Categories: Business

എച്ച്.എസ്.ബി.സി ബാങ്ക് മുപ്പതിനായിരം ജീവനക്കാരെ പിരിച്ചുവിടുന്നു

Published by

ലണ്ടന്‍: എച്ച്.എസ്.ബി.സി ബാങ്ക് മുപ്പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഇരുപതു രാജ്യങ്ങളിലെ പ്രവര്‍ത്തനം നിര്‍ത്താനും യൂറോപ്പിലെ മുന്‍നിര ബാങ്കായ എച്ച് എസ് ബി സി തീരുമാനമെടുത്തു.

ബാങ്കിന്റെ ചെലവുചുരുക്കല്‍ പദ്ധതിയുടെ ഭാഗമായാണ് പത്തു ശതമാനം ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം. ലണ്ടനില്‍ അയ്യായിരത്തോളം പേരെ പിരിച്ചുവിടുമെന്നു ബാങ്ക് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണു 2013ഓടെ ഇരുപത്തി അയ്യായിരം പേരെ പിരിച്ചുവിടുമെന്നു ബാങ്ക് അറിയിച്ചത്.

റഷ്യയിലെയും പോളണ്ടിലെയും റീടെയില്‍ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനും ബാങ്ക് തീരുമാനിച്ചു. മൂന്ന് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ ബാങ്ക് വില്‍ക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ 250 മുതല്‍ 350 ലക്ഷം ഡോളര്‍ വരെ ലാഭം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ബാങ്കിന്റെ പുതിയ നടപടികള്‍.

യു.എസില്‍ 195 റീടെയില്‍ ശാഖകള്‍ വില്‍ക്കുമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഇതുവഴി 100 ലക്ഷം ഡോളര്‍ സ്വരൂപിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. പുതിയ നടപടികള്‍ കൂടുതല്‍ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കും. 1865ല്‍ തുടങ്ങിയ ബാങ്കിന് 87 രാജ്യങ്ങളിലായി 7500 ഓഫീസുകളും മൂന്നു ലക്ഷത്തിലധികം ജീവനക്കാരുമുണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts