Categories: Vicharam

ഒരു കനകജൂബിലിയെക്കുറിച്ച്‌

Published by

കെഎസ്‌ഐഡിസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‌ അമ്പത്‌ വയസായി. സംസ്ഥാനത്തെ പ്രമുഖ പ്രൊമോഷണല്‍ ഏജന്‍സിയുടെ സുവര്‍ണജൂബിലി ആഘോഷം കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലിലെ ഒരു ചടങ്ങിലും ഒരു പത്രപ്പരസ്യത്തിലും ഒതുങ്ങിയെന്നാണ്‌ തോന്നുന്നത്‌. ആ ചടങ്ങ്‌ ആരുടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ തന്നെ അത്‌ ടി.കെ.എ.നായരുടെ സാന്നിദ്ധ്യം കൊണ്ടുമാത്രമാണ്‌.
കേരളത്തിന്‌ നായര്‍ വിശിഷ്ടാതിഥിയല്ല. മിക്കവാറും എല്ലാ മാസവും പത്തനംതിട്ടക്കാരനായ ഈ ഉദ്യോഗസ്ഥ പ്രമുഖന്‍ നാട്ടില്‍ വന്നു മടങ്ങാറുണ്ട്‌. ഇവിടെ പല പരിപാടികളിലും സംബന്ധിക്കാറും ഉണ്ട്‌. കൂടാതെ അദ്ദേഹം കെഎസ്‌ഐഡിസിയുടെ ചെയര്‍മാന്‍ കൂടിയാണ്‌. ടി.കെ.എ.നായര്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടതിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദര്‍ശനവും ആദ്യത്തെ പൊതു പരിപാടിയും എന്നതാണ്‌ ഇക്കുറി ആകെയുള്ള ഒരു പ്രത്യേകത.

കെഎസ്‌ഐഡിസി കനക ജൂബിലി സമ്മേളനത്തില്‍ സംബന്ധിക്കണമെന്ന്‌ എനിക്ക്‌ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിന്‌ സാധിച്ചില്ല. പക്ഷെ പരിപാടിയെക്കുറിച്ചുള്ള പത്ര റിപ്പോര്‍ട്ടുകള്‍ സശ്രദ്ധം വായിച്ചു. ശ്രദ്ധേയമായി എനിക്ക്‌ തോന്നിയത്‌ കോര്‍പ്പറേഷന്‍ മുന്‍ മേധാവികളെ പലരേയും സമ്മേളന വേദിയില്‍ ആദരിച്ചുവെന്നതാണ്‌. കേരളത്തില്‍ വ്യവസായം നടത്തി വിജയിച്ചവരേയും കേരളത്തിന്‌ പുറത്ത്‌ വ്യവസായികളായി പേരെടുത്ത കേരളീയരേയും കൂടി ആദരിക്കേണ്ടതായിരുന്നു ആ വേദിയില്‍. സമ്മേളനത്തിലെ മുഖ്യാതിഥി അവരിലൊരാളോ അഖിലേന്ത്യതലത്തിലോ അന്താരാഷ്‌ട്രാതലത്തിലോ തിളങ്ങിനില്‍ക്കുന്ന ഒരു വ്യവസായപ്രമുഖനോ ആയിരുന്നെങ്കില്‍ എന്നും ഞാന്‍ ആഗ്രഹിച്ചു പോയി. അതൊന്നും ഉണ്ടായില്ല. മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും ഉദ്യോഗസ്ഥന്മാരും പങ്കെടുത്ത ഒരുതരം സര്‍ക്കാര്‍ ചടങ്ങ്‌ മാത്രമായിരുന്നു അത്‌. അപൂര്‍വമായിരുന്നു സ്ഥലത്തെ വ്യവസായികളുടെ സാന്നിദ്ധ്യം പോലും.

കെഎസ്‌ഐഡിസി കനകജൂബിലി ഈ പംക്തിയില്‍ പരാമര്‍ശിക്കാന്‍ കാരണം ആ സ്വപ്നവുമായി എന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ ശൈശവ ദശയില്‍ എനിക്ക്‌ ഉണ്ടായിരുന്ന അടുത്ത ബന്ധമാണ്‌. കേരളത്തില്‍ വ്യവസായം വിരളമായി മാത്രം ഉണ്ടായിരുന്ന കാലമാണത്‌. വ്യവസായങ്ങളുടെ ശ്മശാന ഭൂമിയാണ്‌ കേരളമെന്നും ഇവിടെ വിവാദങ്ങള്‍ മാത്രമേ വളരൂ എന്നും ഇന്ത്യ മുഴുവന്‍ വിശ്വസിച്ചിരുന്ന കാല്‍നൂറ്റാണ്ടിനു മുമ്പുള്ള കാലം. അന്ന്‌ കേരളത്തിന്റെ വ്യവസായവല്‍ക്കരണം എന്ന ദൗത്യം കെഎസ്‌ഐഡിസിയുടെ മുന്നില്‍ ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു. തികച്ചും പ്രതികൂലമായ ഒരു നിക്ഷേപകകാലാവസ്ഥയിലായിരുന്നു കെഎസ്‌ഐഡിസി ആ വന്‍ വെല്ലുവിളി ഏറ്റെടുത്തത്‌. അന്ന്‌ തൊഴില്‍ മന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിയെ കാണാനെത്തിയ പ്രമുഖ വ്യവസായി ഡാല്‍മിയയെ തിരുവനന്തപുരത്ത്‌ സെക്രട്ടറിയേറ്റ്‌ വളപ്പില്‍ വെച്ച്‌ തൊഴിലാളികള്‍ വളഞ്ഞ്‌ കയ്യേറ്റം ചെയ്തതിന്റെ കുപ്രസിദ്ധിയില്‍ കുളിച്ചു നില്‍ക്കുകയായിരുന്നു അക്കാലത്ത്‌ കേരളം. വ്യവസായത്തില്‍ ലാഭമുണ്ടാക്കുന്നത്‌ മഹാപാപമാണെന്നും മുതല്‍മുടക്കുന്നവന്‍ മൂരാച്ചിയാണെന്നും ആയിരുന്നു അക്കാലത്ത്‌ മലയാളി പൊതുവെ വിശ്വസിച്ചിരുന്നത്‌. കെഎസ്‌ഐഡിസി എന്ന വ്യവസായ വികസന കോര്‍പറേഷന്‍ അമ്പതാണ്ട്‌ പിന്നിടുമ്പോള്‍ പെട്ടെന്ന്‌ ആ പശ്ചാത്തലം ഓര്‍മ വന്നു. ഒപ്പം കേരളം ഇന്ന്‌ എത്ര മാറിപ്പോയി എന്നതില്‍ ആശ്വാസവും.

വ്യവസായ കേരളത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക്‌ വറ്റാത്ത ഒരുറവിടമായിരുന്നു എനിക്ക്‌ കെഎസ്‌ഐഡിസി. ഒരു സര്‍ക്കാര്‍ ഏജന്‍സിയെങ്കില്‍ കൂടി പോസിറ്റീവ്‌ സ്റ്റോറികള്‍ക്കും നെഗേറ്റെവ്‌ സ്റ്റോറികള്‍ക്കും ഞാന്‍ പ്രധാനമായി ആശ്രയിച്ചിരുന്നത്‌ കെഎസ്‌ഐഡിസിയെ തന്നെ. വ്യവസായവല്‍ക്കരണത്തിന്റെ പ്രശ്നങ്ങളെ കുറിച്ചു മാത്രമല്ല കേരളത്തിന്റെ പൊതുവായുള്ള വികസന പ്രശ്നങ്ങളെ കുറിച്ച്‌ പഠിക്കാനും കെഎസ്‌ഐഡിസിയുടെ അമരക്കാര്‍ എന്നെയേറെ സഹായിച്ചിട്ടുണ്ട്‌. കേരളത്തിന്റെ വ്യവസായവല്‍ക്കരണത്തിലും വികസനത്തിലും അധിഷ്ഠിതമായ ‘കഥ’കളെഴുതിയിട്ടുള്ള മിക്ക മാധ്യമപ്രവര്‍ത്തകരുടേയും അനുഭവവും അഭിപ്രായവും മറിച്ചാവും എന്ന്‌ തോന്നുന്നില്ല.

കെഎസ്‌ഐഡിസിയുടെ മുന്‍ സാരഥികളില്‍ എടുത്തു പറയേണ്ട പേരുകളാണ്‌ കെ.ടി.ചാണ്ടി, വി.രാമചന്ദ്രന്‍, എസ്‌.കെ.വാര്യര്‍, അമിതാബ്‌ കാന്ത്‌ എന്നിവരുടേത്‌. പ്രൊമോഷണല്‍ ഏജന്‍സിയെന്ന സങ്കല്‍പ്പം തന്നെ കേരളത്തിന്‌ അപരിചിതമായിരുന്ന കാലത്ത്‌, അതും പ്രതികൂലമായൊരു കാലാവസ്ഥയില്‍ ബാലാരിഷ്ടതകളില്‍നിന്ന്‌ കെഎസ്‌ഐഡിസിയെ കര കയറ്റിയത്‌ കെ.ടി.ചാണ്ടിയും എസ്‌.കെ.വാരിയരും ആയിരുന്നു. എസ്‌.കെ.വാര്യരെ കുറിച്ച്‌ ഒരിക്കലും മറക്കാനാവാത്ത ഓര്‍മയാണ്‌ എന്റെ മാധ്യമ ജീവിതത്തില്‍. ഇന്ന്‌ ‘2 ജി സ്പെക്ട്രം’ കുംഭകോണം അന്വേഷിക്കുന്ന ജോയിന്റ്‌ പാര്‍ലമെന്ററി കമ്മറ്റിയുടെ അധ്യക്ഷന്‍ പി.സി.ചാക്കോ കേരളത്തിലെ ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ വ്യവസായമന്ത്രി ആയിരിക്കവേയാണ്‌ പ്രൊ.എസ്‌.കെ.വാര്യര്‍ എന്ന പൊതുമേഖലാ മാനേജ്മെന്റ്‌ വിദഗ്‌ദ്ധന്‍ കെഎസ്‌ഐഡിസിയുടെ മാനേജിംഗ്‌ ഡയറക്ടര്‍ ആയിരുന്നത്‌. വ്യവസായമന്ത്രി ആയി അധികാരമേറ്റയുടനെ പി.സി.ചാക്കോയുമായി നടത്തിയ ഒരഭിമുഖത്തില്‍ കെഎസ്‌ഐഡിസിയുടെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള എന്റെ ചോദ്യങ്ങള്‍ക്ക്‌ മന്ത്രി നല്‍കിയ മറുപടി വാര്യര്‍ സാറിനെ പ്രകോപിപ്പിച്ചു. കെഎസ്‌ഐഡിസിയുടേത്‌ ഒരു ‘ബ്യൂറോക്രാറ്റിക്‌ സെറ്റപ്പ്‌’ ആണെന്നും അതുടച്ചുവാര്‍ക്കണമെന്നും മഹാരാഷ്‌ട്രയിലെ പ്രൊമോഷണല്‍ ഏജന്‍സിയായ ‘സികോമു’മായി താരതമ്യം ചെയ്യുമ്പോള്‍ കെഎസ്‌ഐഡിസിയുടെ പ്രകടനം വളരെ മോശമാണെന്നും മറ്റുമാണ്‌ ചാക്കോ അഭിപ്രായപ്പെട്ടത്‌.
ഞാന്‍ പ്രതിനിധാനം ചെയ്തിരുന്ന, മുംബൈ ആസ്ഥാനമായുള്ള പത്രത്തില്‍ വളരെ പ്രാധാന്യത്തോടെ ആ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിച്ചത്‌ വായിച്ച വാര്യര്‍ പൊട്ടിത്തെറിച്ചു. “ബഹുമാനപ്പെട്ട കേരള വ്യവസായമന്ത്രി, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കഴിയുമ്പോള്‍ തന്നെ മഹാരാഷ്‌ട്ര സംസ്ഥാനം വ്യവസായവല്‍ക്കരിക്കപ്പെട്ടിരുന്നു” എന്നതായിരുന്നു വാര്യര്‍ സാറിന്റെ പെട്ടെന്നുള്ള പ്രതികരണം. അടുത്ത ദിവസം വാര്യര്‍ സാറിന്റെ പേര്‌ വെളിപ്പെടുത്താതെ കെഎസ്‌ഐഡിസി വക്താവിന്റേതായി വ്യവസായമന്ത്രിയുമായുള്ള അഭിമുഖത്തിലെ അഭിപ്രായങ്ങള്‍ക്കുള്ള പ്രതികരണം കുറച്ചുകൂടി പൊതിഞ്ഞ ഭാഷയില്‍ അതേ പത്രത്തില്‍ അച്ചടിച്ചു വന്നു. മന്ത്രിക്ഷുഭിതനായി. ആരുടേതാണ്‌ പ്രതികരണമെന്നറിയാന്‍ അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു. വെളിപ്പെടുത്താന്‍ ഞാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന്‌ എന്റെ അടുത്ത സുഹൃത്തും വ്യവസായ മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയുമായിരുന്ന കെ.ജി.വിശ്വനാഥിനെ ഉപയോഗിച്ച്‌ എന്നില്‍നിന്ന്‌ വിവരം ചോര്‍ത്താനുള്ള ശ്രമവും വിഫലമായി. പക്ഷെ വാര്യര്‍ സാറിനെ ഒറ്റിക്കൊടുക്കാന്‍ അദ്ദേഹത്തിന്റെ ചില സഹപ്രവര്‍ത്തകര്‍ തന്നെ ഉണ്ടായിരുന്നു. ഒരാഴ്ചയ്‌ക്കുള്ളില്‍ എസ്‌.കെ.വാര്യറുടെ കസേര പി.സി.ചാക്കോ തെറിപ്പിച്ചു. പിന്നെ അധികകാലം വാര്യര്‍സാര്‍ ജീവിച്ചിരുന്നില്ല. അഖിലേന്ത്യാ തലത്തില്‍ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ മേധാവികളുടെ സംഘടനയായ ‘സ്കോപ്‌’ മാതൃകയില്‍ കേരളത്തിലെ സംസ്ഥാന പൊതുമേഖലയിലെ സംരംഭങ്ങളുടെ തലവന്മാരെ ചേര്‍ത്ത്‌ വാര്യര്‍ സാര്‍ രൂപം നല്‍കിയ ‘സ്കോപക്‌’ എന്ന സംഘടനയുടെ പ്രവര്‍ത്തനവും അതോടെ നിലച്ചു.

കെഎസ്‌ഐഡിസിയുടെ പ്രവര്‍ത്തനത്തിന്‌ പുതിയൊരു പ്രതിഛായയും പ്രസരിപ്പും പ്രദാനം ചെയ്ത അമിതാബ്‌ കാന്തും അങ്ങേയറ്റത്തെ നിരാശയോടെയും അതിലേറെ വേദനയോടെയുമാണ്‌ ആ സ്ഥാപനത്തിന്റെ പടിയിറങ്ങിയത്‌. വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയെ ഇന്നും വേട്ടയാടുന്ന കേസില്‍ അമിതാബിനെയും ബന്ധപ്പെടുത്തി. സസ്പെന്‍ഷനിലായപ്പോള്‍ പ്രഗത്ഭനായ ആ ഐഎഎസുകാരനെ പിന്നെ തിരിഞ്ഞുനോക്കാന്‍ ആരുമില്ലാതെയായി. അമിതാബിന്റെ കെഎസ്‌ഐഡിസിയിലെ പ്രതാപകാലത്ത്‌ അദ്ദേഹത്തിന്റെ ചില നടപടികളെ നിശിതമായി ഞാനെന്റെ ‘കഥ’കളില്‍ വിമര്‍ശിച്ചിരുന്നു. തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത്‌ ഒരു പതിറ്റാണ്ടിലേറെയായി പൂട്ടിക്കിടക്കുന്ന ‘ഫോര്‍ട്ട്‌ മാനര്‍’ വന്‍കിട ഹോട്ടല്‍ അമിതാബ്‌ ഭരണകാലത്തെ തെറ്റായ നടപടികളുടെ രക്തസാക്ഷിയാണ്‌. തിരുവനന്തപുരത്ത്‌ വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ എല്ലാവരില്‍നിന്ന്‌ അകന്ന്‌ കഴിഞ്ഞിരുന്ന അമിതാബ്‌ കാന്തിനെ ഞാന്‍ ഇടയ്‌ക്ക്‌ കാണാന്‍ ചെന്നത്‌ അദ്ദേഹത്തിന്‌ വലിയ ആശ്വാസമായി. പിന്നീട്‌ ഔദ്യോഗിക രംഗത്ത്‌ അമിതാബ്‌ കാന്ത്‌ ഫിനിക്സ്‌ പക്ഷിയെപ്പോലെ തിരിച്ചു വന്നു. അദ്ദേഹവും കേരളം വിട്ടു.

ഏറ്റവും കൂടുതല്‍ കാലം കെഎസ്‌ഐഡിസിയുടെ ചെയര്‍മാനായിരുന്നു എന്ന ഖ്യാതി ഒരുപക്ഷെ വി.രാമചന്ദ്രന്‌ ആയിരിക്കണം. വികസന രംഗത്ത്‌ തന്റേതായ ദര്‍ശനങ്ങള്‍ മുന്നോട്ട്‌ വെച്ചിട്ടുള്ള വ്യക്തിയാണ്‌ അദ്ദേഹം. ഇന്ദിരാഗാന്ധിയ്‌ക്ക്‌ പ്രിയപ്പെട്ടവനായിരുന്നു, രാമചന്ദ്രന്‍ കേന്ദ്ര പ്ലാനിംഗ്‌ കമ്മീഷനില്‍ പണിയെടുക്കുന്ന കാലം. പക്ഷെ അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങള്‍ അന്വേഷിച്ച ഷാ കമ്മീഷന്‌ മുന്നില്‍ ഇന്ദിരാഭരണത്തെ വെള്ളപൂശി മൊഴി നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്‌ രാമചന്ദ്രന്‍ ഇന്ദിരാഗാന്ധിയുടെ അപ്രീതി സമ്പാദിച്ചു. കെഎസ്‌ഐഡിസി കനക ജൂബിലി വേദിയില്‍ കഴിഞ്ഞദിവസം ആദരിക്കപ്പെട്ടവരില്‍ വി.രാമചന്ദ്രനും ഉണ്ടായിരുന്നു.

ഇന്ത്യന്‍ ബ്യൂറോക്രസിയിലെ പരമോന്നത പദവിവരെയെത്തിയ മലയാളി ഐഎഎസുകാരനായ ടി.കെ.എ.നായര്‍ക്ക്‌ കെഎസ്‌ഐഡിസിയിലാണ്‌ കേരളത്തെ സേവിക്കാന്‍ കിട്ടിയ ഏക അവസരം. സിപിഎം ജനറല്‍ സെക്രട്ടറി ആയിരുന്ന ഹര്‍കിഷന്‍ സിംഗ്‌ സുര്‍ജിത്‌ ആണത്രെ നായനാര്‍ ഭരണകാലത്ത്‌ പഞ്ചാബ്‌ കേഡറില്‍പ്പെട്ട നായരെ കെഎസ്‌ഐഡിസി ചെയര്‍മാന്‍ സ്ഥാനത്തിന്‌ ശുപാര്‍ശ ചെയ്തത്‌. മൂന്ന്‌ വ്യത്യസ്ത പാര്‍ട്ടികളില്‍പ്പെട്ട മൂന്ന്‌ പ്രധാനമന്ത്രിമാരെ സേവിക്കാന്‍ അവസരം കിട്ടിയ ഏക ഉദ്യോഗസ്ഥനും ടി.കെ.എ.നായരാണ്‌- ഐ.കെ.ഗുജ്‌റാളിനെ, അടല്‍ബിഹാരി വാജ്പേയിയെ, മന്‍മോഹന്‍സിംഗിനെ.
സോണിയാഗാന്ധിയുടെ വിശ്വസ്തനാവണം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പിടിവാശിയാലാണത്രെ, പിഎംഒയിലെ ഏഴ്‌ വര്‍ഷത്തെ സേവനത്തിനുശേഷം കഴിഞ്ഞയാഴ്ച നായരെ ഉപദേഷ്ടാവാക്കി മാറ്റി, പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത്‌ ലോകബാങ്കില്‍നിന്നുള്ള പുലോക്‌ ചാറ്റര്‍ജിയെ പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചത്‌. കെഎസ്‌ഐഡിസിയില്‍ ചെയര്‍മാനായിരിക്കവെയാണ്‌ പരമഭക്തനും സാത്വികനുമായ ടി.കെ.എ.നായരെ അടുത്തറിയാന്‍ എനിക്ക്‌ സാധിച്ചത്‌. ഇന്നും അദ്ദേഹം പാര്‍ട്ട്‌ ടൈം ചെയര്‍മാനായി തുടരുന്നു. പക്ഷെ അദ്ദേഹത്തിന്റെ പ്രാവിണ്യവും ദല്‍ഹിയിലെ പദവിയും പ്രയോജനപ്പെടുത്താന്‍ കെഎസ്‌ഐഡിസിക്കും കേരളത്തിനും കഴിഞ്ഞോ, കഴിയുമോ എന്നത്‌ സംശയമാണ്‌.

ഹരി എസ.്‌ കര്‍ത്താ

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by