Categories: Kannur

വിദൂര വിദ്യാഭ്യാസ വിഭാഗത്തിനെതിരായ ആരോപണം അടിസ്ഥാനരഹിതം: ഡയരക്ടര്‍

Published by

കണ്ണൂറ്‍: സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ ഒന്നാം വര്‍ഷ ബിരുദ കോഴ്സുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട്‌ പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ആശങ്കയും തെറ്റിദ്ധാരണയും വളര്‍ത്തുന്നതാണെന്നും പ്രവേശന നടപടി വൈകിപ്പിക്കുന്നതായുള്ള ആരോപണം തെറ്റാണെന്നും സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ഡയരക്ടര്‍ ഡോ.ജെയിംസ്‌ പോള്‍ പറഞ്ഞു. റഗുലര്‍ കോളേജുകളിലെ പ്രവേശന നടപടി അഞ്ചിന്‌ മാത്രമേ അവസാനിക്കൂ. സാധാരണ റഗുലര്‍ കോളേജുകളില്‍ പ്രവേശനം നേടാന്‍ കഴിയാത്തവര്‍ മാത്രമേ വിദൂര വിദ്യാഭ്യാസത്തെ ആശ്രയിക്കാറുള്ളൂ. അതിനാല്‍ എല്ലാ വര്‍ഷവും ആഗസ്ത്‌-സെപ്തംബര്‍ മാസങ്ങളില്‍ മാത്രമാണ്‌ വിദൂര വിദ്യാഭ്യാസ വിഭാഗം പ്രവേശന നടപടി ആരംഭിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. പുതിയ സെമസ്റ്റര്‍ സമ്പ്രദായത്തിലെ സിലബസ്സുകളുടെ പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്‌. പേപ്പറുകളുടെ എണ്ണം കൂടുന്നതിനാലാണ്‌ പെട്ടെന്ന്‌ സിലബസ്സുകള്‍ പുറത്തുവിടാന്‍ താമസം നേരിടാന്‍ കാരണമാകുന്നത്‌. ഈ വര്‍ഷം ആരംഭിക്കുന്ന ചോയ്സ്‌ ബെയ്സ്ഡ്‌ ക്രഡിറ്റ്‌ സിസ്റ്റത്തിലെ സിലബസ്സിനെക്കുറിച്ച്‌ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ൪ മുതല്‍ ൧൦ വരെ നടക്കുന്ന മുഴുവന്‍ പഠനബോര്‍ഡുകളുടെയും യോഗം സിലബസ്‌ അംഗീകരിക്കുകയും തുര്‍ന്ന്‌ കുട്ടികള്‍ക്ക്‌ ലഭ്യമാവുകയും ചെയ്യും. വ്യക്തമായ മുന്നൊരുക്കങ്ങളോടെയാണ്‌ വിദൂര വിദ്യാഭ്യാസം ക്രഡിറ്റ്‌ സെമസ്റ്റര്‍ സമ്പ്രദായം നടപ്പിലാക്കുന്നത്‌. സിസ്റ്റം പരിചയപ്പെടുത്തുന്നതിനും സിലബസ്സിലെ പരിഷ്കാരങ്ങള്‍ വിശദീകരിക്കാനുമായി സമാന്തര സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നവര്‍ക്കും മറ്റുമായി ൧൩ ന്‌ ശില്‍പ്പശാല സംഘടിപ്പിക്കും. സര്‍വ്വകലാശാലയുടെ എട്ട്‌ വിദൂര പഠനകേന്ദ്രങ്ങള്‍ വഴി കുട്ടികള്‍ക്കും ശില്‍പ്പശാല സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ വിദൂര വിദ്യാഭ്യാസ മേഖലയെ കയ്യൊഴിയുന്നു എന്ന ആരോപണം ശരിയല്ല. കഴിഞ്ഞ തവണ ൧൧൦൦൦ത്തിലധികം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌. ഈ വര്‍ഷവും അതിലേറെ കുട്ടികള്‍ എന്‍റോള്‍ ചെയ്യുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ഡയരക്ടര്‍ പറഞ്ഞു. ഫീസ്‌ കൂടുതലാണെന്ന ആരോപണം യുക്തിക്ക്‌ നിരക്കാത്തതാണ്‌. മറ്റ്‌ യൂണിവേഴ്സിറ്റികളിലെ പ്രൈവറ്റ്‌ രജിസ്ട്രേഷന്‍ ഫീസിനെ അടിസ്ഥാനമാക്കിയാണ്‌ ഈ ആരോപണം ഉയര്‍ത്തുന്നത്‌. അവയില്‍ നിന്ന്‌ വ്യത്യസ്ഥമായി ഇവിടെ പഠനക്കുറിപ്പുകളും കോണ്‍ടാക്ട്‌ ക്ളാസുകളും നല്‍കുന്നുണ്ടെന്നും അതിന്‌ അനുയോജ്യമായ ഫീസ്‌ മാത്രമാണ്‌ ഈടാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ആരോപണങ്ങള്‍ക്ക്‌ പിന്നില്‍ കേരളത്തിന്‌ പുറത്തുള്ള അംഗീകാരമില്ലാത്ത സര്‍വ്വകലാശാലകളുടെ ആളുകളാണെന്ന്‌ സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ അസി.രജിസ്ട്രാര്‍ വി.ശങ്കര്‍ദേവ്‌, പിആര്‍ഒ വി.എസ്‌.അനില്‍ കുമാര്‍, സെക്ഷന്‍ ഓഫീസര്‍ എം.രാമചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by