Categories: Varadyam

ഓര്‍മയിലെ റോസ്‌ മേരി

Published by

റോസ്മേരി ഇങ്ങെത്തി. റോസ്‌ കലര്‍ന്ന ഒരു വയലറ്റ്‌ നിറമാണവള്‍ക്ക്‌. ഒരജാനബാഹു. എത്ര പേരാണവളെ കാത്തുനില്‍ക്കുന്നത്‌!! അവളുടെ ഹോണടി കേട്ടാലോ ആരും ചെവി പൊത്തിപ്പോകും. വലിയ രണ്ടുകൊമ്പുമായി അങ്ങനെ….കുലുങ്ങി….കുലുങ്ങി…..അവളുടെ വരവിനുതന്നെയുണ്ട്‌ ഒരാനച്ചന്തം! റോസ്മേരിയെ ഒന്നു പരിചയപ്പെടേണ്ടേ?

ഞാന്‍ ഡിഗ്രിക്ക്‌ പഠിക്കുന്ന കാലം. കണ്ണൂരില്‍നിന്നും സ്ഥിരം കയറുന്ന ബസ്സാണ്‌ ‘റോസ്മേരി’ (പേര്‌ അതല്ല) അതിലെ കണ്ടക്ടറേയും ഡ്രൈവറേയും കിളിയേയും സ്വന്തം ആങ്ങളമാരെപ്പോലെയാണ്‌ നമ്മള്‍ കാണുന്നത്‌! ചേട്ടന്മാരാണങ്കിലോ, നമ്മള്‍ സ്ത്രീജനങ്ങളെ സ്വന്തം ബസ്സ്റ്റോപ്പില്‍ ഇറക്കിവിടുന്നതുവരെ ആധിയാണ്‌ (ആങ്ങളമാരുടെ ഉത്തരവാദിത്തം)….കയറുമ്പോഴേക്ക്‌ തുടങ്ങും……”എന്താടോ നീയൊക്കെ സ്വന്തമാക്കിയോ ഈ വണ്ടി? മുന്നിലും പുറകിലും ഒന്നുമില്ലേ വേറെ വണ്ടി!” പാവം. നമ്മള്‍ പാസ്സ്‌ കൊടുത്തു യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍. ലോങ്ങ്‌ റൂട്ട്‌ ആയതുകൊണ്ട്‌ എന്തോ ഞങ്ങള്‍ക്ക്‌ ഇത്തിരി പരിഗണനയുണ്ട്‌.

അന്ന്‌ ഒരു വെള്ളിയാഴ്ച, എങ്ങനെയോ റോസ്മേരിയില്‍ കയറിപ്പറ്റി. സന്ധ്യയും കൂടെയുണ്ട്‌. “കീയാനുള്ളോര്‌ കീഞ്ഞിറ്റ്‌ കേരാനുള്ളോര്‌ കേരിയാ മതി” (കണ്ണൂര്‍കാര്‍ക്ക്‌ മനസിലാകും) എന്ന്‌ കണ്ടക്ടര്‍ വലിയവായില്‌ നിലവിളിക്കുന്നുണ്ട്‌. ഫിനിഷിംഗ്‌ പോയിന്റില്‍ ട്രോഫിവച്ചപോലെ “വേം നോക്ക്‌ വേം നോക്ക്‌” എന്ന്‌ പുലമ്പുന്നുണ്ട്‌. കിളി ആണെങ്കില്‍ ഫുട്ബോര്‍ഡില്‍നിന്ന്‌ കുട്ടികളെ “തടവി”കയറ്റുന്നു. സ്പര്‍ശനസുഖമാണ്‌ കക്ഷീടെ ലക്ഷ്യം. അവന്റെ മൊബെയില്‍ പാടുന്നു “ചുംബനപ്പൂകൊണ്ടുമൂടി….'”

എല്ലാദിവസവും ചീത്തപറയുന്ന കണ്ടക്ടര്‍ സന്ധ്യയുടെ അടുത്ത്‌ നിന്ന്‌ എന്തോ കുശുകുശുക്കുന്നു, ചിരിക്കുന്നുണ്ട്‌. അവള്‍ക്ക്‌ പെട്ടെന്ന്‌ തന്നെ സീറ്റു കിട്ടി. ആ സത്യം എപ്പോഴോ സന്ധ്യപറഞ്ഞു….”കേറുമ്പോള്‍ ഞാനവനെ നോക്കി കണ്ണിറുക്കി……അതുകൊണ്ടെന്താ സീറ്റ്‌ ഉറപ്പായല്ലോ…..”കണ്ടക്ടര്‍ സീറ്റിലിരുന്ന മറ്റു കുട്ടികളെ വഴക്കു പറയുന്നു “അന്‍പതു പൈസ കൊടുത്ത്‌ ഇരിക്കുന്നത്‌ കണ്ടില്ലേ!” എന്ന്‌ പിറുപിറുത്ത്‌ സന്ധ്യയുടെ അടുത്തെത്തുമ്പോള്‍ ഒരു ചെറിയ മൂളിപ്പാട്ട്‌ “സന്ധ്യയ്‌ക്കെന്തിന്‌ സിന്ദൂരം…..” നിന്റെ തറവാടുസ്വത്താണോ റോസ്മേരി എന്ന്‌ ചോദിക്കാന്‍ വന്നപോലെ സന്ധ്യ, പക്ഷേ അവള്‍ ദേഷ്യം കടിച്ചമര്‍ത്തി പുറമെ പുഞ്ചിരിതൂകി.

എന്തായാലും തനിക്ക്‌ സീറ്റ്‌ കിട്ടിയില്ല. ശ്വാസംമുട്ടുന്നു. തൃശൂര്‍ പൂരത്തിനുള്ള ആളുണ്ട്‌ റോസ്മേരിയില്‍. അപ്പോഴേക്കും കുഞ്ഞിനെ എടുത്തുകൊണ്ട്‌ ഒരു ചേച്ചി കേറി. “പാസ്സ്കാര്‌ എണീറ്റ്‌ കൊടുക്ക്‌” എന്ന്‌ അയാള്‌ കൂവുന്നു. ഞാന്‍ നോക്കുമ്പോള്‍ സന്ധ്യ കണ്ണടച്ചുറങ്ങുന്നു. ഇവളിത്ര പെട്ടെന്നുറങ്ങിയോ? മക്കളേ നിങ്ങള്‍ക്കും ഈ സ്ഥിതിവരുമ്പോള്‍ ആരും എഴുന്നേറ്റ്‌ തരില്ല കേട്ടോ ഡ്രൈവറുടെ കമന്റ്‌.

ശ്വാസംമുട്ടി പിടയുന്ന ഞാന്‍ മുകളിലെ കമ്പി പിടിക്കാനുള്ള ശ്രമത്തിലാ….എന്തിനാ വെറുതെ കഷ്ടപ്പെടുന്നേ താഴത്തെ കമ്പിയില്‍ പിടിച്ചാല്‍ പോരേന്ന്‌ കണ്ടക്ടര്‍. ഉയരത്തിന്റെ കാര്യത്തില്‍ ദൈവം തന്റെ നേരെ കണ്ണടച്ചു എന്ന സത്യത്തിന്റെ വേദന ഞാന്‍അന്ന്‌ മനസ്സിലാക്കി. രണ്ടുസീറ്റിനും മധ്യേ നിന്നനിലയില്‍ അനങ്ങാന്‍ പറ്റാതെ വിഷമിച്ച്‌ ഞാന്‍. തൊട്ടടുത്ത്‌ അമ്മയുടെ തോളത്ത്‌ കിടക്കുന്ന രണ്ടുവയസ്സുകാരന്‍ വലിയ വായില്‌ നിലവിളിക്കുന്നു. “എനിക്ക്‌ ജെസിബി വേണം!” അവന്റെ കയ്യില്‍ നോക്കിയപ്പോള്‍ ഒരു ചെറിയകാര്‍. ജെസിബിക്ക്‌ പകരം അവന്റെ അമ്മ കാറില്‍ ഒതുക്കിയതാവാം. ഞാന്‍ നില്‍ക്കുന്ന സീറ്റിനരികെ ഇരിക്കുന്ന ഒരു ചേട്ടന്‍. കഷണ്ടി കയറിയ മുടി. മീശ പിരിച്ചു വച്ചിട്ടുണ്ട്‌. ഉണ്ടക്കണ്ണന്‍! ഒരു റിട്ടയേര്‍ഡ്‌ മിലിട്ടറി ആണെന്ന്‌ തോന്നുന്നു. ഗൗരവത്തില്‍ ആണ്‌ ഇരിപ്പ്‌. ഞാന്‍ ഒരു വളിച്ച ചിരി പാസ്സാക്കി, റോസ്മേരി ബ്രേക്കിട്ടാല്‍ ചേട്ടന്റെ ദേഹത്ത്‌ വീഴുമോ എന്ന മുന്‍കൂര്‍ ജാമ്യം മാതിരി. ഹേയ്‌…..അപ്പോളും അതേ ഭാവം തന്നെ കക്ഷി നല്ല ഫോമിലാ…..ദഹിക്കുന്ന ഒരു നോട്ടവും. അദ്ദേഹം തന്റെ കയ്യിലുള്ള പ്ലാസ്റ്റിക്‌ സഞ്ചി കമ്പിക്കിടയില്‍ കെട്ടിവച്ചിരിക്കുന്നു.
എന്താണാവോ ആ സഞ്ചിയില്‍? പച്ചക്കറി ആകുമോ? അല്ല മക്കള്‍ക്ക്‌ മഞ്ച്‌ മിഠായി ആയിരിക്കും, അതുമല്ലെങ്കില്‍ പരിപ്പുവട….ഹാ…..എന്തേലും ആകട്ടെ ഞാനെന്തിനാ ഊഹിക്കുന്നത്‌! പിന്നെ കുറച്ചുനേരം പുറത്തേക്ക്‌ വായിനോക്കാന്‍ തുടങ്ങി. ആ ചേട്ടന്‌ ഇറങ്ങാറായീന്ന്‌ തോന്നുന്നു. മെല്ലെ മുടിയൊന്ന്‌ (ഒന്നേയുള്ളൂ) കൈകൊണ്ട്‌ ചായ്ച്ചു വച്ചു. ഇനി രണ്ടു സ്റ്റോപ്പുകൂടിയുണ്ട്‌. കക്ഷി മെല്ലെ സഞ്ചിയുടെ കെട്ട്‌ അഴിക്കാന്‍ ശ്രമിക്കുന്നു. അഴിയുന്നില്ലല്ലോ!! അപ്പോഴേക്കും ആ സ്റ്റോപ്പ്‌ കഴിഞ്ഞു. ഇനി ഒരു സ്റ്റോപ്പു കൂടിയുണ്ട്‌. കക്ഷി അഴിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്‌. പറ്റ്ണില്ല. ഇത്തിരി ശക്തിയില്‍ വലിച്ചു ഇല്ലാ……അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാനുള്ളതാ. ഒരു പുഴുങ്ങിയ ചിരിയുമായി കെട്ടിയ സഞ്ചി ശക്തിയില്‍ കടിച്ചുവലിക്കാന്‍ തുടങ്ങി.എന്നില്‍ മനുഷ്യസ്നേഹം വല്ലാതെ ഇരച്ചുകയറി. ഞാന്‍ സര്‍വശക്തിയും എടുത്ത്‌ ഒരറ്റവലി!! ടപ്പേ….സഞ്ചി പൊട്ടി. കുറെ ടാബ്ലറ്റ്സ്‌ ചിതറി വീണു. നിലത്തുവീണ ഗുളികകള്‍ എടുത്തുനല്‍കവെ ഞാന്‍ ഓര്‍ത്തു എന്റെ ഊഹം തെറ്റിയെന്ന്‌. അദ്ദേഹം എന്നോട്‌ മൃദുലമായ്‌ പറഞ്ഞു. “മോന്‍ ആശുപത്രീലാ…..” ഒരു ചെറുനൊമ്പരം എന്റെ മനസ്സില്‍ അവശേഷിപ്പിച്ചുകൊണ്ട്‌ അദ്ദേഹം ഇറങ്ങിപ്പോയി.

ആളുകള്‍ കുറയാന്‍ തുടങ്ങി. ഹാവൂ സീറ്റ്‌ കിട്ടി. സന്ധ്യയുടെ തൊട്ടു പിറകിലെ സീറ്റ്‌. ഒരു യുദ്ധം കഴിഞ്ഞ പ്രതീതി. ലോകത്തിലെ ഏറ്റവും സന്തോഷം തരുന്ന നിമിഷം (ഇത്രയും നേരം തൂങ്ങിപ്പിടിച്ച്‌ നിന്ന്‌ സീറ്റ്‌ കിട്ടിയപ്പോള്‍) പുറത്തേക്ക്‌ കണ്ണും നട്ട്‌ ഇരിക്കുമ്പോള്‍ യുദ്ധത്തിന്റെ ആലസ്യം കാരണം ഇത്തിരി മയങ്ങീന്ന്‌ തോന്നുന്നു. പെട്ടെന്ന്‌ ഞെട്ടി. എന്റെ പിറകില്‍ എന്തോ ഇഴയുന്നപോലെ! നോക്കുമ്പോള്‍ ഒരു ബലിഷ്ഠമായ കൈ പുറകിലെ സീറ്റില്‍നിന്നും എന്റെ സീറ്റിലേക്ക്‌. ഞാന്‍ പേടിച്ച്‌ സന്ധ്യയെ വിളിച്ചു. അവള്‍ വേഗം എന്റെയടുത്ത്‌ ഇരുന്നു. ആ കറുത്ത കൈകള്‍ പാറപോലെ എന്റെ സീറ്റിന്റെ വലതുവശത്തായി പ്രതിഷ്ഠിച്ചിരിക്കുന്നു. സന്ധ്യ ഒന്നും നോക്കിയില്ല. ഷാളില്‍ കുത്തിയ സേഫ്റ്റിപിന്ന്‌ വലിച്ചൂരി (സ്ത്രീകളുടെ ആയുധം നമ്പര്‍ വണ്‍) “സന്ധ്യേ….വേണ്ട” എന്ന്‌ പേടിയോടെ ഞാന്‍ പറയുന്നുണ്ടായിരുന്നു. അവള്‍ കുത്താന്‍ കൈകള്‍ പൊക്കിപ്പിടിച്ച്‌ പിന്ന്‌ വിരലുകള്‍ക്കിടയില്‍ തിരുകി. ഷോട്ട്പുട്ടിന്‌ ഒരുങ്ങുന്നതുപോലെ ഓങ്ങി ഓങ്ങി……ഒരറ്റക്കുത്ത്‌. ഞാന്‍ കണ്ണുകള്‍ ഇറുകി അടച്ചു. ചോര വന്നിട്ടുണ്ടാകും എന്നാ വിചാരിച്ചത്‌. പക്ഷെ കണ്ണ്‌ തുറന്നപ്പോള്‍ കണ്ട കാഴ്ച! ആ കൈകള്‍ക്ക്‌ ഒന്നും സംഭവിച്ചില്ല. ഒരനക്കവും ഇല്ലാതെ അവിടെത്തന്നെ….സന്ധ്യ അത്ഭുതത്തോടെ പറയുന്നുണ്ടായിരുന്നു. “ദേവൂ…..യെവന്‍ പുലി തന്നെ…
ശീലമായി എന്നാ തോന്നണത്‌” പിന്‍ പ്രയോഗം കാരണം അവന്റെ വിരലുകള്‍ അരിപ്പയായിട്ടുണ്ടാകും. ‘കൊക്കെത്ര കുളം കണ്ടിട്ടു’ണ്ടെന്നായിരിക്കും ഇപ്പോള്‍ അവന്റെ ചിന്ത. അങ്ങനെ ആ തന്ത്രവും പാളിയതോടെ ഞങ്ങള്‍ കണ്ടക്ടറെ വിളിച്ചു. ആങ്ങളയുടെ ഭാഗം അഭിനയിക്കാന്‍ അവസരം ലഭിച്ചപോലെ ആ കറുത്ത കൈയുടെ ഉടമസ്ഥന്റെ അടുക്കല്‍ ഇരുന്നു. അയാള്‍ ഇറങ്ങാന്‍ കാത്തിരിക്കുകയാണ്‌. നമ്മള്‍-നമ്മളെ അതിശയിപ്പിക്കുംപോലെ ഒരു ഭാവവ്യത്യാസവും ഇല്ലാതെ അയാള്‍ ഇറങ്ങിപ്പോയി. ആ മനുഷ്യനെ കണ്ടാല്‍ മാന്യന്‍!! വലിയ പൊസിഷനില്‍ ആണെന്ന്‌ പറയും. നമ്മള്‍ക്ക്‌ ലജ്ജയോടെ ഉറക്കെ ചോദിക്കാന്‍ തോന്നി- “മാന്യന്മാരുടെ ഈ മുഖംമൂടി വലിച്ചെറിയാന്‍ ആരുമില്ലേ!!”

എല്ലാം കഴിഞ്ഞു. ഇനി കഷ്ടി അരമണിക്കൂറും കൂടിയുണ്ട്‌. ഒന്ന്‌ സ്വസ്ഥമായ്‌ ഉറങ്ങണം. ഇടത്തോട്ട്‌ തിരിഞ്ഞപ്പോള്‍ കിളിയുടെ ഫോണില്‍ “ചുംബനപ്പൂകൊണ്ട്‌ മൂടി…..” സംസാരത്തിനിടയില്‍ പാളി നോക്കുന്നത്‌ കണ്ടു. ഒന്നുകൂടി ഒതുങ്ങി…. വലതുവശത്തേക്ക്‌ ചാഞ്ഞിരുന്നു. റോസ്മേരിയുടെ ജനല്‍ കമ്പികളിലേക്ക്‌ തലചായ്‌ക്കവേ….അങ്ങകലെ…ഡ്രൈവറുടെ കണ്ണാടിയില്‍ രണ്ടുകണ്ണുകള്‍ തന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദേവൂട്ടിയേയും സന്ധ്യയേയും പോലുള്ള പെണ്‍കുട്ടികളേയും മാന്യന്മാരേയും പേറി “റോസ്മേരി” ഇന്നും ജൈത്രയാത്ര തുടരുന്നു.

-റാണിപ്രിയ

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts