Categories: Samskriti

ആത്മാവിലെത്തുന്ന ആലിംഗനം

Published by

മുലപ്പാലിനു ദാഹിച്ച്‌ അമ്മയുടെ മുലഞ്ഞെട്ടു തിരിയുന്ന പിഞ്ചുകുഞ്ചിനെപ്പോലെയാണ്‌ ഇന്നത്തെ സമൂഹം. ഒരാള്‍ക്കും കിട്ടാനിടയില്ലാത്ത സ്നേഹവും ആത്മാര്‍ത്ഥതയും മനുഷ്യന്‍ വ്യഥാ അലയുന്നു. സുഹൃത്തം ബന്ധങ്ങള്‍ക്കുപോലും പ്രസക്തിയില്ലാതാവുന്നു. എവിടെയും പണത്തിന്റെ മണികിലുക്കം. സുഹൃത്തുക്കളെ നിശ്ചയിക്കുന്നതും ബന്ധങ്ങളെ നിശ്ചയിക്കുന്നതും എല്ലാം അവന്‍ തന്നെ.

പണം കിട്ടാനുള്ളിടത്തു മാത്രമാണ്‌ ബന്ധങ്ങളും നിലനില്‍ക്കുന്നത്‌, പത്തുപേരെ കേള്‍പ്പിക്കണമെന്ന ആഗ്രഹവും. അങ്ങോട്ടു വല്ല സഹായവും ചെയ്യേണ്ടിവരുന്ന സമയത്ത്‌ ഈ ബന്ധങ്ങളുടെ കട്ടി കുറയുന്നു. പ്രസക്തി നഷ്ടപ്പെടുന്നു. സ്വന്തം പെങ്ങളെക്കുറിച്ച്‌ പറയുന്നതിപ്രകാരമാവാം. ‘എന്റെയും കൂടി പെങ്ങളാണ്‌.
അത്രേയുള്ളൂ’വെന്ന്‌. ഇല്ലെങ്കില്‍ ആ പെങ്ങളുടെ ഭര്‍ത്താവ്‌ കളക്ടറോ, ഡോക്ടറോ ഒക്കെ ആവണം. രക്തത്തിന്‌ ഇന്ന്‌ വെള്ളത്തിന്റെ കട്ടിയേ ഉള്ളൂ. എല്ലാറ്റിലും വന്ന ഡെയിലൂഷന്‍ രക്തബന്ധത്തിലും. ത്യാഗം എന്നത്‌ വിഡ്ഢികള്‍ക്ക്‌ മാറ്റിവച്ച വാക്കായി. ഈ കാലഘട്ടത്തിലാണ്‌ വിശ്വമാതാവെന്ന്‌ പേരെടുത്ത ശ്രീമാതാ അമൃതാനന്ദമയി ആലിംഗനത്തിന്റെ ആതുരമന്ത്രവുമായി വ്രണിത ഹൃദയരെ തേടിയെത്തുന്നത്‌. ആ ആലിംഗനത്തിന്റെ തണുപ്പ്‌ ഏറ്റുവാങ്ങാന്‍ മണിക്കൂറുകളോളം ക്യൂനില്‍ക്കാനും ജനം തയ്യാര്‍. എല്ലാ മനസ്സിലും ഒരുകുഞ്ഞുണ്ട്‌. അവന്‍ എന്നും സുരക്ഷിതത്വം കൊതിയ്‌ക്കുന്നു. മാതാവിന്റെ മടിത്തട്ട്‌ കൊതിയ്‌ക്കുന്നു. എല്ലാ ദുഃഖങ്ങളും മറന്ന്‌ ഒന്നുറങ്ങാന്‍ ശാന്തി ഭുജിക്കാന്‍ ഉള്ളിലെ കുഞ്ഞ്‌ തേങ്ങലോടെ കാത്തിരിക്കുന്നു. ലക്ഷക്കണക്കിന്‌ ആതുരാലയങ്ങളും കോടിക്കണക്കിന്‌ മരുന്നും നമുക്കുണ്ടാക്കാം. അതിനേക്കാള്‍ ഉപരി അരക്ഷിതമായ മനസ്സുതേടുന്നത്‌ ഒരു തുള്ളി ആത്മാര്‍ഥ സ്നേഹമാണ്‌. അതുകിട്ടാന്‍ അവന്‍ ഏതു സാഗരവും നീന്തിക്കടക്കും. ഏത്‌ ഗിരിശൃംഗവും ചാടിക്കടക്കും. ഏത്‌ കൈലാസത്തിലും പോകും. ഇന്നത്തെ ലോകത്തിനാവശ്യം അമ്മയെപ്പോലുള്ള മഹദ്‌ വ്യക്തികളുടെ സാമീപ്യമാണെന്നതില്‍ സംശയമില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by