Categories: Vicharam

കീറാമുട്ടിയാകുന്ന മുല്ലപ്പെരിയാര്‍

Published by

മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്നും അത്യാഹിതങ്ങള്‍ സംഭവിച്ചേക്കാനുള്ള സാധ്യത കണക്കിലെടുത്ത്‌ ദുരന്തനിവാരണ വിഭാഗം ഒരുങ്ങിയിരിക്കണമെന്നും ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ വന്നിരിക്കുകയാണ്‌. ഇടുക്കിയില്‍ ഈയിടെ ഉണ്ടായ ഭൂചലനങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ രണ്ട്‌, പത്ത്‌, പന്ത്രണ്ട്‌ ബ്ലോക്കുകളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌. പഴയ വിള്ളലുകള്‍ വലുതായിട്ടുണ്ടത്രെ. മധ്യഭാഗത്ത്‌ മൂന്നും നാലും പേര്‍ക്ക്‌ കയറി നില്‍ക്കാനാവുന്നത്ര വലിയ വിള്ളലുകള്‍ ഉണ്ടെന്നും ചോര്‍ച്ച വര്‍ധിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്‌. ഈരാറ്റുപേട്ട, തീക്കോയി, കമ്പം എന്നിങ്ങനെ ഭൂചലന പ്രഭവ കേന്ദ്രങ്ങളും മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ റിക്ടര്‍ സ്കെയിലില്‍ രണ്ട്‌ രേഖപ്പെടുന്ന ഭൂചലനംപോലും താങ്ങാന്‍ ശേഷി ഇല്ലെന്നാണ്‌ വിദഗ്ധാഭിപ്രായം. 1895 ല്‍ പണി പൂര്‍ത്തിയാക്കിയ മുല്ലപ്പെരിയാര്‍ ഡാം സാധാരണ കല്ലും ചുണ്ണാമ്പും സുര്‍ക്കിയും ചേര്‍ത്ത്‌ നിര്‍മിച്ച അണക്കെട്ടാണ്‌. ഇന്ന്‌ ലോകത്ത്‌ ഈ രീതിയില്‍ നിര്‍മിച്ച, ഇപ്പോഴും നിലനില്‍ക്കുന്ന ഏക അണക്കെട്ടും ഇതാണ്‌. ഇത്‌ തകര്‍ന്നാല്‍ മധ്യ കേരളം ഇല്ലാതാകും. മോര്‍പി ഡാം തകര്‍ന്നുണ്ടായ ദുരന്തം ആവര്‍ത്തിക്കപ്പെടരുത്‌.

കേരളം പുതിയ ഡാം നിര്‍മിച്ചാലും വെള്ളത്തിന്റെ നിയന്ത്രണം തമിഴ്‌നാടിനായിരിക്കും എന്നുറപ്പു നല്‍കിയിട്ടുപോലും തമിഴ്‌നാട്‌ സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ പുതിയ അണക്കെട്ടിനെ നഖശിഖാന്തം എതിര്‍ക്കുകയാണ്‌. കേരളത്തിലുല്‍ഭവിച്ച നദിയില്‍ കേരളത്തില്‍ നിര്‍മിച്ച അണക്കെട്ടിന്റെ ഉടമസ്ഥാവകാശം ആവശ്യപ്പെടുന്ന തമിഴ്‌നാട്‌ കേരളത്തിലെ ജനങ്ങള്‍ക്ക്‌ സംഭവിക്കാനിടയുള്ള ദുരന്തത്തെ പറ്റി നിസ്സംഗത പാലിക്കുമ്പോള്‍ കേരളത്തിന്റെ അവകാശം സ്ഥാപിക്കാന്‍ സംസ്ഥാനം പരാജയപ്പെടുന്നതിന്റെ തെളിവാണിത്‌. ഡാം സുരക്ഷാ ബില്‍ പാര്‍ലമെന്റില്‍ അവതരിക്കപ്പെട്ടു കഴിഞ്ഞു. അതനുസരിച്ച്‌ ഓരോ സംസ്ഥാനത്തും സ്ഥിതിചെയ്യുന്ന ഡാമുകളുടെ സുരക്ഷ അതത്‌ സംസ്ഥാനത്തിന്റെ കീഴില്‍ വരും. ഈ നിയമത്തിനെതിരെ തമിഴ്‌നാട്‌ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്‌. മുല്ലപ്പെരിയാറിന്‌ പുറമെ പറമ്പിക്കുളം, തുണക്കടവ്‌, പെരുവാരിപ്പള്ളം ഡാമുകളും തമിഴ്‌നാടിന്റെ നിയന്ത്രണത്തിലാണ്‌. ഈ നിയന്ത്രണം കൈവിടാന്‍ തയ്യാറാകാതെ തമിഴ്‌നാട്‌ കേരളം അഭിമുഖീകരിക്കുന്ന ഗുരുതരമായ ഭവിഷ്യത്തിനെ സ്വാര്‍ത്ഥതയുടെ പേരില്‍ അവഗണിക്കുന്നത്‌ അക്ഷന്തവ്യമാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by