Categories: Varadyam

അശ്രുപൂജ

Published by

വാക്കുകള്‍ക്കില്ല ശക്തി ഇനി-

യെന്റെ ക്രിയകള്‍ക്കുമില്ല ശേഷി

ശോഭയായി തെളിഞ്ഞൊരീതിരി

ആരതിനെ ഞെരിച്ചണച്ചിത്ര വേഗം

ആരാണീ ഉമ്മറത്തെ

കൂരിരുട്ടിലാക്കിയീ പകല്‍

എത്രയോ ജീവച്ഛവങ്ങള്‍-

ഈയിരുട്ടില്‍ പകച്ചുനില്‍ക്കുന്നൂ

എത്രയോ ആര്‍ദ്രമനസ്സുകള്‍

വിറങ്ങലിച്ചു വിറ പൂണ്ടിടുന്നു

ആരിനി ഓടിക്കളിച്ചിടും

ഈ പൈതല്‍ ഓടിയ വീഥിയില്‍

ആരിനി വെള്ളം നനച്ചിടും

അവന്‍ നട്ടൊരീ മാവിന്‌

എന്തിനെന്‍ ദൈവമേ ഈ വിധി

മിന്നലായവനില്‍ നിപതിച്ചു

എന്തിനെന്‍ പ്രകൃതി നീയിത്ര-

ക്രൂരയായ്‌ വിളയാടിടുന്നു.

നീ വരച്ച വരകളും

നീ ചാലിച്ച നിറങ്ങളും

എത്ര ക്ഷണമതില്‍ കാന്തി

കരി നിഴലിലവ്യക്തമായി.

ദാനമായി തന്നവനിയില്‍

നഷ്ടമായ സമ്പത്തിന്‍ വേദന

എന്തിനിങ്ങനെയൊരു ഗതി

വരുത്തുവാന്‍ തോന്നി പരാശക്തി

ഇല്ല കുഞ്ഞേ, നീയൊരിക്കലും

മൃതിപൂകിടില്ലെന്റെയുള്ളില്‍

നിന്റെ സ്വപ്നങ്ങളും പരിശ്രമങ്ങളും

എന്നുമെന്‍ ഹൃത്തില്‍ വസിച്ചിടും

അത്രയല്ലേ എനിക്കിനി-

ഈശ്വരന്‍ ബാക്കി നല്‍കിടും

അത്രയെങ്കിലുമില്ലെങ്കിലീ-

“ഗുരു”വെന്ന വാക്കിനെന്തര്‍ത്ഥം

നഷ്ടമായതൊന്നുമേ…..

വീണ്ടെടുപ്പാന്‍ ശക്തരല്ല നാം

നേടുവാനുള്ളതൊന്നുമേ

പകരമാവില്ലയൊന്നിനും.

-രഞ്ജു പി.മാത്യു

(കോട്ടയം ജില്ലയില്‍ അമയന്നൂര്‍ സെന്റ്‌ തോമസ്‌ എല്‍പി സ്കൂളിലെ നാലാംക്ലാസ്‌ വിദ്യാര്‍ത്ഥി അര്‍ജ്ജുന്റെ അകാല മരണത്തെത്തുടര്‍ണ്ടായ വേദനയില്‍ അധ്യാപിക എഴുതിയ കവിത)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts