Categories: Kannur

പട്ടുവത്ത്‌ സിപിഎം – ലീഗ്‌ സംഘട്ടനം രണ്ട്‌ ലീഗ്‌ പ്രവര്‍ത്തകര്‍ക്ക്‌ ഗുരുതരമായി വെട്ടേറ്റു

Published by

തളിപ്പറമ്പ്‌: കുറച്ചു നാളത്തെ ഇടവേളയ്‌ക്കുശേഷം പട്ടുവത്ത്‌ വീണ്ടും സി.പി.എം – ലീഗ്‌ സംഘട്ടനം. സി.പി.എമ്മുകാരുടെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട്‌ ലീഗ്‌ പ്രവര്‍ത്തകരെ മംഗലാപുരത്ത്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 5 മണിയോടെ പട്ടുവം കാവിങ്കലില്‍ വച്ചാണ്‌ ലീഗ്‌ പ്രവര്‍ത്തകരായ ചപ്പന്‍ വളപ്പില്‍ ജസീല്‍ (29), ചപ്പന്‍ തോട്ടത്തില്‍ അന്‍വര്‍ (28) എന്നിവര്‍ സി.പി.എം കാരുടെ അക്രമത്തിന്‌ ഇരയായത്‌. ഇരുവരുടേയും നില അതീവ ഗുരുതരമാണ്‌. അന്‍വറിണ്റ്റെ ഇടതു കൈ വെട്ടേറ്റ്‌ അറ്റ്‌ തൂങ്ങിയ നിലയിലാണ്‌. പട്ടുവത്തും പരിസര പ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്‌. തളിപ്പറമ്പ്‌ എസ്‌ഐ ഉണ്ണിക്കൃഷ്ണണ്റ്റെ നേതൃത്വത്തില്‍ പോലീസ്‌ ജാഗ്രതപാലിക്കുന്നുണ്ട്‌. പരിക്കേറ്റ ഇവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ കൊണ്ടുചെന്നെങ്കിലും അവിടെനിന്നും മംഗലാപുരത്തേക്ക്‌ കൊണ്ടുപോവുകയായിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ പട്ടുവത്ത്‌ ഉണ്ടായ സി.പി.എം – ലീഗ്‌ സംഘട്ടനം അവസാനിക്കാതെ തുടരുകയാണ്‌. ആഴ്‌ച്ചകള്‍ക്ക്‌ മുമ്പ്‌ ലീഗ്‌ കാരുടെ ആക്രമണത്തില്‍ മുന്‍ പഞ്ചായത്ത്‌ മെമ്പറും പട്ടുവം സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ ജീവനക്കാരനുമായ രാജനും ഭാര്യക്കും പരിക്കുപറ്റിയിരുന്നു. തുടര്‍ന്ന്‌ സി.പി.എമ്മുകാരുടെ അക്രമത്തില്‍ ലീഗ്‌ പ്രവര്‍ത്തകന്‌ ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ ഇപ്പോഴും ചികിത്സയിലാണ്‌. അതേ ദിവസം തന്നെ പട്ടുവം പഞ്ചായത്ത്‌ മുന്‍ വൈസ്‌ പ്രസിഡണ്റ്റും റിട്ടയേര്‍ഡ്‌ അദ്ധ്യാപകനുമായ കെ.ചന്ദ്രന്‍ മാസ്റ്ററെ ലൂര്‍ദ്ദ്‌ ആശുപത്രിക്ക്‌ സമീപം വച്ച്‌ ബസ്സില്‍ക്കയറി തല്ലുകയുണ്ടായി. പട്ടുവത്തുണ്ടായ സി.പി.എം – ലീഗ്‌ സംഘട്ടനത്തെത്തുടര്‍ന്ന്‌ പട്ടുവം – ഏഴോം കടവിലെ കടത്തു വരെ മുടങ്ങിക്കിടക്കുകയാണ്‌. പട്ടുവം ഭാഗത്ത്‌ ലീഗുകാരും ഏഴോം ഭാഗത്ത്‌ സി.പി.എം കാരുമാണ്‌ താമസിക്കുന്നത്‌. കടത്ത്‌ മുടങ്ങിയിട്ട്‌ മാസങ്ങളായിട്ടും അക്രമം ഭയന്ന്‌ ഇരുകരകളിലുമുള്ളവര്‍ കടത്ത്‌ പുനസ്ഥാപിക്കാന്‍ ഒന്നും ചെയ്തിട്ടുമില്ല. അധികൃതരും യാത്രക്കാരുടെ പ്രശ്നം പരിഹരിക്കുന്നതിനായി ഒന്നും ചെയ്യുന്നില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by