Categories: Vicharam

നോര്‍വെ കൂട്ടക്കൊലയെപ്പറ്റി

Published by

നോര്‍വേയില്‍ 76 മനുഷ്യജീവികളെ കൂട്ടക്കൊല ചെയ്ത അതിദാരുണവും ബീഭത്സവുമായ സംഭവത്തിന്റെ തിരമാലകള്‍ അകലങ്ങളിലെ ഇന്ത്യാ രാജ്യത്ത്‌ വന്ന്‌ അടിച്ചു കയറി എന്നത്‌ നമ്മുടെ ദേശീയ സ്വത്വത്തിനെക്കുറിച്ചുള്ള വിലക്ഷണവും ദുഃഖദായകവുമായ ഒരു ടിപ്പണി ആയിപ്പോയി. ക്രിസ്തുവര്‍ഷം 1129 നോട്‌ അടുപ്പിച്ച്‌ മുസ്ലീം അക്രമികള്‍ക്കെതിരെ കുരിശുയുദ്ധം നടത്തുവാന്‍ കത്തോലിക്കാ സഭയാല്‍ നിയുക്തമായ “നൈറ്റ്സ്‌ ഓഫ്‌ ടെംപ്ലാര്‍” എന്ന സൈനിക സംഘത്തിന്റെ ഇപ്പോഴത്തെ രാഷ്‌ട്രീയ-നീതിന്യായ തലവനാണ്‌ താനെന്ന്‌ ധരിച്ചുവശായ ആന്‍ഡേഴ്സ്‌ ബ്രെയ്‌വിക്കിനെ ഇന്ത്യയുമായി കൊളുത്തുവാന്‍ ന്യായമൊന്നും കാണുന്നില്ല.

പൊതുവേ ഏകാകിയായ ബ്രെയ്‌വിക്കിന്‌ അല്‍പ്പമെങ്കിലും ബന്ധമുണ്ടായിരുന്നത്‌, ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഇംഗ്ലണ്ടിലെ തെരുവുകളില്‍ ജാഥ നടത്തുന്നത്‌ പ്രധാന പ്രവര്‍ത്തനമാക്കിയ ഇംഗ്ലീഷ്‌ ഡിഫന്‍സ്‌ ലീഗിലെ രണ്ടോ മൂന്നോ അംഗങ്ങളുമായി മാത്രമായിരുന്നു. ഇയാള്‍ തനിക്ക്‌ രാഷ്‌ട്രീയമായി യോജിപ്പുള്ളവരുമായി ഇടപെട്ടിരുന്നത്‌ ഫേസ്ബുക്ക്‌ പോലുള്ള ഇന്റര്‍നെറ്റ്‌ സൈറ്റുകളിലൂടെ അതും വളരെ ഗോപ്യമായി മാത്രവും. 12-ാ‍ം നൂറ്റാണ്ടിലെ കുരിശുയുദ്ധക്കാരുടെ ദിവാസ്വപ്നങ്ങള്‍ സമകാലിക വ്യാമോഹമാക്കി മാറ്റിയ ബ്രെയ്‌വിക്കിനോട്‌ അടുപ്പം പുലര്‍ത്തിയ അയാളുടെ ഫേസ്ബുക്ക്‌ സുഹൃത്തുക്കളില്‍ ഏതെങ്കിലും ഇന്ത്യാക്കാരന്‍ ഉള്‍പ്പെട്ടിരുന്നുവോ എന്നത്‌ സംശയമാണ്‌.

എങ്കിലും ഇപ്പോള്‍ യൂറോപ്പിന്‌ ആകമാനം ഭീഷണി സൃഷ്ടിക്കുന്ന ഇസ്ലാമിക വ്യാപനത്തിന്റെ ആദ്യകാല ഇരകള്‍ എന്ന നിലയില്‍ ഹിന്ദുക്കളെ ബ്രെയ്‌വിക്‌ വീക്ഷിച്ചതിനാല്‍ ഇന്ത്യ അയാളുടെ ബോധമണ്ഡലത്തില്‍ കടന്നുകൂടുക തന്നെ ചെയ്തു. കൂട്ടക്കൊല നടത്തുന്നതിന്‌ കുറച്ച്‌ മണിക്കൂറുകള്‍ക്ക്‌ മുന്നെ, അയാള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റു ചെയ്ത 1500 പേജുള്ള തന്റെ രാഷ്‌ട്രീയ സാക്ഷ്യത്തില്‍-ക്രിസ്ത്യാനികള്‍ അര്‍ത്ഥമുള്‍ക്കൊള്ളാതെ ബൈബിള്‍ ആദ്യാവസാനം വായിച്ചു തീര്‍ക്കുന്നപോലെ-ലോകചരിത്രത്തിന്റെ ഉപരിപ്ലവ വായന മുന്നോട്ട്‌ വെയ്‌ക്കുന്നുണ്ട്‌. ഈ ബ്ലോഗനയില്‍ അങ്ങുമിങ്ങും ഇന്ത്യയുടെ പൊയ്‌പ്പോയ കാലവും വര്‍ത്തമാനകാലവും ബ്രെയ്‌വിക്കിന്റെ പരാമര്‍ശത്തിന്‌ വിധേയമാകുന്നുണ്ട്‌. ഇന്റര്‍നെറ്റില്‍നിന്നും പെറുക്കിയെടുത്തിട്ടുള്ള ഉപരിപ്ലവമായ വിവരത്തുണ്ടുകളായി മാത്രം മിക്കവരും അവയെ വീക്ഷിക്കുമ്പോള്‍, മറ്റു ചിലര്‍ ബ്രെയ്‌വിക്കിനും പ്രതിരോധ ഭീകരത കൈയാളുന്ന ഹിന്ദു ജിഹാദികള്‍ക്കും പൊതുവായുള്ള ലക്ഷ്യം ഈ ഇന്റര്‍നെറ്റ്‌ പരാമര്‍ശങ്ങളില്‍ ഉള്ളതായി കണ്ടെത്തുന്നു. പ്രസ്തുത ഇന്ത്യന്‍ പോരാളി ‘സനാതന ധര്‍മ’പ്രസ്ഥാനങ്ങളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുവെന്നാണ്‌ ചില മാധ്യമ കേന്ദ്രങ്ങള്‍ വിധി കല്‍പ്പിച്ചു കളഞ്ഞത്‌.

കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ദിഗ്‌ വിജയ്സിംഗ്‌ ആര്‍എസ്‌എസ്‌ “ബോംബു നിര്‍മാണ ഫാക്ടറികള്‍” ആരംഭിച്ചിട്ടുള്ളതായി ആരോപിക്കുകയും ആഭ്യന്തര മന്ത്രി പി.ചിദംബരം “കാവി ഭീകരത”യെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ബിജെപിയെ വിറളി പിടിപ്പിച്ചിരിക്കുന്നതിനാലാണ്‌ ആ പാര്‍ട്ടി 2ജി അപവാദത്തിന്റെ പേരില്‍ പ്രക്ഷോഭണം നടത്തുന്നതെന്ന്‌ പ്രസ്താവിക്കുകയും ചെയ്തിരിക്കുന്ന ഈ സമയത്ത്‌ ബ്രെയ്‌വിക്കിന്റെ സര്‍വസംഹാരിയായ ക്രോധപ്രകടനത്തെ ഒരു ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ സ്ഥാപിക്കേണ്ടത്‌ തീര്‍ച്ചയായും അത്യന്താപേക്ഷിതം തന്നെ. ഓരോ വൈകുന്നേരങ്ങളിലും ടിവി ന്യൂസ്‌ ചാനലുകളില്‍ കളിക്കുന്ന താന്തോന്നിത്ത നാടകങ്ങളുടെ വീക്ഷണ കോണില്‍ ഈ പരിശ്രമത്തെ പൂര്‍ണമായും മനസിലാക്കാവുന്നതേയുള്ളൂ. രാഷ്‌ട്രീയക്കാര്‍ക്ക്‌ അവരുടെ എതിരാളികള്‍ക്ക്‌ നേരെ ചിന്താശൂന്യ വിമര്‍ശനങ്ങള്‍ മനഃസാക്ഷിക്കുത്തില്ലാതെ എയ്തുവിടേണ്ടതുണ്ട്‌. ടിവി ന്യൂസ്‌ ചാനലുകള്‍ക്കാകട്ടെ, വാര്‍ത്തകളെ ഏതാണ്ടൊരു വിനോദ പരിപാടിയാക്കി മാറ്റുകയും വേണം. പക്ഷേ, കളി അപകടം ആകുന്നത്‌ ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ അവരുടെ കളിതമാശകളെ ഗൗരവമുള്ളതായി സ്വയം തെറ്റിദ്ധരിക്കുമ്പോഴാണ്‌.

ഏറ്റവും വലിയ അപകടം ഇന്ത്യയിലെ ജനപ്രിയ പ്രഭാഷണങ്ങളില്‍ “വലതുപക്ഷ”ത്തെ രാക്ഷസവല്‍ക്കരിക്കാനുള്ള ശ്രമം ശക്തിയാര്‍ജിക്കുന്നതാണ്‌. മാലേഗാവ്‌ സ്ഫോടനങ്ങളില്‍ സാധ്വി പ്രജ്ഞയുടെയും കേണല്‍ പുരോഹിതിന്റെയും ഉള്‍പ്പെടല്‍ സംശയിച്ചത്‌ പൊതുശ്രദ്ധയില്‍ വന്നതിനു പിറകെ, മെക്കാ മസ്ജിദ്‌-സംഝൗതാ ബോംബാക്രമണങ്ങളില്‍ സ്വാമി അസീമാനന്ദ നടത്തിയെന്ന്‌ പറയപ്പെടുന്ന കുറ്റസമ്മതവും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ സുരക്ഷാ ഏജന്‍സികള്‍ക്ക്‌ ഭയങ്കരമായ പിഴവ്‌ പറ്റിയിട്ടുണ്ടെന്നോ അല്ലെങ്കില്‍ അവ പ്രാഥമികമായും തങ്ങളുടെ അന്വേഷണങ്ങള്‍ ഇസ്ലാമിസ്റ്റ്‌ ജിഹാദി ഗൂഢാലോചനകളില്‍ കേന്ദ്രീകരിച്ചത്‌ വര്‍ഗീയവിവേചനം കൊണ്ടാണെന്നോ തെളിയിക്കാന്‍ ആവേശകരമായ ഉദ്യമങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്നുണ്ട്‌. ഇസ്ലാമിക വിന്യാസത്തിലുള്ള സംഘങ്ങള്‍ ഇന്ത്യയുടെ ദേശീയ സുരക്ഷക്ക്‌ നേരെ ഉയര്‍ത്തുന്ന ഭീഷണിയേക്കാള്‍ അത്യന്തം ഗുരുതരമാണ്‌ “കാവിഭീകരത”യുടെ ഭീഷണി എന്നു രാഹുല്‍ ഗാന്ധിയെപ്പോലെ വന്‍ സ്വാധീനശക്തിയുള്ള രാഷ്‌ട്രീയ നേതാക്കള്‍ ബലമായി വിശ്വസിക്കുന്നതായി വിക്കിലീക്സ്‌ പുറത്താക്കിയ യുഎസ്‌ എംബസി സന്ദേശങ്ങള്‍ സൂചിപ്പിക്കുന്നു.

അജ്മല്‍ കസബിനെ ആകസ്മികമായി അറസ്റ്റ്‌ ചെയ്തില്ലായിരുന്നുവെങ്കില്‍ മുംബൈയിലെ 26/11 ഭീകരാക്രമണങ്ങള്‍ ഒരു വലിയ രാഷ്‌ട്രീയ വടംവലിക്ക്‌ കാരണമായിത്തീര്‍ന്നേനെ. അന്വേഷണങ്ങള്‍ക്ക്‌ നേരെ സംശയത്തിന്റെ മുള്‍മുന ഉയര്‍ത്തുന്ന ആരോപണങ്ങളുണ്ടായേനെ. മുംബൈ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്കിനെക്കുറിച്ച്‌ രേഖാമൂലമായ തെളിവുകള്‍ വന്നിട്ടുപോലും സമാന്തര ഗൂഢാലോചനകള്‍ (ഹിന്ദു ജിഹാദികളുടെ) ആക്രമണത്തിന്‌ പിന്നിലുണ്ടായിരുന്നുവെന്നുള്ള സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കപ്പെടുകയും അവയ്‌ക്ക്‌ മാന്യത കല്‍പ്പിക്കപ്പെടുകയും ചെയ്യുന്നു.

ദേശീയ സുരക്ഷക്ക്‌ ഏറിയ അല്ലെങ്കില്‍ തുല്യമായ ഭീഷണി ഇസ്ലാം വിരുദ്ധ വലതുപക്ഷം ഉയര്‍ത്തുന്നു എന്ന വാദത്തിന്‌ ആക്കം കൂട്ടുന്നതാണ്‌ നോര്‍വെയില്‍ നടന്ന കൊലകള്‍ എന്ന്‌ അനുമാനിക്കാം. 20 കൊല്ലം തുടര്‍ച്ചയായി തപാല്‍ ബോംബുകള്‍ അയച്ച്‌ 23 പേരെ കൊലപ്പെടുത്തിയ യൂണിവേഴ്സിറ്റി ആന്റ്‌ എയര്‍ലൈന്‍ ബോംബര്‍ ടെഡ്‌ കാസ്ന്‍സ്കിയും ഒക്ലാഹോമയില്‍ 168 പേരെ ട്രക്ക്‌ ബോംബ്‌ കൊണ്ട്‌ കൊന്ന തിമോത്തി മക്‌വെയും അന്വേഷണ ഏജന്‍സികള്‍ ഭീകരതയുടെ ഇസ്ലാമികേതര-ഇസ്ലാമിക വിരുദ്ധമാനങ്ങളുടെ സാധ്യതകളെ തള്ളിക്കളായാതിരിക്കാനുള്ള മതിയായ കാരണങ്ങളാണ്‌. ഉദാഹരണത്തിന്‌ കഴിഞ്ഞ മാസം ആദ്യം മുംബൈയിലുണ്ടായ ഭീകരാക്രമണത്തെ തുറന്ന മനസോടെ കുറ്റാന്വേഷകര്‍ സമീപിച്ചത്‌ തീര്‍ത്തും വിവേകപൂര്‍ണമാണ്‌. എന്നിരുന്നാലും അന്വേഷണത്തില്‍ ‘ബാലന്‍സ്‌’ പാലിക്കുന്ന രീതി ശരിയല്ല.

മത്സരാത്മകമായ ഭീകരത സമൂഹത്തെ അപകടപ്പെടുത്തുമെന്ന വിശ്വാസം പരിഗണിക്കണം. പാശ്ചാത്യനാടുകളില്‍നിന്നുള്ള തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നത്‌ ക്രിസ്തീയ മതഭ്രാന്തന്മാരും വര്‍ണവെറിയന്‍മാരും കൂടി കഴിഞ്ഞ ദശാബ്ദത്തില്‍ 200 ഓളം പേരെ കശാപ്പ്‌ ചെയ്തിട്ടുണ്ടെന്നാണ്‌. ഇസ്ലാമിസത്താല്‍ പ്രചോദിതമായ കൊലകള്‍ 4000 കവിയുന്നു. യൂറോപ്പില്‍ ഭീകര വൈറസ്‌ ബാധ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ബ്രിട്ടനില്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ ഭീകരാക്രമണങ്ങള്‍ നടത്താനായി ആയുധങ്ങള്‍ കൈവശം വെച്ചതിന്‌ പിടിയിലായ വലതുപക്ഷ വട്ടന്മാരുടെ എണ്ണം ആറ്‌ ആണ്‌. അതേ കാലയളവില്‍, ഇസ്ലാമിസ്റ്റ്‌ ഭീകരതയുമായി ബന്ധപ്പെട്ട്‌ 138 മുസ്ലീങ്ങള്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടു.

ഇതിന്‌ സമാനമായ കണക്കുകള്‍ ഇന്ത്യയില്‍ ലഭ്യമല്ല. കാരണം കേസുകള്‍ മിക്കപ്പോഴും കോടതിയിലെത്താറില്ല. എങ്കിലും എന്റെ ഊഹം യൂറോപ്പിനെ മാതിരി ഇവിടെയും വലതുപക്ഷ ഭീകരതക്ക്‌ സാധ്യത ഉണ്ടെന്നാണ്‌. ജാഗ്രത പാലിച്ചില്ലെങ്കില്‍ അത്‌ കൂടുതല്‍ യാഥാര്‍ത്ഥ്യമായേക്കാം.

സെപ്തംബര്‍ 11 ന്റെ ഭീകരതയ്‌ക്കുശേഷം ഭീകരതയുടെ അടിസ്ഥാനത്തിന്‌ എതിരെയുള്ള ഭീകരവിരുദ്ധ തന്ത്രങ്ങളുടെ കെടുകാര്യസ്ഥത ചെറിയ ധാര്‍മികരോഷത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. ഇസ്ലാമിക ക്രോധത്തിന്റെ മൂല കാരണങ്ങള്‍ പരിഗണനയിലെടുത്ത്‌ കൈകാര്യം ചെയ്യേണ്ടതുണ്ട്‌. ഈ യുക്തിപ്രകാരം, സമൂഹം ബ്രെയ്‌വിക്കിന്റെ വാചാലമായ സാക്ഷ്യം ശ്രദ്ധാപൂര്‍വം വായിക്കേണ്ടതുണ്ട്‌. ബ്രെയ്‌വിക്കിന്റെ ആവശ്യങ്ങളില്‍ ചിലത്‌ ഇതാണ്‌: യൂറോപ്പിലെ കുടിയേറ്റ മുസ്ലീങ്ങളെ ക്രിസ്തുമതത്തിലേക്ക്‌ നിര്‍ബന്ധിത പരിവര്‍ത്തനം നടത്തണം; അവരുടെ സ്വദേശങ്ങളുമായി 50 കൊല്ലത്തേക്ക്‌ അവര്‍ക്ക്‌ ഒരു ബന്ധവും പാടില്ല; അവര്‍ക്കായി പ്രത്യേക വിസാ കേന്ദ്രങ്ങള്‍ ഒരുക്കണം.

ഭീകരതക്ക്‌ മതവുമായി ബന്ധമൊന്നുമില്ല എന്ന വാദം ഉയരുന്നുണ്ട്‌. അങ്ങനെയെങ്കില്‍ അതിന്‌ മതേതരമായ ഒരു അടിസ്ഥാനം ഉണ്ടെന്നും പറയരുത്‌. ഒരേ മുഴക്കോല്‍കൊണ്ട്‌ വിവിധ ഇനം ഭീകരതകളെ ഒരുപോലെ അളന്നുകളയാം എന്ന യുക്തിവാദം ജനാധിപത്യലോകത്തെ ഉദാത്തതയില്‍നിന്നും പരിഹാസ്യതയിലേക്കേ നയിക്കൂ.

സ്വപന്‍ ദാസ്‌ ഗുപ്ത

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by