Categories: Vicharam

പെരിയാറിന്റെ മലിനീകരണം

Published by

കൊച്ചിയുടെയും സമീപപ്രദേശങ്ങളുടെയും ഏക കുടിവെള്ള സ്രോതസ്സായ പെരിയാര്‍ ചുമന്ന്‌ മലിനീകൃതമായ ജലോപയോഗത്തില്‍ അപകടസാധ്യത തെളിയുമ്പോഴും ഈ മലിനീകരണത്തിനുത്തരവാദികളായ സ്വകാര്യ കമ്പനികള്‍ക്കെതിരെ നടപടികളുണ്ടാകാത്തത്‌ പരിസ്ഥിതിപ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിരിക്കുകയാണ്‌.
എന്നിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ വാട്ടര്‍ പ്രിവന്‍ഷന്‍ ആന്‍ഡ്‌ എന്‍വയണ്‍മെന്റ്‌ പ്രൊട്ടക്ഷന്‍ ആക്ടിന്റെ പരിധിയില്‍ ഇത്തരം കമ്പനികളെ കൊണ്ടുവരാന്‍ തയ്യാറാകുന്നില്ല. എന്‍വയണ്‍മെന്റ്‌ സര്‍വേലന്‍സ്‌ സെന്റര്‍ ജലം പരിശോധിച്ചശേഷം കമ്പനിയില്‍നിന്നുള്ള മാലിന്യം വെള്ളത്തില്‍ കലരുന്നതായി റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നതാണ്‌. കമ്പനികളുടെ പുറകുവശത്ത്‌ അടിഞ്ഞുകിടക്കുന്ന കമ്പനി മാലിന്യവും മഴയില്‍ ഒഴുകി പെരിയാറില്‍ എത്തുന്നു.

ഏലൂരിലുള്ള ഗ്രീന്‍ ആക്ഷന്‍ ഫോഴ്സ്‌ എന്ന സംഘടനയാണ്‌ ഈ മലിനീകരണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്‌. മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ നടപടിയെടുക്കാന്‍ തയ്യാറായില്ല. ദിവസത്തിലൊരിക്കലും മാസത്തിലൊരിക്കലും പെരിയാറില്‍നിന്ന്‌ ജലസാമ്പിളുകള്‍ ശേഖരിച്ച്‌ തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ്‌ ആന്റ്‌ ടെക്നോളജി (നിരി) പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ഏപ്രില്‍ 12 ന്‌ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും നടപടി ഉണ്ടാവാത്തതിനാല്‍ ഇപ്പോള്‍ സാമ്പിള്‍ പഠനത്തിന്റെ മേല്‍നോട്ടത്തിന്‌ ഹൈക്കോടതി അഭിഭാഷക കമ്മീഷനെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയിരിക്കുകയാണ്‌.

പനച്ചിത്തോട്‌, കുന്നിത്തോട്‌, കുഴിക്കണ്ടംതോട്‌ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ്‌ സാമ്പിള്‍ ശേഖരിക്കേണ്ടത്‌. സാമ്പിള്‍ ശേഖരണ വേളയില്‍ ബോര്‍ഡ്‌ ഉദ്യോഗസ്ഥരും ഹര്‍ജിക്കാരും സന്നിഹിതരായിരിക്കണമെന്ന്‌ നിര്‍ദ്ദേശമുണ്ട്‌.

പെരിയാര്‍ മലിനീകരണം ഒരു സ്ഥിരപ്രതിഭാസമായിട്ടും ഗ്രീന്‍പീസ്‌ സംഘടന ഇത്‌ ഏറ്റവും മലിനീകൃതമായ നദിയാണെന്ന്‌ പ്രഖ്യാപിച്ചിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ നിസ്സംഗത പാലിക്കുന്നത്‌ പെരിയാറിലേക്ക്‌ മാലിന്യം ഒഴുക്കുന്ന പെരിയാര്‍ തീരത്തെ കമ്പനികളും ബോര്‍ഡും തമ്മിലുള്ള അവിഹിതബന്ധം മൂലമാണെന്ന ആരോപണത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by