Categories: Vicharam

പാക്‌ ഭീകരരെ ശക്തമായി നേരിടണം

Published by

കരത പിതൃഘാതകനായി നാശം വാരിവിതറുമെന്ന സത്യം കൂടുതല്‍ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്‌. കുപ്രസിദ്ധ ഇസ്ലാമിക ഭീകരന്‍ ബിന്‍ലാദനെ വലയിലാക്കി വകവരുത്താന്‍ അമേരിക്കന്‍ പട്ടാളത്തെ സഹായിച്ചത്‌ സ്വന്തം ടീമില്‍പ്പെട്ട അനുയായിയായിരുന്നു! സിയോണ്‍-പലസ്തീന്‍ ഭീകര പ്രസ്ഥാനങ്ങളുടെ സ്ഥാപകരോ ആദ്യകാല നേതാക്കളില്‍ ചിലരോ തങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്നവരുടെ കൈകൊണ്ട്‌ കെണിയില്‍പ്പെട്ട്‌ ജീവന്‍ നഷ്ടപ്പെട്ട ചരിത്രമുള്ളവരാണ്‌. പഞ്ചാബില്‍ ഏതോ ഗുരുദ്വാരയുടെ മൂലയില്‍ ഒതുങ്ങി കഴിഞ്ഞ ഭിദ്രന്‍വാലയെ പുറത്തുകൊണ്ടുവന്ന്‌ നേതാവാക്കിയത്‌ കോണ്‍ഗ്രസായിരുന്നു. ജനസംഘം-അകാലിദള്‍ രാഷ്‌ട്രീയ മുന്നേറ്റത്തിന്‌ തടയിടാന്‍ ഇന്ദിരാ കോണ്‍ഗ്രസ്‌ പഞ്ചാബില്‍ കണ്ടെത്തിയ ഒറ്റമൂലിയായിരുന്നു പിന്നീട്‌ കൊടുംഭീകരനായി മാറിയ ഈ മതവെറിയന്‍. അവസാനം ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി അതേ വര്‍ഗീയ ഭ്രാന്തന്മാരുടെ വെടിയുണ്ടകള്‍ക്കിരയായി ജീവന്‍ ത്യജിക്കേണ്ടിവന്നു. എല്‍ടിടിഇയേയും വേലുപ്പിള്ള പ്രഭാകരനേയും സഹായിച്ച രാജീവ്ഗാന്ധിയെ സ്ഫോടനം നടത്തി കൊന്ന കുറ്റത്തിലെ പ്രതികളെല്ലാം എല്‍ടിടിഇക്കാര്‍ തന്നെയാണ്‌. തീ തുപ്പിയ വിപ്ലവകാരിയും സ്റ്റാലിനിസ്റ്റുമായിരുന്ന അഴീക്കോടനെ തൃശൂരില്‍ കുത്തിമലര്‍ത്തിയതും സിപിഎമ്മിന്റെ മുന്‍കാല പ്രവര്‍ത്തകരായിരുന്നു. പാക്കിസ്ഥാന്‍ എന്ന ഇസ്ലാമിക ഭീകര രാഷ്‌ട്രവും അവര്‍ പോറ്റിവളര്‍ത്തിയ ഭീകരരാല്‍തന്നെ തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.

പാക്കിസ്ഥാന്റെ രാഷ്‌ട്രപിതാവായ മുഹമ്മദലി ജിന്നയും രാഷ്‌ട്രത്തിന്റെ ആധുനിക ശില്‍പ്പിയെന്നറിയപ്പെടുന്ന സുള്‍ഫിക്കര്‍ അലി ഭൂട്ടോയും മകള്‍ പ്രധാനമന്ത്രിയായിത്തീര്‍ന്ന ബേനസീര്‍ ഭൂട്ടോയും പാക്‌ മതനേതൃത്വത്തില്‍ ‘ഹറാമുകളായി’ പ്രഖ്യാപിക്കപ്പെട്ട്‌ വേട്ടയാടപ്പെട്ടുവെന്ന സത്യം ബേനസീറിന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. മതനേതൃത്വങ്ങളുടെ അസഹിഷ്ണുതയും അസഹനീയമായിരുന്നു എന്നവര്‍ തുറന്നു പറയുന്നുണ്ട്‌. ഇസ്ലാമിക ശരിയത്ത്‌ കാലാനുസൃതമായ മാറ്റത്തിന്‌ വിധേയമാക്കണമെന്ന്‌ ആവശ്യപ്പെട്ട ബേനസീര്‍ ഇസ്ലാമിക ആത്മീയതയെ ഇസ്ലാമിക രാഷ്‌ട്രീയം തട്ടിയെടുത്തതാണ്‌ ലോക മുസ്ലീങ്ങള്‍ നേരിടുന്ന ഗുരുതര പ്രശ്നമെന്നും പ്രസ്തുത ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

പാക്‌ മിലിട്ടറി സര്‍വീസില്‍ ഓഫീസറായിരുന്ന സിയാവുള്‍ ഹഖിനെ പലരുടെയും സീനിയോറിറ്റി മറികടന്ന്‌ സൈനിക തലവനാക്കിയത്‌ സുള്‍ഫിക്കര്‍ അലി ഭൂട്ടോയായിരുന്നു. എന്നാല്‍ 1977 ജൂലൈയില്‍ ജനറല്‍ സിയാ സൈനിക അട്ടിമറിവഴി ഭൂട്ടോയെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചെടുക്കുകയാണുണ്ടായത്‌. തുടര്‍ന്ന്‌ രണ്ടുകൊല്ലത്തിനുള്ളില്‍ തന്റെ തലതൊട്ടപ്പനായ ഭൂട്ടോയെ ജനറല്‍ ഹഖ്‌ റാവല്‍പിണ്ടി ജയിലില്‍വച്ച്‌ തൂക്കിലേറ്റുകയും ചെയ്തു. പിന്നീട്‌ ഭൂട്ടോയുടെ മകന്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ബേനസീറായിരുന്നു കൊലയ്‌ക്ക്‌ പിന്നിലെന്ന്‌ ആരോപിക്കപ്പെട്ടിട്ടുണ്ട്‌. ഒടുവിലായി ബേനസീര്‍ ഭൂട്ടോയും ഭീകരരുടെ കൊലക്കളത്തില്‍ കത്തിത്തീര്‍ന്നു! വാളെടുത്തവന്‍ വാളാലെയെന്ന സത്യം പാക്കിസ്ഥാന്റെ കാര്യത്തിലെന്നും വലിയ ശരിയാണ്‌.

കഴിഞ്ഞദിവസം ഹൈദരാബാദ്‌ ഹൗസില്‍ നടന്ന ഇന്ത്യ-പാക്‌ വിദേശകാര്യമന്ത്രിതല ചര്‍ച്ചയും പ്രഖ്യാപനങ്ങളും പുറംലോകം അറിഞ്ഞുകഴിഞ്ഞു. ഒറ്റനോട്ടത്തില്‍ ചര്‍ച്ചയുടെ ഫലങ്ങള്‍ സ്വാഗതാര്‍ഹമെന്ന്‌ തോന്നാമെങ്കിലും അതങ്ങനെ ആയിക്കൊള്ളണമെന്നില്ല. ഇത്തരം ഉദ്യമങ്ങള്‍ക്ക്‌ പിന്നില്‍ പതിയിരിക്കുന്ന അപകടംകൂടി കണ്ടേ മതിയാകൂ. അനുഭവത്തില്‍നിന്നും പാഠമുള്‍ക്കൊണ്ട്‌ പതിയിരിക്കുന്ന അപകടങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഇന്ത്യക്ക്‌ കഴിയേണ്ടതുണ്ട്‌.

ഭീകരവിരുദ്ധ ചര്‍ച്ചയില്‍ സന്തുഷ്ടരായിട്ടാണ്‌ ഇരു മന്ത്രിമാരും പിരിഞ്ഞതെന്ന്‌ വാര്‍ത്തകളില്‍ കാണുന്നു. നിയന്ത്രണരേഖ കടന്നുള്ള വ്യാപാരം സുഗമമായി നടത്തുമെന്ന്‌ വിദേശകാര്യമന്ത്രി കൃഷ്ണയും പാക്‌ മന്ത്രി ഹിന റബ്ബാനിയും ഒരേ സ്വരത്തില്‍ പറഞ്ഞിരിക്കയാണ്‌. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്‌ തുടങ്ങി നിരവധിപേരെ റബ്ബാനി സന്ദര്‍ശിച്ചിരുന്നു. ഹുറിയത്ത്‌ നേതാക്കളെ കണ്ട്‌ കുശലം പറയാനും യുവതിയായ പാക്‌ മന്ത്രി മറന്നില്ലായിരുന്നു.

ഒരു കേവല ചടങ്ങ്‌ എന്നതിനപ്പുറം ഗൗരവപൂര്‍വം വീക്ഷിക്കാന്‍ ഒന്നുമുണ്ടായില്ല എന്നതായിരുന്നു ചര്‍ച്ചയുടെ പോരായ്മ. പാക്കിസ്ഥാനിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കാണുന്ന ആര്‍ക്കും പാക്കിസ്ഥാന്‍ സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കാനാവില്ല. ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്‌ എന്നതിനേക്കാള്‍ ലോക ഇസ്ലാമിക ഭീകരതയുടെ ആ സ്ഥാനമെന്ന്‌ പാക്കിസ്ഥാനെ വിളിക്കുന്നതായിരിക്കും ഉചിതം. ഇപ്പോള്‍ താലിബാന്റെയും അവരുടെ അംഗുലി ചലനങ്ങള്‍ക്കനുസരിച്ച്‌ ചലിക്കുന്ന ഗോത്രത്തലവന്മാരുടെയും അധീനതയിലാണ്‌ മൂന്നില്‍ രണ്ടുഭാഗം പാക്കിസ്ഥാനുള്ളത്‌. പാക്കിസ്ഥാന്റെ വരുതിയിലല്ല ഭൂരിപക്ഷം പ്രദേശങ്ങളുമുള്ളത്‌ എന്ന വസ്തുത നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്‌. ആണവ ശക്തിയായ അയല്‍പക്ക ശത്രുരാഷ്‌ട്രം താലിബാന്‍ സ്വാധീനത്തിലേക്ക്‌ ഓടിനീങ്ങുന്നുവെന്ന അപകടം ഇന്ത്യ ആഴത്തില്‍ അടുത്തറിയേണ്ടതുണ്ട്‌. ഇന്ത്യ നേരിടുന്ന ഭീകര സംഭവ കെടുതികളുടെ ഉറവിടം പാക്കിസ്ഥാനാണെന്നത്‌ മനസ്സിലാക്കി ‘ശംനോടു ശാഠ്യം’ എന്ന നിലപാട്‌ നാം സ്വീകരിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയെ ശിഥിലമാക്കാനുള്ള പാക്‌ ഐഎസ്‌ഐ തന്ത്രങ്ങള്‍ക്ക്‌ മൂന്ന്‌ വ്യാഴവട്ടക്കാലത്തിലധികം പഴക്കമുണ്ട്‌. ബ്രിട്ടീഷ്‌ മേജര്‍ ജനറലായിരുന്ന കത്രോണ്‍ തുടക്കം കുറിച്ച ഇന്റര്‍ സര്‍വീസ്‌ ഇന്റലിജന്‍സ്‌ 1949 ല്‍ തുടങ്ങിയെങ്കിലും 1950ലാണ്‌ യഥാര്‍ത്ഥ പ്രവര്‍ത്തനം ആരംഭിച്ചത്‌. ജനറല്‍ അയൂബ്ഖാന്റെ കാലത്ത്‌ ഐഎസ്െ‍എ ശക്തിപ്പെട്ടു. പക്ഷേ ഭൂട്ടോയുടെ കാലത്ത്‌ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ജനറല്‍ സിയാവുള്‍ ഹഖ്‌ ഭരണമേറ്റതോടെ ഈ രഹസ്യ ഏജന്‍സി പ്രധാന അധികാരകേന്ദ്രമായി മാറുകയായിരുന്നു.

സിയാവുള്‍ ഹഖിന്റെ കീഴില്‍ ഐഎസ്‌ഐ ആവിഷ്ക്കരിച്ച കെ.രണ്ട്‌ പദ്ധതി വിഷം വമിപ്പിക്കുന്ന ഇന്ത്യാ വിരുദ്ധത ഉള്‍ക്കൊള്ളുന്നതായിരുന്നു. കാലിസ്ഥാന്‍, കാശ്മീര്‍ ഭീകരതകൊണ്ട്‌ ഇന്ത്യയെ തകര്‍ക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. പാക്കിസ്ഥാനിലെ തലതിരിഞ്ഞ മുസ്ലീം മതനേതാക്കളില്‍ പലരും ഇന്ത്യയെ തകര്‍ക്കല്‍ പദ്ധതിക്ക്‌ പിന്തുണ നല്‍കുകയായിരുന്നു. കനത്ത വില നല്‍കേണ്ടി വന്നുവെങ്കിലും ‘ഖാലിസ്ഥാന്‍ ഭീകര സംരംഭങ്ങളെ തകര്‍ത്ത്‌ തരിപ്പണമാക്കാന്‍ ഇന്ത്യക്ക്‌ കഴിഞ്ഞു. എന്നാല്‍ കാശ്മീര്‍ കാര്യത്തില്‍ അത്തരമൊരു നേട്ടം അവകാശപ്പെടാനാവില്ല. വോട്ടുബാങ്ക്‌ പ്രീണന രാഷ്‌ട്രീയം കയ്യാളുന്ന കപട മതേതരക്കാരുടെ കെടുകാര്യസ്ഥതയും കാഴ്ചപ്പാടില്ലായ്മയുമാണ്‌ കാശ്മീര്‍ പ്രശ്നത്തെ ഗുരുതരമാക്കിയ ഒരു ഘടകം. ഇസ്ലാമിക മതവര്‍ഗീയ സ്വാംശീകരണം മസ്തിഷ്ക്ക പ്രക്ഷാളനം ചെയ്ത ജനതതിയുടെ സാന്നിദ്ധ്യവും ശക്തിയുമാണ്‌ മറ്റൊരു പ്രശ്നം. കോണ്‍ഗ്രസ്‌ ബന്ധമുള്ള ഭരണകൂടങ്ങളുടെ ഇച്ഛാശക്തിയില്ലായ്മ കാശ്മീരിനെ വല്ലായ്മയില്‍ കൊണ്ടെത്തിക്കുന്നുമുണ്ട്‌. പാക്കിസ്ഥാന്റെ പിന്‍ബലമില്ലെങ്കില്‍ കാശ്മീര്‍ ഭീകരര്‍ക്ക്‌ അധികസമയം പിടിച്ചുനില്‍ക്കാനാവില്ല.

കാശ്മീരില്‍ പോരാടുന്ന ഭീകരന്മാര്‍ ഉപയോഗിക്കുന്ന ആധുനിക കമ്മ്യൂണിക്കേഷന്‍ സംവിധാനവും അത്യാധുനിക ആയുധങ്ങളുമൊക്കെ പാക്കിസ്ഥാന്‍ വിതരണം ചെയ്യുന്നവയാണ്‌. ഭീകരരുടെ സാമ്പത്തിക സ്രോതസ്‌ ഐഎസ്‌ഐയും ഇസ്ലാമിക പ്രസ്ഥാനങ്ങളുമാണ്‌. പാക്കിസ്ഥാനാണ്‌ ഇവര്‍ക്ക്‌ പരിശീലനം നല്‍കുന്നത്‌. ഇതെല്ലാമായിട്ടും ഈ അപ്രഖ്യാപിത യുദ്ധത്തെ ചുണയോടെ നേരിടാനും ചുട്ട മറുപടി നല്‍കാനും നമുക്ക്‌ വേണ്ടപോലെ ആകുന്നില്ല.

അന്ധമായ ഇന്ത്യാ വിരുദ്ധ വികാരമാണ്‌ പാക്കിസ്ഥാനില്‍ മാറിമാറിവരുന്ന ഭരണകൂടങ്ങളുടെ കൈമുതല്‍. ഐഎസ്‌ഐ വരയ്‌ക്കുന്ന വരയ്‌ക്കപ്പുറം കടക്കാനാവാത്തവിധം പാക്‌ ഭരണകൂടം ബന്ധിക്കപ്പെട്ടിരിക്കുന്നു. അവിടുത്തെ മുസ്ലീം പണ്ഡിത സമൂഹം വിനാശമുഖമുള്ളവരും ദൈവത്തേക്കാള്‍ ചെകുത്താനോടൊപ്പം നടക്കുന്ന ശീലമുള്ളവരുമാണ്‌. അവരുടെ അജണ്ട ഇന്ത്യയെ തകര്‍ക്കുക എന്നുള്ളതാണ്‌.

രാജ്യത്തിനകത്ത്‌ ഒരു ശത്രുരാജ്യം നടത്തുന്ന നിശബ്ദ യുദ്ധത്തെ നേരിടാന്‍ സൈനിക-അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക്‌ മാത്രമായി കഴിയില്ല. ജനമനസ്സുകളെ ഭീകരര്‍ക്കെതിരെ അണിനിരത്താനാവണം. അത്യാധുനിക വാര്‍ത്താവിനിമയ ബന്ധങ്ങളും ആയുധങ്ങളും ഉപയോഗിക്കണം. കര്‍ശനമായ ഭീകരവിരുദ്ധ നിയമങ്ങള്‍ നടപ്പില്‍ വരുത്തണം. മനുഷ്യാവകാശങ്ങളുടെ ലേബലില്‍ അരങ്ങേറുന്ന രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അറുതി വരുത്തണം. ഇതിനെല്ലാമുപരി പ്രശ്നങ്ങളെ നേരിടാനുള്ള ആര്‍ജ്ജവവും ഇച്ഛാശക്തിയും ഭരണകൂടത്തിനുണ്ടാവണം. യുപിഎയുടെ കീഴില്‍ ഇതൊന്നുമില്ലാത്തതുകൊണ്ടാണ്‌ ഭീകരര്‍ക്ക്‌ യഥേഷ്ടം മേയാവുന്ന പുറമ്പോക്കായി നമ്മുടെ നഗരങ്ങള്‍ മാറുന്നത്‌. മന്‍മോഹന്‍സിംഗ്‌ ഭരണത്തിന്‍കീഴില്‍ ഭീകരവിരുദ്ധ നടപടികളുടെ ഗ്രാഫ്‌ മേലോട്ടല്ല മറിച്ച്‌ താഴോട്ടാണ്‌ പോയിക്കൊണ്ടിരിക്കുന്നത്‌.

അന്താരാഷ്‌ട്ര ഇസ്ലാമിക തീവ്രവാദത്തിന്‌ ഭ്രാന്തമായ ലക്ഷ്യങ്ങളാണുള്ളത്‌. ലോകത്തെമ്പാടുമുള്ള ഇസ്ലാമിക പ്രദേശങ്ങള്‍ ദേശീയതയും അതിരുകളും തട്ടിമാറ്റി ഏക ഭരണത്തിന്‍കീഴില്‍ കൊണ്ടുവരണമെന്നവര്‍ ലക്ഷ്യമിടുന്നു. ലഷ്കറെ തൊയ്ബ, അല്‍ഖ്വയ്ദ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ അടിസ്ഥാന പ്രമാണമിതാണ്‌. ഇതിനായി ജനങ്ങളുടെ ആധിപത്യമല്ല മറിച്ച്‌ ദൈവത്തിന്റെ ആധിപത്യമുള്ള ഭരണമുണ്ടാകണമെന്ന്‌ അവര്‍ നിഷ്കര്‍ഷിക്കുന്നു. ഈ ലക്ഷ്യത്തിനായി ഇല്ലാതാക്കേണ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുന്നു. രാഷ്‌ട്രം മതത്തിനും രാഷ്‌ട്രീയത്തിനും അതീതമായി നിലകൊള്ളണമെന്ന ചിന്ത ജനങ്ങളില്‍ സന്നിവേശിപ്പിക്കണം. പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകളില്‍ ഈ പശ്ചാത്തലപഠനം അനിവാര്യമാണ്‌.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by