Categories: Samskriti

വാര്‍ദ്ധക്യം : വീണ്ടും ഒരു ബാല്യം

Published by

ഇത്‌ മനോഹരമായ ഒരു വിശ്രാന്തിയാണ്‌. ഔന്നത്യത്തിലെത്തിയതിന്റെ ആഹ്ലാദമാണ്‌. അനുഭവങ്ങളാല്‍ സമ്പന്നമായതിന്റെ പക്വതയാണ്‌. പിന്നാലെ വരുന്നവര്‍ക്ക്‌ കടന്നുപോകാനുള്ള ശരിയായ ദിശാസൂചികയാണ്‌. എന്നാല്‍ ഇന്ന്‌ വാര്‍ദ്ധക്യം ഇതൊക്കെയാണോ…? അത്‌ പരാതികളും പരിദേവനങ്ങളുംകൊണ്ട്‌ നിറഞ്ഞിരിക്കുന്നു. ഒറ്റപ്പെടലും ഏകാന്തതയുംകൊണ്ട്‌ അസഹ്യമായിരിക്കുന്നു. മരണം ആഗതമായിരിക്കുന്നു എന്ന തോന്നലില്‍ ഭീതിനിറഞ്ഞതായിരിക്കുന്നു. എന്തുകൊണ്ടാണ്‌ വാര്‍ദ്ധക്യം ഇത്രയേറെ അസംതൃപ്തവും ഭീതിജനകവുമായി മാറുന്നത്‌ ?

വാര്‍ദ്ധക്യത്തിലേക്കെത്തുന്നതിനുമുമ്പ്‌ കടന്നുപോന്ന ഓരോ ജീവിത നിമിഷങ്ങളിലും നിങ്ങള്‍ക്ക്‌ തൃപ്തിയുടെയും സന്തോഷത്തിന്റെയും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ ? ഉണ്ട്‌ എന്നാണുത്തരമെങ്കില്‍ നിങ്ങള്‍ക്ക്‌ വാര്‍ദ്ധക്യത്തിലും അതനുഭവിക്കാന്‍ കഴിയും. പലപ്പോഴും ഉത്തരം അതാവാന്‍ വഴിയില്ല. കാരണം ഇന്നത്തെ സാഹചര്യത്തില്‍ ഒരു വ്യക്തിക്ക്‌ തന്റെ ജീവിതത്തെ സ്വയം നിര്‍ണ്ണയിച്ചുകൊണ്ട്‌ സ്വതന്ത്രനായി ജീവിച്ച്‌ സംതൃപ്തിയടയുക എന്നത്‌ അത്യന്തം ദുഷ്ക്കരമായി ത്തീര്‍ന്നിരിക്കുന്നു. മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടി, കുടുംബത്തിനും സമുദായത്തിനും വേണ്ടി, മതത്തിനും രാഷ്‌ട്രീയത്തിനുംവേണ്ടി നിങ്ങള്‍ നിങ്ങളുടെ ഓരോ വിലപ്പെട്ട നിമിഷങ്ങളും പാഴാക്കുന്നു. ഒരു നിമിഷം പോലും നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നില്ല. ഈ നഷ്ടബോധം – അതിന്റെ അനുരണനങ്ങള്‍ – അതാണ്‌ നിങ്ങളെ വാര്‍ദ്ധക്യത്തില്‍ വേട്ടയാടുന്നത്‌. ശിശുവായിരിക്കുമ്പോള്‍ മുതല്‍ നിങ്ങള്‍ ഒത്തുതീര്‍പ്പുകള്‍ക്ക്‌ വിധേയമാവുകയാണ്‌. നിങ്ങള്‍ക്ക്‌ പങ്കില്ലാത്ത, നിങ്ങളുടെ ആത്മാവിന്റെ ആവിഷ്ക്കാര സാദ്ധ്യതയെ കണക്കിലെടുക്കാത്ത രൂപപ്പെടലുകള്‍ക്ക്‌ വിധേയമാവുകയാണ്‌.

ചിത്രകാരനാവേണ്ട നിങ്ങള്‍ ഡോക്ടറാകുന്നു. കാര്‍ഷികവൈദഗ്‌ദ്ധ്യമുണ്ടായിരുന്ന നിങ്ങള്‍ ബാങ്ക്‌ മാനേജരാകുന്നു. സംഗീതജ്ഞനാവേണ്ടിയിരുന്ന നിങ്ങള്‍ കച്ചവടക്കാരനാകുന്നു. ഇതൊന്നും നിങ്ങള്‍ തിരഞ്ഞെടുത്ത വഴികളായിരുന്നില്ല. നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടിവന്നതാണ്‌. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ നിങ്ങളായിരിക്കുകയാണ്‌ വേണ്ടത്‌. നിങ്ങള്‍ക്ക്‌ നിങ്ങളുടെ യഥാര്‍ത്ഥ സത്തയെന്താണോ അതില്‍ ജീവിക്കുവാന്‍ കഴിയണം. എന്നാലിന്ന്‌ നമ്മള്‍ ഭയപ്പെടുന്നു. മാതാപിതാക്കളെ, മതമേധാവികളെ, രാഷ്‌ട്രീയ നേതൃത്വത്തെ. സര്‍വ്വോപരി സ്വന്തം ആത്മാവിനെപ്പോലും. അവിടെ നമുക്ക്‌ നമ്മുടെ ആദ്യചുവടുതന്നെ പിഴയ്‌ക്കുന്നു. ശരിയായ ട്രാക്കില്‍നിന്നും നമ്മുടെ ജീവിതം വഴുതിമാറുന്നു. അത്‌ നമ്മെ ഒട്ടേറെ കുഴപ്പങ്ങളിലേക്ക്‌, പൊരുത്തപ്പെടാനാവാത്ത ഒട്ടേറെ സാഹചര്യങ്ങളിലേക്ക്‌ എത്തിക്കുന്നു. ഇതിലൂടെ സംജാതമാകുന്ന ആന്തരിക സംഘര്‍ഷങ്ങളിലൂടെ മൂപ്പെത്തുംമുമ്പേ നിങ്ങള്‍ പഴുക്കുവാനാരംഭിക്കുന്നു. മൂക്കാത്ത പഴങ്ങള്‍ക്ക്‌ ഒരിക്കലും മനോഹരമായ നിറവും മാധുര്യമേറിയ രുചിയുമുണ്ടാവില്ല. അതുകൊണ്ട്‌ ഒരിക്കലും തല്ലിപ്പഴുപ്പിച്ച പഴങ്ങളായി നാം മാറാതിരുന്നാല്‍ വാര്‍ദ്ധക്യത്തിന്റെ മൂപ്പെത്തുമ്പോള്‍ നമുക്ക്‌ മനോഹാരിതയും മനഃശാന്തിയും ഏറുമെന്നതില്‍ സംശയമില്ല. കടന്നുപോന്ന വഴികളില്‍ നമുക്ക്‌ സംതൃപ്തി നേടാനാവുമായിരുന്നെങ്കില്‍ നിശ്ചയമായും പ്രായമേറുന്തോറും നമുക്ക്‌ അതേ തൃപ്തിയില്‍ പുലരാനാവും.

എത്ര ദാരിദ്ര്യത്തിലും, എത്ര ദുരിതത്തിലും നമുക്ക്‌ ചുറ്റുപാടുകളില്‍ നിന്നും നന്മയുടെയും സ്നേഹത്തിന്റെയും നനുത്ത ഉറവുകളെ കണ്ടെത്താനായാല്‍ ആഹ്ലാദത്തിന്റെ കുഞ്ഞലകളെ സൃഷ്ടിക്കുവാനായാല്‍, സംഗീതത്തിന്റെ നേര്‍ത്ത ധാരകളെ സ്വീകരിക്കുവാനായാല്‍ വാര്‍ദ്ധക്യത്തിലും നാം നിറവുള്ളവരായി മാറും. ജീവിതത്തെ അതിന്റെ സത്തയിലും സൗന്ദര്യത്തിലും അനുഭവിച്ചുതീര്‍ക്കുവാന്‍ കഴിയുന്ന ഏതൊരാള്‍ക്കും മരണത്തേയും സൗമ്യമായി സമീപിക്കുവാനാകും.

വിശ്വസാഹിത്യകാരനായ രവീന്ദ്രനാഥടാഗോറിന്റെ അന്ത്യനാളുകള്‍. മരണാസന്നനായി കിടക്കുന്ന അദ്ദേഹത്തിന്റെ അടുക്കല്‍ ഒരു ബന്ധു എത്തിച്ചേര്‍ന്നു. അന്നൊരു നിലാവുള്ള രാത്രിയായിരുന്നു. പ്രകൃതിയാകെ ചന്ദ്രിക ഒഴുകി പരന്നിരുന്നു. ശയ്യാവലംബിയായിരുന്ന ടാഗോറിന്റെ അടുത്തിരുന്നുകൊണ്ട്‌ അദ്ദേഹത്തിന്റെ ബന്ധു ആശ്വാസവാക്കുകള്‍ മൊഴിയാന്‍ ആരംഭിച്ചു.”താങ്കള്‍ ഒട്ടും ഭയപ്പെടേണ്ടതില്ല. കണ്ണടച്ച്‌ ഈശ്വരനോട്‌ പ്രാര്‍ത്ഥിക്കൂ. അദ്ദേഹം താങ്കളുടെ പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കില്ല. എത്രയും വേഗം എന്നെ ഈ കഷ്ടതകളില്‍നിന്നും മോചിപ്പിക്കണമെന്ന്‌ കേണപേക്ഷിക്കൂ.” ആഗതനായ ബന്ധുവിന്റെ ആശ്വാസവാക്കുകള്‍ നീണ്ടുപോകവേ അല്‍പം നീരസത്തോടെ ടാഗോര്‍ മൊഴിഞ്ഞു. “ക്ഷമിക്കണം. താങ്കളുടെ ചിലമ്പല്‍ നിര്‍ത്തുക. ഞാനീ പ്രകൃതിയുടെ മുഗ്‌ദ്ധസൗന്ദര്യത്തെ നുകരുന്നതില്‍നിന്നും എന്നെ തടയാതിരിക്കൂ. എന്റെ മനോഹരമായ കാഴ്ചയ്‌ക്കും അനുഭൂതിദായകമായ ഈ നിശബ്ദതയ്‌ക്കും വിഘ്നംവരുത്താതെ ദയവായി വായടയ്‌ക്കൂ.”അവിടെയാണ്‌ മരണത്തിലും ജീവിതത്തിന്റെ സൗന്ദര്യത്തെ ദര്‍ശിക്കുവാന്‍ കഴിയുന്ന മാനസികാവസ്ഥയെ നാം കണ്ടുമുട്ടുന്നത്‌. ബാല്യം നിങ്ങള്‍ക്ക്‌ വിസ്മയകരമായ ലോകം പ്രദാനംചെയ്യുന്നു. യൗവ്വനം നിങ്ങള്‍ക്ക്‌ സ്വപ്നങ്ങളും നിറങ്ങളും തരുന്നു. വാര്‍ദ്ധക്യമാകട്ടെ വിവേകവും അനുഭവവും തരുന്നു. ഇവിടെ നിങ്ങള്‍ നിറഞ്ഞ മനസ്സോടെ നിര്‍മ്മലഭാവത്തോടെ കഴിഞ്ഞുപോയ ദിനങ്ങളോട്‌ നന്ദിപ്രകാശിപ്പിക്കുകയും, വരാനിരിക്കുന്ന നിമിഷങ്ങള്‍ക്ക്‌ സ്വാഗത മരുളുകയും ചെയ്യുക. ‘

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by