Categories: Kasargod

ഇല്ലാത്ത പദ്ധതിക്ക്‌ ലക്ഷങ്ങള്‍ ‘ചെലവഴിച്ചു’; ഫയലുകള്‍ കാണാതായി

Published by

മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ളോക്ക്‌ പഞ്ചായത്ത്‌ നടപ്പാക്കാത്ത പദ്ധതികളുടെ പേരില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ 18,41,246 രൂപ ചെലവഴിച്ചതായി കണ്ടെത്തി. എന്നാല്‍ 2002-03 ല്‍ അനുവദിച്ച 64 പദ്ധതികളെക്കുറിച്ചും 2004-05ല്‍ അനുവദിച്ച 76 പദ്ധതികളെക്കുറിച്ചും 2005-06ല്‍ അനുവദിച്ച55 പദ്ധതികളെക്കുറിച്ചുള്ള ഫയലുകള്‍ ബ്ളോക്ക്‌ പഞ്ചായത്ത്‌ ഓഫീസില്‍ നിന്നും കാണാതാവുകയും ചെയ്തു. ബ്ളോക്ക്‌ പഞ്ചായത്തില്‍പ്പെട്ട മജ്ബയലില്‍ 2006-2007ല്‍ വി.സി.ബി നിര്‍മ്മിക്കുന്നതിന്‌ ഒരു ലക്ഷം രൂപ അഡ്വാന്‍സായി നല്‍കിയെന്നു ബ്ളോക്ക്‌ പഞ്ചായത്ത്‌ രേഖകളില്‍ ഉണ്ട്‌. അതേവര്‍ഷം ബ്ളോക്ക്‌ പഞ്ചായത്തില്‍പ്പെട്ട കുമ്പഡാജെ പഞ്ചായത്തിലെ ഇടമ്പളയില്‍ ക്രോസ്‌ ബാര്‍ കം ബ്രിഡ്ജ്‌ പണിയാന്‍ 1 ലക്ഷം രൂപ അഡ്വാന്‍സ്‌ കൊടുത്തിരുന്നു. പിന്നീട്‌ 5,20408 രൂപയും കൊടുത്തു. മഞ്ചേശ്വരം ബ്ളോക്കില്‍പ്പെട്ട കുമ്പളയില്‍ പൈപ്പ്ളൈന്‍ നീട്ടുന്നതിന്‌ 85,000 രൂപയും മംഗല്‍പ്പാടിയിലെ ഒബാര്‍ളയില്‍ കൃഷിക്കുളം നിര്‍മ്മിക്കാന്‍ ഒരു ലക്ഷം രൂപയുമാണ്‌ അതേവര്‍ഷം നല്‍കിയത്‌. എന്നാല്‍ ഈ പദ്ധതികളൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ലെന്നു ബ്ളോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു. 2008-2009ല്‍ മജ്ബയില്‍ കരിബയിലില്‍ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന്‌ ഒരു ലക്ഷം രൂപയും മഞ്ചേശ്വരം കജയില്‍ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിനു രണ്ടു തവണയായി 3,35,838 രൂപയും അഡ്വാന്‍സായി നല്‍കിയിരുന്നു. ആ പദ്ധതികളും വിഴുങ്ങുകയായിരുന്നുവത്രെ. 2009-2010 ല്‍ രവീന്ദ്രനായിക്‌ എന്നൊരാള്‍ക്കു ഒരു ലക്ഷം രൂപ മോബിലൈസേഷന്‍ അഡ്വാന്‍സായി കൊടുത്തു. അതേവര്‍ഷം ബോളദപദവ്‌ എസ്‌.സി.കോളനിയില്‍ കുടിവെള്ള പദ്ധതിയുടെ പേരില്‍ ഒരു ലക്ഷം രൂപയും ചേരാല്‍ മാതൃകാ അംഗന്‍വാടിയുടെ പേരില്‍ ഒരു ലക്ഷം രൂപയും പേരോല്‍ അംഗന്‍വാടിയുടെ പേരില്‍ ഒരു ലക്ഷം രൂപയും അഡ്വാന്‍സായി നല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും തന്നെ നിര്‍വജിച്ചിട്ടില്ല. ഇതിനു പുറമെയാണ്‌ ബ്ളോക്ക്‌ പഞ്ചായത്ത്‌ മൂന്നു വര്‍ഷം നടത്തിയതായി പറയുന്ന ജനകീയാസൂത്രണ പദ്ധതികളുടെ ഫയല്‍ കാണാതായിട്ടുള്ളത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts