Categories: Vicharam

സാന്ത്വനമാകുന്ന വിധി

Published by

മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ 75 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്‌. ദുബായിയില്‍നിന്ന്‌ മംഗലാപുരത്തേക്ക്‌ വന്ന എയര്‍ഇന്ത്യ എക്സ്പ്രസ്‌ വിമാനം റണ്‍വേയില്‍നിന്നും തെന്നിമാറി താഴേക്ക്‌ പതിച്ച്‌ തീപിടിച്ചപ്പോള്‍ വെന്തുമരിച്ചത്‌ 158 പേരായിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഇതുവരെ നഷ്ടത്തില്‍ ഓടുന്ന എയര്‍ ഇന്ത്യ കമ്പനി നല്‍കിയിരുന്നില്ല. ദുരന്തത്തില്‍ മരിച്ച റാഫി എന്നയാളുടെ കുടുംബം നല്‍കിയ പരാതിയിലാണ്‌ ഈ നിര്‍ദ്ദേശം ഉണ്ടായിരിക്കുന്നത്‌. കമ്പനി വാദിച്ചിരുന്നത്‌ വെറും സെയില്‍സ്മാനായിരുന്ന, 25,000 രൂപ മാത്രം പ്രതിമാസ വരുമാനമുണ്ടായിരുന്ന റാഫി 35 ലക്ഷം രൂപ മാത്രമേ നഷ്ടപരിഹാരമായി അര്‍ഹിക്കുന്നുള്ളൂ എന്നായിരുന്നു.

കോടതിയുടെ സ്വാഗതാര്‍ഹമായ വിധിയില്‍ പറയുന്നത്‌ ഏത്‌ ക്ലാസില്‍ യാത്രചെയ്തിരുന്നാലും യാത്രക്കാര്‍ ഒരുപോലെയാണെന്നും മരണത്തിലും പരിക്കിലും നേരിടുന്ന നഷ്ടങ്ങള്‍ക്ക്‌ നല്‍കുന്ന പരിഹാരം സമമായിരിക്കണം എന്നാണ്‌. നഷ്ടപരിഹാരത്തില്‍ വിവേചനം അരുത്‌ എന്നും കോടതി ചൂണ്ടിക്കാണിച്ചു. 1999 ലെ മോണ്‍ട്രിയല്‍ അന്താരാഷ്‌ട്ര വ്യോമയാന ഉച്ചകോടിയില്‍ വിമാനാപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക്‌ എസ്ഡിആര്‍ ഒരു ലക്ഷം എന്നായിരുന്നു. ഇതിന്റെ മൂല്യമാണ്‌ 75 ലക്ഷം. ഈ തുക ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്നാണ്‌ കോടതി നിബന്ധന. 158 കുടുംബങ്ങളില്‍ 55 കുടുംബങ്ങള്‍ക്ക്‌ മാത്രമാണ്‌ നഷ്ടപരിഹാരം ലഭിച്ചിട്ടുള്ളത്‌. സാമ്പത്തികബാധ്യതയില്‍ ഞെരുങ്ങുന്ന കമ്പനിക്ക്‌ ഈ വിധി 120 കോടിയുടെ അധികബാധ്യത ഉണ്ടാക്കും.
നഷ്ടപരിഹാരത്തെച്ചൊല്ലി വിമാനക്കമ്പനിയും ഇന്‍ഷുറന്‍സ്‌ കമ്പനിയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ കേസ്‌ സുപ്രീംകോടതിയിലേക്ക്‌ നീളാനും സാധ്യത തെളിയുന്നു. മരിച്ചവര്‍ കുടുംബങ്ങളുടെ ഏക സാമ്പത്തിക ആശ്രയമായിരുന്നു. ഇവര്‍ക്ക്‌ സാമ്പത്തിക ആശ്വാസമെങ്കിലും നല്‍കാന്‍ വിമാനകമ്പനി ബാധ്യസ്ഥരാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by