Categories: Vicharam

ഇക്കോ ടൂറിസത്തിന്‌ ഒരു മാര്‍ഗരേഖ

Published by

നാളിതുവരെയായി ഇക്കോ ടൂറിസമെന്നാല്‍ വിനോദസഞ്ചാരത്തിന്റെ കൂടെ ഇക്കോ ചേര്‍ത്ത്‌ വായിക്കുകയെന്നല്ലാതെ കൃത്യമായ മാര്‍ഗരേഖയോ, നടപടിക്രമമോ, വ്യക്തമായ കാഴ്ചപ്പാടുകളോ ഉണ്ടായിരുന്നില്ല. എന്നാല്‍ 2011 ജൂണ്‍ 2ന്‌ കേന്ദ്രമന്ത്രി ജയറാം രമേശ്‌ പുറത്തിറക്കിയ കേന്ദ്ര ഇക്കോ ടൂറിസം മാര്‍ഗരേഖയുടെ കരടില്‍ കാര്യങ്ങള്‍ കൃത്യമായും വ്യക്തമായും പ്രതിപാദിച്ചിട്ടുണ്ട്‌. ഇത്‌ സംരക്ഷിത മേഖലകള്‍, നാഷണല്‍ പാര്‍ക്ക്‌, വന്യജീവി സങ്കേതങ്ങള്‍, സാമൂഹ്യനിയന്ത്രിത വനങ്ങള്‍, കാവുകള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, വനമേഖലകള്‍ എന്നിവയുടെ സംരക്ഷണത്തിനും ടൂറിസം മേഖലയുടെ വളര്‍ച്ചക്കും ഉപകരിക്കും. ഈ മാര്‍ഗരേഖയില്‍ സംസ്ഥാന സര്‍ക്കാരുകള്‍, ടൂറിസം ഓപ്പറേറ്റര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ക്ഷേത്രഭരണസമിതികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക്‌ കൃത്യമായ ഉത്തരവാദിത്തവും ഭാഗധേയവും നിര്‍വചിക്കുന്നു എന്നതാണ്‌ പ്രത്യേകത. പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിച്ച്‌ ടൂറിസം സാധ്യമാകുകയും അത്‌ പ്രാദേശിക ജനസമൂഹത്തിന്‌ ഏറ്റവും കൂടുതല്‍ പ്രയോജനമാക്കുക എന്ന ഉദ്ദേശ്യമാണ്‌ മാര്‍ഗരേഖ വിഭാവനം ചെയ്യുന്നത്‌.

ഇക്കോ ടൂറിസം ശരിയായി പ്രായോഗികമാക്കിയാല്‍ അത്‌ സാമ്പത്തികമായും വിദ്യാഭ്യാസപരവുമായ ഒരു പ്രവര്‍ത്തനമായിത്തീരും. ഇതുവഴി ഇക്കോളജിയേയും വനങ്ങളേയും സംരക്ഷിക്കാനാകും. നമ്മുടെ പാരമ്പര്യവും സംരക്ഷിത മേഖലകളും സുരക്ഷിതമാക്കാനാകും. പ്രാദേശിക ജനവിഭാഗത്തിന്‌ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും കഴിയും. പ്രാദേശിക ഉല്‍പന്നങ്ങള്‍ക്ക്‌ വിപണി കണ്ടെത്താനാകും. പ്രകൃതിയുടെ നാശമില്ലാതെ സുസ്ഥിര വികസനം സാധ്യമാകുകയും ചെയ്യും. ഇന്ന്‌ നാം ആവിഷ്കരിച്ച്‌ നടപ്പാക്കുന്ന ടൂറിസം പദ്ധതികള്‍ പരിസ്ഥിതിനാശത്തിലെത്തിച്ചുകൊണ്ടിരിക്കുകയാണ്‌. വനമേഖലയിലെ റോഡ്‌, റെയില്‍ നിര്‍മ്മാണം, വനമേഖലയിലെ കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍, കായല്‍ ടൂറിസത്തിന്റെ പേരിലുള്ള മലിനീകരണം എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. കായല്‍ ടൂറിസത്തിന്റെ പേരില്‍ നടത്തുന്ന ബോട്ട്‌ സര്‍വീസുകളും ഹൗസ്‌ ബോട്ടുകളും മല-മൂത്ര വിസര്‍ജ്യം കായലില്‍ തള്ളുന്ന പ്രവണത ഏറിവരികയാണ്‌. ഒരുകാലത്ത്‌ കൊച്ചിയടക്കമുള്ള കായലുകളില്‍ ഉണ്ടായിരുന്ന ‘തൂങ്ങുന്ന കക്കൂസുകള്‍’ ലോകബാങ്കിന്റെയും മറ്റും സാമ്പത്തിക സഹായത്താല്‍ നിര്‍ത്തലാക്കിവരുന്നതേയുള്ളൂ. എന്നാല്‍ ടൂറിസത്തിന്റെ പേരില്‍ കായല്‍ മുഴുവന്‍ കക്കൂസാക്കുന്ന പ്രവണത സാംക്രമിക രോഗങ്ങള്‍ പടരാനും, കുടിവെള്ള സ്രോതസ്സുകള്‍ മലിനീകരിക്കപ്പെടുവാനും കാരണമാകുമെന്നത്‌ മറക്കരുത്‌. ഇത്‌ ജലമലിനീകരണത്തിനും കായല്‍ ജീവികളുടെ നാശത്തിനും, ഇക്കോളജീയ സന്തുലിതാവസ്ഥ തകര്‍ക്കുന്നതിനും ഇടവരുത്തും. ഈ സാഹചര്യത്തില്‍ കേന്ദ്ര ഇക്കോ ടൂറിസം മാര്‍ഗ്ഗരേഖ ഗുണകരമാകുമെന്നതില്‍ തര്‍ക്കമില്ല.

മാര്‍ഗ്ഗരേഖ പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ പ്രാദേശിക ഇക്കോളജീയ പ്രാധാന്യം കണക്കിലെടുത്ത്‌ ഇക്കോ ടൂറിസം ആക്ഷന്‍ പ്ലാന്‍ 2011 ഡിസംബര്‍ 31ന്‌ മുമ്പ്‌ തയ്യാറാക്കണം. പ്രകൃതിയെ സംരക്ഷിച്ചും, പ്രാദേശിക ജനവിഭാഗത്തെ ഉള്‍ക്കൊള്ളിച്ചും, സുസ്ഥിര വികസനം സാധ്യമാക്കിയും, സംരക്ഷണം, വിദ്യാഭ്യാസം, പരിശീലനം എന്നിവ ഉള്‍ക്കൊള്ളിച്ചും, പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ടൂറിസം മേഖലകള്‍ നിരന്തര നിരീക്ഷണത്തിലായിരിക്കണം. പ്രാദേശിക സമൂഹങ്ങള്‍ക്ക്‌ ആസൂത്രണം, നടത്തിപ്പ്‌, നിയന്ത്രണം എന്നിവയില്‍ പരിശീലനം നല്‍കിവേണം ഇക്കോ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുവാന്‍.

വനപ്രദേശങ്ങളില്‍ സുപ്രീംകോടതി വിധി പ്രകാരവും കേന്ദ്ര വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരവും പുതിയ ടൂറിസം മേഖലകള്‍ അനുവദിക്കുന്നതല്ല. വനമേഖലകളില്‍ ടൂറിസത്തിന്റെ അതിപ്രസരം ഒഴിവാക്കണം. സംരക്ഷിത മേഖലകളിലെ ടൂറിസം വരുമാനം ഖജനാവ്‌ നിറയ്‌ക്കുവാന്‍ പോം വഴിയായി കാണാന്‍ പാടില്ല. ഈ മേഖലയിലെ ടൂറിസം വരുമാനം സംരക്ഷണത്തിനും, പ്രാദേശിക ജനസമൂഹത്തിന്റെ വരുമാനത്തിനും മാത്രമായി നിജപ്പെടുത്തണം. സംരക്ഷിത മേഖലയില്‍ അധിനിവേശം നടത്തുന്നത്‌ തടയുവാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ക്രിയാത്മകമായി ഇടപെടണം. അത്‌ പ്രാദേശിക ജനവിഭാഗത്തിന്റെ കയ്യേറ്റമായാലും, കുടിയേറ്റമായാലും, ആരാധനാലയങ്ങളുടെ വികസന പദ്ധതികളായാലും സംസ്ഥാന സര്‍ക്കാരിന്‌ നിയന്ത്രിക്കാനാകണം. ഓരോ സംസ്ഥാനത്തേയും ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്മാര്‍ ഓരോ സംസ്ഥാനത്തെയും സംരക്ഷിത മേഖലയിലെയും പ്രാദേശിക ഇക്കോ ടൂറിസം പദ്ധതികള്‍ക്കും 2011 ഡിസംബര്‍ 31ന്‌ മുമ്പ്‌ അതത്‌ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങിയിരിക്കണം.

സംസ്ഥാനത്തെ ഇക്കോ ടൂറിസം പദ്ധതികള്‍ നിരീക്ഷിക്കുവാന്‍ സംസ്ഥാനതല സ്റ്റിയറിംഗ്‌ കമ്മറ്റികള്‍ 2011 ഡിസംബര്‍ 31ന്‌ മുമ്പ്‌ രൂപംകൊടുത്ത്‌ ഉത്തരവിറക്കണം. സംസ്ഥാന സ്റ്റിയറിംഗ്‌ കമ്മറ്റികളില്‍ സംരക്ഷിത മേഖലയുടെ ചുറ്റുപാടുമുള്ള പ്രാദേശിക സമൂഹവിഭാഗങ്ങള്‍, പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍, ഗിരിവര്‍ഗ്ഗ വികസന സമിതികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ്‌ പ്രാദേശിക ഭരണകേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്നും പ്രാതിനിധ്യമുണ്ടാകണം. സംരക്ഷിത മേഖലയുടെ 5 കി.മീ. ചുറ്റളവില്‍ സ്ഥാപിതമാകുന്ന ഇക്കോ ടൂറിസം മേഖലകളുടെ വരുമാനത്തിന്‌ ലോക്കല്‍ കണ്‍സര്‍വേഷന്‍ സെസ്‌ ഏര്‍പ്പെടുത്തണം. ഈ സെസ്സിന്റെ വിശദവിവരങ്ങള്‍ 2011 ഡിസംബര്‍ 31ന്‌ മുമ്പ്‌ പ്രസിദ്ധപ്പെടുത്തണം. ഇങ്ങനെ പിരിച്ചെടുക്കുന്ന പണം ഇക്കോ ടൂറിസം മേഖലയുടെയും സംരക്ഷിത മേഖലയുടെയും സംരക്ഷണത്തിനും, പ്രാദേശിക സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉപകരിക്കണം. സംരക്ഷിത മേഖലകള്‍ക്കകത്ത്‌ ഭൂമിയുള്ള ഉടമസ്ഥര്‍ക്കും, ജനവിഭാഗങ്ങള്‍ക്കും വനവല്‍ക്കരണത്തിനായി സാമ്പത്തിക സഹായം നല്‍കും. ഒാ‍രോ സംരക്ഷിത മേഖലയിലെയും പ്രാദേശിക ഇക്കോ ടൂറിസം മേഖലയിലും പ്രാദേശിക ഉപദേശക കമ്മറ്റികള്‍ രൂപീകരിക്കണം.
ഇൗ‍ കമ്മറ്റികള്‍ പ്രാദേശിക ഇക്കോ ടൂറിസം മേഖലകളുടെയും സംരക്ഷിത മേഖലകളുടെയും സംരക്ഷണ-സുസ്ഥിര വികസന പ്ലാനുകളുടെ വിശദമായ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സര്‍ക്കാരിന്‌ സമര്‍പ്പിക്കണം. ഈ കമ്മറ്റികള്‍, ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പ്രവൃത്തികള്‍ നിരീക്ഷിക്കണം, സംരക്ഷിത മേഖലയുടെ അഞ്ച്‌ കി.മീ. ചുറ്റളവില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും നശീകരണം തടയുന്നതിന്‌ ആവശ്യമായ മറ്റുനടപടികള്‍ സ്വീകരിക്കുകയും വേണം. ഇക്കോളജിക്കല്‍ ടൂറിസം സോണില്‍ നടപ്പിലാക്കേണ്ട സുസ്ഥിര വികസന നയവും, സംരക്ഷണ തന്ത്രങ്ങളും ആസൂത്രണം ചെയ്ത്‌ പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന്‌ നടപ്പിലാക്കണം.

ഈ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം പൂര്‍ണ്ണമായും ലോക്കല്‍ അഡ്വൈസറി കമ്മറ്റിയുടെ ചുമതലയാണ്‌. നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും സുപ്രീംകോടതി ഉത്തരവുകള്‍ നടപ്പാക്കുകയും സംരക്ഷിത മേഖല സംരക്ഷിക്കുകയും, ഇക്കോ ടൂറിസം പ്രാദേശിക സമൂഹത്തിന്‌ ഗുണകരമാക്കുകയും പ്രാദേശികസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യേണ്ടത്‌ ഈ പ്രാദേശിക ഉപദേശക സമിതിയുടെ ചുമതലയാണ്‌. ഓരോ സംരക്ഷിത മേഖലയിലെയും ഇക്കോ ടൂറിസം പ്ലാന്‍ 2011 ഡിസംബര്‍ 31ന്‌ മുമ്പ്‌ പ്രഖ്യാപിക്കണം. കൃത്യമായി സംരക്ഷിത മേഖലയില്‍ ഇക്കോ ടൂറിസം സോണ്‍ ഏതെന്ന്‌ രേഖപ്പെടുത്തണം. ഓരോ ടൂറിസം മേഖലയിലെയും വിനോദസഞ്ചാരകരുടെ പരിധി തീരുമാനിക്കണം. സന്ദര്‍ശകരുടെ എണ്ണം സംരക്ഷിത മേഖലയുടെ സംവഹനശേഷിക്ക്‌ അനുസൃതമായിരിക്കണം. പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം. ടൂറിസത്തിന്റെ ആഘാത പഠനം നടത്തണം. ഇക്കോ ടൂറിസം മേഖലയില്‍ സന്ദര്‍ശകര്‍ ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും കാര്യമാത്രമായി നടപ്പിലാക്കുകയും വേണം. സന്ദര്‍ശകരുടെ അച്ചടക്കം കൃത്യമായി പാലിക്കപ്പെടണം. ടൂറിസം ഓപ്പറേറ്റര്‍മാര്‍ക്ക്‌ വേണ്ടതായ കര്‍ശന നിര്‍ദ്ദേശങ്ങളും ചട്ടങ്ങളും രൂപപ്പെടുത്തണം. മൃഗങ്ങള്‍ മനുഷ്യരെ ആക്രമിക്കുന്ന ഘട്ടങ്ങളില്‍ 15 ദിവസത്തിനകം നഷ്ടപരിഹാരം ലഭ്യമാക്കണം. ഇക്കോ ടൂറിസത്തിന്റെ ഭാഗമായുണ്ടാക്കുന്ന നിര്‍മ്മിതികള്‍ പരിസ്ഥിതി സൗഹൃദമായിരിക്കണം. മാലിന്യസംസ്കരണം, സൗരോര്‍ജ ഉപയോഗം, മഴവെള്ളസംഭരണം, പ്ലാസ്റ്റിക്‌ മലിനീകരണം തടയല്‍, ആസ്ബസ്റ്റോസ്‌ ഉപയോഗ നിയന്ത്രണം എന്നിവയ്‌ക്ക്‌ ടൂറിസം മേഖലയില്‍ ഊന്നല്‍ നല്‍കണം.

വന്യജീവി സങ്കേതത്തിനകത്തെ സ്ഥിരം നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റണം. ശബ്ദമലിനീകരണം, ജലം വായു മലിനീകരണം എന്നിവ ഒഴിവാക്കി മാത്രമേ ഇക്കോ ടൂറിസം സെന്ററുകള്‍ അനുവദിക്കാവൂ. ടൂറിസം ഏരിയായില്‍ ജൈവവിഘടന ശേഷിയില്ലാത്ത വസ്തുക്കളുടെ കത്തിക്കല്‍, സംഭരണം എന്നിവ പാടില്ല.
സംരക്ഷിത മേഖലയില്‍ സന്ദര്‍ശകരുടെ താമസം കഴിവതും ഒഴിവാക്കണം. താമസസൗകര്യം ഒരുക്കുന്നത്‌ സംരക്ഷിത മേഖലയുടെ സംവഹനശേഷി ആധാരമാക്കിമാത്രം. താമസിച്ചുള്ള തീര്‍ത്ഥാടനങ്ങളും സംരക്ഷിത മേഖലകളില്‍ ഒഴിവാക്കണം. തീര്‍ത്ഥാടന ടൂറിസത്തിന്റേയും ഇക്കോ ടൂറിസത്തിന്റെയും വരുമാനം പ്രാദേശിക ജനസമൂഹങ്ങളുമായി പങ്കുവെക്കണം. 2011ല്‍ നിയമമായി മാറുന്ന കരടുനിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പാവണമെങ്കില്‍ പ്രാദേശിക ജനപങ്കാളിത്തം ഉറപ്പാക്കണം. ഇതിനായി രാഷ്‌ട്രീയ ഇച്ഛാശക്തി കൂടിയേ തീരൂ. ഇക്കോ ടൂറിസം ശാസ്ത്രീയമായി നടപ്പാക്കിയില്ലെങ്കില്‍ പ്രകൃതി വിഭവങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ കൊള്ളയടിക്കപ്പെടും. പ്രകൃതി വിഭവങ്ങള്‍ പരമാവധി പേര്‍ക്ക്‌ പരമാവധി ഉപയോഗത്തില്‍ പരമാവധി കാലം എന്ന ഇക്കോളജീയ തത്ത്വങ്ങള്‍ പാലിക്കപ്പെട്ടാല്‍ മാത്രമേ സുസ്ഥിര വികസനം സാധ്യമാകൂ.

-ഡോ.സി.എം.ജോയി

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by