Categories: Vicharam

അരി നല്‍കുന്നതിലെ അടവ്‌

Published by

ബിപിഎല്‍ വിഭാഗത്തിന്‌ രണ്ട്‌ രൂപക്ക്‌ അരി നല്‍കുമെന്ന തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ നടത്തിയ ബജറ്റ്‌ പ്രഖ്യാപനത്തിന്‌ പുറകെ യുഡിഎഫ്‌ പ്രകടനപത്രിക വാഗ്ദാനം ചെയ്തത്‌ ഒരു രൂപക്ക്‌ അരി നല്‍കും എന്നായിരുന്നു. നൂറുദിന കര്‍മപരിപാടി പ്രഖ്യാപനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്‌ ഒരു രൂപക്ക്‌ അരി ഓണത്തിന്‌ ലഭ്യമാക്കുമെന്നായിരുന്നു. പുറകെ വന്ന ധനമന്ത്രി കെ.എം. മാണിയുടെ “തിരുത്തല്‍” ബജറ്റില്‍, ഒരു രൂപക്ക്‌ അരി നല്‍കുന്നവരുടെ എണ്ണം 20.56 ലക്ഷമാക്കി വെട്ടിക്കുറച്ചിരുന്നു. ഇപ്പോള്‍ ദാരിദ്ര്യരേഖക്ക്‌ മുകളിലുള്ളവര്‍ക്ക്‌ പ്രഖ്യാപിച്ച രണ്ട്‌ രൂപക്കരി പദ്ധതിയില്‍നിന്ന്‌ എറണാകുളം ജില്ലയില്‍ത്തന്നെ അരലക്ഷത്തോളം പേര്‍ പുറത്താകുമത്രേ. ഇതിന്‌ കാരണമായി പറയുന്നത്‌ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങളാണ്‌. കാര്‍ഡുടമകള്‍ 31-നകം വില്ലേജ്‌ ഓഫീസറുടെയും തദ്ദേശസ്വയംഭരണ സെക്രട്ടറിയുടെയും സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയില്ലെങ്കില്‍ രണ്ട്‌ രൂപക്ക്‌ അരി ലഭിക്കില്ല. 45 ലക്ഷം കുടുംബങ്ങളാണ്‌ ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തത്‌.

20.56 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കാതെ സപ്തംബര്‍ ഒന്നു മുതല്‍ ഒരു രൂപക്ക്‌ അരി ലഭിക്കുമ്പോള്‍ നിലവില്‍ രണ്ട്‌ രൂപക്ക്‌ അരി ലഭിക്കുന്ന ബിപിഎല്‍ കാര്‍ഡില്ലാത്ത ഒന്‍പത്‌ ലക്ഷത്തോളം അസംഘടിത തൊഴിലാളികുടുംബങ്ങള്‍ ഈ പരിധിയില്‍നിന്ന്‌ പുറത്താകും. രണ്ടര ഏക്കറില്‍ കൂടുതല്‍ ഭൂമി ഇല്ലെന്നും കുടുംബവരുമാനം 25,000 രൂപയില്‍ കൂടുതല്‍ അല്ലെന്നും കാണിക്കുന്ന വില്ലേജ്‌ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും വീടിന്റെ തറവിസ്തീര്‍ണം 2500 ചതുരശ്ര അടിയില്‍ താഴയാണെന്ന തദ്ദേശഭരണ സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റുമാണ്‌ ഹാജരാക്കേണ്ടത്‌. റേഷന്‍കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ അരി നല്‍കണമെന്നും സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കിയാല്‍ അരി ഉപേക്ഷിക്കുമെന്നുമാണ്‌ ഉപഭോക്താക്കളുടെ നിലപാട്‌. ബജറ്റില്‍ 200 കോടി രൂപയാണ്‌ വകയിരുത്തിയത്‌. ഇപ്പോള്‍ രണ്ട്‌ രൂപക്ക്‌ അരി ലഭിക്കുന്ന എപിഎല്‍ കുടുംബങ്ങള്‍ക്ക്‌ തുടര്‍ന്നും അരി നല്‍കണമെങ്കില്‍ 500 കോടി വേണമെന്നിരിക്കെ സര്‍ക്കാര്‍ നീക്കം ഒരു അടവായി കണക്കാക്കപ്പെടുകയാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by