Categories: Samskriti

കനകധാരാസഹസ്രനാമസ്തോത്രം

Published by

നളിനീ ലളിതാപാംഗീ നളിനാക്ഷമനോരമാ

നളിനാക്ഷീ നളിനാസ്യാ നളിനാസത സംസ്ഥിതാ

നളിനീ – കനകധാരാമന്ത്രത്തിന്റെ ആറാമത്തെ അക്ഷരമായ’ന’കൊണ്ടുതുടങ്ങുന്ന പദം. നളിനി എന്നപദത്തിനം താമര, താമരക്കൂട്ടം, താമരത്തണ്ട്‌, താമരപ്പൊയ്ക, താമരവളയം എന്നീ അര്‍ത്ഥങ്ങള്‍ താമരയുമായി ബന്ധപ്പെട്ടവയായി ഉണ്ട്‌. ദേവിയുടെ ഇരിപ്പിടം താമരയാണ്‌. പാദങ്ങള്‍ താമരയാണ്‌. കൈകള്‍ താമരകളാണ്‌. രണ്ടുകൈകളില്‍ താമരപ്പൂക്കളുണ്ട്‌. മുഖം താമരപ്പൂവാണ്‌, കൈകള്‍ താമരവളയങ്ങളാണ്‌ എന്ന്‌ അലങ്കാരികമായ കവിതാ സങ്കേതമുപയോഗിച്ചു പറയാം. കണ്ണുകള്‍ താമരയിതളുകളാണ്‌ എന്ന്‌ കൂട്ടിച്ചേര്‍ക്കാം. മൊത്തത്തില്‍ താമക്കൂട്ടമെന്നോ നിറയെ പൂക്കളുള്ള താമരപ്പൊയ്ക എന്നോ പറയാം. താമരപ്പൂ സൗന്ദര്യസാക്ഷാത്കാരമാണ്‌. ദേവിയുടെ രൂപം നാരായണ ഭട്ടതിരി ഭാഗവതരെപ്പറ്റി പറഞ്ഞതുപോലെ സൗന്ദര്യോത്തരതോളപി സുന്ദരതരമായ താമരക്കൂട്ടമാണ്‌.

ലളിതാപാംഗീ – ഏവരും ആഗ്രഹിക്കുന്നതും മനോഹരവുമായ കടക്കണ്‍നോട്ടം ഉള്ളവള്‍. മഹാലക്ഷ്മിയുടെ കടക്കണ്‍ നോട്ടം ഏവരും ആഗ്രഹിക്കുന്നു. ആ നോട്ടത്തിന്റെ ഭംഗിമാത്രമല്ല അതിന്‌ കാരണം. ദേവിയുടെ കടാക്ഷ ബലം പതിയുന്നിടത്ത്‌ ഐശ്വര്യം വര്‍ധിക്കും എന്നതാണ്‌.

നളിനാക്ഷമനോരമാ – നലിനാക്ഷനായ മഹാവിഷ്ണുവിന്റെ മനസ്സിനെ രമിപ്പിക്കുന്നവള്‍. ലക്ഷ്മിദേവിയെ ഭഗവാന്‍ തന്റെ വക്ഷസ്സില്‍ത്തന്നെ കുടിയിരുത്തിയത്‌ കൂടാതെ സദാ കണ്ടാനന്ദിക്കുന്നതിന്‌ താമരയുടെ രൂപത്തില്‍ ഒരു കൈയില്‍ സദാ ധരിക്കുന്നു. അത്രകണ്ട്‌ ഭഗവാന്റെ മനസ്സിനെ രമിപ്പിക്കുന്നവള്‍.

നളിനാക്ഷി – താമരയിതള്‍പോലെ നീണ്ടിടംപെട്ട മനോഹരമായ കണ്ണുകളുള്ളവള്‍, സുന്ദരി.

നളിനാസ്യാ – താമരപ്പൂവുപോലെ അഴകേറിയ മുഖമുള്ളവള്‍, സുന്ദരി.

നളിനാസനസംസ്ഥിതാ – താമരയാകുന്ന അമ്പനത്തില്‍ സ്ഥിതി ചെയ്യുന്നവള്‍. കവികളും ചിത്രകാരന്മാരും ശില്‍പികളും ദേവിയുടെ സ്ഥൂലരൂപം താമരയില്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുന്ന രീതിയിലാണ്‌ ആവിഷ്കരിക്കുന്നത്‌. ഈ കനകധാരാ സഹസ്രനാമത്തിന്‌ കാരണമായ മഹാലക്ഷ്മീ ക്ഷേത്രത്തിലെ വിഗ്രഹം താമരപ്പൂവില്‍ നില്‍ക്കുന്ന രീതിയിലാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by