Categories: Kasargod

മാലിന്യ പ്രശ്നം: കാഞ്ഞങ്ങാട്‌ നഗരസഭയില്‍ വീണ്ടും വിവാദം

Published by

കാഞ്ഞങ്ങാട്‌: ചെമ്മട്ടം വയല്‍ ട്രഞ്ചിംഗ്‌ ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന നടപടിയുമായി ബന്ധപ്പെട്ട്‌ ഗുരുതരമായ കൃത്യ വിലോപം കാട്ടിയെന്നാരോപിച്ച്‌ നഗരസഭ സെക്രട്ടറി സുരേന്ദ്രന്‌ നഗരസഭ ചെയര്‍പേഴ്സണ്‍ ഹസീനാതാജുദ്ദീന്‍ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കി. നഗരത്തെ ആകെ ദുര്‍ഗന്ധപൂരിതമാക്കിയ മാലിന്യ പ്രശ്നം സെക്രട്ടറി ഗൗരവത്തോടെ കൈകാര്യം ചെയ്യാത്തതാണ്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കാന്‍ ഇടയാക്കിയത്‌. ചെമ്മട്ടം വയലില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതിനെതിരെ ജനരോഷം ഉയര്‍ന്നുവരികയും ബിജെപി പ്രക്ഷോഭം തുടങ്ങുകയും ചെയ്തതോടെ മാലിന്യങ്ങള്‍ ട്രഞ്ചിംഗ്‌ ഗ്രൗണ്ടില്‍ നിക്ഷേപിക്കുന്നത്‌ ദിവസങ്ങളോളം തടസപ്പെട്ടിരുന്നു. മാലിന്യങ്ങള്‍ ടൗണിലെ റോഡരികില്‍ കുമിഞ്ഞു കൂടിയതോടെ നഗരം ദുര്‍ഗന്ധ പൂരിതമായി. പ്രശ്നം ഗൗരവതലത്തിലെത്തിയതോടെ നഗരസഭ ചെയര്‍പേഴ്സണ്‍ സര്‍വകക്ഷി യോഗം വിളിച്ച്‌ മാലിന്യങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യുന്നതിനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. ഇതനുസരിച്ച്‌ ടെണ്ടര്‍ ക്ഷണിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ കൊളവയലിലെ കെ.ബി.കരീം കരാര്‍ ഏറ്റെടുക്കാന്‍ രംഗത്തുവന്നെങ്കിലും ടെണ്ടര്‍ തുക കൂടിപ്പോയെന്ന്‌ ചൂണ്ടിക്കാട്ടി മുസ്ളീംലീഗിലെ ചിലര്‍ ഇതിനെ എതിര്‍ക്കുകയും റിടെണ്ടര്‍ വേണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്തു. ഒടുവില്‍ പാളയത്തില്‍ പട രൂപപ്പെട്ടതോടെ റീടെണ്ടര്‍ നടപടികള്‍ നടത്താന്‍ ഭരണസമിതി തീരുമാനിച്ചു. മുസ്ളീം യൂത്ത്‌ ലീഗ്‌ മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന കെ.കെ.ബദറുദ്ദീന്‍ 15 ലക്ഷം രൂപയ്‌ക്ക്‌ ടെണ്ടര്‍ ഏറ്റെടുക്കുകയും നഗരസഭയുമായി കരാറില്‍ ഒപ്പിടുകയും ചെയ്തു. ഒരു മാസത്തിനുള്ളില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നായിരുന്ന ധാരണ. എഗ്രിമെണ്റ്റ്‌ കാലാവധി പൂര്‍ത്തിയായെങ്കിലും ചെമ്മട്ടംവയല്‍ ട്രഞ്ചിംഗ്‌ ഗ്രൗണ്ടില്‍ മാലിന്യങ്ങള്‍ അതേപടി കുമിഞ്ഞു കൂടിയിരിക്കുകയാണ്‌. എഗ്രിമെണ്റ്റില്‍ ഒപ്പിട്ടെങ്കിലും മൂന്നാഴ്ച കഴിഞ്ഞാണ്‌ നഗരസഭ സെക്രട്ടറി കരാറുകാരന്‌ വര്‍ക്ക്‌ ഓര്‍ഡര്‍ നല്‍കിയത്‌. കരാറുകാരനാകട്ടെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഒരുമാസം കൂടി സമയം ആവശ്യപ്പെട്ട്‌ നഗരസഭക്ക്‌ കത്ത്‌ നല്‍കി. വളരെ ലാഘവബുദ്ധിയോടെയാണ്‌ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന മാലിന്യ വിഷയത്തില്‍ നഗരസഭ സെക്രട്ടറി സുരേന്ദ്രന്‍ ഇടപെട്ടതെന്നാണ്‌ ചെയര്‍പേഴ്സണ്‍ പറയുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts