Categories: Vicharam

നന്ദി ആരോട്‌ ചൊല്ലേണ്ടൂ….

Published by

ഭരണഘടനയുടെ 202-ാ‍ം അനുഛേദം 1-ാ‍ം ഖണ്ഡമനുസരിച്ച്‌ ഒരു സാമ്പത്തിക വര്‍ഷത്തിലെ വരവുചെലവുകള്‍ സംബന്ധിച്ച്‌ സംസ്ഥാന നിയമസഭ മുന്‍പാകെ വയ്‌ക്കുന്ന ഒരു സ്റ്റേറ്റ്മെന്റാണ്‌ ബജറ്റ്‌. സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകളുടെ ഒരു മുന്‍കൂര്‍ പ്രസ്താവനയായിട്ടും ബഡ്ജറ്റിനെ കണക്കാക്കാവുന്നതാണ്‌. ചെലവുകള്‍ നടത്തുന്നതിന്‌ നിയമസഭയുടെ അനുമതിയും അംഗീകാരവും തേടാനുള്ള മാര്‍ഗമെന്നതിനോടൊപ്പം സാമ്പത്തികമായി സഭയോടുള്ള ഉത്തരവാദിത്തം പാലിക്കുന്നതിനും സഭയ്‌ക്കുള്ള നിയന്ത്രണം കൈവരിക്കുന്നതിനുമുള്ള ഒരു ഉപാധിയും കൂടിയാണിത്‌. ബഡ്ജറ്റിന്റെ രൂപരേഖ തയ്യാറാക്കുന്നതും മന്ത്രിസഭയുടെ അംഗീകാരം നേടുന്നതും ധനകാര്യവകുപ്പാണ്‌. ഗവര്‍ണര്‍ നിശ്ചയിക്കുന്ന തീയതിയില്‍ ധനകാര്യമന്ത്രി സഭയില്‍ ബഡ്ജറ്റ്‌ അവതരിപ്പിക്കുന്നു. ബജറ്റ്‌ സഭയില്‍ അവതരിപ്പിക്കുന്ന ദിവസം ബജറ്റ്‌ സംബന്ധിച്ച്‌ ചര്‍ച്ച അനുവദിക്കുന്നതല്ല.

ബജറ്റ്‌ പാസ്സാക്കുന്നതുമായി ബന്ധപ്പെട്ട നിയമസഭാ നടപടികള്‍ക്ക്‌ നാല്‌ പ്രധാനഘട്ടങ്ങള്‍ ഉണ്ട്‌. പൊതുചര്‍ച്ച, ധനാഭ്യര്‍ത്ഥനകളെ സംബന്ധിച്ച സബ്ജക്ട്‌ കമ്മിറ്റികളുടെ പരിശോധന, ധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും, ധനവിനിയോഗ ബില്ലിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും.

സാധാരണയായി മൂന്നുദിവസമാണ്‌ ബഡ്ജറ്റിന്റെ പൊതുചര്‍ച്ചയ്‌ക്കായി നീക്കിവയ്‌ക്കുന്നത്‌. കീഴ്‌വഴക്കമനുസരിച്ച്‌ ബജറ്റിന്മേലുള്ള ചര്‍ച്ച തുടങ്ങിവയ്‌ക്കുന്നത്‌ ഡെപ്യൂട്ടി സ്പീക്കറാണ്‌. ബജറ്റ്‌ പൂര്‍ണ്ണമായോ അതില്‍ അടങ്ങിയിട്ടുള്ള ഏതെങ്കിലും നയപ്രശ്നം മാത്രമോ ചര്‍ച്ചചെയ്യാനുള്ള സ്വാതന്ത്ര്യം സഭയ്‌ക്കുണ്ട്‌. ഭരണകൂടത്തിന്റെ നേട്ടങ്ങളും വീഴ്ചകളും സഭയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ചര്‍ച്ചയില്‍ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങള്‍ക്ക്‌ ധനകാര്യമന്ത്രി മറുപടി പറയുന്നു. പൊതുചര്‍ച്ചാവേളയില്‍ യാതൊരു ഉപക്ഷേപവും അവതരിപ്പിക്കുവാനോ ബജറ്റ്‌ സഭയുടെ വോട്ടിനായി സമര്‍പ്പിക്കാനോ പാടില്ല.

ബജറ്റ്ചര്‍ച്ചയുടെ പരിസമാപ്തിയോടെ ധനാഭ്യര്‍ത്ഥനകള്‍ ബന്ധപ്പെട്ട സബ്ജക്ട്‌ കമ്മറ്റികളുടെ സൂക്ഷ്മപരിശോധനയ്‌ക്കും റിപ്പോര്‍ട്ടിനും വേണ്ടി അയയ്‌ക്കുന്നു.

എല്ലാ ധനാഭ്യര്‍ത്ഥനകളും സഭ പാസ്സാക്കിയതിനുശേഷം ധനവിനിയോഗബില്‍ സഭയില്‍ അവതരിപ്പിക്കുന്നു. ധനാഭ്യര്‍ത്ഥനയില്‍ ഏതെങ്കിലും തരത്തിലുള്ള വ്യതിയാനങ്ങളോ മാറ്റമോ ഉണ്ടാക്കുന്ന ഭേദഗതികള്‍ അനുവദനീയമല്ല. ധനവിനിയോഗ ബില്‍ സബ്ജക്ട്‌ കമ്മറ്റിയുടെ പരിശോധനയ്‌ക്കായി അയയ്‌ക്കുകയില്ല. ഇതിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും ഒരേദിവസം തന്നെ നടത്തുന്നതുമാണ്‌. ധനവിനിയോഗബില്‍ പാസ്സായശേഷം ഇതൊരു മണി ബില്ലാണെന്ന സ്പീക്കറുടെ സര്‍ട്ടിഫിക്കറ്റോടെ ഗവര്‍ണറുടെ അനുമതി കിട്ടിയാല്‍ ഇത്‌ നിയമമാക്കുകയും ധനവിനിയോഗ ആക്ട്‌ ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.

ജൂലായ്‌ 20ന്‌ മുന്‍ നിശ്ചയിച്ചതുപോലെ ധനവിനിയോഗബില്‍ പാസ്സായില്ലെങ്കില്‍ ആഗസ്ത്‌ 1 മുതല്‍ സര്‍ക്കാര്‍ പൂര്‍ണമായും സ്തംഭിക്കും. ഒരു നയാപൈസ ചെലവാക്കാന്‍ കഴിയുമായിരുന്നില്ല.

ഇത്തവണ ഉമ്മന്‍ചാണ്ടിഭരണം തിരുത്തിയ ബജറ്റ്‌ അവതിരിപ്പിച്ചിട്ടേയുള്ളു; പാസ്സാക്കിയിട്ടില്ല. നാലുമാസത്തെ ചിലവിനുള്ള ധനം വിനിയോഗിക്കാന്‍ സര്‍ക്കാരിന്‌ അനുമതി നല്‍കാനുള്ള ബില്ലിലെ വോട്ടെടുപ്പാണ്‌ ബുധനാഴ്ച ഉച്ചയ്‌ക്കുശേഷം നടന്നത്‌. സാധാരണ പകല്‍ 12.30ന്‌ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ച തുടങ്ങും. 1.30ന്‌ പാസ്സാക്കണമെന്നാണ്‌ ചട്ടം. സമയം കൂടുതല്‍ വേണമെങ്കില്‍ സഭയുടെ അംഗീകാരം തേടണം. അംഗീകാരത്തോടെ രണ്ടുമണിക്കുശേഷവും ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ച തുടര്‍ന്നു. ബില്ലിന്റെ മൂന്നാംവായനയില്‍ എത്തിയപ്പോഴാണ്‌ നിയമസഭയില്‍ മുമ്പെങ്ങുമില്ലാത്ത തര്‍ക്കങ്ങളും സംശയങ്ങളും ഉടലെടുത്തത്‌. ഒന്നും രണ്ടും വായനയ്‌ക്കിടയില്‍ പറഞ്ഞതില്‍കൂടുതലൊന്നും മൂന്നാംവായനയുടെ മറുപടിയില്‍ മാണിക്ക്‌ പറയാനുണ്ടായിരുന്നില്ല. ധനവിനിയോഗബില്‍ പാസ്സാക്കിത്തരണമെന്ന പ്രമേയം അവതരിപ്പിച്ചാല്‍ പിന്നെ ചെയ്യാനുള്ളത്‌ വോട്ടിനിടുകയാണ്‌. പ്രതിപക്ഷം പോള്‍ ചോദിച്ചില്ലെങ്കില്‍ ശബ്ദവോട്ടോടെ ബില്‍ പാസ്സായതായി സ്പീക്കര്‍ക്ക്‌ പ്രഖ്യാപിക്കാം.

ധനമന്ത്രി പ്രമേയം അവതരിപ്പിക്കുന്നതിനുമുമ്പേ, പ്രതിപക്ഷം പോള്‍ ചോദിക്കുന്നതിനുമുമ്പേ, പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്ണന്‍ ഒരു ക്രമപ്രശ്നവുമായി എഴുന്നേറ്റു. ബദല്‍ ധവളപത്രത്തെ ഉദ്ദേശിച്ചായിരുന്നു ക്രമപ്രശ്നം. പ്രശ്നത്തില്‍ പ്രതിപക്ഷനേതാവും ഇടപെട്ടു. ഡോ.തോമസ്‌ ഐസക്ക്‌ തയ്യാറാക്കിയ ബദല്‍ ധവളപത്രം സഭയില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിലുള്ള ദുഃഖം കോടിയേരി അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ്‌ ഭരണകക്ഷിക്ക്‌ ഭൂരിപക്ഷമില്ലെന്ന്‌ ട്രഷറിബഞ്ചിലെ ചില കണക്കപ്പിള്ളമാര്‍ കണ്ടെത്തിയത്‌. ധനകാര്യമന്ത്രിയുടെ ചെവിയില്‍ അതെത്തിക്കുകയും ചെയ്തു. മന്ത്രി പ്രമേയം അവതരിപ്പിക്കാതെ ധവളപത്രപ്രശ്നത്തില്‍ പ്രസംഗം തുടര്‍ന്നു. അപ്പോഴാണ്‌ പ്രതിപക്ഷത്തിന്‌ കത്തിയത്‌. അവര്‍ക്ക്‌ ഉടന്‍ വോട്ടെടുപ്പ്‌ വേണം. അതു മനസ്സിലിരിക്കട്ടെ എന്ന്‌ മാണി. ഭരണകക്ഷിക്ക്‌ ഭൂരിപക്ഷം ഉറപ്പായി എന്ന്‌ ബോധ്യമായപ്പോള്‍ പോളിംഗിലേക്ക്‌ നീങ്ങി. അപ്പോഴേക്കും പ്രതിപക്ഷത്തിന്‌ മടുപ്പായി. അവര്‍ ബഹിഷ്കരിച്ചിറങ്ങി. അങ്ങനെ പതിമൂന്നാം നിയമസഭയുടെ ഒന്നാംസമ്മേളനത്തിന്റെ അവസാനനിമിഷം അലങ്കോലമായി.

അലങ്കോലമായിരുന്നില്ലെങ്കില്‍ സര്‍ക്കാരിന്‌ ഭൂരിപക്ഷമില്ലെന്ന്‌ തെളിഞ്ഞേനെ. പിന്നെ രാജിമാത്രമാണ്‌ പോംവഴി. രാജിവച്ചാല്‍ ബദലിന്‌ തയ്യാറെടുക്കണം. ഇന്നത്തെ നിലയില്‍ പ്രതിപക്ഷം ബദല്‍ രൂപീകരിക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തണം. അതൊഴിവാക്കാനാണോ പ്രതിപക്ഷ ഉപനേതാവ്‌ അപ്രസക്തമായ വിഷയം പ്രസക്തമാക്കി ചര്‍ച്ചയ്‌ക്ക്‌ എത്തിച്ചത്‌ എന്നാരും ചിന്തിച്ചുപോകും. ദീര്‍ഘകാലം നിയമസഭാ അംഗവും മന്ത്രിയുമെല്ലാമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ നടപടിക്രമങ്ങളെക്കുറിച്ച്‌ അജ്ഞനാണെന്ന്‌ ആരും പറയില്ല. അറിഞ്ഞുകൊണ്ടുതന്നെ സര്‍ക്കാരിന്‌ അവസരമൊരുക്കിക്കൊടുത്തതല്ലേ? ഗവര്‍ണറെ കാണാന്‍ വിഎസ്സിനൊപ്പം പോകാതിരിക്കുകയും ചെയ്തതോടെ സംശയം ബലപ്പെടുകയാണ്‌. അതിന്‌ നന്ദിപറയേണ്ടത്‌ കോടിയേരിയോട്‌ ഉമ്മന്‍ചാണ്ടിയാണ്‌.

ഒന്‍പതുതവണ ബജറ്റവതരിപ്പിച്ച്‌ റിക്കാര്‍ഡിട്ട ധനമന്ത്രിയാണ്‌ കെ.എം.മാണി. മറുപടിപ്രസംഗത്തിന്റെ തുടക്കത്തില്‍ പിന്നോട്ടൊന്ന്‌ തിരിഞ്ഞുനോക്കിയെങ്കില്‍ കൂടുതലൊന്നും പറയാനില്ലെന്ന്‌ മാണി പറയില്ലായിരുന്നു. എങ്കിലും സൂചനകിട്ടിയപ്പോള്‍ അദ്ദേഹം വിട്ടില്ല. ഒപ്പിട്ടുമുങ്ങിയ എംഎല്‍എമാര്‍ സഭയിലെത്തുംവരെ അദ്ദേഹം പ്രസംഗിച്ചുകൊണ്ടേ ഇരുന്നു. ഇതിന്‌ ഉമ്മന്‍ചാണ്ടി നന്ദിപറയേണ്ടത്‌ മാണിയോടാണ്‌. മാണിക്ക്‌ ആവശ്യാനുസരണം സമയം നല്‍കിയ, പ്രതിപക്ഷത്തിന്റെ ബഹളത്തെയും മുദ്രാവാക്യത്തെയും അവഗണിച്ചുകൊണ്ട്‌ ഭരണകക്ഷിക്ക്‌ ഭൂരിപക്ഷം ഉറപ്പാകുംവരെ സഭ നീട്ടിക്കൊണ്ടുപോയതിന്‌ നന്ദി സ്പീക്കര്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. ഉമ്മന്‍ചാണ്ടി ഇവിടെ സ്പീക്കറെ തൊഴുത്‌ വന്ദിക്കണം.

‘നന്ദി ആരോട്‌ ഞാന്‍ ചൊല്ലേണ്ടു’ എന്നു തുടങ്ങുന്ന സിനിമാപാട്ടുണ്ട്‌. ധനവിനിയോഗബില്‍ പാസ്സായിരിക്കുന്നു എന്ന്‌ സ്പീക്കര്‍ റൂള്‍ ചെയ്യുമ്പോള്‍ ഉമ്മന്‍ചാണ്ടി ആ പാട്ട്‌ ഓര്‍ത്തിരിക്കുമെന്നുറപ്പാണ്‌. പക്ഷേ കോടതിയില്‍ നിന്നിറങ്ങിയപ്പോള്‍ ന്യായം തോന്നിയ വിരുതനെപ്പോലെയായി പ്രതിപക്ഷം. ലഭിച്ച അവസരം വിനിയോഗിച്ചില്ല. ഭരണപക്ഷത്തെ അംഗസംഖ്യ എത്രയെന്ന്‌ ധനമന്ത്രിയെക്കാള്‍ നന്നായി അറിയാന്‍കഴിയുന്നത്‌ പ്രതിപക്ഷത്തിനാണ്‌. എന്നിട്ടും സഭ പിരിഞ്ഞപ്പോഴാണ്‌ ഗവര്‍ണറുടെ മുന്നിലേക്ക്‌ നടന്നത്‌. ധനവിനിയോഗബില്‍ പാസ്സായിട്ടില്ലെന്ന്‌ ഗവര്‍ണറെ അറിയിച്ചു. സഭയിലെകാര്യം പ്രതിപക്ഷം പറയുന്നതല്ല സ്പീക്കര്‍ നല്‍കുന്ന രേഖയിലാവും ഗവര്‍ണര്‍ക്ക്‌ വിശ്വാസം. പിന്നെ എന്തിനീ കാട്ടിക്കൂട്ടലുകളൊക്കെ എന്ന്‌ ചോദിച്ചാല്‍ ഉത്തരം ‘ജാള്യത മറയ്‌ക്കാന്‍’.

ധനവിനിയോഗബില്‍ പാസ്സാക്കിയെന്ന്‌ ഊറ്റംകൊള്ളുമ്പോഴും തലയില്‍ മുണ്ടിട്ട്‌ നടക്കണം ഭരണപക്ഷം. ചീഫ്‌ വിപ്പ്‌ മൂന്നുവരി വിപ്പ്‌ നല്‍കിയിട്ടും വോട്ടെടുപ്പ്‌ സമയം ഹാജര്‍ബുക്കില്‍ ഒപ്പിട്ട്‌ അലവന്‍സ്‌ ഉറപ്പാക്കിയവരെല്ലാം സഭയിലുണ്ടായില്ല. 73 അംഗങ്ങളില്‍ രണ്ടുപേര്‍ മാത്രമായിരുന്നു അവധിയില്‍. 71 പേര്‍ സഭയില്‍ കാണേണ്ടതാണ്‌. ഒരാള്‍ കള്ളുഷാപ്പിലായിരുന്നു എന്നാണ്‌ പ്രതിപക്ഷ നേതാവ്‌ ആക്ഷേപിച്ചത്‌. കള്ളുഷാപ്പിലായിരുന്നോ ബാര്‍ബര്‍ഷാപ്പിലായിരുന്നോ എന്നതല്ല പ്രശ്നം. നൂല്‍പാലത്തില്‍ നീങ്ങുന്ന സര്‍ക്കാരിനെ താങ്ങേണ്ടവര്‍ തണ്ടുകാണിക്കാന്‍ തുടങ്ങിയാല്‍ ഉമ്മന്‍ചാണ്ടിയാണെങ്കില്‍പ്പോലും ചമ്മിപ്പോകും. സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ്സ്‌ അംഗങ്ങളാണ്‌ ഉപേക്ഷ വരുത്തിയതെന്നത്‌ പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുകയാണ്‌. ധനവിനിയോഗ ബില്‍ ഒരു മുന്നറിയിപ്പ്‌ മാത്രമല്ല ഒരു താക്കീതുകൂടിയാണ്‌. താനൊരു ഷണ്ഡനല്ലെന്ന്‌ പറഞ്ഞ്‌ മുഖ്യ വിപ്പായി വീമ്പടിച്ചുകൊണ്ടിരിക്കുന്ന പി.സി.ജോര്‍ജിന്‌ ഭീഷണിയും.

കെ.കുഞ്ഞിക്കണ്ണന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by