Categories: Vicharam

ഒബാമയ്‌ക്കും മാന്ത്രികവടിയില്ല

Published by

മൂന്നുവര്‍ഷം മുമ്പത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും അമേരിക്ക കരകയറി എന്ന ശക്തമായ പ്രചാരണമുണ്ടായിരുന്നു. ഒബാമയുടെ മാന്ത്രികവടിയാണതിന്‌ വഴിവച്ചതെന്നും വാഴ്‌ത്തപ്പെട്ടതാണ്‌. എന്നാല്‍ ഒബാമയ്‌ക്ക്‌ മാന്ത്രികവടിപോയിട്ട്‌ ഈ പ്രശ്നം അവസാനിപ്പിക്കാന്‍ ഒരു മയക്കുവെടിക്കുള്ള മരുന്നുപോലുമില്ലെന്നാണ്‌ ഏറ്റവും ഒടുവിലത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്‌. അമേരിക്കന്‍ വായ്പാക്ഷമത നിരക്ക്‌ കടുത്ത പ്രതിസന്ധിയെ നേരിടുന്നു. പരക്കെ സാമ്പത്തികമാന്ദ്യം തുറിച്ചുനോക്കുകയാണ്‌. ആഗോള സമ്പദ്‌വ്യവസ്ഥയെത്തന്നെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ്‌ നടക്കുന്നതെന്ന്‌ വ്യക്തം. വായ്പാനിരക്ക്‌ വെട്ടിക്കുറച്ചതില്‍ ഇന്ത്യക്ക്‌ ഉത്ക്കണ്ഠയുണ്ടാക്കിയത്‌ അതിന്റെ സൂചനയാണ്‌. അമേരിക്ക സാമ്പത്തിക രംഗത്തെ പ്രമുഖ ക്രെഡിറ്റ്‌ റേറ്റിങ്‌ ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ്‌ ആന്റ്‌ പുവര്‍ (എസ്‌ ആന്റ്‌ പി) അമേരിക്കയുടെ ട്രിപ്പിള്‍ എ (എഎഎ) നിലവാരം എഎ പ്ലസ്‌ ആയി തരം താഴ്‌ത്തിയതാണ്‌ ലോകമാകെ പരിഭ്രാന്തിയുണ്ടാക്കിയിരിക്കുന്നത്‌. ലോകവ്യാപകമായി സാമ്പത്തിക സംവിധാനത്തെ ഇത്‌ തകിടം മറിക്കുമെന്ന സംശയമാണ്‌ പരക്കെ. ഇത്‌ താല്‍ക്കാലിക പ്രതിഭാസമാണെങ്കിലും ആശങ്കാജനകമാണെന്നാണ്‌ കേന്ദ്ര ധനമന്ത്രി പ്രണബ്‌ മുഖര്‍ജി അഭിപ്രായപ്പെട്ടത്‌.

ലോകത്തെ ഏറ്റവും സുരക്ഷിത നിക്ഷേപ സംവിധാനമായി ഇനി യുഎസ്‌ ട്രഷറി ബോണ്ടുകളെ കണക്കാക്കേണ്ടതില്ലെന്നാണ്‌ എസ്‌ ആന്റ്‌ പിയുടെ പ്രഖ്യാപനം. അമേരിക്കയുടെ ബജറ്റ്‌ വിഹിതത്തെക്കാള്‍ ചെലവുകള്‍ മറികടന്ന പശ്ചാത്തലത്തിലാണ്‌ ക്രെഡിറ്റ്‌ നിലവാരം താഴ്‌ത്താന്‍ റേറ്റിങ്‌ ഏജന്‍സി തീരുമാനിച്ചത്‌.
ചില വ്യവസ്ഥകളോടെ പദ്ധതി വിഹിതം കൂട്ടാന്‍ യുഎസ്‌ സെനറ്റും ജനപ്രതിനിധിസഭയും പ്രസിഡന്റ്‌ ബരാക്‌ ഒബാമക്ക്‌ അനുമതി നല്‍കിയിരുന്നു. ട്രിപ്പിള്‍ എ പദവി നഷ്ടപ്പെട്ടതിന്റെ ആഘാതം പ്രവചനാതീതമായിരിക്കുമെന്ന്‌ സാമ്പത്തിക വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെടുകയാണ്‌. സര്‍ക്കാരിന്റെ കടബാധ്യത കുറയ്‌ക്കാന്‍ ചെലവ്‌ ചുരുക്കുകയും നികുതി കൂട്ടുകയും ചെയ്യാനുള്ള നീക്കത്തിനെതിരെ യുഎസ്‌ കോണ്‍ഗ്രസില്‍ കലാപം രൂക്ഷമായിരിക്കുകയാണ്‌

അമേരിക്കയുടെ മൊത്തം കടം 1457000 കോടി ഡോളറാണ്‌(562 ലക്ഷം കോടിരൂപ). ബാങ്കുകള്‍ പെന്‍ഷന്‍ ഫണ്ടുകള്‍, നിക്ഷേപകര്‍ സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകള്‍, വിദേശ നിക്ഷേപകര്‍, വിദേശ രാജ്യങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം അമേരിക്ക വന്‍ കടമെടുപ്പാണ്‌ നടത്തിയിട്ടുള്ളത്‌. വായ്പ എടുക്കാനുള്ള പരിധി 1,41,0000 കോടി ഡോളറായിരുന്നത്‌ ഉയര്‍ത്തണമെന്ന ആവശ്യം സൃഷ്ടിച്ച തര്‍ക്കം മാസങ്ങളോളം നീണ്ടുനിന്നതാണ്‌. ഒബാമ സര്‍ക്കാരും പ്രതിപക്ഷവും ഇക്കാര്യത്തില്‍ കഴിഞ്ഞയാഴ്ചയാണ്‌ ധാരണയിലെത്തിയത്‌. അമേരിക്ക ഏറ്റവും കൂടുതല്‍ വായ്പ എടുത്തിരിക്കുന്നത്‌ ചൈനയില്‍നിന്നാണ്‌. 1.15 ലക്ഷംകോടി ഡോളറാണ്‌ ചൈന നല്‍കിയ വായ്പ. അമേരിക്കന്‍ ട്രഷറിയുടെ ബോണ്ടുകള്‍ ചൈന താല്‍പര്യപൂര്‍വമാണ്‌ വാങ്ങിക്കൊണ്ടിരുന്നത്‌. അമേരിക്കയെ കടക്കെണിയില്‍ വീഴ്‌ത്തുക എന്ന വ്യക്തമായ ലക്ഷ്യം ഇതിനുണ്ടാവാം. അമേരിക്കയുടെക്രഡിറ്റ്‌ റേറ്റിംഗില്‍ ഇടിവുണ്ടായ സാഹചര്യത്തില്‍ പുതിയ ആഗോള കരുതല്‍ കറന്‍സി വേണമെന്ന്‌ ചൈന അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു. നിലവില്‍ കരുതല്‍ കറന്‍സി അമേരിക്കന്‍ ഡോളറാണ്‌. അമേരിക്കന്‍ ഡോളറിന്റെ കാര്യത്തില്‍ അന്താരാഷ്‌ട്രമേല്‍നോട്ടം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും ചൈന മുന്നോട്ടുവച്ചിരിക്കുന്നു. പ്രശ്നം ഇന്ത്യയെ ബാധിക്കാതെ നോക്കാന്‍ കരുതലോടെയുള്ള നീക്കങ്ങള്‍ ആവശ്യമാണ്‌. അതിനുള്ള സാമര്‍ത്ഥ്യവും താല്‍പര്യവും ഇപ്പോഴത്തെ സര്‍ക്കാരിനുണ്ടോ എന്നതാണ്‌ ആരെയും ആശങ്കപ്പെടുത്തുന്നത്‌. ലോകമറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദനെന്ന്‌ ആരോപിക്കപ്പെടുന്ന മന്‍മോഹന്‍സിംഗിനെക്കാള്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ച ചരിത്രം എ.ബി.വാജ്പേയ്‌ ഭരണകാലത്തുണ്ടായിരുന്നു എന്നത്‌ സ്മരണീയമാണ്‌. ഒബാമയ്‌ക്കില്ലാത്ത ജാഗ്രത ഇന്ത്യക്ക്‌ ഉണ്ടാവുകതന്നെ വേണം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by