Categories: Vicharam

ഹിന റബ്ബാനിയുടെ ഊഴം

Published by

ഭാരത-പാക്‌ വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്ത്‌ നടത്തിയ ചര്‍ച്ച വീണ്ടും ആശക്ക്‌ വഴിവെക്കുന്നു. പാക്കിസ്ഥാന്റെ ചരിത്രത്തിലെ ആദ്യത്തെ വനിത വിദേശകാര്യമന്ത്രിയായ ഹിന റബ്ബാനി ഖര്‍ ഭാരത വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്ണയുമായി നടത്തിയ ചര്‍ച്ചക്ക്‌ ഇത്തവണ ഏറെ പ്രാധാന്യം കല്‍പിക്കുന്നു. പരസ്പരവിശ്വാസവും സഹകരണവും വളര്‍ത്തിയെടുക്കാനുള്ള പ്രായോഗികനടപടികളിലേക്ക്‌ നീങ്ങി സമാധാനപൂര്‍ണമായ അയല്‍പക്കബന്ധം ദൃഢമാക്കുവാനാണ്‌ തീരുമാനം.

തുടക്കത്തില്‍ പാക്‌ വിദേശകാര്യമന്ത്രി ജമ്മുകാശ്മീരിലെ വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്തിയത്‌ ആശങ്കപരത്തിയിരുന്നു. എന്നാല്‍ യാതൊരുതരത്തിലുള്ള അസ്വസ്ഥതകളുമില്ലാതെയാണ്‌ ചര്‍ച്ച അവസാനിച്ചത്‌. സാധാരണ, ജമ്മുകാശ്മീര്‍, ഭീകരത, മുംബൈ സ്ഫോടനപ്രതികളെ കൈമാറല്‍ തുടങ്ങിയ വിഷയങ്ങളില്‍ തട്ടി ചര്‍ച്ച അലസുകയാണ്‌ പതിവ്‌. ഇത്തവണയും ആ വിഷയങ്ങളെല്ലാം ഉയര്‍ന്നെങ്കിലും സമാധാനപരമായ ചര്‍ച്ചയെന്നാണ്‌ എസ്‌.എം.കൃഷ്ണ ഇതിനെ വിശേഷിപ്പിച്ചത്‌. മുഖ്യമന്ത്രിയെന്ന നിലയിലും വിദേശകാര്യമന്ത്രിയെന്ന നിലയിലും തഴക്കവും പഴക്കവും സൃഷ്ടിച്ച എസ്‌.എം.കൃഷ്ണയും യുവത്വത്തിന്റെ ചുറുചുറുക്കുമായി കഥാകാരിയായ ഹിന റബ്ബാനി ഖറും യാതൊരുവിധ മുന്‍വിധികളുമില്ലാതെയാണ്‌ ചര്‍ച്ചക്കെത്തിയതെന്നതും ശ്രദ്ധേയമാണ്‌. പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിയായിരുന്ന ഷാ മെഹ്മൂദ്‌ ഖുറേഷിയെ ഒഴിവാക്കിയപ്പോഴാണ്‌ ഹീനയെ വിദേശകാര്യ മന്ത്രിയാക്കിയത്‌. ഇത്‌ ചിലര്‍ക്കെങ്കിലും അസ്വസ്ഥത സൃഷ്ടിക്കാതിരുന്നില്ല. തഴക്കവും പഴക്കവുമുള്ളവര്‍ കൈകാര്യം ചെയ്യുന്ന വിദേശകാര്യവകുപ്പില്‍ ഒരു യുവതിക്ക്‌ പ്രശ്നങ്ങളെല്ലാം തരണം ചെയ്യാന്‍ കഴിയില്ലെന്നതായിരുന്നു എല്ലാവരുടെയും വിചാരം. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രശ്നസങ്കീര്‍ണമായ ഒരു വകുപ്പ്‌ തനിക്ക്‌ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന്‌ അവര്‍ തെളിയിച്ചിരിക്കുകയാണ്‌. അനുനയത്തിന്റെയും ചാതുര്യത്തിന്റെയും ഭാഷ തനിക്കറിയാമെന്ന്‌ ചുരുങ്ങിയ ദിവസങ്ങള്‍ക്കകം ഹിന തെളിയിച്ചുകൊടുത്തു.

രണ്ടു രാജ്യങ്ങളും തമ്മില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളും അസ്വസ്ഥതകളും ഏറെയാണ്‌. ഇതെല്ലാം ഒരുദിവസംകൊണ്ട്‌ ഇല്ലാതാകുമെന്ന മൗഢ്യമൊന്നും ആര്‍ക്കുമില്ല. പക്ഷെ, പ്രശ്നം നീട്ടിക്കൊണ്ടുപോകാതെ രമ്യമായി പരിഹരിക്കുവാനുള്ള തന്ത്രമാണ്‌ പ്രയോഗിക്കേണ്ടത്‌.

കാശ്മീര്‍ പ്രശ്നം, ഭീകരത, ഇരു രാജ്യങ്ങളിലെയും പൗരന്മാരുടെ മാനുഷിക പ്രശ്നങ്ങള്‍, വാണിജ്യ-സാമ്പത്തിക സഹകരണം എന്നിവയെല്ലാം ചര്‍ച്ചക്ക്‌ വന്നിരുന്നു. ഒന്നിലും തന്നെ കാര്യമായി മുട്ടിപ്പിരിയുന്ന ഒരു അവസ്ഥയും ഉണ്ടായില്ല. പക്ഷെ, ഇത്തരം ചര്‍ച്ചകള്‍ ഇതിനുമുമ്പും നടന്നിരുന്നുവെന്നത്‌ ഓര്‍ക്കേണ്ടതുണ്ട്‌. പിന്നെ എവിടെയാണ്‌ വഴി പിഴച്ചത്‌? ആരുടെ ഭാഗത്താണ്‌ തെറ്റുണ്ടായത്‌? യഥാര്‍ഥത്തില്‍ പ്രശ്നങ്ങള്‍ക്ക്‌ ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുണ്ടായില്ലേ എന്നതെല്ലാം ആലോചിക്കേണ്ടതുണ്ട്‌. ചര്‍ച്ചകള്‍ കൊണ്ട്‌ മാത്രം എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയില്ല.

ഇത്തവണ ഇരുകൂട്ടരം തുടക്കം മുതല്‍ തന്നെ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടിരുന്നുവെന്ന്‌ തോന്നുന്നു. അതിന്റെ പ്രതിഫലനമാണ്‌ ചര്‍ച്ചകള്‍ക്ക്‌ ശേഷം പ്രകടിപ്പിച്ചത്‌. സമാധാനം വീണ്ടെടുക്കുവാനുള്ള യത്നത്തിന്‌ രണ്ട്‌ മന്ത്രിമാരും പരിപൂര്‍ണ സഹകരണവും വാഗ്ദാനം ചെയ്തു. പരസ്പരവിശ്വാസം വീണ്ടെടുക്കാനും സഹകരണം ഊട്ടിയുറപ്പിക്കുവാനുമുള്ള നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഭീകരതയില്‍ ഏര്‍പ്പെടുന്നവരെ മുഖം നോക്കാതെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുമെന്നും അവരെ പൊതുശത്രുവായി പരിഗണിക്കുവാനുമുള്ള തീരുമാനവും ശുഭകരമാണ്‌. ഭീകരതയെ പ്രതിരോധിക്കുന്നതിന്‌ ഒരു സഹകരണ പരിപാടി ഉണ്ടാക്കുവാനും തീരുമാനമായിട്ടുണ്ട്‌. എന്നാല്‍ അതിസുരക്ഷാമേഖലകളില്‍പ്പോലും ഭീകരര്‍ പാക്കിസ്ഥാനില്‍ വിലസുന്നുണ്ടെന്ന കാര്യം അവര്‍ക്കറിയാത്തതല്ലല്ലോ. ബിന്‍ലാദന്‍ കൊല്ലപ്പെട്ടത്‌ ഇസ്ലാമാബാദിനടുത്തുള്ള പാക്ക്‌ പട്ടാളക്യാമ്പ്‌ സ്ഥിതിചെയ്യുന്ന അബോട്ടാബാദിലാണ്‌. ഭീകരര്‍ ഇവിടെ താവളമടിക്കുന്നത്‌ അവരുടെ അറിവോടുകൂടിയല്ല എന്ന്‌ പറയാനാകുമോ? ഭാരതത്തെ ശത്രുവായിക്കാണുന്ന പല ഭീകരസംഘടനകളും അവിടെ വിലസി നടക്കുകയുമാണ്‌. അവരെ നിലക്കുനിര്‍ത്താന്‍ പാക്കിസ്ഥാന്‌ ഇനിയും കഴിഞ്ഞിട്ടില്ല. അതിനാല്‍ ഭീകരതയെ കൂടുതല്‍ നിയന്ത്രണവിധേയമാക്കുവാനുള്ള ചുമതല പാക്കിസ്ഥാനുണ്ട്‌. ഇക്കാര്യത്തില്‍ ഭാരതം വളരെ ശക്തമായ നിലപാടാണ്‌ തുടക്കം മുതല്‍ തന്നെ കൈക്കൊണ്ടിട്ടുള്ളത്‌.

അതിര്‍ത്തി കടന്നുള്ള വാണിജ്യവിനിമയം ശക്തിപ്പെടുത്താനും യാത്രാസൗകര്യവും ടൂറിസവും മറ്റും ഉദാരമാക്കുവാനുമുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്‌. മാത്രമല്ല പാക്‌ അധീന കാശ്മീരിലും ജമ്മുകാശ്മീരിലുമുള്ള ജനങ്ങള്‍ക്ക്‌ ആറ്‌ മാസത്തിലൊരിക്കല്‍ സംസാരിക്കുവാനുള്ള സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്‌. ഇതും ആശാവഹമാണ്‌.

രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുതക്ക്‌ കുറവുണ്ടാക്കുവാനും സഹവര്‍ത്തിത്വം കൈവരിക്കുവാനും ഇപ്പോള്‍ നടത്തിയ ചര്‍ച്ചകളുടെ ഫലം വിലയിരുത്തുവാന്‍ അടുത്തവര്‍ഷം ആദ്യം വീണ്ടും സന്ധിക്കുവാനുമാണ്‌ ഇപ്പോള്‍ തീരുമാനമായിട്ടുള്ളത്‌. എന്നാല്‍ സെക്രട്ടറിതല ചര്‍ച്ചകള്‍ അതിനിടെ വീണ്ടും നടക്കും.

ഇരുരാജ്യങ്ങളിലും അശാന്തി ഉണ്ടാക്കുവാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്നുള്ളതും കാണാതിരുന്നുകൂടാ. അവരുടെ നിലനില്‍പിന്‌ അത്‌ അത്യാവശ്യമാണ്‌. ഇവരെ തിരിച്ചറിയാന്‍ രണ്ടുപേരും ശ്രദ്ധിക്കേണ്ടതുണ്ട്‌. എങ്കില്‍ മാത്രമെ ചര്‍ച്ചകളുടെ ഫലം ഉണ്ടാകൂ. അതിനാല്‍ ഇത്തവണത്തെ ചര്‍ച്ചകള്‍ വെറും ഒരു ചടങ്ങായി കാണരുത്‌. രണ്ടുരാജ്യങ്ങളും ഒറ്റക്കെട്ടായി മുന്നോട്ട്‌ നീങ്ങിയാല്‍ ഏഷ്യയിലെ കരുത്തുറ്റ ശക്തിയാകുമെന്നതില്‍ തര്‍ക്കമില്ല. അത്തരത്തില്‍ പ്രതിജ്ഞാബദ്ധമായ ഒരു തീരുമാനമെടുത്തിട്ടാണ്‌ ഇരുവരും പിരിഞ്ഞത്‌.

അധികാരത്തിലെത്തി ചുരുങ്ങിയ ദിവസങ്ങള്‍ക്കകം പക്വത കാട്ടിയ ഹിന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌, പ്രതിപക്ഷനേതാവ്‌ സുഷമസ്വരാജ്‌, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനി എന്നിവരെയെല്ലാം കണ്ട്‌ ചര്‍ച്ച നടത്തിയതും ആശാവഹമാണ്‌. രണ്ടു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പൂര്‍ണമായി പഠിച്ചാണ്‌ അവര്‍ ഭാരതത്തിലെത്തിയത്‌. പ്രശ്നങ്ങള്‍ പരിഹരിക്കുവാനുള്ള ആര്‍ജവം കൂടി അവര്‍ കാണിക്കുമെന്ന്‌ പ്രത്യാശിക്കാം. അങ്ങനെ വന്നാല്‍ മികച്ച വനിതാ മന്ത്രിയെന്ന പേരും അവര്‍ക്ക്‌ നേടിയെടുക്കാന്‍ കഴിയും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by