Categories: Kottayam

നഗരമധ്യത്തിലെ സ്വര്‍ണ്ണക്കവര്‍ച്ച; മുഖ്യപ്രതി ഐടി ബിസിനസുകാരന്‍

Published by

കോട്ടയം: വെടിയുതിര്‍ത്തശേഷം പട്ടാപ്പകല്‍ നഗരമധ്യത്തിലെ ജ്വല്ലറിയില്‍ നിന്ന്‌ സ്വര്‍ണം കവര്‍ന്ന കേസിലെ മുഖ്യപ്രതി എസ്റ്റേറ്റ്‌ ഉടമയും ഐ.ടി ബിസിനസുകാരനുമായ എറണാകുളം ഇടപ്പള്ളി പോണേക്കര ഇന്ദിരാഭായി റോഡില്‍ കുരിശിങ്കല്‍ വീട്ടില്‍ മനോജ്‌ സേവ്യര്‍(36). ഒന്നാം പ്രതിയും മുഖ്യസൂത്രധാരനും. ബിസിനസിലുണ്ടായ കടബാധ്യതയാണ്‌ എസ്റ്റേറ്റിലെ തൊഴിലാളിയെയും കൂട്ടി മോഷണത്തിനിറങ്ങാന്‍ ഇയാളെ പ്രേരിപ്പിച്ചത്‌. കോട്ടയം തിരുനക്കര മൈതാനത്തോട്‌ ചേര്‍ന്നുള്ള കുന്നത്തുകളത്തില്‍ ജ്വല്ലറിയില്‍ നിന്ന്‌ വ്യാഴാഴ്‌ച്ച ഉച്ചയ്‌ക്കാണ്‌ ഏഴര കിലോ സ്വര്‍ണം കവര്‍ന്നത്‌. ബൈക്കിലെത്തിയ ഇവര്‍ ജ്വല്ലറിയില്‍ കടന്ന ശേഷം നാലുപാടും വെടിവച്ചും ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിറുത്തിയും കവര്‍ച്ച നടത്തുകയായിരുന്നു. തുടര്‍ന്ന്‌ ബൈക്കില്‍ തന്നെ കുമരകം-വൈക്കം ഭാഗത്തേക്ക്‌ രക്ഷപെടുകയും ചെയ്തു. ഇതില്‍ രണ്ടാം പ്രതിയായ തേനി തേവാരം മുരുകേശനെ(28) സംഭവം നടന്ന്‌ മണിക്കൂറുകള്‍ക്കുള്ളില്‍ കുമരകത്ത്‌ നിന്നും മനോജിനെ വ്യാഴാഴ്‌ച്ച രാത്രി എറണാകുളം കടവന്ത്രയിലെ ഫ്ളാറ്റില്‍ നിന്നും അറസ്റ്റ്‌ ചെയ്തു.12 വര്‍ഷത്തോളം ദുബായില്‍ ഐ.ടി മേഖലയില്‍ ജോലി നോക്കിയിട്ടുള്ളയാളാണ്‌ മനോജ്‌. ഇതിനിടയില്‍ മൂന്ന്‌ വര്‍ഷം മുന്‍പ്‌ നാട്ടില്‍ തിരിച്ചെത്തിയ ഇയാള്‍ ഇടുക്കി ശാന്തമ്പാറയില്‍ പത്ത്‌ ഏക്കര്‍ ഏലത്തോട്ടം വാങ്ങുകയും എറണാകുളത്ത്‌ കംമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ബിസിനസ്‌ ആരംഭിക്കുകയും ചെയ്തു. ഒരു വര്‍ഷം മുന്‍പ്‌ ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച്‌ നാട്ടിലെത്തിയ ഇയാള്‍ എസ്റ്റേറ്റ്‌ കാര്യവും ബിസിനസും നോക്കി കഴിയുകയായിരുന്നു. ഇതിനിടയിലുണ്ടായ കടബാധ്യത പരിഹരിക്കാന്‍ കവര്‍ച്ച നടത്തുകയായിരുന്നു. കോട്ടയം എസ്‌.പിയുടെ നിര്‍ദേശപ്രകാരം ഏറ്റുമാനൂറ്‍ സി .ഐ ബിജു കെ. സ്റ്റീഫണ്റ്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തത്‌. ഇന്നലെ പുലര്‍ച്ചെ കോട്ടയത്തെത്തിച്ച ഇയാളെ മൂന്ന്‌ മണിക്കൂറോളം പൊലീസ്‌ ചോദ്യം ചെയ്തു. തുടര്‍ന്ന്‌ വൈകിട്ട്‌ അഞ്ച്‌ മണിയോടെ ജുവലറിയില്‍ എത്തിച്ച്‌ തെളിവെടുക്കുകയും ജില്ലാ മജിസ്ട്രേറ്റിണ്റ്റെ മുന്‍പില്‍ ഹാജരാക്കുകയും ചെയ്തു. ഇയാളെ 14 വരെ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു. കോട്ടയം എസ്പി സി. രാജഗോപാലിണ്റ്റെ നേതൃത്വത്തില്‍ ഡിവൈഎസ്‌.പി പി.എം.വര്‍ഗീസ്‌, സി.ഐമാരായ ജി.വേണു, ബിജു കെ.സ്റ്റീഫന്‍, ഗിരീഷ്‌ പി.സാരഥി എന്നിവരാണ്‌ അന്വേഷണത്തിന്‌ നേതൃത്വം നല്‍കിയത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by