Categories: Varadyam

പച്ചപ്പകിട്ട്

Published by

മഴ പെയ്ത്‌ തണുത്തുറഞ്ഞ കാലവര്‍ഷക്കാലത്തും മലയാളത്തിന്റെ മഹാനടന്‍ ഗോപിയാശാന്‍ എന്ന്‌ ലോകം അറിയുന്ന കലാമണ്ഡലം ഗോപിക്ക്‌ തിരക്കു തന്നെ. ഈ സമയത്ത്‌ സുഖ ചികിത്സ, ചവുട്ടിത്തിരുമ്മല്‍ തുടങ്ങിയവ നടത്തേണ്ട സമയമാണ്‌ കലാകാരന്മാര്‍ക്ക്‌, വിശിഷ്യാ വേഷക്കാര്‍ക്ക്‌. ജൂലൈ മാസത്തില്‍ നിരവധി അരങ്ങില്‍ എത്തേണ്ടിവന്നു. എറണാകുളത്തും തൃശ്ശൂരും സര്‍വതും മറന്ന്‌ ആസ്വാദകര്‍ക്ക്‌ മുന്നില്‍ നിറഞ്ഞാടി. ബാഹുകനും ബൃഹന്നളയും ആസ്വാദകരെ കോരിത്തരിപ്പിച്ചെന്ന്‌ മാധ്യമങ്ങളും ആസ്വാദകരും. ഗോപിയാശാന്‍ എത്തുന്ന കളിക്ക്‌ നേരത്തെ വന്ന്‌ സ്ഥലംപിടിച്ചില്ലെങ്കില്‍ മുന്‍പില്‍ ഇരിക്കാനാവില്ല. കഥകളി വേഷക്കാരനില്‍നിന്ന്‌ മൂന്ന്‌ മീറ്ററിനിപ്പുറം ഇരുന്ന്‌ കാണണം. ഗോപിയാശാന്റെ പ്രത്യേകിച്ചും കണ്ണിന്റെ ചലനങ്ങള്‍ സൂക്ഷ്മതയോടെ കാണേണ്ടതുണ്ട്‌. ഭംഗിയും സ്വാധീനവുമുള്ള കണ്ണുകള്‍ക്കുടമയാണ്‌ ഗോപിയാശാന്‍.രസങ്ങള്‍ ശരവേഗത്തില്‍ വിരിഞ്ഞെത്തുന്ന മുഖവും വടിവൊത്ത കൈയക്ഷരംപോലുള്ള മുദ്രകളും ആസ്വാദകര്‍ക്കേറെ ഹൃദ്യം.

കഥകളിയുടെ വിലമതിക്കാനാവാത്ത രത്നങ്ങളുടെ കലവറ സൂക്ഷിപ്പുകാരനാണ്‌ ഗോപിയാശാന്‍. വരുംതലമുറക്ക്‌ അതിന്റെ വൈശിഷ്ട്യം പകര്‍ന്നു നല്‍കാന്‍ പ്രാപ്തനായ ഗുരുവായി കേരള കലാമണ്ഡലത്തില്‍ നിരവധി പതിറ്റാണ്ടുകള്‍ നിറഞ്ഞുനിന്നു. അരങ്ങില്‍നിന്ന്‌ അരങ്ങിലേക്ക്‌ പകര്‍ന്നാടിക്കൊണ്ടിരുന്നപ്പോഴും ഗുരുത്വം എന്നത്‌ മറ്റാരേക്കാളും ഗോപിക്ക്‌ സ്വായത്തമായിരുന്നു. പച്ചവേഷത്തിന്റെ നിറവിന്റെ പര്യായം ഇദ്ദേഹം തന്നെ. കഥകളിയിലെ സകലവേഷവും അനായാസം കൈകാര്യം ചെയ്തിരുന്ന കലാമണ്ഡലം കൃഷ്ണന്‍നായര്‍ക്കുശേഷം പൊതുസമ്മതനായ നിലയില്‍ ഗോപി തിളങ്ങി.

കഥകളി നിലവില്‍ അരങ്ങുപിടിച്ച എല്ലായിടത്തും ഗോപിയാശാന്‍ നിര്‍ബന്ധമായിരുന്നു. ഒപ്പം കോട്ടയ്‌ക്കല്‍ ശിവരാമനും. ഈ അപൂര്‍വ ജോഡി കഥകളിക്ക്‌ ധന്യമുഹൂര്‍ത്തമായിരുന്നു. ഇത്തരം ജോഡികള്‍ കഥകളിക്ക്‌ ഒട്ടേറെയുണ്ടായിരുന്നു. പാട്ടിലും കൊട്ടിലും ഇത്തരം പൊരുത്തം നിറഞ്ഞുനിന്നിരുന്നു. അരങ്ങറിഞ്ഞ്‌ ആടുന്ന കലാകാരന്മാരായിരിക്കും ആസ്വാദകരുടെ മനസ്സിനെ തൃപ്തിപ്പെടുത്തുക. ഇതിന്റെ വഴികള്‍ ഗോപി എന്ന മഹാനടനില്‍ നൂറ്‌ ശതമാനവും വളര്‍ന്നിരുന്നു. ആസ്വാദകരും ഗുരുക്കന്മാരും നടത്തുന്ന ഉപദേശത്തെ അതേ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടിരുന്നതിന്റെ വിജയംകൂടിയാണ്‌ സവ്യസാചിയായി തീര്‍ന്നതിന്റെ പിന്നില്‍.

കൂടല്ലൂര്‍ കളരിയില്‍ തുടങ്ങി കലാമണ്ഡലം കളരിയില്‍ പൂര്‍ത്തീകരിച്ച്‌ നാലാളറിയാന്‍ വഴി തുറന്നത്‌ കലാമണ്ഡലം പത്മനാഭന്‍ നായര്‍ എന്ന മഹാഗുരു തന്നെയാണ്‌. അന്ന്‌ കലാമണ്ഡലത്തില്‍ ഗോപിക്കൊപ്പം പഠനം കഴിഞ്ഞെത്തിയ മിടുക്കന്മാരെ ആത്മബലം പകര്‍ന്ന്‌ അരങ്ങിന്റെ ചെങ്കോല്‍ നല്‍കിയത്‌ ആ ആശാന്റെ ഉള്‍ക്കാഴ്ച തന്നെ. പാട്ടിനും കൊട്ടിനും വേഷത്തിനും ഒന്നാമന്മാരായവരെ അണിനിരത്തി മൈനര്‍ ട്രൂപ്പ്‌ വിഭാവനം ചെയ്തു. കുട്ടിത്തം വിടാത്ത ഇവരെ തെളിഞ്ഞതാരങ്ങളാക്കാന്‍ ഒരവസരമായിരുന്നു. പട്ടിക്കാംതൊടി രാവുണ്ണിമേനോനാശാന്റെ പുത്രനായ പത്മനാഭന്‍നായരാശാന്‍ അതില്‍ പരിപൂര്‍ണ വിജയിയായി.

പേരും പെരുമയുമുള്ള തലമുതിര്‍ന്ന ആശാന്മാര്‍ ചെയ്തുവന്ന ആട്ട പ്രസിദ്ധവും അഭിനയ പരതയും നിറഞ്ഞ കഥകള്‍ യുവാക്കള്‍ നിര്‍വഹിക്കാന്‍ തുടങ്ങിയത്‌ ഒരു മാറ്റം തന്നെയായിരുന്നു. ആസ്വാദകര്‍ ഇവരുടെ ചലനങ്ങള്‍ വിലയിരുത്താന്‍ ശ്രദ്ധ വച്ചു. മൈനര്‍ ട്രൂപ്പിന്‌ വന്‍ വരവേല്‍പ്പായിരുന്നു ഇതുമൂലമുണ്ടായത്‌. കലാമണ്ഡലം കേശവനും ഗംഗാധരനും നമ്പീശന്‍ കുട്ടിയും തുടങ്ങി പലരും തെളിഞ്ഞുവന്നത്‌ ഈ വഴിയിലായിരുന്നു. സിദ്ധിയും സ്വാധീനവും സ്വായത്തമായത്‌ വേണ്ട സമയത്തുതന്നെയായിരുന്നു. കലാമണ്ഡലത്തിന്റെ കഥകളിയില്‍ പച്ചവേഷത്തിന്‌ ഗോപിയുടെ സാന്നിദ്ധ്യം ആസ്വാദകര്‍ നിശ്ചയിക്കാന്‍ തുടങ്ങി. പച്ചയും കത്തിയും ഒരുപോലെ തന്നെ മാറിമാറി ചെയ്യണമെന്ന്‌ പ്രത്യേകം നിഷ്കര്‍ഷിച്ചത്‌ പത്മനാഭനാശാനായിരുന്നു. എന്നാല്‍ ഗോപിക്ക്‌ പച്ചയാണിണക്കം എന്ന്‌ അരങ്ങുകള്‍ തെളിയിക്കയായിരുന്നു. പച്ചയുടെ പര്യായമായി ഇന്നും അരങ്ങില്‍ വേറെ മൂര്‍ത്തിയെ ആരും പ്രതിഷ്ഠിച്ചിട്ടില്ലെന്നതാണ്‌ സത്യം. കഥകളിക്കു മാത്രമുള്ള അഭ്യാസങ്ങളേ ഗോപിയാശാന്‍ ചെയ്തിട്ടുള്ളൂ. കൃഷ്ണന്‍നായരാശാന്‍ മാണി മാധവചാക്യാര്‍ക്കു കീഴില്‍ കണ്ണ്‌ സാധകം നിഷ്കര്‍ഷയോടെ ചെയ്തിരുന്നു. ഗോപിയെ അതുപോലെ വേണമെന്ന്‌ പല ആസ്വാദകരും പറഞ്ഞെങ്കിലും ആശാന്മാര്‍ക്കത്‌ സ്വീകാര്യമായില്ല. അത്‌ പല ന്യൂനതകള്‍ക്കും ഇടവരുത്തുമെന്ന്‌ വിധിയെഴുതി. സ്വപ്രയത്നത്താല്‍ ഉണ്ടാക്കിയ അഭ്യാസംകൊണ്ട്‌ ഗോപി മുന്‍നിരയില്‍ തന്നെ നിലകൊണ്ടു. ഓട്ടന്‍തുള്ളല്‍ക്കാരനായി അരങ്ങിലെത്തിയ വടക്കേ മണാളത്ത്‌ ഗോവിന്ദന്‍ കലാമണ്ഡലം ഗോപിയും ഗോപിയാശാനുമായത്‌ കഥകളിയുടെ തന്നെ ഭാഗ്യമായി. പാരമ്പര്യ ക്ഷേത്രകലയെ സ്നേഹിക്കാനും അടുത്തറിയാനും പുതിയ തലമുറക്കാര്‍ വന്നതില്‍ ഗോപിയാശാനും ഒഴിവാക്കാനാവാത്ത സ്ഥാനമുണ്ട്‌. വരുംതലമുറക്കാര്‍ കഥകളി കാണണമെങ്കില്‍ സ്കൂള്‍ തലത്തില്‍ പാഠ്യവിഷയമാക്കിയെടുക്കേണ്ടത്‌ സര്‍ക്കാരിന്റെ കടമയാണ്‌. മുദ്രകള്‍ വഴി പഠിപ്പിച്ച്‌ തുടങ്ങുക എന്ന വലിയ അഭിപ്രായം ഈ ആശാനുണ്ട്‌. ലോകപ്രശസ്തമായ ഈ കലയെ നമുക്ക്‌ വളര്‍ത്തിയെടുക്കാന്‍ അതേ മാര്‍ഗമുള്ളൂ. പഴയകാല ആസ്വാദകര്‍ വായിച്ചും, പരിജ്ഞാനത്താലും കണ്ടും കേട്ടും പ്രശസ്തരായിരുന്നു. ഇന്ന്‌ അതുപോലുള്ളവര്‍ വിരളമാണ്‌ പുതുശക്കാരില്‍. ഇനി അതും കുറയാന്‍ വഴിയുണ്ട്‌. ഭാവിയെപ്പറ്റി ചിന്തിക്കേണ്ട അവസ്ഥയിലെത്തിയെന്നാണ്‌ ഗോപിയാശാന്‍പറയുന്നത്‌. മാധ്യമരംഗത്ത്‌ കഥകളിക്ക്‌ അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ലെന്ന പരാതിയും ഗോപിയാശാന്‍ മറച്ചുവച്ചില്ല.

ലോകത്തിലെല്ലായിടത്തും ഗോപിയാശാന്‍ എത്തിയിട്ടുണ്ട്‌. ഫ്രാന്‍സാണ്‌ ആസ്വാദനത്തിനു മുന്നിലെന്നാണഭിപ്രായം. ഒരു രാത്രി മുഴുവന്‍ ഇരുന്ന്‌ കഥകളി കണ്ണിമക്കാതെ കാണാന്‍ അവിടെ ആസ്വാദകരുണ്ട്‌. നമ്മുടെ നാട്ടില്‍ പോലും അതില്ലാതായിത്തുടങ്ങി. കലാകാരന്മാര്‍ ഒരിക്കലും രാഷ്‌ട്രീയ ചിന്തയും പക്ഷംപിടിക്കാന്‍ ശ്രമിക്കയുമരുത്‌. അവര്‍ വിളിച്ചിടത്ത്‌ ചെല്ലാം. ഒരുപക്ഷത്തെ വിശ്വസിച്ച്‌ പോയാല്‍ അതിടവരുത്തുന്ന ഭവിഷ്യത്ത്‌ കഠിനമായിരിക്കും. നമുക്ക്‌ ലഭിക്കാനിടയുള്ളത്‌ പലതും അതോടെ നഷ്ടപ്പെടുമെന്ന്‌ ഭാവിയിലെ കലാകാരന്മാരെ ഓര്‍മിപ്പിക്കാന്‍ അദ്ദേഹം അനുഭവത്തിലൂടെ പറയുന്നുണ്ട്‌.

ആസ്വാദകരുടെ പ്രശംസയേക്കാള്‍ വലിയ പുരസ്ക്കാരം ഇല്ലെന്ന്‌ വിശ്വസിക്കുന്ന ഗോപിയാശാന്‌ മധ്യപ്രദേശ്‌ സര്‍ക്കാര്‍ അടുത്തിടെ കാളിദാസ സമ്മാന്‍ നല്‍കാന്‍ നിശ്ചയിച്ചു. രണ്ടുലക്ഷം രൂപയാണ്‌ ഈ പുരസ്ക്കാരം. അമ്മന്നൂര്‍ മാധവചാക്യാര്‍ക്കും കലാമണ്ഡലം രാമന്‍കുട്ടിനായര്‍ക്കുമാണ്‌ മുന്‍പ്‌ ഈ പുരസ്ക്കാരം ലഭിച്ചത്‌.

എഴുപത്തഞ്ചിലെത്തിയ ആശാനെ ശാരീരിക അവശതകള്‍ അലട്ടുന്നുണ്ടെങ്കിലും ആസ്വാദകര്‍ വിടാന്‍ ഭാവമില്ല. അര്‍ജുനനും നളനും ധര്‍മപുത്രരും ഭീമനും കര്‍ണനും ഗോപിയിലൂടെ പതിഞ്ഞ പദമാടിവരുന്നതു കാണാന്‍ കാത്തിരിപ്പാണ്‌. നരസിംഹവും രൗദ്ര ഭീമനും പത്ത്‌ മിനിറ്റ്‌ മാത്രമേ അരങ്ങിലുണ്ടാവുകയുള്ളൂവെങ്കിലും ഗോപിയാശാന്റെ ഈ വേഷത്തെപ്പറ്റിയാകും ആസ്വാദകര്‍ക്ക്‌ കുറേദിവസം പറയാനുണ്ടാവുക.

മഹാവൃക്ഷത്തിന്‌ കീഴില്‍ വന്‍മരങ്ങള്‍ വാഴില്ലെന്ന്‌ പറയുന്നത്‌ കലാകാരന്മാരെ സംബന്ധിച്ചും തികഞ്ഞ ശരി. ഗോപിയാശാന്റെ കുടുംബത്തിലും വേറെ ഒരു കലാകാരനുമില്ല. ഓരോ ചലനത്തിലും വരെ ആസ്വാദക ഹൃദയത്തിലേക്ക്‌ ആഴ്‌ന്നിറങ്ങാന്‍ തക്ക പ്രതിഭയായ ഗോപിയാശാന്‍ ഒന്നുതന്നെ ധാരാളം.

മലയാളത്തിന്റെ മാധുര്യമായി നിലകൊള്ളുന്ന കഥകളിയെ മിഴികൊണ്ടും മുദ്രകൊണ്ടും സേവിച്ച ഗോപിയാശാന്റെ അടുത്തവര്‍ഷത്തെ ഓരോ ദിവസവും ബുക്കിംഗിന്‌ ഫോണ്‍ വിളിയെത്തുകയാണ്‌. പുരസ്ക്കാരത്തില്‍ ആശംസകളുമായി വേറെയും വിളികള്‍. അരങ്ങില്‍ തുറന്ന്‌ ചിരിക്കാനാവാത്ത ആശാന്‍ ഫോണ്‍ വിളിക്കുമ്പോള്‍ പിശുക്കു കാണിക്കാറില്ല. അല്ലെങ്കില്‍ യാതൊരു നാട്യവുമില്ല.

1937 മെയ്‌ 25 ന്‌ പിറന്ന ഗോപിയാശാന്‍ തേക്കിന്‍കാട്‌ രാവുണ്ണിനായര്‍ക്കു കീഴില്‍ കൂടല്ലൂര്‍ മനയില്‍വച്ചാണ്‌ തുടക്കം വച്ചത്‌. 1953 ല്‍ മൈനര്‍ ട്രൂപ്പ്‌ വഴിയാണ്‌ ആസ്വാദക ശ്രദ്ധ നേടാന്‍ തുടങ്ങിയത്‌. 1958 ല്‍ കേരള കലാമണ്ഡലത്തില്‍ അധ്യാപകനുമായി. ഗുരുകുഞ്ചുക്കുറുപ്പ്‌, കൃഷ്ണന്‍നായര്‍, വാഴേങ്കട കുഞ്ചുനായര്‍, കീഴ്പടം കുമാരന്‍ നായര്‍, രാമന്‍കുട്ടിനായരാശാന്‍ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം രംഗത്ത്‌ പ്രവര്‍ത്തിച്ച പരിചയം ഗോപിയാശാന്റെ ജീവിതത്തില്‍ മുതല്‍ക്കൂട്ടായി. പഠിച്ചു വളര്‍ന്ന സ്ഥാപനത്തില്‍ പ്രിന്‍സിപ്പല്‍ പദവിയുമായാണ്‌ ഔദ്യോഗിക ജീവിതം പൂര്‍ത്തീകരിച്ചത്‌. നിരവധി ശിഷ്യന്മാര്‍ക്ക്‌ മഹാഗുരുവുമായിത്തീര്‍ന്നു. ഇന്ന്‌ ലോകത്തിന്റെ ഗോപിയാശാനാണ്‌. ഭാര്യ ചന്ദ്രിക. ജയരാജ്‌, രഘുരാജ്‌ എന്നീ മക്കളും പ്രിയയും ശ്രീകലയും മരുമക്കളുമാണ്‌. ദേവനന്ദന്‍, ആര്യ, മാളവിക എന്നിവര്‍ പേരക്കുട്ടികളാണ്‌. പാലക്കാട്‌ ജില്ലയിലെ കോതച്ചിറ ഗ്രാമത്തിലാണ്‌ പിറന്നതെങ്കിലും ചികിത്സാര്‍ത്ഥം ഇരുപത്‌ വര്‍ഷംമുമ്പ്‌ തൃശ്ശൂരിനടുത്ത്‌ മുണ്ടൂരിലെത്തി.

പാലേലി മോഹന്‍-

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts