Categories: Varadyam

സ്മരണയിലെ സ്വരരാഗസുധ

Published by

നിരവധി സംഗീത സായാഹ്നങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചിട്ടുള്ള ചന്ദ്രവിലാസം കോവിലകം….. ഇവിടെയാണ്‌ സംഗീത വിദുഷി മങ്കുത്തമ്പുരാന്‍ ജനിച്ചുവളര്‍ന്നത്‌. ആ കൊച്ചുമുറ്റത്തെ ഓരോ പുല്‍ക്കൊടിപോലും തമ്പുരാന്റെ പ്രിയപ്പെട്ട തംബുരുവില്‍നിന്നും ഉതിര്‍ന്നു വീഴുന്ന സ്വരരാഗസുധയില്‍ ലയിച്ച്‌ ആനന്ദനൃത്തം ആടുന്നുണ്ടാവും! വെജിറ്റബിള്‍ വര്‍ണങ്ങള്‍കൊണ്ട്‌ ക്യാന്‍വാസില്‍ കവിത രചിക്കുന്ന അച്ഛന്‍ മുരിയമംഗലത്തുമനക്കല്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടും സംഗീതത്തെ സ്നേഹിക്കുന്ന അമ്മ മങ്കുട്ടിത്തമ്പുരാനുമാണ്‌ മങ്കുത്തമ്പുരാനെ സംഗീതലോകത്തേക്ക്‌ കൈപിടിച്ചു കയറ്റിയത്‌. കഥകളി സംഗീതവും കൂടിയാട്ടവും ഏറെ ഇഷ്ടപ്പെടുന്ന ഒരു സഹൃദയനുംകൂടിയായിരുന്നു തമ്പുരാന്റെ അച്ഛന്‍. തമ്പുരാന്റെ സംഗീത ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത വ്യക്തി സ്വന്തം ജ്യേഷ്ഠത്തിയാണ്‌. തമ്പുരാന്റെ ജ്യേഷ്ഠസഹോദരി കുഞ്ഞിക്കാവു തമ്പുരാനാണ്‌ സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്ന്‌ നല്‍കിയത്‌. മാത്രമല്ല എല്ലാ കച്ചേരികള്‍ക്കും കൂടെ പോകുകയും മങ്കുത്തമ്പുരാന്റെ പിന്നിലിരുന്ന്‌ ശ്രുതിമീട്ടുന്നതും പ്രിയപ്പെട്ട ജ്യേഷ്ഠത്തിയാണ്‌. ഇന്ന്‌ ചരിത്രമുറങ്ങുന്ന കളിക്കോട്ട പാലസ്സ്‌, ഒരു കാലത്ത്‌ രാജകുടുംബാംഗങ്ങള്‍ക്ക്‌ മാത്രം പഠിക്കുവാനുള്ള വിദ്യാലയമായിരുന്നു. അവിടെ അഷ്ടപദി പഠിപ്പിച്ചിരുന്ന ഭാഗവതര്‍, പ്രശസ്ത മൃദംഗ വിദ്വാന്‍ ടി.വി.ഗോപാലകൃഷ്ണന്റെ മുത്തച്ഛന്‍ ഗോപാലകൃഷ്ണ ഭാഗവതര്‍ തുടങ്ങിയവരായിരുന്നു തമ്പുരാന്റെ ആദ്യകാല ഗുരുക്കന്മാര്‍. ഏകദേശം എട്ടൊമ്പത്‌ വയസ്സുള്ളപ്പോഴാണ്‌ സംഗീതലോകത്തെ ഭീഷ്മാചാര്യനായ ചെമ്പൈ വൈദ്യനാഥഭാഗവതരുമായി പരിചയപ്പെടുന്നത്‌. ഈ കൂടിക്കാഴ്ച തമ്പുരാന്റെ സംഗീതലോകത്തിലെ ഒരു വഴിത്തിരിവായി. സംഗീതയാത്രയുടെ തുടക്കം അഥവാ സംഗീത തപസ്യയുടെ ആരംഭം ഇവിടെ നിന്നായിരുന്നു. പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പ്രസിദ്ധമായ വൃശ്ചികോത്സവത്തിന്‌ വലിയവിളക്ക്‌ ദിവസം ഭാഗവതരുടെ കച്ചേരി പതിവായിരുന്നു. ഉത്സവക്കച്ചേരികള്‍ക്ക്‌ വരുന്ന ഒട്ടുമിക്ക സംഗീതജ്ഞന്മാരും ചന്ദ്രവിലാസം പാലസ്സില്‍ ഒത്തുകൂടുക പതിവായിരുന്നു. ചെമ്പൈയുടെ അനുജന്‍ സുബ്രഹ്മണ്യ ഭാഗവത(ചുപ്പാമണി ഭാഗവതര്‍)രും ഇടയ്‌ക്കിടെ വന്ന്‌ തമ്പുരാനെ പഠിപ്പിക്കാറുണ്ട്‌.

1939 ലാണ്‌ മങ്കുത്തമ്പുരാന്‍ ആദ്യമായി പൊതു വേദിയില്‍ പാടുന്നത്‌. മദിരാശി റേഡിയോ നിലയത്തിനുവേണ്ടിയായിരുന്നു അത്‌. തിരുക്കൊച്ചി സംയോജനം കഴിയാത്തതുകൊണ്ട്‌ പുറമേക്ക്‌ പോകണമെങ്കില്‍ മഹാരാജാവിന്റെ പ്രത്യേകാനുമതി വേണമെന്നതിനാല്‍ നിലയക്കാര്‍ തമ്പുരാന്റെ കോവിലകത്തുവന്ന്‌ റെക്കോര്‍ഡ്‌ ചെയ്യുകയാണുണ്ടായത്‌. എന്നാല്‍ ആ വര്‍ഷം തന്നെ മദ്രാസ്‌ മ്യൂസിക്ക്‌ അക്കാദമിയിലും അവിടുത്തെ സംഗീതസഭയിലും തമ്പുരാന്‍ പാടുകയുണ്ടായി.
കലാപരിപോഷകനും സഹൃദയനും തമ്പുരാന്റെ അമ്മാവനുമായ ധാര്‍മിക ചക്രവര്‍ത്തി എന്നറിയപ്പെട്ടിരുന്ന ചൊവ്വര തീപ്പെട്ട തമ്പുരാനായിരുന്നു അന്നത്തെ മഹാരാജാവ്‌. അദ്ദേഹത്തിന്റെ അനുവാദത്തോടെയാണ്‌ മങ്കുത്തമ്പുരാന്‍ മദിരാശിക്ക്‌ പോയത്‌. ആ വര്‍ഷം മദിരാശിയില്‍ സീസണ്‍ ആരംഭിച്ചത്‌ തമ്പുരാന്റെ കച്ചേരിയോടുകൂടിയായിരുന്നു. ആ കാലങ്ങളില്‍ മങ്കുത്തമ്പുരാന്റെ കച്ചേരികളില്ലാത്ത ആഘോഷങ്ങള്‍ ചുരുക്കമായിരുന്നു. കോഴിക്കോട്‌ ആകാശവാണിനിലയത്തിന്റെ തുടക്കം തമ്പുരാന്റെ കച്ചേരിയോടെയായിരുന്നു. സമസ്ത കേരള സാഹിത്യപരിഷത്തിന്റെ 16-ാ‍ം വാര്‍ഷികത്തോടനുബന്ധിച്ച്‌ മഹാരാജാസ്‌ കോളേജില്‍ വച്ചു നടത്തപ്പെട്ട കച്ചേരി, തൃപ്പൂണിത്തുറ രാധാലക്ഷ്മി സ്കൂളിന്റെ ഉദ്ഘാടനത്തിന്‌ നടത്തിയ കച്ചേരി ഇവയൊന്നും സംഗീത ജീവിതത്തിലെ മറക്കാന്‍പറ്റാത്ത അനുഭവങ്ങളാണെന്ന്‌ തമ്പുരാന്‍ പറയാറുണ്ട്‌. ‘സംഗീത വിദുഷി’ എന്ന ബഹുമതി ലഭിക്കുന്നത്‌ ഈ വേദിയില്‍ വച്ചാണ്‌. നിരവധി അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും മദിരാശിയില്‍നിന്നും ലഭിച്ച തംബുരു മങ്കുത്തമ്പുരാന്‍ നിധിപോലെ കാത്തുസൂക്ഷിക്കുന്നു. കച്ചേരികള്‍ക്കൊന്നും പ്രതിഫലം പറ്റാറില്ല എന്നുള്ളത്‌ തമ്പുരാന്റെ പ്രത്യേകതയാണ്‌. 1972 ലാണ്‌ സംഗീതനാടക അക്കാദമി തമ്പുരാനെ ഫെല്ലോഷിപ്പ്‌ നല്‍കി ആദരിച്ചത്‌. ഗുരുവായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ മറ്റൊരു ശിഷ്യനായ ഗാനഗന്ധര്‍വന്‍ യേശുദാസ്‌ ആയിരുന്നു അന്നത്തെ അക്കാദമി അധ്യക്ഷന്‍. നടന ചക്രവര്‍ത്തി ഗുരുഗോപിനാഥിനും ഗുരുവായ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്കും ആ വര്‍ഷം തന്നെയാണ്‌ അക്കാദമി ഫെല്ലോഷിപ്പ്‌ നല്‍കി ആദരിച്ചത്‌ എന്നുള്ളതാണ്‌ മറ്റൊരു സവിശേഷത. 1957ല്‍ സംഗീതനാടക അക്കാദമി ആരംഭിച്ചപ്പോള്‍ മങ്കുത്തമ്പുരാനായിരുന്നു പ്രഥമ അധ്യക്ഷ.

തമ്പുരാന്റെ അമ്മയുടെ ഷഷ്ഠിപൂര്‍ത്തിക്ക്‌ കോവിലകത്തുവച്ച്‌ നടത്തപ്പെട്ട ഭാഗവതരുടെ കച്ചേരിയും പിറ്റേദിവസം നടന്ന തമ്പുരാന്റെ കച്ചേരിയും തമ്പുരാന്റെ മനസ്സില്‍ നിറം മങ്ങാത്ത ചിത്രങ്ങളായി അവശേഷിക്കുന്നു. അന്ന്‌ പക്കം വായിച്ചത്‌, തന്റെ ഫിഡിലിന്റെ തന്ത്രികളില്‍ക്കൂടി ലക്ഷക്കണക്കിന്‌ ആസ്വാദകരുടെ മനം കവര്‍ന്ന വയലിന്‍ വിദ്വാന്‍ ചൗഡയ്യയും മാന്ത്രിക വിരലുകള്‍കൊണ്ട്‌ മൃദംഗത്തില്‍ ലയതാളങ്ങള്‍ നെയ്തെടുത്ത പാലക്കാട്ടുമണിയും ശ്രുതി മീട്ടിയത്‌ സംഗീതലോകത്തെ എല്ലാമായ പ്രിയപ്പെട്ട ചേച്ചിയുമായിരുന്നു. മാവേലിക്കര കൃഷ്ണന്‍കുട്ടി നായരും ചാലക്കുടി നാരായണസ്വാമിയുമാണ്‌ തമ്പുരാന്റെ കച്ചേരികള്‍ക്ക്‌ അധികവും പക്കം വായിച്ചിട്ടുള്ളത്‌. പ്രശസ്തനായ ഗുരുനാഥന്റെ ബാണി (ശൈലി) നിലനിര്‍ത്തുന്ന തമ്പുരാന്‌ ഏറെ ഇഷ്ടപ്പെട്ട രാഗം ശങ്കരാഭരണമാണ്‌. ശ്രീപൂര്‍ണത്രയീശ സംഗീതസഭ ‘സംഗീതസമ്പൂര്‍ണ’ ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി. ഗാനഗന്ധര്‍വന്‍ യേശുദാസ്‌ തന്നെയാണ്‌ ആ ബഹുമതിയും ഈ സംഗീതോപാസകക്ക്‌ നല്‍കിയത്‌. ‘സംഗീത സമ്പൂര്‍ണമായ മങ്കുത്തമ്പുരാന്റെ സംഗീത ജീവിതം എന്തുകൊണ്ടും ധന്യമായിരുന്നു.

“…..മങ്കുത്തമ്പുരാന്‌ ഗാനാലാപം ആത്മാര്‍പ്പണമാണ്‌. ഇത്രയും ആത്മാര്‍ത്ഥമായ കലോപാസന അധികം കാണാറില്ല…..”

അക്കാദമിയുടെ ബഹുമതിപ്പത്രത്തിലെ ഈ വാക്കുകള്‍ സംഗീതസംപൂര്‍ണമായ മങ്കുത്തമ്പുരാനെ സംബന്ധിച്ചിടത്തോളം എത്ര അന്വര്‍ത്ഥമാണ്‌…..!

ആര്‍.വി.രാമഭദ്രന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts