Categories: Vicharam

കേന്ദ്രഭരണത്തിന്‌ തെലുങ്കാനാ ഷോക്ക്‌

Published by

തെലുങ്കാന പ്രക്ഷോഭം ആന്ധ്രാപ്രദേശിനെ നിശ്ചലമാക്കുകയും അഴിമതി ആരോപണങ്ങളാല്‍ പ്രതിഛായ തകര്‍ന്ന യുപിഎ സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും ചെയ്തിരിക്കുകയാണ്‌. 296 അംഗ ആന്ധ്രാ നിയമസഭയില്‍നിന്ന്‌ 99 എംഎല്‍എമാരും 12 മന്ത്രിമാരും പാര്‍ലമെന്റില്‍നിന്ന്‌ 14 എംപിമാരും രാജി സമര്‍പ്പിച്ചിരിക്കുന്നത്‌ ആന്ധ്രാദപ്രദേശ്‌ വിഭജിച്ച്‌ തെലുങ്കാന സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടാണ്‌. ഈ പ്രശ്നം പരിഹരിക്കാന്‍ നിയമിക്കപ്പെട്ട തെലുങ്കാന പ്രദേശത്തെ സാമ്പത്തിക-സാമൂഹിക പിന്നോക്കാവസ്ഥക്ക്‌ പരിഹാരം കാണുകയോ സമവായപ്രകാരം പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കുകയോ ആകാം എന്നാണ്‌ നിര്‍ദ്ദേശിച്ചത്‌. പക്ഷെ ആന്ധ്രാപ്രദേശിനെ വിഭജിക്കുന്നതിലോ ഹൈദരാബാദ്‌ എന്ന തലസ്ഥാനം വിട്ടുനല്‍കുന്നതിലോ സമവായം രൂപപ്പെട്ടില്ല. ആന്ധ്രയുടെ തീരപ്രദേശവും റായലസീമയും ഐക്യ ആന്ധ്ര എന്ന ആശയം ചേര്‍ത്തുപിടിക്കുന്നവരാണ്‌.

പക്ഷെ ഉസ്മാനിയ യൂണിവേഴ്സിറ്റി കലാപഭൂമിയാകുകയും ആന്ധ്രാപ്രദേശ്‌ പുകയുകയും ചെയ്യുമ്പോള്‍ പ്രശ്നം താനേ പരിഹൃതമാകട്ടെ എന്ന നിലപാടോടെ കേന്ദ്രം നിസ്സംഗത പുലര്‍ത്തുന്നതാണ്‌ വിഷയം വഷളാക്കുന്നത്‌. ഇപ്പോള്‍തന്നെ 2 ജി സ്പെക്ട്രം കേസില്‍ കേന്ദ്രഭരണത്തോട്‌ വിഘടിച്ചു നില്‍ക്കുന്ന ഡിഎംകെ സൃഷ്ടിക്കുന്ന പ്രതിസന്ധി രൂക്ഷമാക്കുകയാണ്‌ തെലുങ്കാന പ്രശ്നം. തെലുങ്കാന എംപിമാര്‍ രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അത്‌ ഇപ്പോഴത്തെ നിലയില്‍ യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കാന്‍ സാധ്യതയുണ്ട്‌. പക്ഷെ തെലുങ്കാന പ്രശ്നത്തിന്‌ പരിഹാരം കണ്ടെത്തിയേ തീരൂ.

കേന്ദ്രസര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധിക്ക്‌ ആഴം കൂട്ടുന്നതാണ്‌ പെട്രോളിയംമന്ത്രി മുരളി ദേവ്‌റയുടെ രാജി. കേന്ദ്രമന്ത്രിസഭാ പുനഃസംഘടിപ്പിക്കപ്പെടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അഴിമതി ആരോപണ വിധേയരായ മുരളി ദേവ്‌റക്കും ദയാനിധി മാരനും മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന്‌ ഊഹങ്ങളും പ്രചരിച്ചിരുന്നു. ദേവ്‌റ പെട്രോളിയംമന്ത്രിയായിരിക്കെ 2006-2008 കാലഘട്ടത്തില്‍ നിരവധി ക്രമക്കേടുകള്‍ നടത്തിയതായി സിഎജി കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട്‌ മാധ്യമങ്ങള്‍ക്ക്‌ ലഭ്യമാക്കിയ ഇപ്പോഴത്തെ മന്ത്രി ജയ്പാല്‍ റെഡ്ഡിയുടെ നടപടിയിലും ദേവ്‌റ ക്രുദ്ധനായിരുന്നു. ഇന്ധന പര്യവേഷണത്തില്‍ മുകേഷ്‌ അംബാനിയുടെ വാതക പര്യവേഷണ വികസനത്തെ എണ്ണ മന്ത്രാലയം വഴിവിട്ട്‌ സഹായിച്ചു എന്നായിരുന്നു സിഎജി റിപ്പോര്‍ട്ട്‌. കൃഷ്ണ-ഗോദാവരി തടത്തിലെ പ്രാരംഭ പര്യവേഷണത്തിന്‌ കരാറില്‍ പറഞ്ഞ തുക വര്‍ധിപ്പിച്ചു നല്‍കി എന്നാണ്‌ സിഎജി കണ്ടെത്തിയിരുന്നത്‌. എണ്ണക്കമ്പനികളെ നിയന്ത്രിക്കാതിരുന്നതിനാല്‍ സര്‍ക്കാരിന്‌ നഷ്ടമുണ്ടായതായും സിഎജി റിപ്പോര്‍ട്ട്‌ പറയുന്നു. ഈ പശ്ചാത്തലത്തില്‍ പുറത്താക്കുന്നതിന്‌ മുമ്പ്‌ ആരോഗ്യകാരണങ്ങള്‍ ഉയര്‍ത്തിയാണ്‌ ദേവ്‌റ രാജി നല്‍കിയിരിക്കുന്നത്‌. സമാന സ്വഭാവമോ അതിലും വ്യാപ്തിയുള്ള ആരോപണമോ ആണ്‌ ദയാനിധി മാരന്‍ നേരിടുന്നത്‌. ടെലികോം മന്ത്രിയായിരിക്കെ നടത്തിയ ഇടപാടില്‍ മാരന്റെ കമ്പനികള്‍ വന്‍ സാമ്പത്തികലാഭമുണ്ടാക്കി എന്നാണ്‌ മാരനെതിരെയുള്ള ആരോപണം. പ്രധാനമന്ത്രിയുമായി മാരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പക്ഷെ പുനഃസംഘടനയില്‍ മാരന്റെ മന്ത്രിസ്ഥാനം തെറിക്കുമോ എന്ന വിഷയം ചര്‍ച്ചാവിധേയമായില്ല എന്നാണ്‌ മാരന്‍ വെളിപ്പെടുത്തിയത്‌. ദേവ്‌റയുടെ രാജി മാതൃക മാരന്‍ തുടരാന്‍ സാധ്യത കാണുന്നില്ല. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയും ഇപ്പോള്‍ യുപിഎക്ക്‌ ഒരു കീറാമുട്ടിയായി മാറിയിരിക്കുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by