Categories: Vicharam

ശ്രീപത്മനാഭന്റെ സ്വത്ത്‌ ഹിന്ദുക്ഷേമത്തിന്‌

Published by

സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ശ്രീപദ്മനാഭസ്വാമിക്ഷേത്രസങ്കേതത്തില്‍നിന്നും കണ്ടെടുത്തുകൊണ്ടിരിക്കുന്ന എല്ലാ വസ്തുക്കളും ശ്രീപദ്മനാഭന്റെതാണ്‌. നിയമപ്രകാരം ശ്രീപദ്മനാഭന്‍ ഒരു വ്യക്തി (ഖൗൃ‍ശറശരമഹ ു‍ലൃ്ി‍) എന്ന നിലയ്‌ക്ക്‌ തന്നെ അവയുടെ ഉടമയാണ്‌. ശ്രീപദ്മനാഭ ദാസന്‍ എന്ന നിലയ്‌ക്ക്‌ ക്ഷേത്രഭരണത്തിന്റെ നടത്തിപ്പുകാരായി മഹാരാജാക്കന്മാര്‍ പാരമ്പര്യമായി ക്ഷേത്രസ്വത്തുക്കള്‍ ഉപയോഗിക്കുകയും സംരക്ഷിക്കുകയും ചെയ്തുപോന്നു. യഥാര്‍ഥത്തില്‍ എല്ലാ ക്ഷേത്രങ്ങളും ഹിന്ദുക്കളുടെതും ഹിന്ദുക്കള്‍ക്ക്‌ വേണ്ടിയുളളതും ആകയാല്‍ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ എല്ലാസ്വത്തുക്കളും മുഴുവന്‍ ഹിന്ദുസമൂഹത്തിന്റെതുമാണ്‌. ക്ഷേത്രപ്രവേശനവിളംബരത്തിലൂടെ മുഴുവന്‍ ഹിന്ദുസമൂഹത്തിനും ശ്രീപദ്മനാഭസ്വാമിക്ഷേത്രവുമായുള്ള ബന്ധവും അവകാശവും മഹാരാജാവ്‌ അംഗീകരിച്ചിട്ടുള്ളതാണ്‌.

കണ്ടെടുത്തിട്ടുള്ള പലതരം അമൂല്യശേഖരങ്ങള്‍ ഏതുവിധത്തില്‍ കൈകാര്യം ചെയ്യണമെന്നതിനെപ്പറ്റി നടന്നുവരുന്ന ചര്‍ച്ചകള്‍ മേല്‍പ്പറഞ്ഞ തത്വത്തിന്റെ അടിസ്ഥാനത്തില്‍ വീക്ഷിക്കേണ്ടതും വിലയിരുത്തേണ്ടതും ആണ്‌. മുന്നുതരത്തിലുള്ള വസ്തുവകകളാണ്‌ കണ്ടെത്തിയിട്ടുള്ളത്‌.

ഒന്ന്‌: ക്ഷേത്രത്തിലെ വിവിധ ആചാരാനുഷ്ഠാനങ്ങള്‍ക്ക്‌ ഉപയോഗിക്കാനുള്ള പൂജാസാമഗ്രികള്‍, തിരുവാഭരണങ്ങള്‍.

രണ്ട്‌: വളരെ പഴക്കമുളളതും പുരാവസ്തു സങ്കല്‍പത്തില്‍ പെടുന്നതും ചരിത്രപൈതൃകമായി ആദരിക്കേണ്ടതും അതിവിശിഷ്ടവും വിലമതിക്കാനാവാത്തതുമായ അപൂര്‍വ്വ സാധനസാമഗ്രികള്‍.

മൂന്ന്‌: ഈ രണ്ടിനത്തിലും പെടാത്തതും വളരെയേറെ വിലവരുന്നതുമായ രത്നം, സ്വര്‍ണ്ണം, വെള്ളി തുടങ്ങി വൈവിദ്ധ്യമാര്‍ന്ന സാധനങ്ങള്‍.

ഈ ഓരോന്നിന്റെയും വിനിയോഗം അതതിന്റെ ഉദ്ദേശ്യത്തിനും പ്രാധാന്യത്തിനും ഹിന്ദുസമൂഹത്തിന്റെ ശ്രേയസ്സിനും ഉപയുക്തമായ രീതിയില്‍ വ്യവസ്ഥപ്പെടുത്തേണ്ടതാണ്‌.

നിത്യനൈമിത്തിക ആചാരാനുഷ്ഠാനങ്ങള്‍ക്കു വേണ്ടിയുളളവ അക്കാര്യത്തിനുവേണ്ടി മാത്രം വിനിയോഗിക്കേണ്ടതും പ്രത്യേകം സൂക്ഷിക്കപ്പെടേണ്ടതുമാണ്‌. രണ്ടാമത്തെ ഇനത്തില്‍പ്പെടുന്നവ ക്ഷേത്രസങ്കേതത്തിനുള്ളില്‍ തന്നെ കേന്ദ്രസര്‍ക്കാരിന്റെ സുരക്ഷാസംവിധാനത്തിന്‍കീഴില്‍ ഭദ്രമായി സംരക്ഷിക്കേണ്ടതും വിശേഷദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക്‌ പ്രദര്‍ശനത്തിന്‌ തക്കവണ്ണം ഏര്‍പ്പാട്‌ ചെയ്യേണ്ടതുമാണ്‌. മൂന്നാമത്തെ ഇനത്തില്‍പ്പെട്ട സ്വത്തുവകകള്‍ ക്ഷേത്രത്തിന്റെയും അതുകൊണ്ട്‌ തന്നെ ഹിന്ദുസമൂഹത്തിന്റെയും നാനാമുഖമായ ശ്രേയസ്സിനുവേണ്ടി വിനിയോഗിക്കാന്‍ കഴിയണം. ഇവയ്‌ക്കെല്ലാം ഉപയുക്തമായ, പഴുതറ്റ നിയമസംവിധാനവും നിര്‍വ്വഹണവ്യവസ്ഥയും ഉണ്ടാകണം. അത്‌ ഉണ്ടാകുന്നതുവരെ അവ ഇപ്പോഴത്തെ നിലയില്‍ തന്നെ സംരക്ഷിക്കപ്പെടണം.

അത്തരമൊരു സംവിധാനം സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം നിലവില്‍വരേണ്ടതാണ്‌. ശ്രീപദ്മനാഭദാസനെന്ന നിലയ്‌ക്കും സര്‍വ്വതന്ത്രസ്വതന്ത്രരായിരുന്ന നീണ്ടകാലയളവില്‍ പോലും ഈ അമൂല്യശേഖരം സുരക്ഷിതമായി കാത്തുപോന്ന പാരമ്പര്യത്തിലെ ഇപ്പോഴത്തെ കണ്ണി എന്ന നിലയ്‌ക്കും മഹാരാജാവിന്‌ അതില്‍ സുപ്രധാനമായ സ്ഥാനമുണ്ടായിരിക്കണം. അതിനുപുറമെ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ പ്രാധാന്യവും കണ്ടെടുക്കപ്പെട്ടിട്ടുള്ള വസ്തുക്കളുടെ വൈപുല്യവും വിനിയോഗസാധ്യതകളും കണക്കിലെടുക്കുമ്പോള്‍ ദേശീയതലത്തിലുളള ആധ്യാത്മികാചാര്യന്മാരുടെയും നിയമവിദഗ്ധരുടെയും ഹിന്ദുസംഘടനകളുടെയും പ്രശസ്തരായ പ്രതിനിധികള്‍ അടങ്ങുന്ന ദേശീയതല സംവിധാനമായിരിക്കണം നിലവില്‍ വരേണ്ടത്‌. ബന്ധപ്പെട്ട വിദഗ്ധരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്തുകൊണ്ട്‌ സുപ്രീംകോടതി പ്രസ്തുത സംവിധാനത്തിന്‌ രൂപം കൊടുക്കുന്നതായിരിക്കും ഉചിതം.

കേരളത്തിലെ ഹിന്ദുസമൂഹം ഇന്ന്‌ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളും സങ്കീര്‍ണ സമസ്യകളും ശരിക്ക്‌ നോക്കിയാല്‍ ഒരു അസ്തിത്വപ്രതിസന്ധി തന്നെയാണ്‌. അതിനെ തരണം ചെയ്യാന്‍ ആവശ്യമായ നാനാമുഖപദ്ധതികള്‍ക്ക്‌ രൂപംനല്‍കി നടപ്പിലാക്കാന്‍ തക്ക സംവിധാനമായിരിക്കണം ഉണ്ടാകേണ്ടത്‌. ഈ കാര്യത്തില്‍ വിദ്യാഭ്യാസത്തിലും സാമ്പത്തിക-സാമൂഹ്യ നിലവാരത്തിലും പിന്തള്ളപ്പെട്ടിട്ടും മതപരിവര്‍ത്തനം പോലുള്ള പ്രലോഭനങ്ങള്‍ക്ക്‌ വശംവദരാകാത്തവര്‍ക്കു പ്രത്യേക പരിഗണന നല്‍കേണ്ടതാണ്‌. ഹിന്ദുധര്‍മത്തെ നിഷേധിക്കുന്ന മതേതര-നിരീശ്വരവാദികള്‍ക്കോ അന്യമതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കോ അതില്‍ സ്ഥാനമോ അവകാശമോ ഉണ്ടായിക്കൂടാ.

ജനസംഖ്യാപരമായും മറ്റുതരത്തിലും കേരളത്തിലെ ഹിന്ദുസമൂഹത്തിനുണ്ടായിരുന്ന സ്ഥാനം ക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. അതേസമയം ഔദ്യോഗിക തലത്തില്‍ത്തന്നെ അവരോട്‌ വിവേചനം കാണിക്കുന്നു എന്ന ശക്തമായ പ്രതിഷേധം അവര്‍ക്കിടയില്‍ വളര്‍ന്നുവരുന്നുണ്ട്‌. ക്ഷേത്രഭരണാവകാശം മതേതരസര്‍ക്കാരുകള്‍ ഏറ്റെടുത്തു നടപ്പിലാക്കുമ്പോള്‍ ഇതരസമുദായങ്ങളുടെ ആരാധനാലയങ്ങളും സ്വത്തുവകകളും യഥേഷ്ടം കൈകാര്യം ചെയ്യാന്‍ അവര്‍ക്ക്‌ വിട്ടുകൊടുക്കുകയും ചെയ്യുന്നു. ഈ ആക്ഷേപത്തിനും ഇരട്ടത്താപ്പിനും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വര്‍ത്തമാന പ്രശ്നങ്ങള്‍ വഴിവയ്‌ക്കാന്‍ എന്ത്‌ നീക്കമുണ്ടായാലും അത്‌ ഹിന്ദുസമൂഹം കയ്യുംകെട്ടിനോക്കിനില്‍ക്കുകയില്ല.

ഇന്ന്‌ പണ്ടെന്നത്തെക്കാളുമേറെ സമുന്നതരും സമ്പന്നരും ഒപ്പം സാധാരണക്കാരുമായ വിശാലഹിന്ദുസമൂഹം ഭാരതത്തിന്‌ വെളിയിലുണ്ട്‌. അവര്‍ക്ക്‌ കൂടി പ്രയോജനപ്പെടത്തക്കവിധത്തില്‍, തിരുവനന്തപുരം കേന്ദ്രമാക്കി രാജ്യാന്തരതലത്തിലുള്ള ലോകോത്തര സര്‍വ്വകലാശാല നിലവില്‍ വരേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. രാജ്യാന്തര ശ്രീപദ്മനാഭ ഹിന്ദു സര്‍വ്വകലാശാല എന്ന നാമധേയത്തില്‍ അത്തരമൊരു സര്‍വ്വകലാശാല സ്ഥാപിക്കേണ്ടത്‌ അടിയന്തരാവശ്യമാണ്‌. ശ്രീശങ്കരന്‍, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍ തുടങ്ങിയ കേരളത്തിലെ മഹാപുരുഷന്മാരെയും ഇവിടുത്തെ സവിശേഷമായ സാംസ്കാരികപൈതൃകത്തെയും കുറിച്ച്‌ പഠനഗവേഷണങ്ങള്‍ നടത്തുവാനുളള പ്രത്യേക സൗകര്യങ്ങള്‍ ഈ സര്‍വ്വകലാശാലയുടെ കീഴില്‍ ഒരുക്കേണ്ടതാണ്‌.

ആധുനികശാസ്ത്രത്തിന്റെയും ആഗോളീകരണത്തിന്റെയും തള്ളിക്കയറ്റത്തില്‍ അവഗണിക്കപ്പെടാതെയും നഷ്ടപ്പെട്ടുപോകാതെയും സനാതനധര്‍മത്തിന്റെ സാര്‍വത്രികമായ മൂല്യങ്ങള്‍ ജനസാമാന്യത്തിനിടയില്‍ നിരന്തരമായി എത്തിക്കുക എന്ന ദൗത്യം നിര്‍വ്വഹിക്കാന്‍ കാലാനുസൃതമായ പ്രസിദ്ധീകരണങ്ങളും ദൃശ്യ-ശ്രാവ്യമാധ്യമങ്ങളും വിവിധ ഭാഷകളില്‍ പ്രചരിപ്പിക്കാനുള്ള സുപ്രധാനചുമതല ഈ സര്‍വ്വകലാശാലയുടെ ഭാഗമായോ സ്വതന്ത്രമായോ ഏറ്റെടുക്കേണ്ടതും അടിയന്തരമായ ആവശ്യമാണ്‌.

ഇത്രതന്നെയോ ഇതിലേറെയോ പ്രാധാന്യമര്‍ഹിക്കുന്ന മറ്റനേകം കാര്യങ്ങള്‍ ചെയ്തുതീര്‍ക്കേണ്ടതുണ്ട്‌. അതിനെല്ലാം ആവശ്യമായ സമ്പത്ത്‌ ശ്രീപദ്മനാഭന്‍ കനിഞ്ഞ്‌ നമുക്കരുളിയിട്ടുമുണ്ട്‌. അവയെക്കുറിച്ചെല്ലാം വിശദവും സൂക്ഷ്മവും വസ്തുനിഷ്ഠവും സമഗ്രവുമായ ചര്‍ച്ചകള്‍ യോഗ്യവ്യക്തികള്‍ക്കിടയില്‍, യോഗ്യവേദികളില്‍ സംഘടിപ്പിക്കുകയും അവയിലൂടെ ഉരുത്തിരിഞ്ഞുവരുന്ന തീരുമാനങ്ങള്‍ മേല്‍സൂചിപ്പിച്ച സംവിധാനത്തിന്‍കീഴില്‍ സമയബന്ധിതമായി നടപ്പിലാക്കപ്പെടുകയും ചെയ്യണം.

ഇന്ന്‌ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ക്കൂടി നടന്നു വരുന്ന ചര്‍ച്ചകള്‍ പലതും ഹിന്ദുതാത്പര്യങ്ങള്‍ക്ക്‌ വിരുദ്ധവും സാമാന്യഹിന്ദുക്കള്‍ക്കിടയില്‍ സംഭ്രാന്തിയും ആശയക്കുഴപ്പവും സൃഷ്ടിക്കാന്‍ മനപ്പൂര്‍വ്വം അഴിച്ചുവിട്ടിട്ടുള്ളതുമാണ്‌. എത്രയും വേഗം വ്യക്തമായ കാഴ്‌ച്ചപ്പാടോടുകൂടി മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ശുഷ്ക്കാന്തിയോടെ മുന്നോട്ടുവരേണ്ടതാണ്‌.

പി. പരമേശ്വരന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by