Categories: Kasargod

പനി: ആശുപത്രികള്‍ നിറയുന്നു

Published by

കാഞ്ഞങ്ങാട്‌: കാലവര്‍ഷം കനത്തതോടെ പരിമിതമായ ചികിത്സാസൗകര്യം മൂലം പനിയുള്‍പ്പെടെയുള്ള മഴക്കാല രോഗങ്ങള്‍ മൂലം ആശുപത്രികള്‍ രോഗികളെ കൊണ്ട്‌ നിറയുന്നു. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പതിനായിരത്തോളം രോഗികള്‍ വിവിധ രോഗങ്ങള്‍ക്ക്‌ ചികിത്സ തേടിയെത്തിയിട്ടുണ്ട്‌. കാസര്‍കോട്‌ ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട്ടെ ജില്ലാആശുപത്രി എന്നിവിടങ്ങളില്‍ മാത്രം ഇന്നലെ രണ്ടായിരത്തോളം പേര്‍ ചികിത്സ തേടിയത്തിയതായി ആശുപത്രിയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. കാഞ്ഞങ്ങാട്‌ ജില്ലാശുപത്രിയില്‍ ഒപി വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയവരുടെ ക്യൂ പുറത്ത്‌ ഗേറ്റുവരെ നീണ്ടു. പനി, ഛര്‍ദ്ദി, വയറിളക്കം, എലിപ്പനി, മലമ്പനി എന്നിവ പിടിപെട്ടാണ്‌ ഭൂരിഭാഗവും ചികിത്സയ്‌ക്കെത്തുന്നത്‌. ഒ.പി.വിഭാഗത്തിലെത്തിയ പകുതിയിലേറെ രോഗികള്‍ക്കും കിടത്തി ചികിത്സ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും വാര്‍ഡുകള്‍ രോഗികളെ കൊണ്ട്‌ നിറഞ്ഞതോടെ കിടത്തി ചികിത്സ അനിവാര്യമായവരെ വരാന്തയില്‍ കിടത്തിയാണ്‌ ശുശ്രൂഷിക്കുന്നത്‌. ജില്ലാശുപത്രിയില്‍ ചികി ത്സ തേടിയെത്തുന്നവരില്‍ ൮൦ ശതമാനവും മലയോര പഞ്ചായത്തുകളിലുള്ളവരാണ്‌. കള്ളാര്‍, കോടോം-ബേളൂറ്‍, ബളാല്‍, വെസ്റ്റ്‌ എളേരി, ഈസ്റ്റ്‌ എളേരി, പനത്തടി, കിനാനൂറ്‍ – കരിന്തളം, മടിക്കൈ പഞ്ചായത്തുകളില്‍ നിന്നാണ്‌ രോഗികള്‍ ഏറെ എത്തിയത്‌. മലയോരത്തെ പ്രധാന ചികിത്സാ കേന്ദ്രമായ പനത്തടി സിഎച്ച്സിയില്‍ കിടത്തി ചികിത്സ സൗകര്യമുണ്ടെങ്കിലും ആവശ്യത്തിന്‌ ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതിനാല്‍ ഈ ഭാഗത്തു നിന്നുള്ളവരെല്ലാം ജില്ലാശുപത്രിയെയാണ്‌ ആശ്രയിക്കുന്നത്‌. പാണത്തൂറ്‍, എണ്ണപ്പാറ എന്നീ പിഎച്ച്സികളിലും പരിമിതമായ ചികിത്സാ സൗകര്യമാണുള്ളത്‌. മലയോര പഞ്ചായത്തുകളില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ ഏറെയുണ്ടെങ്കിലും ഇവിടെയൊന്നും ആവശ്യത്തിന്‌ ഡോക്ടര്‍മാരോ ജീവനക്കാരോ മരുന്നോ ഇല്ലാത്ത അവസ്ഥയാണ്‌. മഴക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോഴും ഗ്രാമീണ മേഖലയിലുള്ള സിഎച്ച്സികളിലും പിഎച്ച്സികളിലും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും നിരവധി തസ്തികള്‍ ഒഴിഞ്ഞു കിടക്കുകയാണ്‌. പനി വ്യാപകമായതോടെ സ്കൂളിലെ ഹാജര്‍ നിലയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. ജില്ലാ-ജനറല്‍ ആശുപത്രികളും നീലേശ്വരം, തൃക്കരിപ്പൂറ്‍ താലൂക്ക്‌ ആശുപത്രികളിലും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്‌. ഇതുമൂലം ഒ.പി.വിഭാഗത്തിലെ പരിശോധന മണിക്കൂറുകളോളം നീളുകയാണ്‌. ജില്ലാശുപത്രിയില്‍ രണ്ട്‌ ഡോക്ടര്‍മാരാണ്‌ ഒപിയില്‍ ആയിരകണക്കിന്‌ രോഗികളെ പരിശോധിക്കുന്നത്‌. അടിയന്തര ചികിത്സ ആവശ്യമായവര്‍ പോലും ഡോക്ടറെ കാണാന്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരുന്നു. മഴക്കാല രോഗങ്ങള്‍ തടയാന്‍ ആശുപത്രികളില്‍ ആവശ്യമായ ജീവനക്കാരെ ഉടന്‍ നിയമിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ജില്ലയിലെ ജനജീവിതം ദുരിതപൂര്‍ണ്ണമാകുമെന്നാണ്‌ പറയപ്പെടുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts