Categories: Vicharam

അഴിമതിരാജ രണ്ടാമന്‍

Published by

മുന്‍ ടെലികോംമന്ത്രിയും ഇപ്പോഴത്തെ ടെക്സ്റ്റെയില്‍വകുപ്പ്‌ മന്ത്രിയുമായ ദയാനിധി മാരനും രാജി സമര്‍പ്പിച്ചിരിക്കുന്നു. 2 ജി സ്പെക്ട്രം ഇടപാടില്‍ 2004-2007 കാലയളവില്‍ ദയാനിധി മാരന്‍ മന്ത്രിയായിരിക്കെ എയര്‍സെല്‍ പ്രമോട്ടറായിരുന്ന സി. ശിവശങ്കരന്‌ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും 2 ജി സ്പെക്ട്രം ലൈസന്‍സിനുള്ള അപേക്ഷ രണ്ട്‌ കൊല്ലം വെച്ചുതാമസിപ്പിക്കുകയും ഒടുവില്‍ മലേഷ്യന്‍ കമ്പനിയായ മാക്സിസ്‌ ഗ്രൂപ്പിന്‌ എയര്‍സെല്‍ ഓഹരികള്‍ കൈമാറാന്‍ നിര്‍ബന്ധിതനാകുകയും ചെയ്തതായി സിബിഐ കണ്ടെത്തി. ഓഹരി കൈമാറിയതിന്‌ തൊട്ടുപിന്നാലെ ശിവശങ്കരന്‌ 2 ജി സ്പെക്ട്രം ലൈസന്‍സ്‌ നല്‍കി.
മലേഷ്യന്‍ കമ്പനി എയര്‍സെല്‍ സ്വന്തമാക്കിയശേഷം ആ കമ്പനിക്ക്‌ 14 ടെലികോം ജില്ലകളില്‍ മാരന്‍ ലൈസന്‍സുകള്‍ നല്‍കി. ഇതുമായി ബന്ധപ്പെട്ട്‌ മാക്സിസ്‌ ഗ്രൂപ്പ്‌ മാരന്റെ സഹോദരന്‍ കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടിവി നെറ്റ്‌വര്‍ക്കില്‍ 750 കോടിയുടെ നിക്ഷേപം നടത്തിയതായും സിബിഐ കണ്ടെത്തി.

ദയാനിധി മാരന്റെ രാജിക്കായുള്ള സമ്മര്‍ദ്ദം ബിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും ഉയര്‍ത്തിയിട്ടും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ സ്വതസിദ്ധമായ മൗനം അവലംബിക്കുകയായിരുന്നു. ഇപ്പോള്‍ സിബിഐ റിപ്പോര്‍ട്ട്‌ സുപ്രീംകോടതിയുടെ മുന്നില്‍ എത്തിയ പശ്ചാത്തലത്തിലാണ്‌ മന്ത്രിസഭാ പുനഃസംഘടനയില്‍ തിരസ്കൃതനാകുന്നതിന്‌ മുമ്പ്‌ ദയാനിധിമാരന്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്‌.

ടെലികോംമന്ത്രിയായിരിക്കെ ബിഎസ്‌എന്‍എല്‍ ടെലിഫോണ്‍ ലൈനുകള്‍ ദുരുപയോഗം ചെയ്ത്‌ സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്‌ ഓപ്റ്റിക്‌ ഫൈബര്‍ കണക്ഷന്‍ നല്‍കാനും മാരന്‍ തയ്യാറായി. താന്‍ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും എയര്‍സെല്‍ മാക്സിസ്‌ വാങ്ങിയത്‌ താന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷമാണെന്നും മാരന്‍ വാദിച്ചെങ്കിലും എയര്‍സെല്‍ മാക്സിസ്‌ വാങ്ങിയത്‌ ഏപ്രില്‍ 2007 ല്‍ ആണെന്നും മാരന്‍ ടെലികോം വകുപ്പൊഴിഞ്ഞത്‌ മെയ്‌ 2007 നാണെന്നും സിബിഐ കണ്ടെത്തി. മാരന്‍ തുടരുന്നത്‌ ന്യായീകരിക്കാനാവാത്ത സ്ഥിതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ്‌ രാജി സമര്‍പ്പിക്കാന്‍ തയ്യാറായത്‌.

മാരന്റെ കുടുംബത്തിന്‌ ചാനല്‍ വ്യവസായം ഉള്ള പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്‌ ടെലികോം വകുപ്പ്‌ കൊടുത്തത്‌ താല്‍പര്യസംഘട്ടനത്തിന്‌ വഴിവച്ചിരുന്നു എന്ന്‌ ബിജെപി നേതാവ്‌ അരുണ്‍ ജെറ്റ്ലി ചൂണ്ടിക്കാണിച്ചു. ശിവ്‌രാജ്‌ പാട്ടീല്‍ കമ്മറ്റിയും മാരന്റെ നേരെ വിരല്‍ചൂണ്ടിയിരുന്നു. ഇപ്പോഴത്തെ ടെലികോം മന്ത്രി കപില്‍ സിബല്‍ പ്രധാനമന്ത്രിയെ ബുധനാഴ്ച സന്ദര്‍ശിച്ച്‌ വിശദവിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു.

ദയാനിധി മാരനും 2 ജി സ്പെക്ട്രം അഴിമതിയില്‍ ഉള്‍പ്പെട്ട്‌ ആരോപണവിധേയനായി രാജി സമര്‍പ്പിക്കാന്‍ നിര്‍ബന്ധിതനായതോടെ കരുണാനിധിയുടെ ഡിഎംകെ പാര്‍ട്ടിയിലെ രണ്ട്‌ മന്ത്രിമാര്‍ക്കാണ്‌ രാജി സമര്‍പ്പിക്കേണ്ടിവന്നിരിക്കുന്നത്‌. ദയാനിധി മാരന്റെ സഹോദരന്റെ കമ്പനിയായ സണ്‍ ടിവിക്ക്‌ സാമ്പത്തികലാഭം ഉണ്ടാക്കിക്കൊടുക്കാന്‍ ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത മാരനും എ. രാജക്കും കരുണാനിധിയുടെ മകളും രാജ്യസഭാ എംപിയുമായ കനിമൊഴിയോടും ഒപ്പം തിഹാര്‍ ജയിലില്‍ എത്തുമോ എന്ന കാര്യം സിബിഐ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചശേഷമേ അറിയാനാവൂ. എ. രാജ മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്ത്‌ കനിമൊഴിക്ക്‌ ഓഹരിയുള്ള ചാനലിന്‌ 200 കോടി രൂപ നേടിയെടുത്തു എന്ന ആരോപണത്തിലാണ്‌ കനിമൊഴി ജയിലഴിക്കുള്ളിലായത്‌. ഇതോടെ ഡിഎംകെയുടെ ഇപ്പോള്‍ത്തന്നെ കളങ്കിതമായ പ്രതിഛായക്ക്‌ കൂടുതല്‍ മങ്ങലേല്‍ക്കുന്നതോടൊപ്പം യുപിഎ സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്ന അഴിമതിയുടെ വ്യാപ്തി വര്‍ധിച്ചരിക്കുകയുമാണ്‌. 2 ജി സ്പെക്ട്രം ഇടപാടില്‍ത്തന്നെ 30984 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ്‌ കണക്ക്‌.

കോണ്‍ഗ്രസ്‌-ഡിഎംകെ ബന്ധം ഇതോടെ കൂടുതല്‍ വഷളാകുമെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ ഡിഎംകെ സഖ്യത്തില്‍ ഒരു നേട്ടവും കൊയ്യാനായില്ല. ഈ ബന്ധം കൂടുതല്‍ വഷളാകുമ്പോള്‍ പ്രാദേശിക തലത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ തമിഴ്‌നാട്ടില്‍ അപ്രസക്തമാകാനാണ്‌ സാധ്യത. യുപിഎ മന്ത്രി ചിദംബരവും ഇപ്പോള്‍ ആരോപണങ്ങളുടെ മുള്‍മുനയിലാണ്‌. എ. രാജയും കനിമൊഴിയും തിഹാറിലെത്തുമെന്ന അഭ്യൂഹം പരന്നപ്പോള്‍ കരുണാനിധി ഡിഎംകെ മന്ത്രിമാരെ രാജിവെപ്പിക്കുമെന്നും പിന്തുണ പിന്‍വലിക്കുമെന്നും ധാരണ പടര്‍ന്നിരുന്നു. പക്ഷെ ദയാനിധിമാരനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ കരുണാനിധി പറഞ്ഞത്‌ മാരന്‍ സ്വന്തം കേസ്‌ സ്വയം വാദിക്കട്ടെയെന്നായിരുന്നു.

തെലുങ്കാന പ്രക്ഷോഭം ശക്തിയാര്‍ജിച്ചിരിക്കെ യുപിഎ തെലുങ്കാന, കോണ്‍ഗ്രസ്‌ എംപിമാരുടെ രാജിയില്‍ പ്രതിരോധത്തിലാണ്‌. അതോടൊപ്പം ഡിഎംകെ എടുക്കുന്ന രാഷ്‌ട്രീയ നിലപാട്‌ നിര്‍ണായകമാകും.

ഈ സന്ദര്‍ഭത്തില്‍ അണ്ണാ ഹസാരെയുടെ ലോക്പാല്‍ ബില്ലിന്റെ പ്രസക്തിയാണ്‌ ചര്‍ച്ചാവിഷയമാകുന്നത്‌. യുപിഎ സര്‍ക്കാരില്‍നിന്നും അഴിമതി ആരോപണവിധേയരായി മൂന്ന്‌ മന്ത്രിമാര്‍ രാജിവെച്ചിരിക്കെ ഇവര്‍ നടത്തിയ അഴിമതിയില്‍ ഇന്ത്യക്കുണ്ടായ നഷ്ടം എത്ര സഹസ്രകോടികളായിരിക്കും?

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by