Categories: Business

ആരോഗ്യത്തിന്‌ ഭീഷണി ഉയര്‍ത്തി ചൈനീസ്‌ ഫോണുകളുടെ വിപണി വാഴ്ച

Published by

കൊച്ചി: മൊബെയില്‍ ഫോണ്‍ ഉപഭോക്താക്കളുടെ ആരോഗ്യത്തിന്‌ കടുത്ത ഭീഷണി ഉയര്‍ത്തി വിലകുറഞ്ഞ ചൈനീസ്‌ നിര്‍മിത ഫോണുകള്‍ വിപണി അടക്കിവാഴുന്നു. ഫോണുകളില്‍ നിന്നുള്ള അണുവികിരണം നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ നിര്‍മിക്കപ്പെട്ടിട്ടുള്ളവയാണ്‌ ആധുനിക സംവിധാനങ്ങളോടെ വില്‍പനക്കെത്തി കുറഞ്ഞ വിലക്ക്‌ ഉപഭോക്താക്കളെ ആകര്‍ഷിച്ച്‌ വിപണി കയ്യടക്കിയിരിക്കുന്നത്‌. ഗുണനിലവാരം ഉറപ്പുവരുത്തി വിപണിയിലെത്തുന്ന പ്രമുഖ ബ്രാന്റുകള്‍ക്ക്‌ കടുത്ത മത്സരം സൃഷ്ടിച്ചുകൊണ്ടാണ്‌ നിലവാരം കുറഞ്ഞ മൊബെയിലുകള്‍ വ്യാപകമായി പ്രചരിച്ചുവരുന്നത്‌.

മൊബെയില്‍ ഫോണുകളില്‍ നിന്നും അവ ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന റേഡിയേഷന്‍ മൂലമാണ്‌ മനുഷ്യശരീരത്തിന്‌ ഭീഷണിയാവുന്നത്‌. റേഡിയേഷന്റെ തോത്‌ സംബന്ധിച്ച കാര്യങ്ങള്‍ക്കായി യൂറോപ്യന്‍ യൂണിയന്റേയും അമേരിക്കയുടെയും രണ്ട്‌ അന്താരാഷ്‌ട്ര ഗുണനിലവാരമാനദണ്ഡങ്ങളാണ്‌ ലോകത്താകമാനം ഇന്ന്‌ നിലനില്‍ക്കുന്നത്‌. സിഇസിയു എന്നീ ചുരുക്കപ്പേരുകളിലാണ്‌ ഇവ അറിയപ്പെടുന്നത്‌. ഇന്റര്‍നാഷണല്‍ കമ്മീഷന്‍ഓണ്‍ നോണ്‍ അയോണൈസിഗ്‌ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ (ഐസിഎന്‍ഐആര്‍പി) എന്ന സംഘടനയാണ്‌ മൊബെയില്‍ റേഡിയേഷന്റെ തോത്‌ നിയന്ത്രിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത്‌. ഫോണുകള്‍ ഉപയോഗിക്കുന്ന സമയത്ത്‌ ഉണ്ടാവുന്ന സ്പെസിഫിക്‌ അബ്സൊര്‍പ്ഷന്‍ റേറ്റ്‌ (എസ്‌എആര്‍)ന്റെ അളവ്‌0.2 വാട്സ്‌ 1 കിലോഗ്രാം എന്ന്‌ നിജപ്പെടുത്തിയാണ്‌ ഐസിഎന്‍ഐആര്‍പി ഇത്‌ നിശ്ചയിച്ചിരിക്കുന്നത്‌. യൂറോപ്യന്‍ യൂണിയന്റേയും മറ്റും മാനദണ്ഡങ്ങള്‍ ഒട്ടും പാലിക്കാത്ത ചൈനീസ്‌ നിര്‍മിത മൊബെയില്‍ ഫോണുകളില്‍ എസ്‌എആര്‍ 10 വാട്സ്‌ 1 കി.ഗ്രാം വരെയാണെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌.

അമിതമായ ഇത്തരം അളവിലുള്ള റേഡിയോ തരംഗങ്ങള്‍ മനുഷ്യശരീരത്തിലെ പ്രത്യേകിച്ച്‌ തലച്ചോറിലെ കോശങ്ങളിലാണ്‌ പ്രകമ്പനം സൃഷ്ടിക്കുന്നത്‌. ഇത്‌ കോശങ്ങളുടെ പ്രവര്‍ത്തനശേഷി നശിപ്പിക്കുകയും മൃതകോശങ്ങളുടെ എണ്ണം പെരുകുവാന്‍ കാരണമായി തീരുകയും ചെയ്യും. തലച്ചോറിനെ ബാധിക്കുന്ന ക്യാന്‍സറിനു (ബ്രെയിന്‍ ട്യൂമറിന്‌)ള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ്‌ ഇത്‌ സംബന്ധിച്ച പഠനം നടത്തിയ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ സിസെര്‍ച്ച്‌ ഓണ്‍ ക്യാന്‍സര്‍ (ഐഎഎഫ്സിഒസി) പുറത്തിറക്കിയ റിപ്പോര്‍ട്ടിലെ സൂചന.

മൊബെയില്‍ ഫോണില്‍ ഓരോ മൂന്ന്‌ മിനിറ്റ്‌ സംസാരിക്കുമ്പോഴും ശരീരത്തില്‍ പ്രവേശിക്കുന്ന റേഡിയേഷന്‍ /വാട്സ്‌ 1 കിലോ ഗ്രാമാണെങ്കില്‍ 6 മിനിറ്റില്‍ ഇത്‌ 5 വാട്സ്‌/കിലോഗ്രാമായിരിക്കും. ചൈനീസ്‌ ഫോണുകളില്‍ ഇത്‌ 10 ഇരട്ടിവരെയായി വര്‍ധിക്കും. ഓര്‍മ്മക്കുറവ്‌, തലവേദന, ഉറക്കക്കുറവ്‌ എന്നിവ ലക്ഷണങ്ങളായി ആദ്യം പ്രത്യക്ഷപ്പെടുമെങ്കിലും, അമിത റേഡിയേഷന്‍ ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ രോഗങ്ങളിലേക്ക്‌ ഇതിനെ നയിക്കാം എന്നാണ്‌ പഠനങ്ങള്‍ മുന്നറിയിപ്പുനല്‍കുന്നത്‌.

മൊബെയില്‍ ഫോണുകളുടെ റേഡിയേഷന്‍ നിശ്ചിത അളവില്‍ നിയന്ത്രിക്കണം എന്ന ഐസിഎന്‍ഐആര്‍പിയുടെ മാനദണ്ഡം പൂര്‍ണ്ണമായും പാലിക്കാന്‍ യൂറോപ്പിലും അമേരിക്കയിലുമെല്ലാം പ്രത്യേന നിയമനിര്‍മ്മാണങ്ങങ്ങള്‍ നടത്തിയിട്ടുണ്ട്‌. എന്നാല്‍ ഇന്ത്യയില്‍ എത്തുന്ന ഗുണനിലവാരം കുറഞ്ഞതും ആരോഗ്യത്തിന്‌ ഭീഷണിയാവുന്നതുമായ മൊബെയില്‍ ഫോണുകളുടെ വില്‍പന നിയന്ത്രിക്കാന്‍ ഇവിടത്തെ സര്‍ക്കാര്‍ സംവിധാനം അപര്യാപ്തമാണെന്നതാണ്‌ അപാകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

-എം.കെ. സുരേഷ്കുമാര്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts