Categories: Kannur

കണ്ണൂറ്‍ യൂണിവേഴ്സിറ്റി ബികോം ഫലത്തില്‍ അപാകത; വിദ്യാര്‍ത്ഥികള്‍ ആശയക്കുഴപ്പത്തില്‍

Published by

കണ്ണൂറ്‍: കണ്ണൂറ്‍ യൂണിവേഴ്സിറ്റി വിദൂരവിഭാഗം അവസാന വര്‍ഷ പരീക്ഷയുടെ ഫലത്തില്‍ മറിമായം. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശയക്കുഴപ്പത്തില്‍. ജൂണ്‍ ൩൦ ന്‌ അവസാന വര്‍ഷ ബികോം ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ പാസായ ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികളാണ്‌ തോറ്റതായി പ്രിണ്റ്റൗട്ട്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. മറ്റ്‌ യൂണിവേഴ്സിറ്റികളില്‍ നിന്നും വിഭിന്നമായി തിരക്കുപിടിച്ച്‌ ഗ്രേഡിങ്ങ്‌ നടപ്പിലാക്കിയ യൂണിവേഴ്സിറ്റി അധികൃതരുടെ നടപടികളാണ്‌ യൂണിവേഴ്സിറ്റിയുടെ പേരിനുതന്നെ കളങ്കമുണ്ടാക്കുന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്‌. സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ ഭാവി കൊണ്ട്‌ പന്താടുന്ന യൂണിവേഴ്സിറ്റിയുടെ ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം വിവിധ വിഭാഗങ്ങളില്‍ നിന്ന്‌ ഉയര്‍ന്നുകഴിഞ്ഞു. യൂണിവേഴ്സിറ്റി റിസല്‍ട്ട്‌ മാറ്റിയതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലായിരിക്കുകയാണ്‌. കേരളത്തിനകത്തും പുറത്തും വന്‍തുക നല്‍കി തുടര്‍പഠനത്തിന്‌ ചേര്‍ന്ന പല വിദ്യാര്‍ത്ഥികളും ഇതോടെ വിഷമവൃത്തത്തിലായിരിക്കുകയാണ്‌. റഗുലര്‍-വിദൂര വിദ്യാര്‍ത്ഥികള്‍ എന്ന വേര്‍തിരിവ്‌ കഴിഞ്ഞകാലങ്ങളിലുണ്ടായപ്പോള്‍ ശക്തമായ സമരങ്ങളിലൂടെയാണ്‌ വിദൂര വിദ്യാഭ്യാസ വിദ്യാര്‍ത്ഥികളെയും ഗ്രേഡിങ്ങ്‌ സമ്പ്രദായത്തിലേക്ക്‌ മാറ്റിയത്‌. വിദ്യാര്‍ത്ഥികള്‍ പാസാകുന്നതിനു വേണ്ട മാനദണ്ഡത്തെ സംബന്ധിച്ച്‌ യൂണിവേഴ്സിറ്റി അധികൃതര്‍ക്ക്‌ തന്നെ കൃത്യമായ നിശ്ചയമില്ലാത്തതാണ്‌ ഈ വിധം ഫലം മാറിവരാന്‍ കാരണമായത്‌. ബി ഗ്രേഡോ സി ഗ്രേഡോ ലഭിച്ച വിദ്യാര്‍ത്ഥികളുടെ റിസള്‍ട്ട്‌ ഒരാഴ്ചക്ക്‌ ശേഷം സി ആയും ഡി ആയും മാറി തോല്‍ക്കുന്ന അവസ്ഥയാണ്‌ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്‌. ഗ്രേഡിങ്ങ്‌ ശതമാനത്തിലേക്ക്‌ മാറ്റുന്നതിനുള്ള പുതിയ സൂത്രവാക്യപ്രകാരം ബിസിഎ റിസള്‍ട്ട്‌ വന്നപ്പോള്‍ തോറ്റ കുട്ടികള്‍ ജയിച്ചതായും രേഖപ്പെടുത്തിയിരിക്കുകയാണ്‌. വിദ്യാര്‍ത്ഥികളുടെ ഭാവി കൊണ്ട്‌ കളിക്കുന്ന യൂണിവേഴ്സിറ്റിയുടെ നടപടിക്കെതിരെ പാരലല്‍ കോളേജ്‌ അസോസിയേഷന്‍ ജില്ലാ കമ്മറ്റിയോഗം പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്തതായി അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍.രാധാകൃഷ്ണനും ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ്‌ പാലങ്ങാട്ടും അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by