Categories: Samskriti

സുന്ദരകാണ്ഡം

Published by

ജ്വലിച്ചുനില്‍ക്കുന്ന സൂര്യബിംബം പോലെ ആകാശത്തുകൂടി ഗരുഡ വേഗത്തില്‍ ഹനുമാന്‍ സഞ്ചരിച്ചു. ഹനുമാന്റെ ബുദ്ധിയും ബലവീര്യങ്ങളും പരീക്ഷിച്ചറിയുവാന്‍ ദേവസമൂഹം നിശ്ചയിച്ചു. അനുസരിച്ച്‌ നഗമാതാവായ സുരസയോട്‌ വായുപുത്രന്റെ മാര്‍ഗം തടയാന്‍ ആവശ്യപ്പെട്ടു.

വായുപുത്രന്റെ ബുദ്ധിയേയും ബലത്തേയും കുറിച്ച്‌ സൂക്ഷ്മമായി മനസ്സിലാക്കി വരുവാന്‍ ദേവന്മാര്‍ ആവശ്യപ്പെട്ടതുകേട്ട സുരസ അവന്റെ മാര്‍ഗ്ഗം തടസപ്പെടുത്തുവാനായി അഹങ്കാരത്തോടെ തയ്യാറായിനിന്നു. തന്റെ സമീപമെത്തിയ ഹനുമാനോട്‌ സുരസ അലറിക്കൊണ്ടുപറഞ്ഞു:

“അല്ലയോ കപിവരാ! അങ്ങെന്നെ കണ്ടില്ലയോ! എന്നെ ഭയന്ന്‌ അതിലേ ആരും വഴിനടക്കാറില്ല. ഭയരഹിതമായി ഇതുവഴി അരു നടക്കുന്നുവോ അവരെ ഭക്ഷണമാക്കിക്കൊള്ളാനാണ്‌ ഈശ്വരന്‍ എന്നോട്‌ കല്‍പിച്ചിരിക്കുന്നത്‌. വിധിവശാല്‍ ഇന്നെനിക്ക്‌ ഭക്ഷണമാകാന്‍ വിധിക്കപ്പെട്ടവന്‍ നീയാണ്‌. ഹേ! വീരാ എനിക്ക്‌ നന്നായി വിശക്കുന്നുണ്ട്‌. അതിനാല്‍ നീ മറ്റൊന്നുമോര്‍ത്തു സമയം കളയാതെ എന്റെ വിശപ്പുമാറ്റുക.”

പര്‍വ്വതാകാരരൂപിയായി നില്‍ക്കുന്ന സുരസയുടെ വാക്കുകള്‍കേട്ട്‌ ഹനുമാന്‍ ഇങ്ങനെ പറഞ്ഞു. “രാക്ഷസരാജാവായ രാവണന്‍ തട്ടിയെടുത്ത്‌ ലങ്കയില്‍ പാര്‍പ്പിച്ചിരിക്കുന്ന സീതാദേവിയെ അന്വേഷിച്ച്‌ രഘുകുലാധിപതിയായ ശ്രീരാമന്റെ ആജ്ഞപ്രകാരം ഞാന്‍ പോകുകയാണ്‌. സീതാവൃത്താന്തം എത്രയും പെട്ടെന്ന്‌ അറിഞ്ഞ്‌ ഇന്നോ നാളെയോ ഞാന്‍ മടങ്ങിവരും. ആ വാര്‍ത്ത ശ്രീരാമദേവനെ അറിയിച്ചശേഷം ദേവിയുടെ വിശപ്പുതീര്‍ക്കാന്‍ താല്‍പര്യപ്പെടുന്നു. എന്റെ വാക്കുകള്‍ വിശ്വസിച്ച്‌ എനിക്ക്‌ മാര്‍ഗതടസമുണ്ടാക്കാതെ അല്ലയോ ! ദേവീ! എന്നെ പോകാന്‍ അനുവദിച്ചാലും.”

ഹനുമാന്റെ വാക്കുകള്‍ കേട്ടശേഷം സുരസ പറഞ്ഞു “എനിക്ക്‌ ദാഹവും വിശപ്പും അല്‍പവും സഹിക്കാന്‍ കഴിയില്ല.” ഇതുകേട്ട ഹനുമാന്‍ എന്തോ തീരുമാനിച്ചുറച്ചവെപ്പോലെ “നിന്റെ തീരുമാനം നടക്കട്ടെ. വാ തുറക്കുക’ എന്ന്‌ പറഞ്ഞു.

അതുകണ്ട ഹനുമാന്‍ പെട്ടെന്ന്‌ തന്റെ ശരീരം പത്തുയോജന വലുതാക്കി. ഹനുമാന്റെ ബുദ്ധിയും ഭക്തിയും കണ്ട്‌ ഉള്ളുകൊണ്ട്‌ സന്തോഷിച്ച്‌ സുരസ തന്റെ വാ ഇരുപതുയോജന വലുതാക്കി. സുരസയുടെ മുഖകഹരത്തിന്റെ വിസംതൃതികണ്ട മാരുതി ശരീരം മുപ്പതുയോജന വലുതാക്കി.

ഹനുമാന്‍ ഇനിയും ശരീരം വലുതാക്കി തന്നെ ജയിക്കാനാവാത്തവിധം സുരസ തന്റെ ശരീരം അന്‍പത്‌ യോജന വലുതാക്കി. അതുകണ്ട ഹനുമാന്‍ പെട്ടെന്ന്‌ തപോബലശക്തിയാല്‍ തന്റെ ശരീരം പെരുവിരലോളം ചെറുതാക്കി വായ്‌ക്കകത്ത്‌ പ്രവേശിച്ച്‌ നിഷ്പ്രയാസം പുറത്തുവന്നു. എന്നിട്ട്‌ സുരസയോട്‌ പറഞ്ഞു:

“അല്ലയോ സുന്ദരീ! സ്വര്‍ല്ലോകസുഖങ്ങള്‍ പ്രദാനം ചെയ്യുന്നവളേ! സുരസേ! ശുഭദായികേ! നിഷ്കളങ്കേ! നാഗമാതാവേ! ദേവിക്ക്‌ എന്റെ നമസ്കാരം. ദേവിയുടെ പാദപത്മങ്ങളില്‍ ശരണം പ്രാപിച്ച എന്നെ അനുഗ്രഹിച്ചാലും.”

(തുടരും)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by