്ത എണ്ണങ്ങളില്ലാതെയായി. രാമമംഗലത്തേയും അന്നമനടയിലേയും ആശാന്മാര്‍ക്ക്‌ പഞ്ചവാദ്യം കൊഴുപ്പിച്ചെടുക്കാന്‍, കൊട്ടിക്കലാശിക്കാന്‍ ചെറുപ്പക്കാരുടെ നിര കൂടെ വേണം. യാതൊരു വിട്ടുവീഴ്ചയും സന്ധിയുമില്ലാതെ അറിഞ്ഞദ്ധ്വാനിക്കുന്ന കുഴൂരിലെ കുട്ടികള്‍ അക്കാലത്തെ പഞ്ചവാദ്യത്തിന്‌ ഒഴിച്ചുകൂടാനാവാത്തതായിരുന്നു.

എണ്‍പത്തിഏഴ്‌ വയസ്‌ പിന്നിട്ട കുഴൂര്‍ നാരായണമാരാര്‍ മാണിക്യമംഗലം കൊച്ചുപ്പിള്ളക്കുറുപ്പിന്റേയും കുഴൂര്‍ മാരാത്തെ കുഞ്ഞുപ്പിള്ളയമ്മയുടേയും മകനാണ്‌. ഏട്ടന്‍ ശങ്കരന്‍ എന്ന കുട്ടപ്പനും നാരായണനും അനുജന്‍ ചന്ദ്രനെന്ന ചന്ദ്രശേഖരനും തിമിലയിലെ പില്‍ക്കാലത്തെ ദിശാസൂചികയായിത്തീര്‍ന്നു. കൊഴക്കരപ്പിള്ളി രാമമാരാരില്‍നിന്ന്‌ കേളിയും എരവിപുരത്ത്‌ അപ്പുമാരാരും പെരുമ്പിള്ളി കേശവമാരാരും തിമിലയും അഭ്യസിപ്പിച്ചു. തായമ്പകയിലെ ഗുരു മാണിക്യമംഗലം നാരായണ മാരാരാണ്‌.

പൂരങ്ങളുടെ പൂരത്തിന്‌ 41 വര്‍ഷം പാറമേക്കാവിന്റെ പഞ്ചവാദ്യത്തില്‍ പങ്കുചേര്‍ന്നു. ഒരറ്റത്ത്നിന്നും കൊട്ടി വളര്‍ന്ന്‌ അവസാന പതിനൊന്ന്‌ വര്‍ഷം നായകനായാണ്‌ വിരമിച്ചത്‌. അപ്പോള്‍ അറുപത്‌ വയസ്‌. അക്കാലത്ത്‌ ഒരു വിഷം തീണ്ടലും നീണ്ട സ്വര്‍ണമാല നഷ്ടപ്പെടലും ഒക്കെയായി നിരാശ ബാധിച്ചുനിന്നെങ്കിലും പിന്നീട്‌ ഒരുഗ്രന്‍ തിരിച്ചുവരവ്‌ നടത്തി.ഇത്‌ ഒരാളും നിരൂപിക്കാത്തതായിരുന്നു. തൊടുന്നതെല്ലാം പൊന്നാക്കിയ വിശ്വരൂപമായിരുന്നു സകലരും ദര്‍ശിച്ചത്‌. കയ്‌ നിറയെ സമ്മാനവും ലഭിക്കാന്‍ തുടങ്ങി. ഒടുവില്‍ രാഷ്‌ട്രം പത്മഭൂഷണ്‍ നല്‍കി ബഹുമാനിച്ചു.

ജ്യേഷ്ഠന്‍ കുട്ടപ്പമാരാരോളം കൈശുദ്ധിയും ഘനവും നാദവും മറ്റൊരാളിലും കണ്ടിട്ടില്ലെന്നാണ്‌ നാരായണമാരാരുടെ പക്ഷം. ഒതുങ്ങിനില്‍ക്കുന്ന രീതിയാണ്‌ നാരായണമാരാര്‍ക്ക്‌. ഏട്ടനും അനുജനും അതുപോലെയല്ല. തിമിലയിലെ തീവ്രവാദികളാണ്‌. ഒരുത്തനെയും വകവെക്കാത്ത ശൈലിയാണ്‌ അവര്‍ക്ക്‌. അവര്‍ നയിക്കുന്ന പഞ്ചവാദ്യത്തിന്‌ തീമഴയുടെ ഗൗരവമാണെങ്കില്‍ കുഴൂരാശാന്റെ വായന നിലാവില്‍ കുതിര്‍ന്നതാണ്‌.

ക്ഷേത്ര സോപാനത്തില്‍നിന്ന്‌ ആരംഭിച്ച ജൈത്രയാത്രക്കിടയില്‍ നിരവധി പുരസ്കാരങ്ങള്‍ സംഗീതംവഴിയുന്ന ഈ കൈകള്‍ എറ്റുവാങ്ങിയിട്ടുണ്ട്‌. ഇന്നും തിമില വായനയില്‍ യൗവ്വനം നിറഞ്ഞുനില്‍ക്കുന്ന കുഴൂരിന്റ തൃപുടവട്ടം മാത്രം മതി ഇദ്ദേഹത്തിന്റെ സ്ഥാനം നിര്‍ണയിക്കാന്‍. ഒരാളോടും ആവശ്യത്തിലധികം സംസാരിക്കാന്‍ ഇഷ്ടം കാണിക്കാത്ത മാരാര്‍ പഞ്ചവാദ്യത്തിന്റെ അലങ്കാരമാണ്‌. ഗുരുതുല്യമായ വാത്സല്യവുമായാണ്‌ പുതുതലമുറയ്‌ക്കൊപ്പം നിരക്കുമ്പോള്‍. പലതും ആശാനില്‍നിന്നും ലഭിക്കാന്‍ കാത്തിരിക്കയാവും ശിഷ്യന്മാര്‍.

നാല്‍പത്തിയൊമ്പാതാമത്തെ വയസില്‍ പാറമേക്കാവില്‍ നായകനാവുമ്പോഴും അഹങ്കാരത്തിന്റെ തരിമ്പുപോലും ആശാനില്‍ കാണാനില്ലായിരുന്നു. എല്ലാ നാട്ടില്‍ ചെന്നാലും ആശാന്‌ പരിചയക്കാര്‍ കാണും. അവരുടെയെല്ലാം പേരും ആശാനറിയാം.

ഒരിക്കല്‍പ്പോലും ഏറ്റെടുത്ത പരിപാടികള്‍ ഡയറിയില്‍ കുറിച്ചുവയ്‌ക്കാറില്ല. നാളും പക്കവും മലയാളം തീയതിയും ഇംഗ്ലീഷ്‌ തീയതിയും നാരായണമാരാരുടെ തലച്ചോറില്‍ മായാതെ കിടക്കും. ഇനി അതെല്ലാം പറഞ്ഞ്‌ ഓര്‍ക്കാന്‍ മാത്രമേ പറ്റൂ. കുഴൂരാശാനെപ്പോലെ വേറെ ആരുമില്ല. ഇനിയൊട്ടു വരാനും ഏറെ കാത്തിരിക്കേണ്ടിവരും.

പാലേലി മോഹന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by