Categories: Kottayam

അയ്യപ്പചരിത്രമുറങ്ങുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള എരുമേലി പുത്തന്‍വീട്‌ കത്തി നശിച്ചു

Published by

എരുമേലി: ആചാരാനുഷ്ഠാനങ്ങളുടെ പവിത്രത നൂറ്റാണ്ടുകളോളം കാത്തു സൂക്ഷിച്ച്‌, അയ്യപ്പചരിത്രമുറങ്ങുന്ന പുണ്യസങ്കേതമായി സംരക്ഷിച്ചുകൊണ്ടിരുന്ന എരുമേലി പുത്തന്‍വീട്‌ കുടുംബക്കാരുടെ ‘പുത്ത ന്‍വീട്‌’ അഗ്നിക്കിരയായി. ഇന്നലെ ഉച്ചയ്‌ക്ക്‌ ഒരുമണിയോടെയാണ്‌ സംഭവം. കാലപ്പഴക്കം ചെന്ന തടികള്‍ കൊണ്ടുമാത്രം നിര്‍മ്മിച്ച വീടിണ്റ്റെ താത്കാലികമായ ഉണ്ടായിരുന്ന അടുക്കളയില്‍ നിന്നും തീ പടര്‍ന്നതാണ്‌ അപകടകാരണമെന്ന്‌ വീട്ടുകാര്‍ പറഞ്ഞു. മൂന്നോളം അറകളുള്ള മുറികളും അനുബന്ധസൗകര്യങ്ങളോടു കൂടിയതും, ടിന്‍ഷീറ്റ്‌ മേഞ്ഞതുമായ വീടിണ്റ്റെ ഒരു ചെറിയ ഭാഗം ഒഴികെയുള്ള മുഴുവന്‍ ഭാഗവും കത്തി നശിച്ചു. തേക്ക്‌ തടിയില്‍ തീര്‍ത്ത്‌ മേല്‍ക്കൂരയുടെ മിക്ക ഭാഗങ്ങളും കത്തിയമര്‍ന്നു. കട്ടിയുള്ള തടികളാല്‍ നിര്‍മ്മിച്ചിരുന്ന ചുറ്റുചുവരുകള്‍ക്ക്‌ തീയില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്‌. ചരിത്രപ്രസിദ്ധമായ പുത്തന്‍വീടിന്‌ തീപിടിച്ചതറിഞ്ഞ്‌ ഓടിക്കൂടിയ നാട്ടുകാരാണ്‌ തീ ഏതാണ്ട്‌ പൂര്‍ണമായും അണച്ചത്‌. തുടര്‍ന്ന്‌ കാഞ്ഞിരപ്പള്ളിയില്‍ നിന്ന്‌ ഫയര്‍ഫോഴ്സും എരുമേലി പോലീസും ചേര്‍ന്ന്‌ പുകഞ്ഞുകൊണ്ടിരുന്ന ഭാഗങ്ങളിലെ തീയും അണച്ചു. എരുമേലി പുത്തന്‍വീട്ടുകാരുടെ ഉടമസ്ഥതയിലുള്ള ഈ വീടിണ്റ്റെ ചരിത്രകഥകള്‍ അയ്യപ്പസ്വാമിയുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ അത്രത്തോളം പ്രാധാന്യം നല്‍കിയാണ്‌ കുടുംബക്കാര്‍ വീട്‌ സംരക്ഷിച്ചു പോന്നിരുന്നത്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നടനന ദേവപ്രശ്നപരിഹാരത്തെത്തുടര്‍ന്ന്‌ ഈ വീട്ടില്‍ താമസിച്ചുകൊണ്ടിരുന്ന പി.പി.ഗോപാലപിള്ളയും കുടുംബവും സമീപത്തായി മറ്റൊരുവീട്‌ നിര്‍മ്മിച്ച്‌ താമസം അവിടേക്ക്‌ മാറ്റുകയായിരുന്നു. വീട്ടിലെ താത്കാലിക അടുക്കള മാറ്റരുതെന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്ന്‌ വീട്ടുകാര്‍ ദിവസവും പഴയവീട്ടിലെ അടുക്കളയിലാണ്‌ ആഹാരം പാകം ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ പതിവുപോലെ ഉച്ചഭക്ഷണത്തിനുള്ള ആഹാരം തയ്യാറാക്കിയതിനുശേഷം കഴിക്കാനായി ഇരിക്കുന്നതിനിടെയാണ്‌ അടുക്കളയില്‍ നിന്നും തീയും പുകയും ഉയരുന്നതു കണ്ടത്‌. ഈ കാലപ്പഴക്കം ചെന്ന ചരിത്രവീടിനു ചുറ്റും താമസിക്കുന്ന ജ്യേഷ്ഠാനുജന്‍മാരും മക്കളും മരുമക്കളും ചേര്‍ന്ന്‌ ബഹളം വച്ചതുകേട്ടാണ്‌ നാട്ടുകാര്‍ ഓടിക്കൂടിയതും തീയണച്ചതും. നൂറ്റാണ്ടുകളായി കത്തിക്കൊണ്ടിരുന്ന കെടാവിളക്കും മഹിഷീനിഗ്രഹത്തെ തുടര്‍ന്ന്‌ പുത്തന്‍വീട്ടിലെത്തിയ മണികണ്ഠണ്റ്റെ ഉടവാളും, മറ്റുസാധനങ്ങളും സൂക്ഷിക്കുന്ന പൂജാമുറിയും കേടുകളൊന്നും കൂടാതെ സംരക്ഷിക്കപ്പെട്ടു. ഈ മുറിയുടേതടക്കമുള്ള മൂന്നു മുറികളുടെ മേല്‍ക്കൂരയാണ്‌ കത്തി നശിച്ചത്‌. പഴയ തടി ഉരുപ്പടികളായതിനാല്‍ കൃത്യമായ നഷ്ടം കണക്കാക്കാനും ഏറെ സമയമെടുക്കും. നിലത്തുനിന്നും നിന്നും ഏകദേശം ൫ അടിയോളം ഉയരത്തില്‍ പ്രത്യേകം കെട്ടിയ തറയിലാണ്‌ തടികൊണ്ടു നിര്‍മ്മിച്ച ഈ വീട്‌ നില്‍ക്കുന്നത്‌. ചോര്‍ച്ചയുള്ള അവസരത്തില്‍ മേല്‍ക്കൂര മാത്രം പൊളിച്ചു പണിയാനുള്ള അവകാശംമാത്രമാണ്‌ വീട്ടുകാര്‍ക്കുള്ളത്‌. തറ ചാണകം മെഴുകിയതാണ്‌. ഇതേ അവസ്ഥയിലാണ്‌ ഇന്നുവരെയും ഈ വീട്‌ സൂക്ഷിച്ചു പോരുന്നത്‌. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അയ്യപ്പചരിത്രമുറങ്ങുന്ന എരുമേലി പുത്തന്‍വീട്ടിലെ തീപിടുത്തത്തിന്റെ കാഠിന്യം കുറച്ചത്‌ നാട്ടുകാരുടരുടെ അവസരോചിതമായ ഇടപെട്‌ മൂലം. തീ പിടിച്ചതറിഞ്ഞ്‌ നാട്ടുകാരായ നാലുമാവുങ്കല്‍ സുദര്‍ശനന്‍, വാച്ചുകടയുടമ സുബിന്‍, ഓട്ടോഡ്രൈവര്‍ സജീവന്‍, എന്നിവരുടെ നേതൃത്വത്തില്‍ വലിയ ജനക്കൂട്ടമാണ്‌ തീ അണയ്‌ക്കുവാന്‍ ഓടിയെത്തിയത്‌. കാലപ്പഴക്കം ചെന്ന വീടിനുമുകളില്‍ കയറാന്‍ ഇവര്‍ ധൈര്യം കാട്ടിയതോടെ പിന്നാലെയെത്തിയവര്‍ തീ അണക്കാനുള്‍ല മറ്റ്‌ നടപടിയിലേക്കു നീങ്ങി. സദാനന്ദന്‍, ഫൈസര്‍, രാഗേഷ്‌, കൃഷ്ണകുമാര്‍, സത്യന്‍ എന്നിവരും പിന്നാലെയെത്തിയവരും തീ നിയന്ത്രണാധിനമാക്കാന്‍ നന്നേപാടുപെട്ടു. ഇവരുടെ ശ്രമത്താല്‍ തീ ഏതാണ്ട്‌ പൂര്‍ണമായും അണച്ചപ്പോഴേക്കും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. തീപിടിത്തം നടന്ന വീട്‌ ജനപ്രതിനിധികളും ഉന്നതോദ്യോഗസ്ഥരും രാഷ്‌ട്രീയ നേതാക്കളും സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.എ.സലീം, ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ മോളിമാത്യു, പഞ്ചായത്തംഗങ്ങളായ അജേഷ്‌, ഷമീന, രാഷ്‌ട്രീയപ്പാര്‍ട്ടി നേതാക്കളായ അനിയന്‍ എരുമേലി, അജി, പ്രകാശ്‌ പുളിക്കന്‍, എന്‍.ബി.ഉണ്ണക്കൃഷ്ണന്‍, കെ.ആര്‍. സോജി, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി പി.സുരേഷ്‌, എരുമേലി എസ്‌ഐ പി.സി.ഷാബു എന്നിവരും സ്ഥലത്തെത്തി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by