Categories: Kannur

എസ്‌എസ്‌എല്‍സി തുല്യതാ പരീക്ഷ; കണ്ണൂറ്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ൧൧ പേര്‍

Published by

കണ്ണൂറ്‍: നാളെ തുടങ്ങുന്ന എസ്‌എസ്‌എല്‍സി തുല്യതാ പരീക്ഷക്ക്‌ കണ്ണൂറ്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ൧൧ പേര്‍ തയ്യാറെടുക്കുന്നു. ഇതില്‍ എട്ടുപേര്‍ ജീവപര്യന്തം തടവുകാരാണ്‌. ജയിലില്‍ വന്നതിന്‌ ശേഷം നാലാം ക്ളാസ്‌, ഏഴാം ക്ളാസ്‌ തുല്യതാ പരീക്ഷ പാസായവരും ഈ കൂട്ടത്തിലുണ്ട്‌. വിവിധ കേസുകളില്‍പ്പെട്ട ഷുക്കൂറ്‍, അബ്ദുള്‍ നസീര്‍, ദല്‍ഹത്ത്‌, മനാഫ്‌, അശോകന്‍, ശങ്കരന്‍, പ്രദീപന്‍, സജിത്ത്‌, ജോഷി, രഞ്ജിത്ത്‌, സജീഷ്‌ എന്നിവരാണ്‌ എസ്‌.എസ്‌.എല്‍.സി തുല്യതാ പരീക്ഷയെഴുതുന്നത്‌. ൫൦ വയസ്സുള്ള ശങ്കരനാണ്‌ ഇതില്‍ സീനിയര്‍. ഈ വര്‍ഷം ൨൦ പേര്‍ എസ്‌.എസ്‌.എല്‍.സി പരീക്ഷക്ക്‌ പേര്‌ രജിസ്റ്റര്‍ ചെയ്തിരുന്നു. ചിലര്‍ മറ്റുള്ള ജയിലുകളിലേക്ക്‌ സ്ഥലം മാറിപ്പോവുകയും ചിലര്‍ ജയില്‍ മോചിതരാവുകയും ചെയ്തു. ശേഷിച്ച ൧൧ പേരാണ്‌ നാളെ പരീക്ഷയെഴുതുന്നത്‌. കഴിഞ്ഞവര്‍ഷം കണ്ണൂറ്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന്‌ ൧൪ പേര്‍ എസ്‌.എസ്‌.എല്‍.സി തുല്യതാ പരീക്ഷയെഴുതിയപ്പോള്‍ ൧൦൦ ശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞിരുന്നു. ൨൦൦൯ ല്‍ പരീക്ഷയെഴുതിയ ഫറൂഖ്‌ സംസ്ഥാനത്ത്‌ ഒന്നാം റാങ്ക്‌ കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇവിടെ നിന്നും എസ്‌.എസ്‌.എല്‍.സി പരീക്ഷയെഴുതിയ ബാബു കണ്ണൂറ്‍ ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഈ വര്‍ഷം ഏഴാം ക്ളാസ്‌ തുല്യതാ പരീക്ഷയെഴുതിയ ഒമ്പതു പേരില്‍ എല്ലാവരും പാസായി. നാലാം ക്ളാസ്‌ തുല്യതാ പരീക്ഷക്ക്‌ ൧൮ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌. അടുത്ത വര്‍ഷം എസ്‌.എസ്‌.എല്‍.സി പരീക്ഷക്ക്‌ ൧൩ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌. ജയില്‍ സുപ്രണ്ട്‌ കെ.ശിവദാസ്‌, അധ്യാപകന്‍ പി.വി.രമേശ്‌ നാഥ്‌, വെല്‍ഫേര്‍ ഓഫീസര്‍മാരായ കെ.വി.മുകേഷ്‌, ടി.രാജേഷ്‌ കുമാര്‍ എന്നിവരാണ്‌ ഇവരുടെ പഠനകാര്യങ്ങള്‍ നോക്കുന്നത്‌. കൂടാതെ സഹതടവുകാരായ സലാം തിരൂറ്‍, സുനില്‍ കുമാര്‍, ഫറൂഖ്‌, വിജ്ജിലി, മണിലാല്‍, റിജോ ജോസഫ്‌, സുഹൈബ്‌, രവീന്ദ്രന്‍ എന്നിവരും ഇവരെ പഠനത്തിനായി സഹായിക്കുന്നുണ്ട്‌. പഠനോപകരണങ്ങളും കമ്പ്യൂട്ടറും കൈതക്കാട്ടില്‍ വിഷ്വല്‍ മീഡിയ, എസ്‌.കെ.എസ്‌.എസ്‌.എഫ്‌, സാന്ത്വനം വയോജന കേന്ദ്രം, മിനി ക്ളബ്ബ്‌ മട്ടന്നൂറ്‍, കൗസര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ എന്നീ സ്ഥാപനങ്ങള്‍ സംഭാവനയായി നല്‍കി. സാക്ഷരതാ മിഷന്‍ ഈ വര്‍ഷം പഠിതാക്കള്‍ക്കുള്ള കോഴ്സ്‌ ഫീസ്‌ ഒഴിവാക്കിയിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by