Categories: Samskriti

ഗീതാസന്ദേശങ്ങളിലൂടെ..

Published by

ഈ പരമമായ ജ്ഞാനം ചിലര്‍ക്ക്‌ ആന്തരീകമായ കണ്ണുകൊണ്ട്‌ ധ്യാനത്തിലൂടെ ലഭിക്കുന്നു. ചിലര്‍ക്ക്‌ നിരന്തരം പഠിച്ച്‌ ജ്ഞാനയോഗത്തിലൂടെ ലഭിക്കുക. ചിലര്‍ക്ക്‌ നിരന്തരമായി കര്‍മ്മാനുഷ്ഠാനത്തിലൂടെ ലഭിക്കുന്നു. അതേ സമയം ചിലര്‍ ആരോ എന്തോ പറഞ്ഞു എന്ന രീതിയില്‍ ചിലതു പഠിച്ച്‌ ജ്ഞാനിയെന്ന്‌ ധരിച്ചുനടക്കുന്നു.

എവിടെയെല്ലാമാണോ പ്രകൃതി എന്ന പദമുപയോഗിച്ചിരിക്കുന്നത്‌ അതെല്ലാം ദൃഷ്ടിഗോചരങ്ങളായ എട്ടു വസ്തുക്കളോ വസ്തുതകളോ ആണ്‌. ഇത്‌, പൃഥ്വി – ആപസ്‌ – തേജ – വായു – ആകാശ – മനോ – ബുദ്ധി – അഹങ്കാരങ്ങളാകുന്നു. യഥാക്രമം ഖരം, ദ്രവം, ഊര്‍ജ്ജം, തരംഗം, അയോണികം, മാനസീകം, ബുദ്ധിപരം – സ്വബോധം. ഈ എട്ടും പരിണാമവിധേയമാണ്‌, നിരന്തരം മാറിക്കൊണ്ടേയിരിക്കും. എന്നാല്‍ ഇവയില്‍ നിരന്തരം ചൈതന്യം പകരുന്നത്‌ പരിണാമ വിധേയമല്ലാത്ത മാറ്റമില്ലാത്ത പ്രപഞ്ച പുരുഷ/പരമാത്മ/ജീവാത്മാവാണ്‌. ഇത്‌ എല്ലാത്തിലും എല്ലാവരിലും സമമായി നിലനില്‍ക്കുന്ന പ്രകൃതിഘടകങ്ങള്‍ (ശരീരം) കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നു. ആത്മാവ്‌ സാക്ഷിഭാവത്തില്‍ നിലനില്‍ക്കുന്നു. അത്‌ ശരീരത്തെ (പ്രകൃതിയെ) ചൈതന്യവത്താക്കുന്നു.

പ്രകൃതിയാണ്‌ എല്ലാത്തിന്റെയും അടിസ്ഥാനം അഥവാ ആധാരം. അത്‌ അമ്മയുടെ ഗര്‍ഭപാത്രം പോലെ സകലതിനും ജന്മം നല്‍കുക എന്ന ധര്‍മ്മം ചെയ്യുമ്പോള്‍ പ്രപഞ്ച പുരുഷചൈതന്യം പിതാവിന്റെ സ്ഥാനത്ത്‌ ബീജം പ്രദാനം ചെയ്യുന്നു. വ്യക്തിയിലുള്ള സത്വ-രജസ്‌-തമോഗുണങ്ങള്‍ പ്രകൃതിയുടേതാണ്‌ (ശരീരഘടകങ്ങളുടേത്‌.) ആത്മാവ്‌ ശരീരത്തിന്റെ ഭാഗമായി മരണം വരെ നില്‍ക്കുമ്പോഴും, അത്‌ ശരീരവുമായി ബന്ധിതമല്ല. ഈ മൂന്നു ഗുണങ്ങള്‍ക്കുമതീതവുമാണത്‌. എന്നാല്‍ ശരീരത്തിലെ പ്രകൃതിയിലെ സത്വഗുണങ്ങള്‍ ജ്ഞാനം ആര്‍ജ്ജിക്കാനും ആനന്ദത്തിനും ഇച്ഛാശക്തിയുണ്ടാക്കുന്നു. ആഗ്രഹങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും ബന്ധനങ്ങള്‍ക്കുമുള്ള ഇച്ഛാശക്തി വ്യക്തിയിലുള്ള രജോഗുണ പ്രകൃതിയുണ്ടാക്കുന്നു. അഹങ്കാരത്തിനും, അജ്ഞതയ്‌ക്കുമുള്ള ഇച്ഛാശക്തി വ്യക്തിയിലെ തമോഗുണ പ്രകൃതിയുണ്ടാക്കുന്നു. ഇതുതന്നെ കുറ്റകൃത്യങ്ങള്‍, അലസത, ഉറക്കം എന്നിവയ്‌ക്കും കാരണമായിത്തീരുന്നു.

സത്വഗുണം ആനന്ദത്തിലും, രജോഗുണം കര്‍മ്മനിരതമായ ശക്തിയിലും, തമോഗുണം ആലസ്യത്തിലും പര്യവസാനിക്കുന്നു. എല്ലാ വ്യക്തികളിലും ഈ മൂന്നെണ്ണത്തിലൊന്ന്‌ മറ്റ്‌ രണ്ടിനേക്കാളും ഏറി നില്‍ക്കുന്നു. ഏതൊരു ഗുണമാണോ വ്യക്തിയില്‍ അധികരിച്ചിരിക്കുന്നത്‌ ആ സ്വഭാവമായിരിക്കും വ്യക്തി പ്രകടിപ്പിക്കുന്നത്‌. എന്നാല്‍ മനസ്സിലും ചിന്തയിലും നന്മയുടെ പ്രകാശം നിറയുമ്പോള്‍ സാത്വീകഭാവം പ്രാപിക്കുവാന്‍ നിരന്തര ശ്രമത്തിലൂടെ സാധിക്കുന്നു. അത്യാഗ്രഹം, അമിതാവേശം, സ്വാര്‍ത്ഥത ഇവ രജോഗുണ പ്രകൃതിക്കാരുടെ കൂടപ്പിറപ്പാണ്‌. സ്വധര്‍മ്മ വിരക്തി, നശീകരണ സ്വഭാവം, കുറ്റവാസന, ഇത്‌ തമോഗുണക്കാരുടേതും.

മരണാനന്തരം ആത്മാവ്‌ കര്‍മ്മഫലവും ഭാരവും താണ്ടി, ആ കര്‍മ്മഫലങ്ങളും കര്‍മ്മഫലത്തിന്റെ പ്രതിഫലങ്ങളും അനുഭവിച്ചു തീര്‍ക്കാനായി പ്രയാണം ചെയ്യുന്നു. സത്വഗുണമുള്ളവരുടെ ജീവാത്മാവ്‌ പുനര്‍ജനനമില്ലാത്ത അവസ്ഥയിലെത്താനായി പരമാത്മചൈതന്യവുമായി അലിഞ്ഞുചേരുന്നു. രജോഗുണമുള്ളവരുടെ ആത്മാവ്‌ കര്‍മ്മഫലവും പ്രതിഫലവും അനുഭവിച്ചുതീര്‍ക്കാനായി മറ്റൊരു മനുഷ്യശരീരം തിരഞ്ഞെടുത്ത്‌ വീണ്ടും ഭൂമിയില്‍ ജനിക്കുന്നു.
തമോഗുണസഹിതമായ ആത്മാവ്‌ കര്‍മ്മഫലമനുഭവിച്ച്‌ തീര്‍ക്കാനായി നികൃഷ്ട ജന്മവുമെടുക്കുന്നു. സ്വത്വഗുണത്തിലെ ജ്ഞാനത്താല്‍ അനുദിനം ഉയര്‍ച്ചയും വളര്‍ച്ചയും ഉണ്ടാകുന്നു. രജോഗുണത്തില്‍ നിന്ന്‌ ലോഭവും മോഹവുമായി മധ്യത്തിലധിവസിക്കുന്നു. തമോഗുണം കുറ്റവാസനയ്‌ക്കും കാരണമായി വ്യക്തി അധഃപതിക്കുന്നു. നിരന്തരം നശിച്ചും ക്ഷയിച്ചും കൊണ്ടിരിക്കുന്നു. ഈശ്വാര്‍പ്പണമായി കര്‍മ്മം ചെയ്യുന്ന സാധാരണക്കാരന്‌ പോലും ഈ മൂന്നു ഗുണത്തിനും അതീതമായ അവസ്ഥയിലെത്താന്‍ സാധിക്കുന്നു.

ഗുണാതീതനെന്നാല്‍ സമരദര്‍ശനം, സാക്ഷിഭാവബോധം, ഉയര്‍ച്ച+താഴ്ച+സുഖം+ദുഃഖം ഇവയിലും വിലപിടിപ്പുള്ളതിലും സാധാരണ വസ്തുവിലും ഒരേ വീക്ഷണമുള്ളവന്‍. സ്തുതിയിലും വിമര്‍ശനത്തിലും വ്യത്യാസമില്ലായ്മ, സമത്വം എന്നിവ സാധിക്കുന്നു. ഈ ഒരു മാനസീകാവസ്ഥയിലെത്തലാണ്‌ ഗുണാതീതമായ വീക്ഷണത്തിലൂടെ സാധിക്കേണ്ടത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by