Categories: Vicharam

കര്‍ണാടകത്തിന്‌ പുതിയ തേരാളി

Published by

കര്‍ണാടകത്തിന്റെ 26-ാ‍മത്‌ മുഖ്യമന്ത്രിയായി ഡി.വി.സദാനന്ദഗൗഡ സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറിയതോടെ അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും അറുതിവന്നിരിക്കുകയാണ്‌. യദ്യൂരപ്പയ്‌ക്കു ശേഷം പ്രളയമെന്ന്‌ പലരും പ്രവചിച്ചു. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരണം അസ്തമിച്ചതായി ചിലര്‍ സ്വപ്നം കണ്ടു. പാര്‍ട്ടി പിളരുമെന്നും പ്രസിഡന്റ്‌ ഭരണം ഉറപ്പായെന്നും തറപ്പിച്ചുപറഞ്ഞവരും നിരാശരായിരിക്കുന്നു. നാലുപതിറ്റാണ്ടിലേറെക്കാലത്തെ പൊതുപ്രവര്‍ത്തനത്തിന്റെ അനുഭവവുമായി അധികാരത്തിലെത്തിയ സദാനന്ദഗൗഡയ്‌ക്ക്‌ പൂര്‍വാധികം ഭംഗിയോടെ ജനസേവനവും ക്ഷേമവും ഉറപ്പാക്കാന്‍ സാധിക്കുമെന്നാശിക്കാം. ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപി കര്‍ണാടകത്തില്‍ അധികാരത്തിലെത്തിയതില്‍ അസന്തുഷ്ടരും അസൂയാലുക്കളുമായിരുന്നു പ്രതിയോഗികളെല്ലാം. മൂന്നുവര്‍ഷംമുമ്പ്‌ അധികാരത്തിലേറിയതുമുതല്‍ അതിനെ അട്ടിമറിക്കാനുള്ള ആസൂത്രിതനീക്കവും ആരംഭിച്ചു. നിരന്തരം കേന്ദ്രസര്‍ക്കാരും ഗവര്‍ണറും പ്രതിപക്ഷ കക്ഷികളും ഇടങ്കോലിട്ടിട്ടും സല്‍ഭരണം നടത്താന്‍ ബിജെപി സര്‍ക്കാരിനായി.

അഞ്ചു വര്‍ഷം കൊണ്ട്‌ വികസനഭൂപടത്തില്‍ കര്‍ണാടകത്തെ ഒന്നാം സ്ഥാനത്തെത്തിക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. അതിനു തുടക്കമിട്ടു എന്നു മാത്രമല്ല ബഹുദൂരം മുന്നോട്ടു പോവുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ആഗോള നിക്ഷേപക സംഗമം നടത്തിയതിലൂടെ അഞ്ചു ലക്ഷം കോടിരൂപയുടെ ധാരണാ പത്രം ഉണ്ടാക്കാനായി. ഏഴു ലക്ഷം യുവാക്കള്‍ക്ക്‌ തൊഴില്‍ ലഭിക്കുന്ന പദ്ധതികള്‍ ആവിഷ്ക്കരിച്ചു. മുപ്പതു ജില്ലകളില്‍ വിവിധ പദ്ധതികള്‍ക്ക്‌ തുടക്കമിട്ടു. ചിലതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. നാനാമേഖലകളില്‍ നിന്നും ആവേശകരമായ പ്രതികരണങ്ങള്‍ ഇതിനു ലഭിച്ചു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ കാര്‍ഷിക മേഖലയ്‌ക്കു മാത്രമായി ഒരു ആഗോള നിക്ഷേപക സംഗമത്തിന്റെ ഒരുക്കത്തിലായിരുന്നു കര്‍ണാടക സര്‍ക്കാര്‍.

കര്‍ണാടകയില്‍ എല്ലാ രംഗത്തും ഗുണപരമായ മാറ്റം മൂന്നുവര്‍ഷത്തിനിടയില്‍ അനുഭവപ്പെട്ടു. ക്രമസമാധാന നില തൃപ്തികരമായി. ഭീതി കൂടാതെ നടക്കാനും വീടുകളില്‍ കിടന്നുറങ്ങാനും സാഹചര്യമുണ്ടായി. കൊള്ളയും കൊലപാതകങ്ങളും ഇല്ലെന്നു തന്നെ പറയാം. അവശത അനുഭവിക്കുന്നവര്‍ക്കെല്ലാം സഹായഹസ്തവുമായി ബിജെപി സര്‍ക്കാരെത്തി. 1.84 കോടി ജനങ്ങള്‍ക്ക്‌ നേരിട്ട്‌ സഹായം ലഭിക്കുന്ന പദ്ധതികള്‍ നടപ്പാക്കി. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഭരണം കര്‍ണാടക ചരിത്രത്തില്‍ പുതിയ അധ്യായങ്ങളാണ്‌ സൃഷ്ടിച്ചത്‌. ദേശീയ തലത്തില്‍ അതിന്‌ അര്‍ഹിക്കുന്ന അംഗീകാരവും ലഭിച്ചു. രാജ്യത്തിനാകെ മാതൃകയായ “വിഷന്‍ 2020” എന്ന വികസനപദ്ധതി ആവിഷ്കരിച്ചു. കൃഷിക്കു മാത്രമായി ഒരു ബജറ്റ്‌ അവതരിപ്പിച്ച ഏക സംസ്ഥാനമെന്ന ഖ്യാതി നേടി.

ഗ്രാമവികസനവും കാര്‍ഷിക വിഷയങ്ങളും മാത്രം ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം തന്നെ നടത്തി. ജൈവകൃഷി പദ്ധതി രൂപീകരിച്ച്‌ രാസവള പ്രയോഗം ലഘൂകരിച്ചതും പ്രശംസ പിടിച്ചു പറ്റി. വരണ്ടഭൂമി കൃഷിയോഗ്യമാക്കാന്‍ “ഭൂ ചേതനാ” പദ്ധതി ഈ മേഖലയില്‍ വിപ്ലവം തന്നെ സൃഷ്ടിച്ചു. അര്‍ഹതപ്പെട്ടവര്‍ക്ക്‌ ആനുകൂല്യങ്ങള്‍ വീടുകളിലെത്തിച്ചു നല്‍കുന്ന “ജനസ്പന്ദന” പദ്ധതിയും പരക്കെ സ്വാഗതം ചെയ്യപ്പെട്ടതാണ്‌. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക്‌ തൊഴില്‍ ലഭ്യമാക്കാനും പരിശീലനം നല്‍കാനുമുള്ള “കൗശല്യ” പദ്ധതിയും മാതൃകാപരമാണ്‌. ഗ്രാമമുണര്‍ന്നാല്‍ രാജ്യമുയര്‍ന്നു എന്ന വിശാലസങ്കല്‍പം സാക്ഷാത്കരിക്കാന്‍ ഏര്‍പ്പെടുത്തിയ പദ്ധതിയും ലക്ഷ്യം കണ്ടു. ഗ്രാമപഞ്ചായത്തുകളെ സമുദ്ധരിച്ചതിനും പ്രതിബദ്ധത സൃഷ്ടിച്ചതിനും ദേശീയ പുരസ്കാരം നേടാന്‍ കഴിഞ്ഞു.

ജനങ്ങള്‍ സര്‍ക്കാരില്‍ പരിപൂര്‍ണ വിശ്വാസമര്‍പ്പിച്ചു. മൂന്നു വര്‍ഷത്തിനിടയില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക്‌ തൂത്തുവാരാന്‍ കഴിഞ്ഞതു തന്നെ അതിന്റെ തെളിവാണ്‌. ദേവഗൗഡാദളിനും കോണ്‍ഗ്രസിനും കെട്ടിവച്ച കാശു പോലും പല സ്ഥലത്തും കിട്ടിയില്ല. ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി അഭിമാനകരമായ മുന്നേറ്റമുണ്ടാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലും മുമ്പെങ്ങുമില്ലാത്ത സ്വാധീനം ഉറപ്പിച്ചു. ഇതില്‍ മുഖ്യമന്ത്രി ബി.എസ്‌.യെദ്യൂരപ്പയുടെ സംഭാവനയും വിസ്മരിക്കാനാകില്ല. എന്നാല്‍ വ്യക്തിയല്ല പാര്‍ട്ടിയാണ്‌ നയങ്ങള്‍ക്ക്‌ രൂപം നല്‍കി ദിശാബോധം പകര്‍ന്നത്‌. രാഷ്‌ട്രീയത്തില്‍ വ്യക്തിത്വത്തിനും അതിന്റേതായ സ്ഥാനമുണ്ട്‌. എത്രതന്നെ നല്ലകാര്യങ്ങള്‍ ചെയ്താലും രാഷ്‌ട്രീയത്തില്‍ പ്രതിയോഗികള്‍ തക്കംപാര്‍ത്തിരിക്കുമെന്ന്‌ പദവികളിലിരിക്കുന്നവര്‍ മനസ്സിലാക്കണം. ആ ജാഗ്രതകുറവാണ്‌ കര്‍ണാടകയില്‍ നേതൃമാറ്റത്തിന്‌ വഴിവച്ചത്‌. കേന്ദ്രത്തിലും കേരളത്തിലടക്കം സംസ്ഥാനങ്ങളിലും അഴിമതികേസിലും അധികാരദുര്‍വിനിയോഗത്തിനും വിചാരണ നേരിടുന്ന മന്ത്രിമാരുണ്ട്‌. അവിടെയൊന്നും ഇല്ലാത്ത പെരുമാറ്റം കര്‍ണാടകത്തിലുണ്ടായി. അവിടെ യദ്യൂരപ്പയുടെ പേരില്‍ ആരോപണമേ വന്നിട്ടുള്ളു. കേസുണ്ടായിട്ടില്ല. വിചാരണ നേരിടാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്‌ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനുശേഷമാണ്‌. ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്ന വാദവും ഉയരുന്നുണ്ട്‌. ആരോപണമാണെങ്കില്‍പോലും സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ടത്‌ കേന്ദ്രനേതൃത്വമാണ്‌. അവര്‍തന്നെയാണ്‌ പലരും പ്രതീക്ഷിച്ചതുപോലെ പൊട്ടലും ചീറ്റലുമില്ലാതെ പുതിയ നേതാവിനെ കണ്ടെത്തിയത്‌. വേണമെങ്കില്‍ കോണ്‍ഗ്രസ്‌ ചെയ്യുന്നതുപോലെ ദര്‍ഹിയിലിരുന്ന്‌ ബിജെപിക്ക്‌ ഒരാളെ കെട്ടിയിറക്കാമായിരുന്നു. എന്നാല്‍ തികച്ചും ജനാധിപത്യരീതിയില്‍ എംഎല്‍എമാരോട്‌ തന്നെ തങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിക്കുകയാണുണ്ടായത്‌. എന്തുകൊണ്ടും അര്‍ഹനും യോഗ്യനുമായ മുഖ്യമന്ത്രിയെയാണ്‌ കര്‍ണാടകത്തിന്‌ ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്‌.

ബഹുഭാഷാ പണ്ഡിതനായ ഉജ്ജ്വല വാഗ്മിയും സംഘാടകനുമായാണ്‌ സദാനന്ദ ഗൗഡ അറിയപ്പെടുന്നത്‌. കാസര്‍കോട്‌ ജില്ലയുടെ കര്‍ണാടക അതിര്‍ത്തി പ്രദേശമായ സുള്ള്യ താലൂക്കിലെ ജാല്‍സൂര്‍ സ്വദേശിയാണ്‌. കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്‌ ജില്ലയുടെ പ്രത്യേക ചുമതല അദ്ദേഹം വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ മികച്ച സംഘടനാ ശേഷിയുടെ തെളിവെന്നോണം കാസര്‍കോട്‌, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിക്ക്‌ വളരെ മുന്നേറാന്‍ കഴിഞ്ഞു. ജനസംഘകാലം മുതല്‍ സജീവ രാഷ്‌ട്രീയത്തില്‍ പങ്കാളിയായിരുന്നു. എബിവിപിയിലും സജീവമായി പ്രവര്‍ത്തിച്ചു. ബിഎംഎസ്‌ നേതാവെന്ന നിലയില്‍ തൊഴിലാളികള്‍ക്കിടയിലും സുപരിചിതനാണ്‌. പതിനേഴ്‌ വര്‍ഷത്തെ ഇടവേളക്കുശേഷം തീരദേശ കര്‍ണാടകയില്‍നിന്നുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയാണ്‌ സദാനന്ദ ഗൗഡ. സാധാരണ ജനങ്ങളുടെ വികാരവിചാരങ്ങള്‍ നന്നായറിയുന്ന ഈ അഭിഭാഷകന്‍ വിവാദങ്ങള്‍ക്കതീതനായി സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി തേരുതെളിക്കുമെന്നാശിക്കാം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by