Categories: Kannur

നഗരത്തെ പ്രകമ്പനം കൊള്ളിച്ച്‌ എബിവിപി അഴിമതി വിരുദ്ധ റാലി നടത്തി

Published by

എബിവിപി ജില്ലാ ഘടകം കണ്ണൂരില്‍ നടത്തിയ വിദ്യാര്‍ത്ഥി റാലി

കണ്ണൂറ്‍: അഴിമതിക്കെതിരെ യുവശക്തി എന്ന മുദ്രാവാക്യമുയര്‍ത്തി എബിവിപി ജില്ലാ ഘടകം കണ്ണൂരില്‍ നടത്തിയ വിദ്യാര്‍ത്ഥി റാലി നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. അഴിമതി നിയന്ത്രിക്കാന്‍ ശക്തമായ നിയമനിര്‍മ്മാണം നടത്തുക, അഴിമതിക്കാരായ മന്ത്രിമാരെ പുറത്താക്കുക, 400 ലക്ഷം കോടിയിലേറെയുള്ള വിദേശ ബാങ്കുകളിലെ കള്ളപ്പണം പിടിച്ചെടുത്ത്‌ രാജ്യത്തേക്ക്‌ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട്‌ നടത്തിയ റാലിയില്‍ നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. സ്വാതന്ത്യ്രസമരത്തിണ്റ്റെ ദീപ്ത സ്മരണകളിരമ്പുന്ന കോട്ടമൈതാനത്തിനടുത്ത വിളക്കുംതറയില്‍ നിന്നാരംഭിച്ച റാലി ബാങ്ക്‌ റോഡ്‌, സ്റ്റേഷന്‍ റോഡ്‌, അണ്ടര്‍ ബ്രിഡ്ജ്‌, സ്റ്റേഡിയം, കാല്‍ടെക്സ്‌ വഴി നഗരം ചുറ്റി പഴയ ബസ്സ്റ്റാണ്റ്റില്‍ സമാപിച്ചു. പ്രകടനത്തിന്‌ ജില്ലാ കണ്‍വീനര്‍ കെ.രഞ്ജിത്ത്‌, ജോ.കണ്‍വീനര്‍ കെ.വി.ജിതേഷ്‌, സംസ്ഥാന സമിതി അംഗങ്ങളായ ആര്‍.മണികണ്ഠന്‍, സി.അനുജിത്ത്‌, എന്‍.പ്രേംദീപ്‌, വിജേഷ്‌ പാനൂറ്‍, കെ.എസ്‌.ജിഷ്ണു, അമല്‍കുമാര്‍, അനൂപ്‌, കെ.വി.സനീഷ്‌, മിഥുന്‍ലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ ബസ്സ്റ്റാണ്റ്റ്‌ പരിസരത്ത്‌ നടന്ന പൊതുസമ്മേളനം ദേശീയസമിതി അംഗം ജിതിന്‍ രഘുനാഥ്‌ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഭരണസിരാകേന്ദ്രങ്ങള്‍ അഴിമതിയുടെ കേന്ദ്രങ്ങളായി മാറുമ്പോള്‍ യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കയ്യുംകെട്ടി നോക്കിയിരിക്കാനാവില്ലെന്ന്‌ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്‌ ജിതിന്‍ രഘുനാഥ്‌ പറഞ്ഞു. 1975 കാലഘട്ടത്തില്‍ അഴിമതിക്കെതിരെ ജയപ്രകാശ്‌ നാരായണണ്റ്റെ നേതൃത്വത്തിലാരംഭിച്ച സമ്പൂര്‍ണ വിപ്ളവ പ്രസ്ഥാനം പുനരാരംഭിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അഴിമതിക്കാരെ അവരുടെ ആസ്ഥാനങ്ങളില്‍ ചെന്ന്‌ ചെരുപ്പുമാലയണിയിച്ച്‌ തെരുവീഥികളിലൂടെ നടത്തി പരസ്യവിചാരണ ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്നും എബിവിപി അത്തരം പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കുമെന്നും ജിതിന്‍ രഘുനാഥ്‌ പറഞ്ഞു. കെ.രഞ്ജിത്ത്‌ അദ്ധ്യക്ഷത വഹിച്ചു. വിഭാഗ്‌ കണ്‍വീനര്‍ എ.രജിലേഷ്‌, കെ.വി.ജിതേഷ്‌ എന്നിവര്‍ പ്രസംഗിച്ചു. ആര്‍.മണികണ്ഠന്‍ സ്വാഗതവും അനൂപ്‌ നന്ദിയും പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by